- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് ഹുങ്ക് വകവെച്ചു കൊടുക്കില്ല; ചൈനീസ് സൈന്യം പിന്മാറുന്നത് വരെ അതിർത്തിയിൽ ഇന്ത്യയും തുടരും; യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ച്ചക്കും ഇല്ലെന്ന് വ്യക്തമാക്കി കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നാരവാനെ; 60,000ത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചു ഇരു രാജ്യങ്ങളും
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതിഗതികൾ സ്ഫോടനാത്മകമായി തുടരുകയാണ്. ചൈനയും ഇന്ത്യയും പിന്നോട്ടില്ലെന്ന നിലപാട് കൈക്കൊണ്ടാണ് നില കൊള്ളുന്നത്. ചൈനയുടെ ഹുങ്കിന് വകവെച്ചു കൊടുക്കാൻ ഇന്ത്യയെ കിട്ടില്ലെന്ന് കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നാരവാനെയും വ്യക്തമാക്കി. ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിൽ തുടർന്നാൽ ഇന്ത്യൻ സൈന്യവും പിന്മാറില്ലെന്ന് അടജിവരയിട്ടാണ് കരസേനാ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമി നിയന്ത്രണരേഖയിൽ നടത്തുന്ന അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ചും കരസേന മേധാവി പ്രസ്താവന നടത്തി. കഴിഞ്ഞ വർഷം ചൈന അതിർത്തിയിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ ആശങ്കാജനകമാണ്. ചൈനയുടെ നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ചൈനീസ് സൈന്യം ലഡാക്കിൽ തുടർന്നാൽ ഇന്ത്യയും അത് തന്ന് ചെയ്യും.
ഇന്ത്യയും ചൈനയും തമ്മിൽ സൈനികതല ചർച്ച നടക്കാനിരിക്കെയാണ് കരസേന മേധാവിയുടെ മുന്നറിയിപ്പ്. ചൈനീസ് അതിർത്തിയിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചക്കില്ലെന്ന സൂചനയാണ് കരസേന മേധാവി നൽകുന്നത്. ഇരു രാജ്യങ്ങളും നിലവിൽ 60,000ത്തോളം സൈനികരെ അതിർത്തിയിൽ നിലനിർത്തുന്നുണ്ട്.
നേരത്തെ അരുണാചൽ അതിർത്തിയിൽ ഇന്ത്യ, ചൈന സൈനികർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ- ചൈന സൈനികർ മുഖാമുഖം വന്നത്. ഉന്നത സൈനികർ ഇടപെട്ട് സ്ഥിതി പിന്നീട് ശാന്തമാക്കി. നാശനഷ്ടങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്.
അരുണാചൽപ്രദേശിലെ ബുംലാ യാങ്സി ചുരങ്ങൾക്കിടയിലാണ് ഇന്ത്യയുടെയും ചൈനയുടെയും സേനകൾ മുഖാമുഖം വന്നത്. ഇരുന്നൂറിലധികം ചൈനീസ് സൈനികർ ഇന്ത്യയുടെ ബങ്കറുകൾക്ക് അടുത്തെത്തുകയായിരുന്നു. ചിലർ ഇന്ത്യയുടെ ബങ്കറുകൾ തകർക്കാൻ ശ്രമിച്ചു. ഇന്ത്യൻ സൈനികർ ഇത് പ്രതിരോധിച്ചു. ഏതാനും മണിക്കൂറുകൾ രണ്ടു സൈന്യവും മുഖാമുഖം നിന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സംഘർഷം ഒഴിവാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ടു. ചില ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തടഞ്ഞു വച്ചു. പ്രാദേശിക കമാൻഡർമാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചു.
ചൈനീസ് സേന എത്രത്തോളം പിന്മാറി എന്ന് വ്യക്തമല്ല. ഇന്ത്യ ചൈന നിയന്ത്രണരേഖ വ്യക്തമായി തീരുമാനിക്കാത്ത സാഹചര്യത്തിലാണ് ഈ സ്ഥിതി ആവർത്തിക്കുന്നത് എന്ന് വിശദീകരിച്ച് വിഷയം തണുപ്പിക്കാനാണ് ഇന്ത്യയും ശ്രമിക്കുന്നത്. ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥ തുടരുമ്പോഴാണ് അരുണാചൽ പ്രദേശിലെ ഈ സംഭവം പുറത്തു വരുന്നത്. രണ്ടായിരത്തി പതിനേഴിൽ ദോക്ലാമിലെ ചൈനീസ് കടന്നുകയറ്റത്തിനു ശേഷമുള്ള സംഘർഷ സ്ഥിതി രണ്ടു മാസത്തിനു ശേഷമാണ് പരിഹരിച്ചത്.
നേരത്തെ തർക്കപരിഹാരത്തിനായി ചർച്ചതുടരുന്നതിനിടെ യഥാർഥ നിയന്ത്രണരേഖയോടുചേർന്ന് ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന സ്ഥലത്തുൾപ്പെടെ ചൈന പുതിയ 10 വ്യോമതാവളങ്ങൾ തുറന്നായിരുന്നു ചൈന പ്രകോപനം തുടങ്ങിയത്. ലഡാക്ക്, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ് അതിർത്തികളിലാണ് ഇന്ത്യൻ സൈനികനീക്കം നിരീക്ഷിക്കാനുള്ള സംവിധാനമുൾപ്പെടെയുള്ള സൗകര്യങ്ങൾ ചൈന സ്ഥാപിച്ചത്. നിരീക്ഷണഗോപുരവും ദീർഘദൂരത്തിൽ കാണാവുന്ന ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകളുമടങ്ങുന്ന സംവിധാനവും ഇതിലുൾപ്പെടും. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ 16 മാസമായി തുടരുന്ന സംഘർഷത്തിനിടയിലുള്ള ചൈനയുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് പ്രതിരോധമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.
അതിർത്തിയിലുടനീളം ചൈന അടിസ്ഥാനസൗകര്യ വികസനത്തിനുള്ള നിർമ്മാണപ്രവർത്തനങ്ങൾ തുടരുന്നതായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യയും അതിർത്തിയിൽ അടിസ്ഥാനസൗകര്യം വർധിപ്പിക്കുന്നുണ്ടെന്നും ജനുവരിയിൽ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കിഴക്കൻ ലഡാക്കിലെ ഹോട്സ്പ്രിങ്സിലും ഡെപ്സാങ് സമതലത്തിലും ഇപ്പോഴും സംഘർഷാവസ്ഥ അയഞ്ഞിട്ടില്ല. ഗാൽവൻ താഴ്വര, പാംഗോങ് തടാകം, ഗോഗ്ര എന്നിവിടങ്ങളിൽ ഭാഗികമായിമാത്രമാണ് സൈന്യം പിന്മാറിയത്. ഇവിടെനിന്ന് ഇന്ത്യയും ചൈനയും തുല്യദൂരത്തിലാണ് പിൻവലിഞ്ഞത്. ഇന്ത്യ അവകാശവാദമുന്നയിക്കുന്ന സ്ഥലത്തുനിന്നാണ് ചൈന പിൻവാങ്ങിയത്. തന്ത്രപ്രാധാന്യമുള്ള ഡെപ്സാങ്ങിൽ ഇന്ത്യൻ സ്ഥലത്തിന്റെ 18 കിലോമീറ്റർ ഉള്ളിലാണ് ചൈനീസ് സൈനികർ കൂടാരങ്ങൾ സ്ഥാപിച്ചിട്ടുള്ളത്.
മറുനാടന് ഡെസ്ക്