- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈനീസ് അതിർത്തിയിലേക്ക് രണ്ട് ടാങ്ക് റെജിമെന്റും സായുധ കവചിത വാഹനങ്ങളും നീങ്ങുന്നത് പടയൊരുക്കത്തിന്റെ സൂചനകളുമായി; ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്ന് അമേരിക്കയും; അയൽക്കാരെ ഭീഷണിപ്പെടുത്തിയാൽ ചൈനയ്‌ക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പ്; ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷം അതിരൂക്ഷം; പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ കുന്നുകളിൽ നിലയുറപ്പിക്കാനുള്ള ചൈനീസ് നീക്കം പൊളിച്ചത് ഇന്ത്യൻ ജാഗ്രത
ന്യൂഡൽഹി: ഇന്ത്യാ ചൈന അതിർത്തിയിൽ സ്ഥിതി സങ്കീർണ്ണമെന്ന് റിപ്പോർട്ട്. അതിനിടെ അതിർത്തിയിൽ ചൈന നീങ്ങുന്നത് വ്യക്തമായ മുന്നൊരുക്കത്തോടെയാണെന്ന് അമേരിക്ക മുന്നറിയിപ്പും നൽകി. ലഡാക്കിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും അറിയിച്ചു. അയൽക്കാരെ ഭീഷണി ചൈനയ്‌ക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും അമേരിക്ക അറിയിച്ചു. അതിനിടെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയും കരസേനാ മേധാവിയും മ്യാന്മർ സന്ദർശനം ഉപേക്ഷിച്ചു. അതിർത്തിയിലെ സംഘർഷ സാധ്യത കണക്കിലെടുത്താണ്.
ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ നീക്കം വ്യക്തമായ ആസൂത്രണത്തിലൂടെയാണെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. രണ്ട് ടാങ്ക് റെജിമെന്റും സായുധ കവചിത വാഹനങ്ങളും ഇന്ത്യ അതിർത്തിയിലേക്ക് അയച്ചിട്ടുണ്ട്. യുദ്ധ സമാനമായ സാഹചര്യം അതിർത്തിയിലുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യ പടയൊരുക്കം നടത്തുന്നതിന് തെളിവാണ് ടാങ്ക് റെജിമെന്റിന്റെ അതിർത്തിയിലേക്കുള്ള വരവ്. ഇതോടെ സ്ഥിതി സങ്കീർണ്ണമാകും. അതിർത്തിത്തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ച തുടരുന്നതിനിടയിൽ പരസ്പരധാരണ ലംഘിച്ച് ചൈന പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. യഥാസമയം ഇന്ത്യ പ്രതിരോധിച്ചതിനാൽ പാംഗോങ് തടാകക്കരയിലെ തത്സ്ഥിതി മാറ്റാനുള്ള നീക്കം തടയാൻ കഴിഞ്ഞു.
ലഡാക്കിലെ പാംഗോങ് തടാകമുൾപ്പെടെ നാലിടങ്ങളിൽ ചൈനീസ് സൈന്യം പ്രകോപനം തുടരുന്നുവെന്ന് കേന്ദ്രസർക്കാർ. തൽസ്ഥിതി മാറ്റിമറിക്കാൻ ചൈനയുടെ ഭാഗത്തുനിന്ന് വീണ്ടും ശ്രമമുണ്ടായെന്നും അത് ഇന്ത്യ പരാജയപ്പെടുത്തിയെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇതിന് പിന്നാലെയാണ് കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യ രണ്ട് ടാങ്ക് റെജിമെന്റുകളേയും കവചിത വാഹനങ്ങളും അവിടേക്ക് വിന്യസിച്ചത്. ചർച്ചകളിലുണ്ടായ ധാരണകൾ പാലിക്കാതെ പാംഗോങ് തടാകത്തിലെ പ്രദേശങ്ങളിൽ നിന്ന് ചൈന പിന്മാറാൻ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ ഇവിടെ ചൈനീസ് അതിക്രമം ഇന്ത്യൻ സൈന്യം മുൻകൂട്ടി കണ്ടിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ അറിയാൻ ചൈനീസ് സൈന്യം ചാരവൃത്തിക്കായി സ്ഥാപിച്ചിരുന്ന ഉപകരണങ്ങളും ഇന്ത്യൻ സൈന്യം നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ കരസേനാ മേധാവിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും മ്യാന്മർ സന്ദർശനം റദ്ദാക്കി. ലഡാക്കിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു.
