ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ സെറ്റില്‍ ജോക്കോവിച്ചിനെ വിറപ്പിച്ചു; പ്രതിരോധിച്ച് രണ്ടാം സെറ്റ്; സെര്‍ബിയന്‍ ഇതിഹാസത്തെ വിറപ്പിച്ച ശേഷം കീഴടങ്ങി ഇന്ത്യന്‍ വംശജനായ യു എസ് താരം

ജോക്കോവിച്ചിനെ വിറപ്പിച്ച് ഇന്ത്യന്‍ വംശജനായ യു എസ് താരം

Update: 2025-01-13 18:24 GMT

മെല്‍ബണ്‍: ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെര്‍ബിയന്‍ ഇതിഹാസതാരം നൊവാക് ജോക്കോവിച്ചിന് വിജയത്തോടെ തുടക്കം. മെല്‍ബണില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍, ഇന്ത്യയില്‍ വേരുകളുള്ള യു.എസ്. താരം നിഷേഷ് ബസവറെഡ്ഡിയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് നിഷേഷ് ജോക്കോവിച്ചിന് മുന്നില്‍ കീഴടങ്ങിയത് (6 - 4 3 - 6 4 - 6 2 - 6).

ജോക്കോവിനെ വിറപ്പിച്ചുകൊണ്ടാണ് 19-കാരനായ നിഷേഷ് ആദ്യ സെറ്റ് കൈപ്പിടിയിലൊതുക്കിയത് (6 - 4). രണ്ടാം സെറ്റില്‍ നിഷേഷിന് കൈ പതറിയെങ്കിലും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ഒരുഘട്ടത്തില്‍ രണ്ടാം സെറ്റിലെ സ്‌കോര്‍ 3-3 എന്ന നിലയിലായിരുന്നു. എന്നാല്‍ ക്രമേണെ മത്സരം തിരികെ പിടിച്ച ലോക ഏഴാം നമ്പര്‍ താരത്തിന്റെ ആധിപത്യമാണ് പിന്നീടുള്ള സെറ്റുകളില്‍ കണ്ടത്.

നിഷേഷിന്റെ ഗെയിം തനിക്ക് വളരെ ഇഷ്ടമായെന്ന് ജോക്കോവിച്ച് മത്സരത്തിന് ശേഷം പറഞ്ഞു. തന്നെ മാത്രമല്ല, സ്റ്റേഡിയത്തിലുള്ള മുഴുവനാളുകള്‍ക്കും നിഷേഷിന്റെ കളി ഇഷ്ടമായി. അതുകൊണ്ടാണ് അവന് വലിയ കയ്യടി കിട്ടിയത്. അവന്‍ എന്താണ് കോര്‍ട്ടില്‍ ചെയ്തതെന്ന് എല്ലാവരും കണ്ടു. നിലവാരമുള്ള ടെന്നീസായിരുന്നു അതെന്നും പോരാട്ടവീര്യമാണ് നിഷേഷ് കാണിച്ചതെന്നും ജോക്കോവിച്ച് പറഞ്ഞു.

Tags:    

Similar News