- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഔദാര്യമായി കിട്ടിയ മന്ത്രിസ്ഥാനം ഐഎൻഎല്ലിന്റെ അടിവേരറുക്കുമോ? എകെജി സെന്ററിൽ വിളിച്ച് ശാസിച്ചു ദിവസങ്ങൾ കഴിയും മുമ്പുള്ള തമ്മിലടിയിലും പിളർപ്പിലും സിപിഎമ്മിന് കലിപ്പ്; മുന്നണി യോഗത്തിൽ കയറ്റണമെങ്കിൽ ഒരുമിച്ചു വരേണ്ടി വരും; മന്ത്രിയുടെ പക്ഷത്തിന് പിന്തുണ കുറവെങ്കിൽ സ്ഥാനവും തെറിക്കും
തിരുവനന്തപുരം: പൊതുവേ യുഡിഎഫ് രാഷ്ട്രീയത്തിലെ കക്ഷികളിൽ കാണുന്ന വെല്ലുവിളിയും തമ്മിലടിയും പുറത്താക്കലുമാണ് ഇടതു മുന്നണിയിൽ ഇന്നലെ സാക്ഷ്യം വഹിച്ചത്. ഭരണം തുടങ്ങി കുറച്ചു നാൾ കഴിയും മുമ്പ് തന്നെ ഒരു മന്ത്രിസ്ഥാനമുള്ള പാർട്ടിയിലെ പൊട്ടിത്തെറിയും കലഹവും ഇടതു മുന്നണിക്ക് മുഴുവൻ നാണക്കേടാണ്. ഔദാര്യമായി കിട്ടിയ മന്ത്രിസ്ഥാനം ഐഎൻഎല്ലിന്റെ അടിവേരറുക്കുമോ? എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത്. ഇരുപക്ഷവും ഒരുമിച്ചു വരാത്ത പക്ഷം മുന്നണി യോഗങ്ങളിൽ പ്രവേശനം പോലും ഐഎൻഎല്ലിന് ദുഷ്ക്കരമാകും. ഇപ്പോഴത്തെ നിലയിൽ തർക്കം തുടർന്നാൽ മന്ത്രിസ്ഥാനം പിടിച്ചു വാങ്ങുന്നതും എൽഡിഎഫ് ആലോചിക്കുന്നുണ്ട്.
ഐഎൻഎല്ലിൽ ഉണ്ടായ പിളർപ്പിൽ സിപിഎം കടുത്ത അമർഷത്തിലാണ്. ഐഎൻഎല്ലിൽ ഉണ്ടായ പിളർപ്പിൽ സിപിഎമ്മിനു കടുത്ത രോഷമാണ്. ഏതു വിഭാഗത്തെ തള്ളണം, കൊള്ളണം എന്നത് അവർ ആലോചിച്ചിട്ടില്ല. രണ്ടു കൂട്ടരും ഒരുമിച്ചു പോകണമെന്നാണു പാർട്ടി ആവശ്യപ്പെടുന്നത്. പാർട്ടികൾ പിളർന്നാൽ രണ്ടു കൂട്ടരെയും തൽക്കാലത്തേക്കെങ്കിലും മുന്നണിയിൽ നിന്നു പുറത്തു നിർത്തുന്ന രീതി സിപിഎം പിന്തുടരാറുണ്ട്. പിന്നീട് ഔദ്യോഗിക വിഭാഗം എന്ന വിശേഷണം ആർജിക്കുന്നവരെ മുന്നണിയിലേക്കു പരിഗണിച്ചാലായി. കേരള കോൺഗ്രസിലെ പി.സി.തോമസ് വിഭാഗം പിളർന്നപ്പോൾ ഒരു വിഭാഗത്തെ മുന്നണി യോഗത്തിൽ നിന്ന് ഇറക്കിവിട്ട ചരിത്രവുമുണ്ട്.
ഐഎൻഎല്ലിന്റെ കാര്യത്തിൽ രണ്ടു വിഭാഗങ്ങളെയും എൽഡിഎഫിൽ എടുക്കാൻ ഒരു സാധ്യതയുമില്ല. പാർട്ടിയുടെ ഏക എംഎൽഎയും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ വിഭാഗത്തിനൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ ആ വിഭാഗത്തിനു മേൽക്കൈ ലഭിച്ചേക്കാം. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും ഇവർക്കാണെന്ന സൂചനയുണ്ട്. പക്ഷേ, പാർട്ടി ഭാരവാഹികളും ജില്ലാ ഘടകങ്ങളും പ്രവർത്തകരും എല്ലാം തങ്ങൾക്കൊപ്പം എന്നാണു രണ്ടു വിഭാഗങ്ങളും അവകാശപ്പെടുന്നത്. മലബാർ മേഖലയിലെ ജില്ലാ ഘടകങ്ങളോടും നേതാക്കളോടും സിപിഎം അഭിപ്രായം തേടിയേക്കും.
ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയും അവരുടെ മന്ത്രിയും എന്ന നിലയിൽ മന്ത്രിസഭയിൽ നിന്നു തിരക്കിട്ട് ഒഴിവാക്കാൻ സാധ്യത കുറവാണ്. എന്നാൽ മന്ത്രിയെ അനുകൂലിക്കുന്നവർ പാർട്ടിയിൽ ദുർബലരാണ് എന്നു തെളിയിക്കപ്പെട്ടാൽ കടുത്ത തീരുമാനം എൽഡിഎഫിന് എടുക്കേണ്ടിയും വരും. പിഎസ് സി അംഗത്വ വിഷയത്തിൽ കോഴ ആരോപണം ഉയർന്നപ്പോൾ തന്നെ നേതാക്കളെ സിപിഎം എകെജി സെന്ററിൽ വിളിച്ചു ശാസിച്ചതാണ്.
വിഴുപ്പലക്കൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ പേരിലാണെങ്കിലും മുന്നണിക്ക് പൊറുപ്പിക്കാനാകില്ലെന്നായിരുന്നു ശാസന. പക്ഷേ, തല്ല് തെരുവിലാക്കി പരസ്പരം പഴിചാരി പിളർന്നിരിക്കുകയാണ് ഐ.എൻ.എൽ. ഇനി ഇടതുമുന്നണിയിൽ ഏതു വിഭാഗത്തിനാണ് ഇടംകിട്ടുകയെന്നതും രണ്ടു വിഭാഗത്തെയും കൂടെനിർത്തുമോയെന്നതും ചോദ്യമാണ്. ഇതിൽ സിപിഎമ്മിന്റെ നിലപാട് നിർണായകമാകും. ഐ.എൻ.എൽ. ദേശീയ നേതൃത്വം, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗത്തിനൊപ്പമാണെന്നാണ് സൂചന. മന്ത്രി അഹമ്മദ് ദേവർകോവിലും ഈ വിഭാഗത്തിലാണ്. അതിനാൽ, ഔദ്യോഗിക വിഭാഗമായി കാസിമിനെയും കൂട്ടരെയും കണ്ട് മുന്നണിയിൽ നിലനിർത്താൻ എൽ.ഡി.എഫിന് എളുപ്പമാണ്. അഹമ്മദ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനത്തിനും പരിക്കുണ്ടാകില്ല.
അതേസമയം ആർക്കാണ് ജനുപിന്തുണ എന്ന കാര്യം അടക്കം സിപിഎമ്മിന് നിർണായകമാണ്. ഘടകകക്ഷി അംഗത്വവും മന്ത്രിപദവും കൊടുത്തപ്പോൾ സിപിഎം നേതൃത്വത്തിനു കൊടുത്ത വാക്ക് ഐഎൻഎൽ തെറ്റിച്ചു. മുസ്ലിംലീഗിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്താനും ലീഗിലെ കൂടുതൽ പേരെ ഇടതു പാളയത്തിലേക്ക് എത്തിക്കാനും എല്ലാ ശ്രമവും നടത്തുമെന്നായിരുന്നു അവർ നൽകിയ ഉറപ്പ്. രണ്ടര വർഷത്തേക്ക് ആണെങ്കിലും മന്ത്രിസ്ഥാനം ലഭിച്ചതോടെ ഐഎൻഎല്ലിൽ ചേരുന്നവരുടെ എണ്ണം കൂടുകയും ചെയ്തിരുന്നു. അതിനിടയിലാണു പാർട്ടിയിലെ ആഭ്യന്തര തർക്കം എല്ലാ സീമകളും ലംഘിച്ചത്.
