- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിപക്ഷത്തിരുന്ന യുഡിഎഫ് കാട്ടിയത് അഞ്ചു ഭീമൻ അബദ്ധങ്ങൾ; പ്രീ പോൾ സർവേകൾ അടിക്കടി ഇടതു തുടർ ഭരണം പ്രവചിക്കുമ്പോൾ എവിടെയാണ് യുഡിഎഫിന് പിഴച്ചത്? ക്രിയാത്മക പ്രതിപക്ഷമായി മാറിയപ്പോഴും ജനമനസ്സിൽ ഇടം കണ്ടെത്താതെ പോയതെങ്ങനെ? തിരുത്താൻ കഴിയാത്ത വിധം യുഡിഎഫ് നില പരുങ്ങലിലാകുമ്പോൾ
ലണ്ടൻ: കേരളം അടുത്ത അഞ്ചു വർഷത്തേക്ക് വിധിയെഴുതാൻ വെറും ഒരാഴ്ച മാത്രം അവശേഷിക്കെ തുടരെ തുടരെ എത്തുന്ന അഭിപ്രായ സർവേകൾ യുഡിഎഫിന് കനത്ത തോൽവിയാണു പ്രവചിക്കുന്നത്. കടുത്ത ഭരണ വിരുദ്ധ വികാരം ഇല്ലെന്നു മാത്രമല്ല, മുഖ്യമന്ത്രിയായ പിണറായി വിജയനിൽ അമിതമായ പ്രതീക്ഷയുമാണ് വോട്ടർമാർ പങ്കിടുന്നത്. അതേസമയം അവസാന നാളുകളിൽ സർക്കാർ എടുത്ത മിക്ക കാര്യങ്ങളോടും ജനങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നതും സുപ്രധാനമാണ്. എന്നിട്ടും ഈ വികാരം വോട്ടെടുപ്പ് വരുമ്പോൾ കാട്ടാൻ തങ്ങൾ തയ്യാറല്ല എന്ന് ജനം പറയുമ്പോൾ മറുപക്ഷത്തു കാര്യമായ എന്തോ കുഴപ്പം സംഭവിച്ചു എന്ന് വ്യക്തം.
സാധാരണ ഗതിയിൽ കേരളത്തിൽ ഓരോ അഞ്ചു വർഷവും ഭരണം മാറും എന്ന ജനവിധി ഇത്തവണ ആവർത്തിക്കും എന്ന ആലസ്യത്തിൽ കഴിഞ്ഞ പ്രതിപക്ഷത്തിന് നൽകുന്ന ഷോക്കിങ് ട്രീറ്റ്മെന്റ് ആണ് അഭിപ്രായ സർവേകൾ എന്നത് വ്യക്തം. അതുകൊണ്ട് തന്നെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സർവേകൾ തള്ളുന്നു എന്ന് പറയുന്നതും. സർവേകളിൽ നിന്നും പാഠം പഠിക്കാൻ ഇനി സമയമില്ലെന്ന് വ്യക്തമായിരിക്കെ എവിടെയാണ് യുഡിഎഫിന് മൊത്തത്തിൽ പിഴച്ചത് എന്നത് കൗതുകമുള്ള കാര്യമാണ്. ഒട്ടേറെ പിഴവുകൾ ഇക്കൂട്ടത്തിൽ കണ്ടെത്താമെങ്കിലും പ്രധാനമായും അഞ്ചു മണ്ടത്തരങ്ങളാണ് ഇക്കുറി വലതുപക്ഷ മുന്നണിക്ക് സംഭവിച്ചിരിക്കുന്നത്. അവയിലൂടെ ഒരെത്തിനോട്ടം.
