ലോകകപ്പ് യോഗ്യതാ പ്ലേഓഫ്; ആദ്യ പാദത്തിലെ വാശിയേറിയ പോരാട്ടത്തിൽ ഇറാഖിനെതിരെ സമനില പിടിച്ച് യുഎഇ; രണ്ടാം പാദം ഇരു ടീമുകൾക്കും നിർണായകം

Update: 2025-11-14 09:28 GMT

അബുദാബി: 2026 ലോകകപ്പ് യോഗ്യതാ പ്ലേഓഫിന്റെ ആദ്യ പാദത്തിൽ യുഎഇ-ഇറാഖ് തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. നവംബർ 14-ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 1-1ന് പിരിഞ്ഞു. ഇരുപതിനായിരത്തോളം കാണികൾ നിറഞ്ഞ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഇരു ടീമുകളും ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ പത്താം മിനിറ്റിൽ ഇറാഖാണ് ആദ്യം ലീഡ് നേടിയത്. യുഎഇയുടെ പ്രതിരോധ നിരയ്ക്ക് ക്ലിയർ ചെയ്യാൻ സാധിക്കാതെ വന്ന ഒരു ലോങ് ഫ്രീ കിക്ക് കിട്ടിയ ലൂട്ടൺ ടൗൺ താരം അലി അൽ-ഹമാദി പന്ത് വലയിലെത്തിക്കുകയായിരുന്നു. 1986-ൽ മാത്രമാണ് ഇറാഖ് ലോകകപ്പിൽ പങ്കെടുത്തത്. മുൻ ഓസ്ട്രേലിയൻ മാനേജർ ഗ്രഹാം അർനോൾഡ് ആണ് ഇറാഖിന്റെ പരിശീലകൻ.

എന്നാൽ, എട്ട് മിനിറ്റിനുള്ളിൽ യുഎഇ തിരിച്ചടിച്ചു. ബ്രസീൽ വംശജനായ ലുവാന്‍സിഞ്ഞോയുടെ ശക്തമായ ഹെഡർ ഇറാഖിന്റെ വലയിലെത്തുകയായിരുന്നു. 1990-ന് ശേഷം ലോകകപ്പിൽ കളിക്കാൻ സാധിക്കാത്ത യുഎഇയെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമായി. ഇരു ടീമുകൾക്കും വിജയം നേടാൻ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അത് മുതലെടുക്കാൻ സാധിച്ചില്ല. ഇൻജുറി ടൈമിൽ യുഎഇയുടെ കയോ ലൂക്കാസിന്റെ ഹെഡർ ഓഫ്‌സൈഡ് കാരണം നിഷേധിക്കപ്പെട്ടു.

ഏഷ്യൻ യോഗ്യതാ റൗണ്ടിലെ അഞ്ചാം പാദമായാണ് ഈ മത്സരം കണക്കാക്കുന്നത്. ഇരു ടീമുകൾക്കും ഇനി നവംബർ 18-ന് ബസ്രയിൽ വെച്ച് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ഏറ്റുമുട്ടണം. ഈ മത്സരത്തിലെ വിജയികൾ ഫിഫയുടെ ഇന്റർകോണ്ടിനെന്റൽ പ്ലേഓഫ് റൗണ്ടിലേക്ക് മുന്നേറും. ഈ റൗണ്ടിൽ അഞ്ച് കോൺഫെഡറേഷനുകളിൽ നിന്നുള്ള ആറ് ടീമുകൾ ലോകകപ്പിൽ രണ്ട് സ്ഥാനങ്ങൾക്കായി മത്സരിക്കും. 2026-ലെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായിട്ടാണ് നടത്തുന്നത്. 48 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. 

Tags:    

Similar News