പകരക്കാരനായി ഇറങ്ങി ഗോൾ വല കുലുക്കി എമിൽ സ്മിത്ത് റോ; പെനാൽറ്റി പുറത്തേക്കടിച്ച് ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ഫുൾഹാം

Update: 2025-08-25 06:59 GMT

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ഫുൾഹാം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. പകരക്കാരനായി ഇറങ്ങി എമിൽ സ്മിത്ത് റോ നേടിയ ഗോളിലാണ് ഫുൾഹാം സമനില പിടിച്ചത്. ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞിട്ടും ഇരു ടീമുകൾക്കും വിജയം കണ്ടെത്താനായിട്ടില്ല.

ക്രാവൻ കോട്ടേജിൽ നടന്ന മത്സരത്തിന്റെ 58-ാം മിനിറ്റിൽ റോഡ്രിഗോ മുനിസിന്റെ സെൽഫ് ഗോളിലാണ് യുണൈറ്റഡ് മുന്നിലെത്തിയത്. യുവതാരം ലെനി യോറോയുടെ ഹെഡ്ഡർ മുനിസിന്റെ ദേഹത്ത് തട്ടി വലയിൽ കയറുകയായിരുന്നു. എന്നാൽ യുണൈറ്റഡിന്റെ ലീഡിന് അധികം ആയുസ്സുണ്ടായില്ല. 73-ാം മിനിറ്റിൽ, കളത്തിലിറങ്ങി വെറും 94 സെക്കൻഡുകൾക്കകം അലക്സ് ഇവോബിയുടെ ക്രോസിൽ നിന്ന് ഒരു മികച്ച ഫിനിഷിലൂടെ സ്മിത്ത് റോ ഫുൾഹാമിന് സമനില സമ്മാനിച്ചു.

മത്സരത്തിന്റെ തുടക്കത്തിൽ യുണൈറ്റഡ് മികച്ച മുന്നേറ്റങ്ങൾ നടത്തിയിരുന്നു. മത്തേയസ് കൂഞ്ഞയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയപ്പോൾ, മറ്റൊരു സുവർണ്ണാവസരം ഫുൾഹാം ഗോൾകീപ്പർ ബെർൻഡ് ലെനോ തട്ടിയകറ്റി. ആദ്യ പകുതിയുടെ അവസാനത്തിൽ യുണൈറ്റഡിന് ലീഡ് നേടാൻ ലഭിച്ച ഏറ്റവും മികച്ച അവസരം നായകൻ ബ്രൂണോ ഫെർണാണ്ടസ് നഷ്ടപ്പെടുത്തി.

മേസൺ മൗണ്ടിനെ കാൽവിൻ ബാസി ബോക്സിൽ വീഴ്ത്തിയതിന് വാർ (VAR) പരിശോധനയിലൂടെ ലഭിച്ച പെനാൽറ്റി, ബ്രൂണോ ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്കടിച്ച് കളഞ്ഞു. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലകളുമായി ഫുൾഹാം ലീഗ് പട്ടികയിൽ 13-ാം സ്ഥാനത്തും, ഒരു പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് 16-ാം സ്ഥാനത്തുമാണ്. 

Tags:    

Similar News