അതിർത്തിയിലെ സൈന്യത്തെ നിയന്ത്രിക്കണമെന്നും പ്രകോപനപരമായ നടപടികളൊഴിവാക്കി അച്ചടക്കം പാലിക്കണമെന്നും ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സ്ഥിതിഗതികൾ ശാന്തമാക്കാനായി ഇരുരാജ്യങ്ങളുടെയും ഗ്രൗണ്ട് കമാൻഡർമാർ തിങ്കളാഴ്ച യോഗം ചേന്നുകൊണ്ടിരിക്കുമ്പോൾ പോലും ചൈനീസ് സൈന്യം പ്രകോപനം തുടർന്നു. ഇതാണ് സ്ഥിതി സങ്കീർണ്ണമാക്കിയത്. അതിനിടെ ഇന്ത്യൻ സൈന്യം അതിർത്തിയിൽ യഥാർഥ നിയന്ത്രണരേഖ കടന്നെന്ന ആരോപണവുമായി ചൈനയും രംഗത്തുണ്ട്. സെപ്റ്റംബർ ഒന്നിന് ഗ്ലോബൽ ടൈംസിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ആരോപണം. അനിവാര്യ സാഹചര്യത്തിൽ സൈനിക നടപടികൾ സ്വീകരിക്കാൻ പത്രം ബെയ്ജിങ്ങിനോട് ആഹ്വാനം ചെയ്തു.
അതിർത്തിയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുപകരം ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത് അതിർത്തിലംഘനത്തിനാണെന്നും പത്രം കുറ്റപ്പെടുത്തി. ''ഒരു മത്സരത്തിനാണ് ഇന്ത്യ മുതിരുന്നതെങ്കിൽ ഇന്ത്യയെക്കാൾ പ്രാപ്തി ചൈനയ്ക്കാണ്. 1962-ലെ നഷ്ടത്തെക്കാളും വലിയ നഷ്ടം ഇന്ത്യക്ക് നൽകാൻ ചൈനീസ് സൈന്യത്തിന് കഴിയും. രാജ്യത്തിന്റെ ഓരോതരി ഭൂമിയും കാക്കാൻ പീപ്പിൾസ് ലിബറേഷൻ ആർമിക്ക് സാധിക്കും'' -മുഖപ്രസംഗം പറയുന്നു. അമേരിക്കയുടെ പിന്തുണയിൽ ഇന്ത്യ കബളിപ്പിക്കപ്പെടരുതെന്നും വാക്കുകൊണ്ടുമാത്രമേ അമേരിക്കയ്ക്ക് ഇന്ത്യയെ പിന്തുണയ്ക്കാനാകൂവെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പിൾസ് ഡെയ്ലിയുടെ പ്രസിദ്ധീകരണമാണ് ഗ്ലോബൽ ടൈംസ്.
ലഡാക്ക് അതിർത്തിയിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറാനുള്ള അഞ്ഞൂറോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ നീക്കം സേന പരാജയപ്പെടുത്തിയിരുന്നു. പാംഗോംഗ് തടാകത്തിന് തെക്കൻ തീരത്തുകൂടി ടാങ്കുകളുമായി ചൈനീസ് സേനാവ്യൂഹം രാത്രി മറയാക്കിയാണ് നീങ്ങിയത്. ചുഷൂൽ കുന്നിൻ പ്രദേശങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ശത്രുനീക്കങ്ങളറിയാൻ ഉതകുന്ന ചുഷൂൽ കുന്നിൻപ്രദേശത്ത് 1962ലെ യുദ്ധകാലം മുതൽ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇതോടെയാണ് വീണ്ടും അതിർത്തി പ്രശ്‌ന കലുഷിതമാക്കുന്നത്.
പട്രോളിങ് ശക്തിപ്പെടുത്തി കുന്നിന്മുകളിൽ സ്ഥാനംപിടിച്ചിരുന്ന ഇന്ത്യൻ സേനയ്ക്ക് ചൈനീസ് സേനയെ ചെറുക്കാൻ കഴിഞ്ഞു. ഇതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതി വിലയിരുത്തി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഒഫ് ആർമി സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് തുടങ്ങിയവർ പങ്കെടുത്തു. ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്താൻ യോഗം അജിത് ഡോവലിനെ ചുമതലപ്പെടുത്തി.
