'കിങ് ഈസ് ബാക്ക്'; ആര്‍സിബിയുടെ നായകനായി കോഹ്‌ലി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്; കോഹ്‌ലിയെ നായകസ്ഥാനത്തേക്ക് തിരികെ എത്തിക്കുന്നതിലൂടെ കിരീടമില്ല എന്ന പോരായാമ പരിഹരിക്കാന്‍ ഫ്രാഞ്ചൈസി ലക്ഷ്യം

Update: 2024-10-30 11:00 GMT

ബെംഗളൂരു: 2025 ഐപിഎല്ലിന് മുന്‍പായി ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണം, വിട്ടുകളയണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ഫ്രാഞ്ചൈസികള്‍. പല ടീമുകള്‍ക്കും ക്യാപ്റ്റന്‍സിയാണ് പ്രശ്നം. ആദ്യമായി ഒരു ഐപിഎല്‍ കിരീടത്തിന് കുറിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആര്‍സിബി) ക്യാപ്റ്റന്‍സി പ്രശ്നത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കഴിഞ്ഞ സീസണ്‍ വരെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഫാഫ് ഡു പ്ലെസിസാണ് ടീമിനെ നയിച്ചത്.

എന്നാല്‍ മെഗാ ലേലത്തിന് മുന്നോടിയായി അടിമുടി ടീം അഴിച്ചുപണിയാനുള്ള ഒരുക്കത്തിലാണ് ഫ്രാഞ്ചൈസികള്‍. ഈ സാഹചര്യത്തില്‍ വിരാട് കോഹ്‌ലിയെ വീണ്ടും ആര്‍സിബിയുടെ നായക സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. വിരാട് ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ക്യാപ്റ്റനല്ല. മാത്രമല്ല 2024 ലെ ടി 20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് ശേഷം താരം ടി20 യില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കിംഗ് കോഹ്‌ലി തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവിട്ടിരിക്കുന്നത്.

2013 മുതല്‍ 2021 വരെ ബെംഗളൂരു ടീമിന്റെ ക്യാപ്റ്റനായിരുന്നു കോഹ്‌ലി. ആര്‍സിബിയെ ഏറ്റവും കൂടുതല്‍ സീസണില്‍ നയിച്ച താരവും കോഹ്‌ലിയാണ്. എന്നാല്‍ അപ്രതീക്ഷിതമായാണ് 2021 സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തന്റെ തീരുമാനം കോഹ്‌ലി പ്രഖ്യാപിച്ചത്. ഐപിഎല്ലിലെ താരസമ്പന്നമായ ടീമായിട്ടും ഒരിക്കല്‍ പോലും കിരീടത്തില്‍ മുത്തമിടാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല.

2016 ല്‍ കോലിക്ക് കീഴില്‍ ആര്‍സിബി ഫൈനലില്‍ എത്തിയിരുന്നു. കോഹ്‌ലിയെ നായകസ്ഥാനത്ത് തിരിച്ചെത്തിച്ച് കിരീടമില്ല എന്ന പോരായാമ പരിഹരിക്കാനാണ് ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നത്. ഐപിഎല്ലില്‍ കളിക്കുന്നിടത്തോളം കാലം താന്‍ ആര്‍സിബിയ്ക്കൊപ്പമുണ്ടായിരിക്കും എന്നായിരുന്നു ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ച 2021 ല്‍ കോലി പറഞ്ഞിരുന്നത്.

Tags:    

Similar News