1. ഒരേയൊരു ക്യാപ്റ്റൻ
കേരളത്തെ നയിക്കാൻ ആരെന്ന തുടർച്ചയായ ചോദ്യത്തിന് കഴിഞ്ഞ ഒന്നര വർഷമായി കേരളം പറഞ്ഞു കൊണ്ടിരിക്കുന്ന പേരാണ് മുഖ്യമന്ത്രി പിണറായി വിജയന്റേത്. പാർട്ടിയെയും ഭരണത്തെയും ഒക്കെ ബ്രാൻഡിങ് ചെയ്തു മുന്നോട്ട് പോയ സിപിഎം ഇത് തിരിച്ചറിഞ്ഞു തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിന് ക്യാപ്റ്റൻ പദവി നൽകിയതോടെ ജനമനസ്സിൽ ആ പേര് ഒന്നുകൂടി ഉറച്ചിരിക്കുകയാണ്. പിണറായിയെ 41 ശതമാനം പേരും കെ കെ ശൈലജയെ 11 പേരും പിന്തുണയ്ക്കുമ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ പോരാട്ടത്തിനൊടുവിൽ രമേശ് ചെന്നിത്തല സമാഹരിക്കുന്നത് വെറും ഏഴു ശതമാനത്തിന്റെ പിന്തുണയാണ്. ഇത് സംഭവിച്ചതിൽ അദ്ദേഹത്തേക്കാൾ ഉപരി കോൺഗ്രസ് പാർട്ടിയുടെ സംഘടന സ്വഭാവം തന്നെയാണ് ഇപ്പോൾ ക്രൂശിക്കപ്പെടുന്നത്.
പിണറായി വിജയന് പകരക്കാരൻ ആര് എന്ന ജനമനസ്സിലെ ചോദ്യത്തിന് ഇപ്പുറത്ത് ഒരു പേരില്ലാതെ പോയത് ഇപ്പോൾ ഇടതുപക്ഷ മേൽക്കൈക്ക് പ്രധാന കാരണമായി മാറുകയാണ്. ഈ ചോദ്യമുയരുമ്പോൾ ഒക്കെ ഞങ്ങളുടെ പതിവ് തിരഞ്ഞെടുപ്പിന് ശേഷം നേതാവിനെ തിരഞ്ഞെടുക്കുക എന്ന രീതിയാണ് എന്ന് പറയുന്ന കോൺഗ്രസ് ഇക്കാലത്തെ ജനങ്ങളുടെ ഭാഷയല്ല മനസ്സിലാക്കുന്നത് എന്ന് വ്യക്തം. പോപ്പുലർ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ലോകമെങ്ങും തിരഞ്ഞെടുക്കപ്പെടുന്നത് എന്ന് കോൺഗ്രസ് നരേന്ദ്ര മോദിയിൽ നിന്നും പോലും പഠിക്കുന്നില്ല എന്നതാണ് നേതാവില്ലാതെ കേരളത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയതും ഇപ്പോൾ ജനപിന്തുണയിൽ പിന്നിലായി കൈകാലിട്ടടിക്കാനും പ്രധാന കാരണമെന്നു വ്യക്തം.
2. ഒറ്റയ്ക്കായി പോയ ചെന്നിത്തല
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മികച്ച പ്രവർത്തമാണ് അദ്ദേഹം നടത്തിയതെന്ന് എതിരാളികൾ പോലും രഹസ്യമായി എങ്കിലും സമ്മതിക്കും. പക്ഷെ സ്വന്തം പാർട്ടിയിലോ മുന്നണിയിലോ അദ്ദേഹത്തിന് വേണ്ട പിന്തുണ നൽകാൻ ആരും ഉണ്ടായില്ല എന്നതാണ് പ്രധാന വസ്തുത. രമേശ് സ്കോർ ചെയ്യുന്നത് മനസിലാക്കിയ ഇടതുപക്ഷം സൈബർ സേനയെ ഇറക്കി പ്രതിരോധിച്ചത് വിളിച്ചു പറഞ്ഞതും രമേശ് ചെന്നിത്തല തന്നെയാണ്. എന്നിട്ടും മറിച്ചൊരു പ്രതിരോധം ഉയർത്താൻ ദുർബലമായ സംഘടനാ സംവിധാനം വഴി കോൺഗ്രസിന് സാധിക്കാതെ പോയി. എന്നും എന്ന വിധം രമേശ് ഉയർത്തിയ ആരോപണങ്ങളിൽ സർക്കാർ മുട്ടുമടക്കുമ്പോഴും അദ്ദേഹം പറയുന്ന കാര്യങ്ങളിൽ മെറിറ്റ് ഉണ്ടെന്നു ജനം വിലയിരുത്തുമ്പോഴും അതിന്റെ ഗുണം അദ്ദേഹത്തിലേക്കു മാത്രം എത്തിയില്ല എന്നതാണ് സത്യം.
