- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്ച്ചയെന്ന് സിപിഎം അവലോകന റിപ്പോർട്ട്; സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച റിപ്പോർട്ടിൽ ജി സുധാകരന്റെ പേരില്ല; കൽപ്പറ്റയിലെയും പാലയിലെയും തോൽവി ഗൗരവകരം; എൽഡിഎഫ് മൂന്നാമതായ മണ്ഡലങ്ങളിലും പരിശോധന
തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ വീഴ്ച്ചയെന്ന് സിപിഎം അവലോകന റിപ്പോർട്ട്. സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്. അതേസമയം റിപ്പോർട്ടിൽ ജി സുധാകരന്റെ പേര് പരാമർശിച്ചിട്ടില്ല. നേരത്തെ സുധാകരനെതിരെ ജില്ലാ കമ്മറ്റിയിൽ അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു.
പാർട്ടിയിൽ വോട്ടുചോർച്ചയുണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൽപ്പറ്റ, പാല എന്നിവടങ്ങളിലെ തോൽവി ഗൗരവകരമാണ്, ഘടകകക്ഷി നേതാക്കളുടെ തോൽവിയിലും പരിശോധനയുണ്ടാകും. ചില സുപ്രധാന മണ്ഡലങ്ങളിലെ തോൽവിയും പരിശോധിക്കാൻ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. എൽ.ഡി.എഫ് മൂന്നാമതെത്തിയ മണ്ഡലങ്ങളിലായിരിക്കും പ്രത്യേകമായി പരിശോധന നടത്തുക.
പാലക്കാട്, കാസർകോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലേറ്റ തിരിച്ചടിയെക്കുറിച്ച് അന്വേഷിക്കും. സിറ്റിങ് സീറ്റുകളായ കുണ്ടറയിലും തൃപ്പൂണിത്തുറയിലും സിപിഎമ്മിന്റെ പ്രമുഖ സ്ഥാനാർത്ഥികൾക്കുണ്ടായ തോൽവിയും പാർട്ടി പരിശോധിക്കുകയാണ്. ഈ രണ്ട് മണ്ധലങ്ങളിലും അന്വേഷണ റിപ്പോർട്ട് വന്ന ശേഷം നടപടിയുണ്ടാകും.
സിപിഎമ്മിന്റെ പ്രമുഖ സ്ഥാനാർത്ഥികളായ മേഴ്സിക്കുട്ടിയമ്മയുടെയും എം സ്വരാജിന്റെയും തോൽവി പാർട്ടി ഗൗരവതരമായാണ് കണക്കിലെടുത്തിട്ടുള്ളത്. സിപിഎം സെക്രട്ടറിയേറ്റിന്റെ റിവ്യു റിപ്പോർട്ട് സംസ്ഥാന സമിതി ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് അരുവിക്കര, ഒറ്റപ്പാലം എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച പരാതിയും പരിഗണിക്കാൻ നിർദ്ദേശമുണ്ട്.
അരുവിക്കരയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വി.കെ. മധുവിന്റെ സഹകരണം കാര്യമായുണ്ടായില്ലെന്ന വിമർശനത്തെത്തുടർന്ന് പരിശോധിക്കാൻ അന്വേഷണ കമ്മിഷനെ ജില്ലാകമ്മിറ്റി നിയോഗിച്ചിരിക്കുകയാണ്. കുണ്ടറയിലും ഇതേ പരിശോധന നടക്കുകയാണ്. കുറ്റ്യാടി മണ്ഡലത്തിൽ നിന്നു വിജയിച്ച പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ കെ.കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനുള്ള ശുപാർശ സംസ്ഥാന സമിതിക്കു കൈമാറിയിട്ടുണ്ട്.
പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ ആലപ്പുഴയിലെ സിപിഎമ്മിനുള്ളിലെ വിഭാഗിയത നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാകുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ പാർട്ടിയുടെ മുഖമായിരുന്ന ജി സുധാകരനെ കടന്നാക്രമിക്കുന്ന സമീപനമാണ് പുത്തൻ ഗ്രൂപ്പുകളിൽ നിന്ന് ഉണ്ടായത്. തോമസ് ഐസക്- സുധാകരൻ വിഭാഗങ്ങളിൽ നിന്ന് മാറി വിവിധ ചെറു ഗ്രൂപ്പുകൾ ഉദയം ചെയ്തിരിക്കുകയാണ് ആലപ്പുഴയിൽ.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ തുടങ്ങിയതാണ് ജില്ലയിൽ പാർട്ടിക്കുള്ളിലെ പോര്. ജി സുധാകരനും തോമസ് ഐസക്കും തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ സജി ചെറിയാന്റെ നേതൃത്വത്തിലുള്ള പുതുനിര മറ നീക്കി പുറത്ത് വന്നു. സജിക്കൊപ്പം തോൾ ചേർന്ന് എച്ച് സലാമും എ എം ആരിഫും പി പി ചിത്തരഞ്ജനും രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയത്തിലും വ്യക്തമായ പ്രാതിനിധ്യം പുതു നിരയ്ക്കുണ്ടായി. പക്ഷെ സ്ഥാനാർത്ഥിത്യത്തിനെതിരായി രക്തസാക്ഷി മണ്ഡപങ്ങളിലടക്കം പ്രതിഷേധം ഉയർന്നു. അമ്പലപ്പുഴയിലേതായിരുന്നു ഏറ്റവും ശക്തമായത്. തുടക്കത്തിലെ തിരിച്ചടി മറികടന്ന് പാർട്ടി സംവിധാനങ്ങൾ എണ്ണയെട്ട യന്ത്രം പോലെ പ്രവർത്തിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ പോസ്റ്റർ വിവാദവും പഴ്സണൽ സ്റ്റാഫ് അഗത്തിന്റെ പാരാതിയുമൊക്കെയായി വാർത്തകളിൽ ഇടം പിടിച്ചു ആലപ്പുഴിലെ സിപിഎം.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് അമ്പലപ്പുഴ കരൂരിൽ ജി സുധാകരന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പകരം എ എം ആരിഫ് എം പി യുടെ പോസ്റ്ററുകൾ പതിച്ചു. പാർട്ടി തലത്തിൽ അന്വേഷണം ജില്ലാ സെക്രട്ടറി പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്താതെ നിൽക്കുന്നു. പോസ്റ്റർ വിവാദത്തിന് പിന്നാലെയായിരുന്നു പാർട്ടിയുടെ സംഘടനാ രീതിയിൽ നിന്ന് വ്യത്യസ്തമായി താൻ ആക്രമിക്കപ്പെടുന്നുവെന്ന ആരോപണവുമായി ജി സുധാകരനെ പോലുള്ള മുതിർന്ന സി പി എം നേതാവ് പത്രസമ്മേളനം വിളിച്ച് ചേർക്കുന്നത്.
സി പി എമ്മിൽ പൊളിറ്റിക്കൽ ക്രിമിനലിസം എന്ന ഗുരുതരമായ ആരോപണം സുധാകരൻ മുന്നോട്ട് വെച്ചു. തുടർന്ന് സുധാകരന്റെ മുൻ പഴ്സണൽ സ്റ്റാഫ് അംഗവും ഭാര്യയും ചേർന്ന് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. പാർട്ടി മെമ്പറായ പരാതിക്കാരൻ പാർട്ടിക്ക് എന്തുകൊണ്ട് പരാതി നൽകിയില്ല എന്ന ചോദ്യം ജില്ലാ സെക്രട്ടറിയടക്കം ഉയർത്തിയെങ്കിലും മറ്റ് സംഘടനാ നടപടികളിലേക്ക് കടന്നില്ല. സ്റ്റാഫിന്റ ഭാര്യ നൽകിയ പരാതി മാധ്യമങ്ങളിൽ കത്തുന്ന വാർത്തയായി. പക്ഷെ പരാതിക്കടിസ്ഥാനമായ യാതൊന്നും പാർട്ടിക്കോ പൊലീസിനോ കണ്ടെത്താനായില്ല. വിഷയത്തിൽ കേസുപോലും രജിസ്ട്രർ ചെയ്യപ്പെട്ടില്ല. പൊളിറ്റിക്കൽ ക്രിമിനലുകൾ തന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് സുധാകരൻ തുറന്നടിച്ചു.
ഫലം വന്നപ്പോൾ മികച്ച ഭൂരിപക്ഷത്തിൽ അമ്പലപ്പുഴ ഉൾപ്പടെ എട്ടിടങ്ങളിലും ഇടതുമുന്നണി വിജയിച്ചു. അരൂർ സീറ്റ് തിരികെ പിടിച്ചു. ഇപ്പോൾ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന അമ്പലപ്പുഴ എം എൽ എ എച്ച് സലാമിന്റെ ഗുരുതര ആരോപണം നിലനിൽക്കേ സുധാകരൻ തോൽപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ആലപ്പുഴയിൽ ഒരു സീറ്റും പാർട്ടി ജയിക്കില്ലായിരുന്നു എന്ന മറുപടിയോടെ ജില്ലാ സെക്രട്ടറി ആർ നാസർ തന്നെ ആരോപണം തള്ളി. പക്ഷെ സലാം ഉന്നയിച്ച ഗൗരവകരമായ ആരോപണങ്ങൾ പരാതിയായി സംസ്ഥാന നേതൃത്വത്തിന്റെ മുന്നിൽ വരെ എത്തിയിരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