- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റൂരിൽ സിപിഎമ്മുകാർ വെട്ടി നിരത്തിയത് സ്വന്തം പാർട്ടിക്കാരന്റെ മതിലും പറമ്പും; രമണനെ വെട്ടിയത് ബിജെപിക്കാരുടെ വീട്ടിലേക്ക് വഴിയൊരുക്കാൻ; മതിൽ വീണ്ടും കെട്ടാനുള്ള ശ്രമം പൊലീസും സിപിഎമ്മും ചേർന്ന് തടഞ്ഞു: പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളി തുടർന്ന് പൊലീസ്
തിരുവല്ല: കുറ്റൂർ തെങ്ങേലിയിൽ സിപിഎം പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അർധരാത്രി ഗുണ്ടെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും തടയാൻ വന്ന വസ്തു ഉടമയെ വെട്ടിയതും ഗർഭിണിയെ അടിച്ചു വീഴ്ത്തിയതും ബിജെപി പ്രവർത്തകരുടെ വീട്ടിലേക്ക് വീതിയിൽ വഴിയൊരുക്കുന്നതിനായി. കേസിലെ യഥാർഥ പ്രതികൾക്ക് പകരം പാർട്ടി നൽകിയവരെ മാത്രം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത് തിരുവല്ല ഡിവൈഎസ്പി പാർട്ടിയോടുള്ള തന്റെ കൂറ് വ്യക്തമാക്കി.
പാർട്ടിക്കാർ ഹാജരാക്കിയ ഒന്നാം പ്രതി തെങ്ങേലി പാലമൂട്ടിൽ റെജി, രണ്ടാം പ്രതി പോത്തളത്ത് വല്യാറയിൽ ഉദയകുമാർ , മൂന്നാം പ്രതി നടുവിലേ പറമ്പിൽ രാജശേഖരൻ, അഞ്ചാം പ്രതി ശബരിഗിരി വീട്ടിൽ ചന്ദ്രൻ പിള്ള എന്നിവരെയാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇതിൽ രണ്ടു പ്രതികൾ ബിജെപിക്കാരും ശേഷിച്ചവർ സിപിഎമ്മുകാരുമാണ്.
തെങ്ങേലി പുതിരിക്കാട്ട് വീട്ടിൽ രമണന്റെ വീടിന് നേരേയാണ് ഇന്നലെ പുലർച്ചെ 12.30 ന് അക്രമം ഉണ്ടായത്. വഴി തർക്കമാണ് അക്രമത്തിന് കാരണമായത്. അയൽവാസികളായ ആറു വീട്ടുകാർക്ക് ഒത്തുതീർപ്പ് ചർച്ച പ്രകാരം വഴി നൽകാൻ തയാറായിരുന്ന രമണന്റെ പറമ്പിലൂടെയാണ് കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെജി സഞ്ചുവിന്റെ നേതൃത്വത്തിൽ പൊലീസിന്റെ ഒത്താശയോടെ അതിക്രമിച്ചു കയറി വഴി വെട്ടിയത്. തടയാൻ ചെന്ന രമണനെ(71) വെട്ടിപ്പരുക്കേൽപ്പിച്ചു.
ഗർഭിണിയായ മരുമകൾ രഞ്ജുവിനെ മർദിക്കുകയും ചെയ്തു. രമണന്റെ പറമ്പിന് നടുവിൽ കൂടി ആറു കുടുംബങ്ങൾക്ക് നടപ്പുവഴിയുണ്ട്. ഈ വഴിക്ക് രണ്ടു വശവും രമണൻ മതിൽ കെട്ടിയിരിക്കുകയാണ്. ആറു കുടുംബങ്ങൾക്ക് വേണ്ടി വഴി നൽകണമെന്ന കേസ് കോടതിയിലും പൊലീസിലുമുണ്ട്. നിലവിലുള്ള നാലടി വീതിയുള്ള വഴിക്ക് പകരം തന്റെ പറമ്പിന് പിന്നിലൂടെ വാഹനം കടന്നു പോകാനുള്ള വഴി നൽകാമെന്ന് രമണൻ ഒത്തു തീർപ്പുണ്ടാക്കിയിരുന്നു. അങ്ങനെ വരുമ്പോൾ രമണന്റെ മാത്രമല്ല, പിന്നിൽ താമസിക്കുന്ന ആറു കുടുംബങ്ങളുടെയും ഭൂമി വഴിക്കായി പോകും. അങ്ങനെ ഭൂമി നൽകാൻ അവർക്ക് താൽപര്യമില്ലാത്തതു കൊണ്ടാണ് നാലടി വീതിയുള്ള നടപ്പു വഴിക്ക് വീതി കൂട്ടാൻ വേണ്ടി തന്റെ പറമ്പിൽ അതിക്രമിച്ചു കയറിയതെന്ന് രമണൻ പറയുന്നു.
