ബോക്സിൽ പന്ത് കിട്ടിയാൽ ലക്ഷ്യം തെറ്റില്ല; ഇതിഹാസങ്ങൾ പന്ത് തട്ടിയ ബാഴ്സിലോണയുടെ തട്ടകത്തിൽ പുതിയൊരു താരോദയം; 30 കളികളിൽ നിന്നും നേടിയത് 96 ഗോളുകൾ; ലമീൻ യമാലിനെയും മറികടക്കുന്ന പ്രകടനം; ആരാണ് ലാമാസിയയിലെ ഗോൾവേട്ടക്കാരനായ 13കാരൻ ഫോഡി ഡയാലോ?

Update: 2025-10-20 10:04 GMT

ബാർസിലോണ: ലോക ഫുട്‌ബോളിന്റെ ഇതിഹാസങ്ങൾ അരങ്ങേറ്റം കുറിച്ച ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിൽ നിന്ന് പുതിയ താരോദയം. 13-കാരനായ ഫോഡി ഡയാലോയാണ് നിലവിൽ ഫുട്‌ബോൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. 2023-24 സീസണിൽ 30 മത്സരങ്ങളിൽ നിന്ന് 96 ഗോളുകളാണ് ഈ പ്രതിഭാശാലി അടിച്ചുകൂട്ടിയിരിക്കുന്നത്. യുവതാരമായ ലമീൻ യമാലിനെപ്പോലും മറികടക്കുന്ന പ്രകടനമാണ് ഡയാലോയുടെത്. യമാൽ 29 മത്സരങ്ങളിൽ നിന്ന് 68 ഗോളുകൾ നേടിയപ്പോൾ, ഡയാലോയുടെ കണക്ക് അതിലും ഏറെ മുന്നിലാണ്.

ഫുട്‌ബോൾ നിരീക്ഷകർ ഡയാലോയെ യൂത്ത് തലത്തിലെ ഏറ്റവും മികച്ച താരമായാണ് വിലയിരുത്തുന്നത്. ലയണൽ മെസ്സി, സാവി ഹെർണാണ്ടസ് തുടങ്ങിയ ഇതിഹാസങ്ങളെ ലോകത്തിന് സമ്മാനിച്ച ലാ മാസിയയിൽ നിന്ന് മറ്റൊരു സൂപ്പർതാരം വളർന്നു വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഡയാലോയുടെ വരവോടെ ഫുട്‌ബോൾ പ്രേമികളും വിവിധ ക്ലബ്ബുകളും ഈ കൗമാരക്കാരനെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

സ്പെയിനിലെ സബാഡെല്ലിലാണ് ഡയാലോ ജനിച്ചത്. ഗിനിയയിൽ നിന്ന് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഈ യുവതാരം. രണ്ടാം വയസ്സിൽ യു.ഇ സബഡെല്ലെൻകയ്ക്ക് വേണ്ടി കളിച്ചു തുടങ്ങിയ ഡയാലോ പിന്നീട് സബാഡെൽ, സന്റ് ക്യൂഗട്ട് എഫ്‌സി ടീമുകൾക്ക് വേണ്ടിയും കളിച്ചു. 2019-ലാണ് അദ്ദേഹം ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയിൽ എത്തുന്നത്. അക്കാദമിയിലെത്തിയ ശേഷമുള്ള ഡയാലോയുടെ ഗോളടി മികവാണ് താരത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനാക്കിയത്. 2023-24 സീസണിലെ 96 ഗോളുകൾക്ക് പുറമെ, 2024-25 സീസണിലും താരം മികച്ച പ്രകടനം തുടർന്നു. യൂത്ത് ടോപ് ലീഗിൽ മാത്രം ഈ സീസണിൽ 38 ഗോളുകളാണ് ഡയാലോ നേടിയത്.

Full View

ഡയാലോയുടെ കളി മികവ് കേവലം ഒരു സ്ട്രൈക്കറുടേത് മാത്രമായി ഒതുങ്ങുന്നില്ല. വിങ്ങറായും എതിരാളികളുടെ ബോക്സുകളിൽ ഓടിയെത്തി ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിവുണ്ട്. മികച്ച പന്തടക്കവും അതിവേഗത്തിലുള്ള മുന്നേറ്റവുമാണ് ഡയാലോയെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. മുൻ താരം സാമുവൽ എറ്റുവിനോട് ഫോഡി ഡയാലോയുടെ കളിശൈലി പലപ്പോഴും ഉപമിക്കപ്പെടുന്നു.

Tags:    

Similar News