സ്പ്രിങ്ക്ലർ മുതൽ ആഴക്കടൽ വഴി ഇങ്ങേയറ്റം ഇരട്ടവോട്ട് വരെ അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ നൂറു ശതമാനം കഴമ്പു ഉണ്ടെന്നാണ് അഭിപ്രായ സർവേകളിൽ വ്യക്തമാകുന്നത്. അക്കാര്യത്തിലൊക്കെ ജനം സർക്കാരിന് എതിരാണ് താനും. എന്നിട്ടും മറിച്ചൊരു സംവിധാനം ഉണ്ടാകണമെന്നും അത് നയിക്കാൻ ചെന്നിത്തല തന്നെ വേണമെന്നും ജനം ആഗ്രഹിക്കുന്നില്ല. അവിടെയാണ്, അത് തിരിച്ചറിയാതെ പോയതാണ് കോൺഗ്രസ് വൈകി മനസിലാക്കുന്ന രണ്ടാമത്തെ പിഴവ്.
3. വൈകിപ്പോയ സന്നാഹം
എന്നും പതിവായ കാര്യമാണ്, വൈകിയുള്ള കോൺഗ്രസിന്റെ രംഗപ്രവേശം. ഇക്കാര്യത്തിലും ഞങ്ങൾ പണ്ടേ അങ്ങനെയാണ് ഇന്ന് പറയുന്ന നേതാക്കൾ ഇന്നത്തെ ജനം പണ്ട് ഉള്ളവരെ പോലെയല്ല എന്ന സത്യമാണ് മറന്നു കളഞ്ഞത്. മാത്രമല്ല ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്തു വേണം എതിരാളികളെ മലർത്തിയടിക്കാൻ എന്നതും ഗ്രൂപ്പ് പോരിലും വീതം വയ്പ്പിലും കോൺഗ്രസ് നേതാക്കൾ മറന്നു പോയി. സത്യത്തിൽ പലയിടത്തും ഇടതു പക്ഷം രണ്ടാം ഘട്ടം പ്രചാരണം ആരംഭിച്ചപ്പോഴാണ് കോൺഗ്രസ് അപൂർണ സ്ഥാനാർത്ഥി പട്ടികയുമായി എത്തിയത്. ഇതൊക്കെ ജനത്തിന് എന്ത് സന്ദേശമാണ് നൽകുക എന്നത് കോൺഗ്രസ് ശരിക്കും മറന്ന പോലെയായി കാര്യങ്ങൾ.
സത്യത്തിൽ ചെറുപ്പക്കാരും മികച്ചവരുമായ സ്ഥാനാർത്ഥികൾ എത്തിയിട്ടും അതിന്റെ ഗുണം എടുക്കാൻ പറ്റാതെ പോയ ദുർബലാവസ്ഥയാണ് കോൺഗ്രസ് നേരിടുന്നത്. വർക്കലയിൽ ബിആർഎം ഷെരീഫ്, കായംകുളത്ത് അരിത ബാബു, അടൂരിൽ എംജി കണ്ണൻ, കൊട്ടാരക്കരയിൽ ആർ രശ്മി, കയ്പമംഗലത്തു ശോഭ സുബിൻ തുടങ്ങി ഒട്ടേറെ സാധാരണക്കാരായ പ്രവർത്തകരെയാണ് കോൺഗ്രസ് ഇക്കുറി ഫീൽഡ് ചെയ്തത്. എന്നാൽ 2019 ൽ ആലത്തൂരിൽ രമ്യ ഹരിദാസിനെ അവതരിപ്പിച്ച പോലെ ഒരു പറ്റം ജനകീയ സ്ഥാനാർത്ഥികൾ തങ്ങളുടെ പക്ഷത്ത് ഉണ്ടെന്നു ജനത്തെ ബോധ്യപ്പെടുത്തുന്നതിലും കോൺഗ്രസ് ദയനീയ പരാജയമായി എന്നാണ് സംസ്ഥാന അടിസ്ഥാനത്തിൽ തന്നെ രൂപം കൊണ്ടിരിക്കുന്ന ഇടതു തരംഗം വ്യക്തമാക്കുന്നത്.
