തിരുവല്ല: തദ്ദേശതെരഞ്ഞെടുപ്പിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാല് വോട്ടിന് തോൽക്കാൻ കാരണമായതിന്റെ പേരിൽ സിപിഎം പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയെ മുളകുപൊടി വിതറിയ ശേഷം അടിച്ച് കൈയും കാലുമൊടിച്ചെന്ന് പരാതി. നന്നൂർ നൂഴവട്ടത്ത് സുമേഷി (42) നാണ് പരുക്കേറ്റത്. എരുമേലി കൺസ്യൂമർ ഫെഡിലെ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെ കണ്ണാട്ട് ഭാഗത്തു വച്ചായിരുന്നു ആക്രമണം.

സുമേഷ് ഓടിച്ചുവന്ന ബൈക്കിന് മുകളിലേക്ക് ചാടിവീണ സംഘം കൈയിൽ കരുതിയിരുന്ന മുളകുവെള്ളം ചീറ്റിച്ച ശേഷം അക്രമം നടത്തുകയായിരുന്നു. ബൈക്കിൽ നിന്നും താഴെവീണ തന്റെ കൈകാലുകൾ ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചതായും സുമേഷ് പറഞ്ഞു. സുമേഷ് ഉൾപ്പെടെ 24 പേരെ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചു പുറത്താക്കിയിരുന്നു.

ഏരിയാ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന രാജീവിന്റെ അഴിമതികൾ ചൂണ്ടിക്കാട്ടി പ്രതികരിച്ചതിനായിരുന്നു തങ്ങളെ പുറത്താക്കിയതെന്ന് സുമേഷ് പറയുന്നു. സുമേഷിന്റെ പിതാവ് എൻ.എ ശശിധരൻ പിള്ള പാർട്ടിയുടെ വള്ളംകുളം ലോക്കൽ കമ്മിറ്റിയംഗമായിരുന്നു. ഇദ്ദേഹത്തിനെതിരെ ലോക്കൽ കമ്മിറ്റി നടപടിയെടുത്തിരുന്നു. പാർട്ടി സമ്മേളനം പ്രഖ്യാപിച്ചതിനാൽ നടപടി മരവിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. സനൽകുമാർ പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ ഏരിയാ കമ്മിറ്റി യോഗം നിർദ്ദേശിച്ചിരുന്നു.

യോഗം ചേർന്ന ദിവസം തന്നെയാണ് സുമേഷിന് നേരെ ആക്രമണമുണ്ടായത്. സുമേഷിന്റെ സഹോദരൻ സുകേശ്, സഹോദരി ശ്രീജ എന്നിവരെയും പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കിയിരുന്നു. സുമേഷിനെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ സി പി എമ്മിന് പങ്കില്ലെന്ന് ഇരവിപേരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പിസി സുരേഷ് കുമാർ പറഞ്ഞു.