സ്കറിയാ തോമസിന്റെ നിര്യാണത്തെ തുടർന്ന് എൽഡിഎഫിൽ ഘടകകക്ഷിയായ ആ കേരള കോൺഗ്രസ് വിഭാഗവും പിളർന്നിരുന്നു. മറു കൂട്ടരെ മുന്നണിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരു വിഭാഗങ്ങളും എൽഡിഎഫിനു കത്തു നൽകിയിരിക്കുകയാണ്. അതിനു പിന്നാലെയാണ് ഐഎൻഎല്ലിലെ പൊട്ടിത്തെറി. ദേശീയനേതൃത്വം കാസിം ഇരിക്കൂറിനെ പിന്തുണച്ചതോടെ സംസ്ഥാന പ്രസിഡന്റ് പി.വി. അബ്ദുൾ വഹാബിന് പുതിയ പാർട്ടിയുണ്ടാക്കേണ്ടിവരും. അല്ലെങ്കിൽ, ദേശീയ നേതൃത്വത്തെ കൂടെനിർത്തി യഥാർഥ ഐ.എൻ.എൽ. തങ്ങളാണെന്ന് എൽ.ഡി.എഫിനെക്കൂടി ബോധ്യപ്പെടുത്തേണ്ടിവരും. കൂടെനിർത്തിയാലും രണ്ടുവിഭാഗത്തെയും ഘടകകക്ഷിയാക്കുന്നതിൽ സിപിഎമ്മിന് താൽപ്പര്യമില്ല.
ഇടതുമുന്നണിയിൽ മുസ്ലിം വിഭാഗത്തിന്റെ പ്രാതിനിധ്യമാണ് ഐ.എൻ.എലിലൂടെ ഉറപ്പിക്കുന്നത്. രണ്ടരപ്പതിറ്റാണ്ട് ഇടതുപക്ഷത്തിനൊപ്പം നിന്ന ഐ.എൻ.എൽ., 2018 ഡിസംബറിലാണ് ഘടകകക്ഷിയാകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായി ഒരു എംഎൽഎ.യെ ലഭിച്ചു. അദ്ദേഹത്തിന് മന്ത്രിപദവിയും മുന്നണി നൽകി.
പി.എസ്.സി. അംഗത്തെ നിയമിക്കാൻ 40 ലക്ഷം കോഴവാങ്ങിയെന്ന ആരോപണമാണ് ഐ.എൻ.എലിനുള്ളിൽ ആദ്യം ഉയർന്നത്. കാസിം ഇരിക്കൂറിനെതിരേ അബ്ദുൾ വഹാബിനൊപ്പമുള്ളവരാണ് ഇതുയർത്തിയത്. തുടർന്ന് സിപിഎം. ഇടപെട്ടു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ നിയമനം, ബോർഡ്-കോർപ്പറേഷൻ പദവികൾ 'ഓഫർ' നൽകി പണംവാങ്ങുന്നു.. അങ്ങനെ വരാനിരിക്കുന്ന ആരോപണത്തിന്റെ സാംപിൾ വഹാബ് ഇപ്പോൾത്തന്നെ തുറന്നുവിട്ടിട്ടുണ്ട്. ഇതെല്ലാം മുന്നണിക്കു പ്രശ്നമുണ്ടാക്കുന്നതാണ്.
പിളർപ്പിനുശേഷം സർക്കാരിനെ പുകഴ്ത്താനും മറുവിഭാഗം സർക്കാരിനും മുന്നണിക്കും ദോഷംവരുത്തുന്നവരാണെന്നു സ്ഥാപിക്കാനും ഇരുകൂട്ടരും നടത്തിയ ശ്രമം മുന്നണിയിലെ സീറ്റ് ഉറപ്പിക്കാനാണ്. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാർ നിലപാടിനോട് നേരത്തേ വിയോജിപ്പുണ്ടായിരുന്ന ഐ.എൻ.എൽ., ഇപ്പോൾ സർക്കാരാണ് ശരിയെന്നു പ്രഖ്യാപിച്ചതും ഇതുകൊണ്ടാണ്.
യോഗത്തിൽ നടന്നത് വാക്കേറ്റവും കയ്യാങ്കളിയും
ഈ മാസം രണ്ടിനു കോഴിക്കോട്ടു നടന്ന സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ ഗ്രൂപ്പു തിരിഞ്ഞു വാഗ്വാദം നടത്തിയതോടെയാണ് ഐഎൻഎല്ലിലെ വിഭാഗീയപ്രശ്നങ്ങൾ പരസ്യമായത്. പി.ടി.എ.റഹീം എംഎൽഎയുടെ പഴയ പാർട്ടിയായ നാഷനൽ സെക്കുലർ കോൺഫറൻസിൽനിന്നു ലയനത്തിലൂടെ ഐഎൻഎല്ലിൽ എത്തിയവർ പാർട്ടിക്കകത്തെ രീതികളിൽ മനംമടുത്തു തിരികെപ്പോവുകയാണെന്ന് അന്നു വ്യക്തമാക്കിയിരുന്നു. ഈ കൂട്ടത്തിലുള്ള സെക്രട്ടേറിയറ്റ് അംഗം ഒ.പി.ഐ. കോയ ഇന്നലത്തെ നേതൃയോഗത്തിൽ പങ്കെടുക്കുമ്പോൾ 'താൻ ഏതു പാർട്ടിയുടെ പ്രതിനിധി' എന്ന് കാസിം ഇരിക്കൂർ ചോദിച്ചു. ഒ.പി.ഐ. കോയ, എൻ. കെ. അബ്ദുൽ അസീസ് എന്നിവർക്കെതിരെ നടപടി വേണമെന്നു കഴിഞ്ഞ പ്രവർത്തകസമിതി യോഗത്തിന്റെ മിനിറ്റ്സിൽ തന്നെ രേഖപ്പെടുത്തിയിരുന്നതായി കാസിം വാദിച്ചു.
