- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങാടിക്കൽ ബാങ്കിൽ ഭരണം നിലനിർത്താൻ സിപിഎമ്മിന്റെ കള്ളവോട്ട്: കൊടുമണിൽ സംഘർഷം തുടരുന്നു; സിപിഐ നേതാക്കളുടെ വീട് ഡിവൈഎഫ്ഐക്കാർ ആക്രമിച്ചു തകർത്തു; കൂടുതൽ കളിച്ചാൽ കൊന്ന് റീത്ത് വയ്ക്കുമെന്ന് ഡിവൈഎഫ്ഐക്കാരുടെ പരസ്യ വെല്ലുവിളി; നടപടിയെടുക്കാതെ പൊലീസും
അടൂർ: അങ്ങാടിക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ സിപിഎം-സിപിഐ സംഘർഷം തുടരുന്നു. കൊടുമൺ പഞ്ചായത്തിൽ സിപിഐയുടെ കൊടിമരങ്ങൾ വ്യാപകമായി സിപിഎം നശിപ്പിച്ചു. സിപിഐ പ്രവർത്തകരുടെ വീട് അടിച്ചു തകർത്തു. നിരവധി ബൈക്കുകളിലായെത്തിയ അക്രമി സംഘം കൊന്ന് റീത്ത് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയെന്ന് അക്രമത്തിന് ഇരയായ വീട്ടുകാർ പറയുന്നു.
ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ബാങ്ക് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിപിഎം-സിപിഐ പ്രവർത്തകർ ഏറ്റുമുട്ടിയത്. ഇടതു മുന്നണിയിലെ ഘടക കക്ഷി ആണെങ്കിലും ഇവിടെ ഇരുകൂട്ടരും നേർക്കുനേരെയാണ് മത്സരം നടന്നത്. അടൂർ, മണ്ണടി ലോബികൾ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ച് നടന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പൊലീസുകാർ അടക്കം ഒമ്പതു പേർക്കാണ് പരുക്കേറ്റത്.
ഇതിൽ എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ജിതിന്റെ തലയ്ക്ക് പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ജിതിന്റെ വീടിന് നേരെ രാത്രി അക്രമം ഉണ്ടായി. സംഘമായി എത്തിയ ഡിവൈഎഫ്ഐക്കാർ വീടിന് ചുറ്റും നടന്ന് ജനാലച്ചില്ലുകൾ അടിച്ചു തകർത്തു. വീടിന്റെ സിറ്റൗട്ടിലിരുന്ന അക്വേറിയം അടിച്ച്ു പൊട്ടിച്ച് ചില്ലുകൾ കിണറ്റിൽ വിതറി. അസഭ്യം വിളിക്കുകയും സ്ത്രീകളെ സഹിതം അക്രമിക്കാൻ മുതിരുകയും ചെയ്തുവെന്ന് ജിതിന്റെ ഭാര്യ പറഞ്ഞു. വെട്ടിക്കൊല്ലുമെന്ന് റീത്ത് വച്ചു കിടത്തുമെന്നും ഭീഷണി മുഴക്കി.
കള്ളവോട്ടിന്റെ പിൻബലത്തിൽ തെരഞ്ഞെടുപ്പ് വിജയിച്ച സിപിഎം ഞായറാഴ്ച രാത്രി തന്നെ കൊടുമണിൽ സിപിഐ പ്രവർത്തകർക്ക് നേരെ വ്യാപക അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് പറയുന്നു. അടുത്തിടെ സിപിഎം വിട്ട് സിപിഐയിലേക്ക് മാറിയ സഹദേവനുണ്ണിത്താന്റെ വീടും ആക്രമിച്ചു. ജനാലച്ചില്ലുകൾ അടിച്ചു തകർത്തു. അങ്ങാടിക്കൽ വടക്ക് സിപിഐ സ്ഥാപിച്ച കൊടിമരം രാത്രി അറുത്ത് മുറിച്ച് അടുത്തിടെ സിപിഐയിൽ ചേർന്ന ഹരികുമാറിന്റെ നീതി സ്റ്റോറിന്റെ മുന്നിൽ കൊണ്ടിട്ടു.
അങ്ങാടിക്കൽ ആറ്റുവാശ്ശേരിലുള്ള ഹരികുമാറിന്റെ സഹോദരന്റെ വീട്ടിൽ രാത്രി അക്രമിസംഘം പല തവണ ചെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ പൊലീസ് സ്ഥലത്തെത്തി അക്രമികളെ പറഞ്ഞു വിട്ടു. സിപിഎം അക്രമത്തിന് മുന്നിൽ പൊലീസ് നോക്കുകുത്തിയായി മാറിയെന്ന് സിപിഐ ആരോപിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് ആക്രമണം നടക്കുന്നത്.
കഴിഞ്ഞ മാസമാണ് സിപിഎം അങ്ങാടിക്കൽ ലോക്കൽ കമ്മറ്റിക്ക് കീഴിലുള്ള സിയോൺ കുന്ന് ബ്രാഞ്ച് കമ്മറ്റി ഒന്നടങ്കം പാർട്ടി വിട്ട് സിപിഐയിൽ ചേർന്നത്. സിപിഎമ്മിലെ അടൂർ ലോബിയുടെ വർഗീയതയും സ്വജനപക്ഷപാതവും അഴിമതിയും കാരണം മടുത്താണ് പാർട്ടി വിടുന്നതെന്ന് സിപിഐയിൽ ചേർന്നവർ പറഞ്ഞിരുന്നു. ഇങ്ങനെ ചേർന്നവരുടെ വീടുകൾക്ക് നേരെയാണ് അക്രമണമുണ്ടായത്. പാർട്ടി വിട്ട ഒരുത്തനെയും വെറുതെ വിടില്ലെന്നാണ് അക്രമത്തിന് നേതൃത്വം നൽകിയ ഡിഎൈഫ്ഐക്കാർ ഭീഷണി മുഴക്കിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്