കരിയറിന്റെ കൊടുമുടിയില്‍ നിന്ന സിനിമാ ജീവിതം; ആത്മഹത്യാ വാദമുയരുമ്പോഴും കാരണം ആര്‍ക്കും അറിയില്ല; ഉണ്ടയും സൗദി വെള്ളക്കയും കഴിഞ്ഞ് തല്ലുമാലയില്‍ എത്തിയപ്പോള്‍ സംസ്ഥാന ആവാര്‍ഡ്; മമ്മൂട്ടിയുടെ ബസൂക്കയും എഡിറ്റ് ചെയ്തു; ചിത്രസംയോജകന്റെ വിയോഗത്തില്‍ ഞെട്ടി മലയാ സിനിമാ ലോകം; നിഷാദ് യൂസഫിന് സംഭവിച്ചത് എന്ത്?

Update: 2024-10-30 05:21 GMT

കൊച്ചി: മലയാള സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ്.

മലയാള സിനിമയിലെ ഹിറ്റ് എഡിറ്റര്‍ നിഷാദ് യൂസഫിന്റെ മരണം ഉണ്ടാക്കിയ ഞെട്ടലില്‍ ആണ് സിനിമ പ്രേമികളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും. 'വിശ്വസിക്കാന്‍ വയ്യ നിഷാദ്', എന്തിനായിരുന്നു പെട്ടെന്നുള്ള മടക്കം എന്നാണ് പോസ്റ്റുകള്‍ പങ്കിട്ടുകൊണ്ട് സുഹൃത്തുക്കള്‍ ചോദിക്കുന്നത്. കങ്കുവ റിലീസിന് ഒരുങ്ങവെയാണ് നിഷാദിന്റെ മരണം. രണ്ടുദിവസം മുന്‍പേ കൂടി വളരെ സന്തോഷവാന്‍ ആയിരുന്നു. ചിത്രത്തിന്റെ പ്രമോഷന്‍ വേളയില്‍ ഒക്കെയും സംവിധായകനും ബാലയുടെ സഹോദരനുമായ ശിവക്കും നടന്‍ സൂര്യക്കും ഒപ്പം നിഷാദും എത്തിയിരുന്നു.

കങ്കുവ പോലെ ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്ന ചിത്രത്തിന്റെ എഡിറ്ററായിരുന്നു നിഷാദ് യൂസഫ്. സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ കങ്കുവ നവംബര്‍ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് ഏവരെയും വേദനയിലാഴ്ത്തി നിഷാദ് വിട പറയുന്നത്.

ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 എന്ന സിനിമയുടെയും എഡിറ്റര്‍ നിഷാദ് ആയിരുന്നു.അടുത്തിടെ സൂര്യ നായകനായ ചിത്രത്തിന്റെ ചെന്നൈ ഓഡിയോ റിലീസില്‍ സൂര്യയ്ക്കൊപ്പം അടക്കം നില്‍ക്കുന്ന ചിത്രങ്ങള്‍ നിഷാദ് തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ചിരുന്നു.

2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, വൂള്‍ഫ്, ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് ആന്‍ഡ് കോ, ഉടല്‍, ആളങ്കം, ആയിരത്തൊന്ന് നുണകള്‍, അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്ത പ്രധാന ചിത്രങ്ങള്‍. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ, നസ്ലിന്റെ ആലപ്പുഴ ജിംഖാന, തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ളചിത്രങ്ങള്‍.

നിഷാദ് യൂസഫ് കൊച്ചിയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരാണ് നിഷാദ് യൂസഫിന്റെ അകാല വിയോഗത്തില്‍ അദരാഞ്ജലി അര്‍പ്പിക്കുന്നത്. മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    

Similar News