തല പോയാലും ജനങ്ങള്‍ക്കൊപ്പമെന്ന് ജനീഷ്‌കുമാറിന്റെ പോസ്റ്റ്; കാടിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലണമെന്നത് സിപിഎം നിലപാടെന്ന് ജില്ലാ സെക്രട്ടറി; എംഎല്‍എ അതിരു വിട്ടെന്ന് വനംവകുപ്പ് ജീവനക്കാരും; കോന്നി എംഎല്‍എയ്ക്ക് പിന്തുണയുമായി മലയോര കര്‍ഷകരും ജോസ് കെ. മാണിയും

കോന്നി എംഎല്‍എയ്ക്ക് പിന്തുണയുമായി മലയോര കര്‍ഷകരും ജോസ് കെ. മാണിയും

Update: 2025-05-14 16:02 GMT

കോന്നി: കാട്ടാന ഷോക്കേറ്റ് ചത്ത വിഷയത്തില്‍ നിരപരാധികളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന നിലപാട് കടുപ്പിച്ച് കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ. ജനീഷിന് പിന്തുണയുമായി സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും ജോസ് കെ. മാണി എം.പിയും മലയോര കര്‍ഷകര്‍ രാഷ്ട്രീയം മറന്നും രംഗത്തിറങ്ങി. അതേ സമയം, എംഎല്‍എ പ്രതികരിച്ച രീതിക്കെതിരേ വനംവകുപ്പ് ജീവനക്കാരും രംഗത്തു വന്നു. തല പോയാലും വേണ്ടില്ല ജനങ്ങള്‍ക്കൊപ്പമാണെന്ന് ജനീഷ് കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ വ്യക്തമാക്കി.

എം.എല്‍.എയുടെ പോസ്റ്റ് ഇങ്ങനെ:

നിരന്തരം വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണത്തിനെതിരെ ജനങ്ങള്‍ ഒരു പ്രതിഷേധയോഗം നടത്തുകയുണ്ടായി. അതില്‍ പങ്കെടുക്കാനാണ് ആ ദിവസം അവിടെ എത്തുന്നത്. അപ്പോഴാണ് ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ഗര്‍ഭിണിയായ ഭാര്യ വിളിച്ച്, കഴിഞ്ഞ ദിവസം കാട്ടാന ഷോക്കേറ്റ് ചത്ത കേസില്‍ അവരുടെ ഭര്‍ത്താവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വിവരം പറയുന്നത്. അപ്പോള്‍ത്തന്നെ, ഉയര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. പ്രദേശവാസികള്‍ പറയുന്നത് പ്രകാരം, കാട്ടാന ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ മാത്രം 11 പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാട്ടാനയുടെ മരണത്തിന്റെ മറവില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സമീപ ദിവസങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചത് എന്നാണ് ഇതിലൂടെ മനസിലാക്കുന്നത്. തുടര്‍ന്നാണ് പോലീസ് ഉന്നത ഉദ്യോഗസ്ഥരേയും കൂട്ടി പാടം ഫോറസ്റ്റ് ഓഫീസില്‍ എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അന്യായമായി കസ്റ്റഡിയില്‍വച്ചിരിക്കുകയാണെന്ന് മനസിലാക്കുന്നത്.

ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലാണ് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പുറത്തു വന്ന വീഡിയോയിലെ ഒന്ന് രണ്ട് പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

അത്തരം പരാമര്‍ശങ്ങളല്ല, ആ നാടും അവര്‍ക്കുവേണ്ടി ഞാന്‍ ഉയര്‍ത്തിയ വിഷയവുമാണ് പ്രധാനം. ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ പല തീവ്ര സംഘടനകളും ജനങ്ങള്‍ക്കിടയില്‍ ദുഷ്പ്രചരണം നടത്തി മുതലെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തേണ്ടിവന്നതും. ഞാന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ക്കൊപ്പംനിന്ന് നയിക്കും. തലപോയാലും ജനങ്ങള്‍ക്കൊപ്പം.