സംഘർഷാവസ്ഥ ഒഴിവാക്കാൻ ചുഷൂലിൽ സൈനിക ഓഫീസർമാർ ചർച്ച തുടങ്ങിയിട്ടുണ്ട്. ലഡാക്കിലെ ജനവാസമുള്ള അതിർത്തിഗ്രാമമാണ് ചുഷൂൽ. ഇരുപക്ഷത്തെയും സേനാനേതൃത്വങ്ങൾ സമാധാനചർച്ച നടത്തുന്ന അഞ്ചു കേന്ദ്രങ്ങളിലൊന്നാണ് ഇത്. ഓഗസ്റ്റ് 29, 30 തീയതികളിൽ രാത്രിയുടെ മറവിൽ സ്പാൻഗൂർ തടാകത്തിന് സമീപത്ത് നിർമ്മിച്ച റോഡിലൂടെയായിരുന്നു ചൈനീസ് നീക്കം. ചൈനയുടെ നിരീക്ഷണ കാമറകളിൽപ്പെടാതെ ഇന്ത്യൻ സേന പ്രതികരിച്ചു തുടങ്ങിയതോടെ ചൈനീസ് സേന പിൻവാങ്ങുകയായിരുന്നു.
പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ കുന്നുകളിൽ നിലയുറപ്പിക്കാനായിരുന്നു ചൈനയുടെ നീക്കം. ഇരു രാജ്യങ്ങളുടെയും ബ്രിഗേഡ് കമാൻഡർമാർ ചർച്ച നടത്തുന്നതിനിടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. ഇവിടെ ചൈന അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്തിനായി പലപ്പോഴും അവകാശം ഉന്നയിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ സ്‌പെഷൽ ഓപ്പറേഷൻസ് യൂണിറ്റും സിഖ് ലൈറ്റ് ഇൻഫൻട്രി യൂണിറ്റുമാണ് ഇവിടെ നിലയുറപ്പിച്ചത്. 6 പുതിയ ആർട്ടിലറി റോക്കറ്റ് വിക്ഷേപണ റജിമെന്റുകൾ കൂടി ഇവിടെ സ്ഥാപിക്കാൻ ഇന്ത്യ തീരുമാനിച്ചു.
സമാധാനപരമായ ചർച്ചയിലൂടെയാണു പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്നതെന്നു വ്യക്തമാക്കിയ ഇന്ത്യ, പ്രകോപനപരമായ നീക്കങ്ങളിൽനിന്നു ചൈന പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഷാങ്ഹായ് സഹകരണ സംഘടനയിലെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിനായി രാജ്‌നാഥ് ഇന്നു റഷ്യയിലേക്കു പോകുകയാണ്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും പങ്കെടുക്കുന്നുണ്ട്. ചൈനയുടെ പ്രതിരോധമന്ത്രി ജനറൽ വെയി ഷെംഗേയും സമ്മേളനത്തിനെത്തും. ജയശങ്കർ മോസ്‌കോയിൽ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യീയുമായി ചർച്ച നടത്തുന്നുണ്ട്. അതിർത്തി സംഘർഷത്തിന് ഇതിലൂടെ അയവു വരുമെന്നാണു പ്രതീക്ഷ.
പാംഗോങ് തടാകത്തിന്റെ തെക്കുവശത്ത് തന്ത്രപ്രധാന മേഖലയിലേക്ക് നാനൂറോളം ചൈനീസ് സൈനികരാണ് നീങ്ങിയത്. ബ്ലാക്ക് സ്പോട്ട് എന്ന പർവതമേഖല ലക്ഷ്യമിട്ടായിരുന്നു നീക്കം. യഥാർഥ നിയന്ത്രണരേഖയിലെ പോസ്റ്റുകളിലെ ഇന്ത്യൻ സൈനികർ ഇത് തടഞ്ഞു. തുടർന്ന് എസ്എഫ്എഫ് അടക്കം കൂടുതൽ സൈനികരെ വിന്യസിച്ചു. വ്യോമസേനയും നിരീക്ഷണം ശക്തമാക്കി. ജൂണിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് ഇടയാക്കിയ സംഘർഷങ്ങൾ പാംഗോങ് തടാകത്തിന്റെ വടക്കൻ മേഖല കേന്ദ്രീകരിച്ചായിരുന്നു.
പാംഗോങ്ങിൽ തിങ്കളാഴ്ചയും ചൈന പ്രകോപനം സൃഷ്ടിച്ചെന്ന് കേന്ദ്ര വിദേശമന്ത്രാലയം അറിയിച്ചു. ശനിയാഴ്ചയിലെ സംഘർഷം ലഘൂകരിക്കാൻ ബ്രിഗേഡ് തല ചർച്ച നടക്കുന്നതിനിടെയാണ് വീണ്ടും പ്രകോപനമെന്നതിനെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. നിലവിലെ സ്ഥിതി തകിടംമറിക്കുന്നതിനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കമാണ് ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