- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാംഗോങ് തടാകത്തിന്റെ തെക്കൻ കരയിൽ ഇന്ത്യ കൂടുതൽ സൈനികരെ നിയോഗിച്ചത് തിരിച്ചടിക്കാൻ; ടാങ്കുകളും ടാങ്കുകൾ തകർക്കാൻ ശേഷിയുള്ള മിസൈലുകളും വിന്യസിച്ചത് എന്തിനും തയ്യാറെന്ന സന്ദേശം നൽകാൻ; മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത് സൈബർ സർജിക്കൽ സ്ട്രൈക്കും; പണി കിട്ടുമെന്ന് ഭയന്ന് ചർച്ചയ്ക്ക് സമ്മതിച്ച് ചൈന; റഷ്യയിലെ ഷാങ്ഹായി ഉച്ചകോടിക്കിടെ പ്രതിരോധ മന്ത്രി രാജ്നാഥിനെ ആശയവിനിമയത്തിന് ക്ഷണിച്ചത് ചൈനീസ് മന്ത്രി വാങ് യി; യുദ്ധസമാന സാഹചര്യം തുടരുമ്പോൾ
മോസ്‌കോ: ഒടുവിൽ ഇന്ത്യയുമായി ചർച്ചയ്ക്ക് ചൈന തയ്യാറാകുന്നു. റഷ്യയിൽ നടക്കുന്ന ഷാങ്ഹായി ഉച്ചകോടിയിലാണ് പ്രശ്‌ന പരിഹാരത്തിന് രാഷ്ട്രീയ തല ചർച്ചയെന്ന ആശയം ചൈന അവതരിപ്പിക്കുന്നത്. അതിർത്തി പ്രശ്‌നങ്ങളിൽ ചർച്ചയ്ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ ചൈനീസ് പ്രതിരോധ മന്ത്രി വാങ് യി ക്ഷണിക്കുകയായിരുന്നു. പ്രത്യേക ചർച്ച നടത്താമെന്നാണ് നിലപാട്. ചർച്ചയ്ക്കുള്ള ക്ഷണം രാജ്‌നാഥ് സിങ് സ്വീകരിക്കുമെന്നാണ് സൂചന. അതിർത്തിയിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതാണ് ചൈനയെ ഒത്തുതീർപ്പിന് പ്രേരിപ്പിക്കുന്നത്. അതിർത്തിയിൽ ചൈന നടത്തി നീക്കങ്ങളെ പലവട്ടം ഇന്ത്യ ചെറുത്തു തോൽപ്പിച്ചിരുന്നു. ഇതിനൊപ്പം അമേരിക്കയും സമ്മർദ്ദവുമായുണ്ട്.
ചൈനയുടെ ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിരോധതല ചർച്ചയ്ക്ക് സമയം ചോദിച്ചത് ചൈനീസ് പ്രതിരോധ മന്ത്രി നേരിട്ടാണ്. ഇന്ത്യ സമ്മതിച്ചാൽ വെള്ളിയാഴ്ച മോസ്‌കോയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് പ്രതിനിധികളുമായി ചർച്ച നടത്തും. ഇന്ത്യയുൾപ്പടെ എട്ട് രാജ്യങ്ങൾ പങ്കെടുക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാകും ഇന്ത്യചൈന സന്ധി സംഭാഷണം. ഇന്ത്യൻ സേനാമേധാവികൾ അതിർത്തിയിലെത്തിയതിന് തൊട്ട് പിന്നാലെയാണ് ചൈനയുടെ സമാധാന നീക്കമെന്നത് ശ്രദ്ധേയമാണ്. അതിർത്തി സന്ദർശിച്ച കരസേനാ മേധാവികൾ ഏത് സാഹചര്യവും നേരിടാൻ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
അതിർത്തിയിലെ സമാധാനം തകർത്തതിന് ഉത്തരവാദി ചൈനയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. സമാധാന നീക്കങ്ങൾക്ക് തുരങ്കംവയ്ക്കുന്നത് ചൈനയാണെന്നും ചർച്ചകളിലൂടെ പ്രശ്‌നം പരിഹിരിക്കാൻ ഇന്ത്യ തയാറാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരക്കുകയും ചെയ്തിരുന്നു. യഥാർഥ നിയന്ത്രണരേഖ (എൽഎസി)ക്ക് അടുത്ത് കൂടുതൽ മലനിരകളിൽ സേനാ വിന്യാസം നടത്തി ഇന്ത്യ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ശനി, ഞായർ ദിവസങ്ങളിൽ ചൈന കടന്നു കയറ്റത്തിന് ശ്രമിച്ചതിനെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.