അന്വേഷണത്തിന്റെ ഭാഗമായി തൊഴിലാളിയെ മൊഴി എടുക്കാന്‍ വിളിപ്പിച്ചതാണെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോന്നി ഡി.എഫ്.ഓ ആയുഷ്‌കുമാര്‍ ഗോറി അറിയിച്ചു. കാട്ടാന ചരിഞ്ഞതില്‍ കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അതുമായി ബന്ധപ്പെട്ടവരെ വിളിച്ച് ചോദ്യം ചെയ്യാറുണ്ട്. സംഭവം സംബന്ധിച്ച് പാടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എ ഇടപെട്ടത് ജനകീയ പ്രശ്നത്തിലാണെന്നും അതിനാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. എം.എല്‍.എയുടെ നിലപാട് സന്ദര്‍ഭോചിതവും ശരിയുമാണ്. വന്യജീവി ആക്രമണത്തില്‍ പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമാണ്. കാടിറങ്ങുന്ന വന്യജീവികളെ കൊന്നുകളയുക തന്നെയാണ് വേണ്ടത്. ആ നിലയ്ക്ക് ജനീഷ് സ്വീകരിച്ച നിലപാട് കൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എ അതിരു കടന്നുവെന്ന് വനംവകുപ്പ് ജീവനക്കാര്‍

കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തി കസ്റ്റഡിയില്‍ എടുത്തയാളെ ഇറക്കി കൊണ്ടു പോവുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി ഫോറസ്റ്റ് ഉദ്യോഗസ്ഥരും ജീവനക്കാരുടെ സംഘടനകളും രംഗത്തു വന്നു. കാട്ടാന ചത്ത സംഭവത്തില്‍ അന്വേഷിക്കുക എന്നുള്ളത് തങ്ങളുടെ ഡ്യൂട്ടിയാണ്. അതിന്റെ ഭാഗമായിട്ടാണ് സംശയമുള്ളവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

അക്കാര്യത്തില്‍ എം.എല്‍.എയ്ക്ക് എതിര്‍പ്പുണ്ടെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരെയോ വകുപ്പു മന്ത്രിയെയോ അറിയിക്കാമായിരുന്നു. അതിന് പകരം പോലീസിനെയും കൂട്ടിയെത്തി പ്രതിയെ ഇറക്കിക്കൊണ്ടു പോയത് ഒരു ജനപ്രതിനിധിക്ക് ചേര്‍ന്ന നടപടിയല്ല. തങ്ങളുടെ ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥരെയാണ് എം.എല്‍.എ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചത്. സത്യസന്ധമായി ഡ്യൂട്ടി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ഉത്തരവാദിത്വം വനം വകുപ്പിന്: ജോസ് കെ. മാണി എം.പി

പത്തനംതിട്ട: കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മറവില്‍ നിരപരാധികളെ ജയിലിലിടാന്‍ ശ്രമിക്കുന്ന വനപാലകരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. കഴിഞ്ഞ ദിവസം കോന്നിയില്‍ സ്വകാര്യ കൃഷിഭൂമിയില്‍ കടന്നു കയറിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതുമായി ബന്ധപ്പെട്ട് ഭൂവുടമയെ പ്രതിയാക്കി വനംവകുപ്പ് കേസെടുത്തു.

കൈതച്ചക്ക കൃഷിക്കായി പാട്ടത്തിന് നല്‍കിയ ഭൂമിയാണത്. പാട്ടത്തിന് എടുത്തയാള്‍ കൃഷിസ്ഥലമൊരുക്കുവാന്‍ എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് അകാരണമായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.

ഇത്തരം നടപടികള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വനത്തിനുള്ളില്‍ മാത്രം നിലനില്‍ക്കേണ്ടതാണ് വന്യജീവി സംരക്ഷണ നിയമം. കേരളത്തിലെവിടെയും ഈ നിയമം ഉപയോഗിച്ച് കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് ചില വനപാലകരില്‍ നിന്നുമുണ്ടാകുന്നത്. വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ വന്യ മൃഗങ്ങളെക്കാള്‍ ജനങ്ങള്‍ക്ക് ശല്യമായി മാറി. ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കുന്ന ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മാറിയിരിക്കുന്നു. കാട്ടാന സ്വകാര്യഭൂമിയില്‍ പ്രവേശിച്ചതിന്റെയും അവിടെ വച്ച് ചരിഞ്ഞതിന്റെയും പൂര്‍ണ ഉത്തരവാദിത്വം വനം വകുപ്പിന് മാത്രമാണ്. എന്നിട്ടും ഭൂവുടമ ഉള്‍പ്പെടെയുള്ളവരെ വനപാലകര്‍ നിയമക്കുരുക്കില്‍ കുടുക്കാന്‍ ശ്രമിക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.

Tags:    

Similar News