ചാമ്പ്യന്‍സ് ട്രോഫി സെമി; ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ; ജയം 11 പന്തുകൾ ബാക്കി നിൽക്കെ; ചേസിൽ തിളങ്ങി കോഹ്ലി; സിക്സർ പറത്തി ഫിനിഷ് ചെയ്ത് കെ എൽ രാഹുൽ; ദുബായിൽ കങ്കാരുക്കളോട് കണക്ക് തീര്‍ത്ത് ഇന്ത്യ
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. ദുബായിൽ നടന്ന ശക്തന്മാരുടെ പോരാട്ടത്തിൽ ഇന്ത്യ 11 പന്തുകൾ ബാക്കി നിൽക്കെ അനായാസ വിജയമാണ് സ്വന്തമാക്കിയത്. ഫൈനലിലെത്തുന്ന ആദ്യ ടീമാണ് ഇന്ത്യ. മത്സരത്തിലെ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. കോഹ്ലി (84)യുടെ സ്ഥിരതയാർന്ന ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ചത്. കെ എൽ രാഹുൽ 42 (34), രവീന്ദ്ര ജഡേജ 2 (1) പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി നാഥൻ എല്ലിസ്, ആദം സാംബ എന്നിവർ രണ്ടും, ബെൻ ഡ്വാർഷിയസ്, കൊന്നോലി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
265 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രോഹിത്തും ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. രണ്ട് തവണ ജീവന്‍ ലഭിച്ച രോഹിത് ഒരു സിക്സും മൂന്ന് ഫോറും പറത്തി പ്രതീക്ഷ നല്‍കിയെങ്കിലും ക്യാപ്റ്റന്റെ ഇന്നിംഗ്സിന് അധിക ആയുസ്സ് ഉണ്ടായിരുന്നില്ല. നിര്‍ണായക മത്സരത്തില്‍ തിളങ്ങാനാകാതെ ശഭ്മാന്‍ ഗില്‍ കൂടി മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. 11 പന്തില്‍ എട്ടു റണ്‍സെടുത്ത് ഡ്വാര്‍ഷൂയിസിന്‍റെ പന്തില്‍ ഗിൽ ബൗള്‍ഡാവുകയായിരുന്നു. ഗില്‍ മടങ്ങുമ്പോള്‍ ഇന്ത്യ അഞ്ചോവറില്‍ 30 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു.
ഗില്ലിന് പിന്നാലെ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇടം കൈയന്‍ സ്പിന്നര്‍ കൂപ്പര്‍ കൊണോലി ഇന്ത്യക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. രോഹിത് റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടില്ല. 29 പന്തില്‍ 28 റണ്‍സായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്‍റെ സംഭാവന. ഇതോടെ 43-2 എന്ന നിലയില്‍ പതറിയ ഇന്ത്യയെ ശ്രേസയും കോലിയും ചേര്‍ന്ന് കരകയറ്റി. പതിയെ തുടങ്ങിയ ഇരുവരും ശ്രദ്ധയോടെയാണ് കൂട്ടുകെട്ട് പടുത്തുയർത്തിയത്. 62 പന്തിൽ 45 റൺസ് നേടിയ ശ്രേയസ് അയ്യരെ പുറത്താക്കി ആദം സാംബയാണ് കൂട്ടുകെട്ട് തകർത്തത്. 93 റൺസിന്റ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.
പിന്നീട് ക്രീസിലെത്തിയ അക്ഷർ പട്ടേലും കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകി. ടീം സ്കോർ 178 ൽ നിൽക്കെ അക്ഷർ പട്ടേലിനെ നാഥൻ എല്ലിസ് ബൗൾഡാക്കി. 30 പന്തിൽ 27 റൺസായിരുന്നു അക്ഷറിന്റെ സമ്പാദ്യം. കെ എൽ രാഹുലിനെ കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയെ ലക്ഷ്യത്തോട് അടുപ്പിച്ചു . ഒടുവിൽ വ്യക്തിഗത സ്കോർ 84 ൽ നിൽക്കെ ഇന്ത്യക്ക് കോഹ്‌ലിയുടെ വിക്കറ്റും നഷ്ടമായി. ആദം സാംബക്കായിരുന്നു വിക്കറ്റ്. ആദം സാംബ മത്സരത്തിൽ രണ്ട് വിക്കറ്റുകൾ നേടി. പിന്നീട ക്രീസിൽ ഒന്നിച്ച ഹർദിക് പാണ്ഡയെ-കെ എൽ രാഹുൽ സഖ്യം ടീമിനെ അനായാസം വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും 48ആമത്തെ ഓവറിൽ ഹർദിക് പാണ്ഡ്യായുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 24 പന്തിൽ 28 റൺസ് നേടിയ താരം ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 264ന് പുറത്തായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും, ക്യാരിയുടെയും ചെറുത് നില്‍പ്പാണ് ഓസ്ട്രേലിയക്ക് പൊരുതാവുന്ന ടോട്ടല്‍ നല്‍കിയത്.
ഓപ്പണര്‍ കൂപ്പര്‍ കൊന്നോലിയെ (0) തുടക്കത്തില്‍ തന്നെ ഓസ്ട്രേലിയക്ക് നഷ്ടമായി. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ സ്ഥിരം തലവേദനയായ ട്രാവിസ് ഹെഡ് അടിച്ചു കളിച്ചെങ്കിലും അധിക നേരം ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല.
33 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ ഇന്നിങ്സാണ് ഓസ്ട്രേലിയയെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും, വരുണ്‍ ചക്രവര്‍ത്തി രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും, അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. മികച്ച ഫോമിലായിരുന്നു ഷമി. പത്ത് ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് ഷമി മൂന്ന് വിക്കറ്റ് എടുത്തത്. വരുണ്‍ ചക്രവര്‍ത്തിക്ക് മുന്നിലും ഓസീസ് താരങ്ങള്‍ പ്രതിസന്ധിയിലായി.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിക്കറ്റ് കീപ്പര്‍ അലക്സ് കാരി ട്രാവിസ് ഹെഡ് എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് മികച്ച സാമാന്യം സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ സ്മിത്തിനൊപ്പം ഹെഡും മാര്‍നസ് ലബുഷെയ്നിനും അലക്സ് കാരിക്കുമൊപ്പം സ്റ്റീവ് സ്മിത്തും പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകള്‍ ഓസീസിന് നിര്‍ണായകമായി. 96 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 73 റണ്‍സെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 57 പന്തുകള്‍ നേരിട്ട കാരി ഒരു സിക്സും എട്ട് ഫോറുമടക്കം 61 റണ്‍സെടുത്ത് റണ്ണൗട്ടായി.
മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന സ്റ്റീവ് സ്മിത്തിനെ മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് മുഹമ്മദ് ഷമി പുറത്താക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്വെല്ലിനെ അക്ഷര്‍ പട്ടേലും കൂടാരത്തിലെത്തിച്ചു. 5 പന്തില്‍ നിന്നും 7 റണ്‍സാണ് മാക്‌സ്വെല്ലിന് നേടാനായത്. ഇതാണ് 300 കടക്കുന്നതില്‍ നിന്നും ഓസ്‌ട്രേലിയയെ തടഞ്ഞത്. നേരത്തേ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത് തുടര്‍ച്ചയായ 14-ാം തവണയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടപ്പെടുന്നത്.