4. തേരില്ലാത്ത സേനാനായകർ
സത്യത്തിൽ തേര് ഇല്ലാതെ യുദ്ധക്കളത്തിൽ വിഷമിക്കുന്ന സൈനികരുടെ അവസ്ഥയിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലാത്ത പാർട്ടിക്ക് പണം ഇല്ലെന്ന സത്യം മനസിലാക്കി മുന്നേ ഒരുക്കം നടത്തുന്നതിൽ വമ്പൻ പരാജയമാണ് കോൺഗ്രസ് നേതൃത്വത്തിനു സംഭവിച്ചത്. പലയിടത്തും ബൂത്തു കമ്മിറ്റികൾ പോലും പ്രവർത്തനത്തിന് ഇല്ലാതെ, സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാനറിയാത്ത വയസൻ സംഘവുമായി പ്രയാസപ്പെടുകയാണ് കോൺഗ്രസ് എന്നതാണ് സത്യം. കൂടെ 2019 ൽ ലഭിച്ച പ്രത്യേക സാഹചര്യത്തിൽ തൂത്തുവാരിയ ലോക്സഭാ വിജയം നിയമസഭയിലും ആവർത്തിക്കുമെന്ന് കോൺഗ്രസ് വല്ലാതെ മോഹിച്ചു.
എന്നാൽ കലങ്ങി മറിഞ്ഞ പമ്പ നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപോയതും നദി സാവകാശം കലക്കം തെളിയുകയുമാണ് എന്നതും കോൺഗ്രസ് നേതൃത്വം മറന്നു പോയി. കയ്യിൽ വന്നുചേരുന്ന മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന തിരക്കിൽ രമേശും പാർട്ടി പ്രസിഡന്റ് കസേരയിൽ അമർന്നിരിക്കുന്ന സുന്ദര നിമിഷം ഓർത്തു കെ സുധാകരനെ പോലെയുള്ള നേതാക്കളും എന്നും ഭാഗ്യം കൂടെ ഉണ്ടാകില്ല എന്ന് മാത്രം ഓർത്തില്ല. പണിയെടുക്കാതെ ഭാഗ്യം കൂട്ടുപിടിച്ചു ജയിച്ചു ശീലമുള്ള കോൺഗ്രസ് ഇക്കുറിയും അതുണ്ടാകുമെന്നും ആത്മാർത്ഥമായി മോഹിച്ചു. പക്ഷെ ഇത്തവണ ഭാഗ്യദേവത കൂടെയില്ലെന്നല്ല, ഏഴയലത്ത് എത്താനും സാധ്യതയില്ലെന്നാണ് സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
5. മുസ്ലിങ്ങളും ഹിന്ദുക്കളും കൈവിട്ടത് തിരിച്ചടിയായി
എക്കാലത്തും കോൺഗ്രസിന് ശക്തിയായി കൂടെ നിന്നവരാണ് വടക്കൻ കേരളത്തിലെ മുസ്ലിം ജനത. എന്നാൽ മോദിയുടെ രണ്ടാം വരവോടെ ബിജെപിയെ കേരളത്തിൽ തടയാൻ കോൺഗ്രസിനെക്കാൾ നല്ലത് ഇടതുപക്ഷം ആണെന്ന മുസ്ലിം ജനതയുടെ തിരിച്ചറിവ് കണ്ടെത്താൻ കോൺഗ്രസ് വല്ലാതെ വൈകിപ്പോയി. വടക്കൻ കേരളത്തിലെ പാലക്കാട് മുതൽ കാസർഗോഡ് വരെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയല്ലെങ്കിൽ മുസ്ലിം ജനത വോട്ടു ചെയ്യില്ലെന്ന് ആര്യാടൻ മുഹമ്മദ് അടക്കമുള്ളവർ പറഞ്ഞു തുടങ്ങിയിട്ടും അതിനു ഗൗരവം നൽകാനോ തടയിടാനോ കോൺഗ്രസിന് സാധിച്ചില്ല. ടി സിദ്ദിഖിനെ പോലെയുള്ള നേതാക്കൾ ഒരു സീറ്റ് ലഭിക്കാൻ ഓടിപ്പാഞ്ഞു നടന്നത് ഈ സാഹചര്യത്തിലാണ്.