പിഎസ്സി അംഗത്തിന്റെ നിയമനത്തിനായി 40 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണവും ഇതുസംബന്ധിച്ചു സംസ്ഥാന നേതാവിന്റെ ശബ്ദരേഖയും പുറത്തുവന്നത് ഐഎൻഎല്ലിൽ നേരത്തേ തന്നെ വൻ വിവാദമായിരുന്നു. അഹമ്മദ് ദേവർകോവിലിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ലീഗിന്റെ ഒരു എംപിയിൽനിന്ന് ലക്ഷങ്ങൾ സംഭാവന വാങ്ങിയെന്നും ആരോപണമുണ്ടായി.
ഏതായിരിക്കും ഇനി ഐഎൻഎല്ലിന്റെ ഔദ്യോഗികപക്ഷമെന്ന സംശയത്തിലാണ് അണികൾ. ദേശീയ അധ്യക്ഷനുമായി അടുപ്പമുള്ളവർ മേൽക്കൈ നേടുന്ന സാഹചര്യമാണ് എക്കാലത്തും ഐഎൻഎല്ലിലുള്ളത്. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനാണ് നിലവിൽ ദേശീയ പ്രസിഡന്റുമായി അടുപ്പമുള്ളത്. നാഷനൽ സെക്കുലർ കോൺഫറൻസിൽനിന്ന് ഐഎൻഎല്ലിലെത്തിയവർ എ.പി.അബ്ദുൽ വഹാബിനൊപ്പം നിൽക്കുമെന്ന് ഒ.പി.ഐ.കോയ, ഇ.സി.മുഹമ്മദ് തുടങ്ങിയ നേതാക്കൾ പറഞ്ഞു. എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും ഓഗസ്റ്റ് 3നു സംസ്ഥാന കൗൺസിൽ കോഴിക്കോട് ചേർന്ന് ഭാവി പരിപാടികൾക്കു രൂപം നൽകുമെന്നും പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബ് പറഞ്ഞു. നാസർ കോയ തങ്ങൾക്കു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല നൽകിയെന്നും അദ്ദേഹം അറിയിച്ചു.
എ.പി. അബ്ദുൽ വഹാബ്, എച്ച്. മുഹമ്മദാലി, എൻ. കെ. അബ്ദുൽ അസീസ്, നാസർ കോയ തങ്ങൾ, ഒ.പി.ഐ കോയ, ബഷീർ പട്ടേരി, ഷർമത് ഖാൻ, പോക്കർ എളേറ്റിൽ എന്നിവരെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി കാസിം ഇരിക്കൂർ വിഭാഗം അറിയിച്ചു. വലിയ ശ്രദ്ധ നേടാനാകാതെ കാൽനൂറ്റാണ്ടോളം കാത്തിരുന്ന ശേഷം എൽഡിഎഫ് പ്രവേശവും മന്ത്രിസ്ഥാനവും പിഎസ്സി അംഗത്വവും ലഭിച്ച പാർട്ടിയാണ് ഇപ്പോൾ തമ്മിൽ തല്ലി പിളരുന്നത്. ബാബറി മസ്ജിദ് സംഭവത്തിൽ മുസ്ലിം ലീഗ് വേണ്ടവിധം പ്രതികരിച്ചില്ലെന്ന പേരിൽ അന്നത്തെ അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ലീഗ് വിട്ടവരാണ് ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ) രൂപീകരിച്ചത്. 1994 ഏപ്രിൽ 23ന് രൂപീകരിക്കപ്പെട്ട ഐഎൻഎൽ അന്നുമുതൽ ഇടതുപക്ഷത്തിനൊപ്പമാണ്. എന്നാൽ എൽഡിഎഫിൽ ഘടകകക്ഷിയാക്കിയത് 24 വർഷത്തിനു ശേഷം 2018 ഡിസംബർ 26നാണ്.
മറുനാടന് മലയാളി ബ്യൂറോ