പാംഗോങ് തടാകത്തിന്റെ തെക്കൻ കരയിൽ ഇന്ത്യ കൂടുതൽ സൈനികരെ നിയോഗിച്ചു. ടാങ്കുകളും ടാങ്കുകൾ തകർക്കാൻ ശേഷിയുള്ള മിസൈലുകളും വിന്യസിച്ചിട്ടുണ്ട്. അതിനിടെ, മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത് ഏറെ ആശങ്കപ്പെടുത്തുന്നതായി ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. ചൈനീസ് നിക്ഷേപകരുടെ നിയമപരമായ താൽപര്യങ്ങളെ ലംഘിക്കുന്നതാണ് ഇന്ത്യയുടെ തീരുമാനം. ഇതിനെ ശക്തമായി എതിർക്കുമെന്നും ചൈന വ്യക്തമാക്കി. 224 ചൈനീസ് ആപ്പുകൾക്കാണ് ഇതുവരെ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് ചർച്ചയ്ക്ക് ചൈന തയ്യറാകുന്നത്.
ഓഗസ്റ്റ് 28 ന് രാത്രിയിലാണ് കിഴക്കൻ ലഡാക്കിലെ പാംഗോങ്ങിലേക്കു ചൈന കടന്നുകയറാൻ ശ്രമിച്ചത്. എന്നാൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികരെ ഇന്ത്യൻ സൈന്യം ചെറുത്തു. പിന്നേയും വന്നു. അപ്പോൾ തിരിച്ചടി വലുതായിരുന്നു. യഥാർഥ നിയന്ത്രണ രേഖയിലെ തന്ത്രപ്രധാനമായ ചില മേഖലകൾ ഇന്ത്യ തിരിച്ചു പിടിക്കുകയും ചെയ്തു. ഇന്ത്യൻ സൈന്യത്തിനൊപ്പം പങ്കെടുത്തത് വികാസ് ബറ്റാലിയൻ എന്നും വിളിക്കപ്പെടുന്ന സ്‌പെഷൽ ഫ്രോണ്ടിയർ ഫോഴ്‌സ് (എസ്എഫ്എഫ്) ആണ്. 1962 ലെ ഇന്ത്യ ചൈന യുദ്ധത്തെത്തുടർന്നാണ് എസ്എഫ്എഫ് രൂപീകൃതമായത്. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിലാണ് എസ്എഫ്എഫ് രൂപീകരിച്ചത്. 1962 നവംബർ 14ന് ചൈനീസ് സേന അതിർത്തി കടന്നു മുന്നേറുമ്പോഴാണ് ഇങ്ങനൊരു സേനാ വിഭാഗത്തെ രൂപപ്പെടുത്തുന്നത്. പിന്നീട് ഔദ്യോഗികമായി ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇത് 1962 നവംബർ 21നായിരുന്നു.
1959 ൽ ദലൈ ലാമയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയ ടിബറ്റൻ അഭയാർഥികളിൽപെട്ട ഖാംപ സമുദായക്കാരെ ഉൾപ്പെടുത്തിയായിരുന്നു എസ്എസ്എഫ് രൂപീകരിച്ചത്. ഇന്ന് ഗൂർഖകളും വികാസ് ബറ്റാലിയന്റെ ഭാഗമാണ്. ഇന്ത്യൻ സേനാവിഭാഗമാണെങ്കിലും സൈന്യത്തിന്റെ ഭാഗമല്ല എസ്എഫ്എഫ്. കാബിനറ്റ് സെക്രട്ടേറിയറ്റിനു കീഴിൽ വരുന്ന എസ്എഫ്എഫ് നേരിട്ട് പ്രധാനമന്ത്രിക്ക് കീഴിലാണ്.
അതിനിടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ മുതലെടുക്കാനുള്ള അവസരമായാണ് ചൈന കോവിഡ് പ്രതിസന്ധിയെ കാണുന്നതെന്ന് അമേരിക്കയുടെ കിഴക്കൻ ഏഷ്യൻ നയതന്ത്രജ്ഞൻ ഡേവിഡ് സ്റ്റിൽവെൽ പ്രതികരിച്ചു. വുഹാനിൽ ഉദ്ഭവിക്കുകയും ലോകമെമ്പാടും പടർന്നു പിടിക്കുകയും ചെയ്ത കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാൻ ലോകം പെടാപ്പാടുപെടുമ്പോൾ ഈ പ്രതിസന്ധിയെയും അവസരമായി ചൈന ഉപയോഗിക്കുന്നതാണ് നമ്മൾ കാണുന്നതെന്നും ഡേവിഡ് സ്റ്റിൽവെൽ ആരോപിച്ചിരുന്നു.
ലഡാക്കിലെ സംഘർഷം ഇതിന്റെ ഉദാഹരണമാണെന്നും സമാധാനപരമായ മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും ഇന്ത്യയുമായുള്ള അതിർത്തി പ്രശ്‌നം എത്രയും പെട്ടെന്നു പരിഹരിക്കണമെന്നാണ് ചൈനയോട് പറയാനുള്ളതെന്നും സ്റ്റിൽവെൽ പറഞ്ഞു. ഇന്ത്യ ചൈന അതിർത്തിയിൽ തുടർച്ചയായി സംഘർഷം സൃഷ്ടിക്കാൻ ചൈന നടത്തുന്ന നിരന്തര ശ്രമങ്ങളെ അക്കമിട്ടു നിരത്തിയാണ് യുഎസ് വിമർശനം. ഇതിന് പിന്നാലെയാണ് ഇന്ത്യയെ ചൈന ചർച്ചയ്ക്ക് ക്ഷണിക്കുന്നത്. ഇന്ത്യചൈന അതിർത്തി സംഘർഷം രമ്യമായി പരിഹരിക്കുമെന്നാണ് യുഎസിന്റെ പ്രതീക്ഷയെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ പ്രസ്താവന വാർത്താസമ്മേളനത്തിൽ ഡേവിഡ് സ്റ്റിൽവെൽ ആവർത്തിച്ചു. യഥാർഥ നിയന്ത്രണരേഖയിൽ മുഖാമുഖം വന്നുള്ള പ്രതിഷേധത്തിന് നാളുകൾക്കു ശേഷവും നിലപാടുകളിൽ ഇരു രാജ്യങ്ങളും കടുകിടപോലും അയയാൻ തയാറായിട്ടില്ലെന്നും പോംപെയോ ചൂണ്ടിക്കാണിച്ചിരുന്നു.
കൊറോണ വൈറസ് മഹാമാരിയെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറാനാണ് ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി മറ്റുരാജ്യങ്ങളുടെ അതിർത്തിയിൽ കടന്നുകയറുന്നതെന്നാണ് യുഎസിന്റെ വിമർശനം. ഹോങ്കോങ്ങിലെ ജനങ്ങളുടെ സ്വാതന്ത്ര്യം നശിപ്പിക്കുന്ന നടപടികളിലും ഇന്ത്യൻ അതിർത്തിയിൽ ബോധപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വഭാവമാണ് കാണാൻ സാധിക്കുന്നതെന്നും യുഎസ് ആരോപിക്കുന്നു. ദക്ഷിണ ചൈനാ കടലിനു മേലുള്ള ചൈനയുടെ അവകാശവാദങ്ങൾക്കെതിരെയും സ്റ്റിൽവെൽ നേരത്തേ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ചൈന കടലിലെ പുതിയ 'ഈസ്റ്റ് ഇന്ത്യാ കമ്പനി'യാണെന്ന സ്റ്റിൽവെല്ലിന്റെ പ്രസ്താവനയ്‌ക്കെതിരെ ചൈന രംഗത്തു വന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