പുരോഗമന ചിന്തയുള്ള മുസ്ലിങ്ങൾ വെൽഫെയർ പാർട്ടി, എസ്ഡിപിഐ എന്നിവയുടെ വരവോടെ കൂടുതൽ നല്ലതു ഇടതുപക്ഷമാണ് എന്ന ചിന്തയാണ് സ്വീകരിച്ചത്, പ്രത്യേകിച്ചും വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരായ മുസ്ലിം യുവതികൾ കൂട്ടത്തോടെയാണ് ഇടതു ചേരിയിൽ എത്തിയത്. ഇത് സർവേകളിൽ വ്യക്തമായ അഭിപ്രായ രൂപീകരണവുമായി തെളിഞ്ഞു നിൽപ്പുണ്ട്. മൃദു ഹിന്ദുത്വ സ്വരമാണ് കോൺഗ്രസിനെന്നു വടക്കേ മലബാറിലെ മുസ്ലിങ്ങൾ ആരോപിക്കുമ്പോൾ 60 നിയമ സഭ സീറ്റുകളിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന സ്ഥലങ്ങളിൽ ഒഴികെ ആ വിഭാഗം ജനങ്ങളുടെ വോട്ടു ഇടതു ചേരിയിലെത്താൻ കരണമാകുകയാണ്. ഇത്തരം ട്രെൻഡുകൾ കണ്ടറിയാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നത് ഇത്തവണ മലബാർ സീറ്റുകളിലെ ഫലപ്രഖ്യാപന ശേഷം കൂടുതൽ ബോധ്യമാകും.
ഇതിനു നേർ വിപരീതമായ കാര്യമാണ് തെക്കൻ കേരളത്തിൽ നടക്കുന്നത്. മുന്നോക്ക ഹിന്ദു വോട്ടുകൾ ഏറക്കുറെ നല്ല പങ്കും ബിജെപിയിൽ എത്തിയപ്പോൾ കോൺഗ്രസിന് നഷ്ടമായത് പത്തനംതിട്ട ജില്ലാ അടക്കമുള്ള പ്രദേശങ്ങളാണ്. തുറന്ന മനസോടെ ഹൈന്ദവ വികാരം ഉയർത്താൻ കോൺഗ്രസിന് പ്രയാസം ഉണ്ടെങ്കിലും നിലപാടുകളിൽ തങ്ങൾ വഞ്ചിക്കപ്പെടുകയാണെന്നു ഹൈന്ദവർ തിരിച്ചറിഞ്ഞത് ഉമ്മൻ ചാണ്ടി സർക്കാരിൽ മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിയെ നൽകിയതോടെയാണ്.
അന്ന് ലീഗിന്റെ ഭീക്ഷണിക്ക് ഉമ്മൻ ചാണ്ടി വഴങ്ങിയതിന്റെ ഫലമാണ് ഇപ്പോൾ തെക്കൻ - മധ്യ കേരളത്തിൽ കോൺഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധി. കേവല ഭൂരിപക്ഷം മുക്കി മുക്കി ഒപ്പിച്ചെടുത്ത 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി അകാരണമായി മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങുന്നതായി ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കൾക്കു പരാതി ഉണ്ടായതാണ് ആ അവസരം മുതലാക്കി കാലങ്ങളായി നുഴഞ്ഞു കയറിയ ബിജെപി ഇനി തങ്ങളുടെ പക്കൽ നിന്നും ആ വോട്ടുകൾ തിരിച്ചൊഴുകില്ല എന്നുകൂടിയാണ് ഇത്തവണ തെളിയിക്കാൻ തയ്യാറെടുക്കുന്നത്.
ചുരുക്കത്തിൽ ഇനിയുള്ള കേവല ദിവസങ്ങളിൽ അത്ഭുതം ഒന്നും നടന്നില്ലെങ്കിൽ ഇടതു തുടർഭരണവും വല്ലാതെ മെലിഞ്ഞില്ല എന്ന ആശ്വാസത്തോടെ കോൺഗ്രസ് പ്രതിപക്ഷത്തും തുടരും. വലിയ തകർച്ചയിൽ നിന്നും കോൺഗ്രസിനെ രക്ഷിച്ചെടുക്കാൻ ഊണും ഉറക്കവും നഷ്ടമാക്കിയുള്ള അധ്വാനം വഴി രമേശിന് സാധിച്ചെങ്കിലും പ്രതീക്ഷകൾ നഷ്ടമായ അദ്ദേഹം പ്രതിപക്ഷ സ്ഥാനത്തു തുടരുമോ അതോ ജയിച്ചു വന്നാൽ കൂടുതൽ കരുത്തനായി മാറുന്ന കെ മുരളീധരന് വേണ്ടി പാർട്ടിയിൽ ശബ്ദം ഉയരുമോ എന്നതൊക്കെ ഇനി കണ്ടറിയാനുള്ള കാര്യമാണ്. ചുരുക്കത്തിൽ ജയിച്ചാലും തോറ്റാലും കോൺഗ്രസിന് കഷ്ടകാലം മാറില്ല.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.