പൊലീസിന്റെ ഒത്താശയോടെ ആസൂത്രിതമായിട്ടാണ് വഴി വെട്ട് നടന്നത്. രാത്രി 12 ന് ജെസിബിയുമായി എത്തിയ പ്രസിഡന്റ് സഞ്ചുവും കൂട്ടരും ആദ്യം ഗുണ്ടെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളം കേട്ട് രമണനും മകനും ഇറങ്ങി ചെന്നപ്പോൾ നമ്പർ പ്ലേറ്റ് മറച്ച ജെസിബിയുമായി തങ്ങളുടെ പറമ്പ് കൈയേറുന്ന സംഘത്തെയാണ് കണ്ടത്. തടയാൻ ശ്രമിച്ചപ്പോഴാണ് രമണന് വെട്ടേറ്റത്.
വിവരം അപ്പോൾ തന്നെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും ഒരു ജീപ്പിൽ രണ്ട് സിപിഓമാർ മാത്രമാണ് എത്തിയത്. അവർ റോഡ് വെട്ടുന്നത് നോക്കി നിന്നു. ഏറെ നേരത്തിന് ശേഷം രണ്ടു വണ്ടി പൊലീസും വന്നു. അപ്പോഴാണ് കൈയേറ്റം തടഞ്ഞത്. എന്നാൽ, ജെസിബിയും അക്രമി സംഘവും പോകാൻ പൊലീസ് അനുവദിച്ചു. വിവരമറിഞ്ഞ് തിരുവല്ല ഡിവൈഎസ്പിയെയാണ് ആദ്യം വിളിച്ചത്. അദ്ദേഹം ഫോണെടുത്തില്ല. സിപിഎം നേതാക്കൾക്ക് വേണ്ടി പൊലീസ് വിടുപണി ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.
കുറ്റൂർ പഞ്ചായത്തിൽ സിപിഎം-ബിജെപി ധാരണയുണ്ടെന്ന ആരോപണം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു മുതൽ നില നിൽക്കുന്നുണ്ട്. ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. അക്രമി സംഘം തകർത്ത മതിൽ കെട്ടുന്നതിന് വേണ്ടി ഇന്ന് കട്ടയും മെറ്റിലും ഇറക്കിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് വന്ന സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി എംഎൻ വിശാഖ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ മതിൽ കെട്ടുന്നത് തടഞ്ഞു.
പാർട്ടിയെ ഇത്രയും നാണം കെടുത്തിയിട്ട് മതിൽ കെട്ടാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. വിവരമറിഞ്ഞ് സ്ഥലത്ത് വന്ന പൊലീസും പാർട്ടിക്കാർക്കൊപ്പം നിന്നു. മതിൽ കെട്ടാൻ പാടില്ലെന്നായിരുന്നു അവരുടെയും നിലപാട്. തിരുവല്ല പൊലീസ് കേസ് അട്ടിമറിക്കുന്നത് എന്നാണ് ആക്ഷേപം. എഫ്ഐആർ ഇട്ടതിലും മൊഴിയെടുത്തതിലുമെല്ലാം മനഃപൂർവം വീഴ്ച വരുത്തിയിട്ടുണ്ട്.
മുഖ്യ ആസൂത്രകനായ പഞ്ചായത്ത് പ്രസിഡന്റ് കെജി സഞ്ചു അടക്കം ഏഴു പേരും കണ്ടാലറിയാവുന്ന മറ്റ് 30 പേർക്കുമെതിരേയാണ് കേസ് എടുത്തിട്ടുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്