ഇന്ത്യ റെക്കോഡ് തകര്‍ത്ത് പന്ത്; ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 2500 റണ്‍സ് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍; ധോണിയെ പിന്നിലാക്കി പന്തിന്റെ നേട്ടം
ബംഗളൂരു: ഒരു റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ന്യൂസിലന്‍ഡിനെതിരെ ബെംഗളുരുവില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് തകര്‍ത്തത് ഒരു ഇന്ത്യന്‍ റെക്കോഡാണ്. 99 റണ്‍സെടുത്ത് പുറത്തായെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 2500 റണ്‍സ് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരിക്കുകയാണ് പന്ത്. 62 ഇന്നിംഗ്‌സുകളില്‍ നിന്നാണ് പന്ത് 2500 റണ്‍സ് നേടിയത്.
69 ഇന്നിംഗ്‌സുകളില്‍ നിന്ന് 2500 റണ്‍സ് നേടിയ ധോണിയെ പിന്നിലാക്കിയാണ് പന്ത് നേട്ടം കൈവരിച്ചത്. അതിവേഗം 2500 റണ്‍സ് നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ നിരയില്‍ മൂന്നാം സ്ഥാനത്തുള്ളത് ഫറൂഖ് എന്‍ജിനിയറാണ്. 82 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഫറൂഖ് എന്‍ജിനിയര്‍ 2500 റണ്‍സ് നേടിയത്.
62 ഇന്നിംഗ്‌സുകളില്‍ 2500 റണ്‍സ് എന്ന നേട്ടം കൈവരിച്ചതോടെ 92 വര്‍ഷത്തെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി 65 ഇന്നിംഗ്‌സുകളില്‍ താഴെ 2500 റണ്‍സ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയും പന്തിന്റെ പേരിലായി. സെഞ്ച്വറി നേടിയിരുന്നെങ്കില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഈ മത്സരത്തില്‍ പന്തിന്റെ പേരിലായേനെ. ധോണിക്കും പന്തിനും ആറ് സെഞ്ച്വറികള്‍ വീതമാണുള്ളത്.
36 ടെസ്റ്റുകളില്‍ നിന്നായി 2551 റണ്‍സാണ് പന്തിന്റെ പേരിലുള്ളത്.ഇതില്‍ 6 സെഞ്ച്വറികളും 12 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിനിടെ ഷഭ് പന്തിന്റെ കാല്‍ മുട്ടിന് പരിക്കേറ്റിറുന്നു. അതുകൊണ്ടുതന്നെ മൂന്നാം ദിനം വിക്കറ്റ് കീപ്പിംഗിനായി പന്ത് ഇറങ്ങിയിരുന്നില്ല. പരിക്ക് വകവെയ്ക്കാതെയാണ് നാലാം ദിനം പന്ത് ബാറ്റിംഗിന് ഇറങ്ങിയത്.
231 ന് 3 എന്ന നിലയിയില്‍ നാലാം ദിനം ബാറ്റിംഗിന് ഇറങ്ങിയ ടീം ഇന്ത്യ സര്‍ഫറാസ് ഖാന്റെ സെഞ്ചുറിയുടെയും ഋഷഭ് പന്തിന്റെ അര്‍ദ്ധ സെഞ്ചുറിയുടെയും കരുത്തിലാണ് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 356 എന്ന കൂറ്റന്‍ ലീഡ് മറികടന്നത്. ഇരുവരും കൂടി നാലാം വിക്കററ്റില്‍ 177 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.