- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ശ്വഭിത്തി വരെ കൈയേറി കെട്ടിടങ്ങളും മതിലുകളും; ഹോട്ടല്‍ വേസ്റ്റ് തള്ളും ഇടം; പോരാത്തതിന് ആമയിഴയും വികസനം; ആമയിഴഞ്ചാന്‍ തോടിന് സംഭവിക്കുന്നത്
തിരുവനന്തപുരം: വര്‍ഷങ്ങളായി തിരുവനന്തപുരം നഗരത്തില്‍ ഏറ്റവുമധികം മാലിന്യം തള്ളുന്ന ആമയിഴഞ്ചാന്‍ തോടിന്റെ നവീകരണവും തലസ്ഥാന വാസികളുടെ സ്വപ്നമാണ്. തോട് നവീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചെങ്കിലും ഇപ്പോഴും തോട്ടില്‍ മാലിന്യം നിക്ഷേപം രൂക്ഷമാണ്. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.ശുചിയാക്കുന്തോറും ഒഴിയാത്ത തരം മാലിന്യമാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ആമയിഴഞ്ചാന്‍ തോടിനെ മലിനമാക്കി നിര്‍ത്തുന്നത്.
ഇതിനു പ്രധാന കാരണം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറത്തിറങ്ങുന്നവരടക്കം മാലിന്യം തള്ളുന്നത് നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതാണ്. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ കടകളിലെയും ഹോട്ടലുകളുടെ വേസ്റ്റുമടക്കം ഒഴുകിയെത്തുന്നതും റെയില്‍വേ സ്റ്റേഷന് സമീപമെത്തുമ്പോള്‍ തോടിന്റെ വീതി കുറയുന്നതും വെല്ലുവിളിയാകുന്നു.
റെയ്ല്‍വേയുടെ അധീനതയിലുള്ള തോടിന്റെ ഭാഗത്തെ മാലിന്യം നീക്കം ചെയ്യാന്‍ റെയ്ല്‍വേ ഒരിക്കലും സംസ്ഥാന സര്‍ക്കാരിനെയോ തിരുവനന്തപുരം കോര്‍പ്പറേഷനെയോ അനുവദിക്കാറില്ലെന്നാണ് ആരോപണം. റെയ്ല്‍വേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയ ജോയി എന്ന തൊഴിലാളിയെ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കാണാതായത്. രക്ഷാ പ്രവര്‍ത്തനം പോലും 24 മണിക്കൂര്‍ കഴിഞ്ഞും ദുഷ്കരമാണ്. ഇതിന് കാരണവും തോടിലെ മാലിന്യമാണ്.
തോടിന്റെ നവീകരണം തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് ഒരു പരിഹാരമാണ്. വേനല്‍ക്കാലത്ത് തോട്ടില്‍ ഒഴുക്ക് നിലച്ചാല്‍ വലിയ അളവില്‍ മാലിന്യം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നിലവിലുള്ളത്. തോട് നവീകരിക്കുന്നതിലൂടെ നാളുകളായുള്ള തോടിന്റെ ശോച്യാവസ്ഥ മാറുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പക്ഷേ ഒന്നും നടക്കുന്നില്ല. ഇതിലേക്ക് ജോയി എന്ന ശുചീകരണ തൊഴിലാളിയും പെടുകയായിരുന്നു.
കേരള ജലവകുപ്പിന്റെ ഒബ്സര്‍വേറ്റര്‍ ഹില്ലില്‍ നിന്നാരംഭിച്ച് കണ്ണമൂല വഴി ആക്കുളം കായലില്‍ ചേരുന്ന തോടിന്റെ നീളം 12 കിലോമീറ്ററാണ്. കോര്‍പ്പറേഷനിലൂടെ ഒഴുകുന്ന തോടുകളും വന്നുചേരുന്നതും ആമയിഴഞ്ചാന്‍ തോട്ടിലാണ്. ഒരുവശത്ത് നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും മറുവശത്ത് തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നതും വര്‍ദ്ധിക്കുകയാണ്. പ്ലാസ്റ്റിക്കും ഇറച്ചി അവശിഷ്ടങ്ങളുമാണ് തോട്ടില്‍ കൂടുതലായി അടിഞ്ഞുകൂടുന്നത്. അതിനാല്‍ത്തന്നെ ദുര്‍ഗന്ധവും അസഹ്യമാണ്.
തോടിന്റെ പാര്‍ശ്വഭിത്തി വരെ കൈയേറി കെട്ടിടങ്ങളും മതിലുകളും നിര്‍മിച്ചത് മണ്ണ് മാറ്റുന്നതിനു വെല്ലുവിളിയാകുന്നുണ്ട്. ഉള്ളൂര്‍ തോടിന്റെ പലഭാഗത്തും അടിഞ്ഞുകിടക്കുന്ന മണ്ണ് തോട്ടില്‍നിന്നു മാറ്റാന്‍ ഈ കൈയേറ്റങ്ങള്‍ തടസ്സമാണ്. തോടിന്റെ ഭിത്തികളില്‍ ചേര്‍ന്നു നിര്‍മിച്ചിട്ടുള്ള വീടുകളിലെ ചിലര്‍ മണ്ണു മാറ്റുന്നതിനെ തടസ്സപ്പെടുത്തിയ ചരിത്രവുമുണ്ട്. ഇത്തരം വീട്ടുകാരില്‍നിന്നുള്ള നിസ്സഹകരണവും ഇറിഗേഷന്‍ വകുപ്പിനു വെല്ലുവിളിയാണ്. ഇതെല്ലാം ചേരുമ്പോള്‍ ആമയിഴഞ്ചാന്‍ തോട് മാലിന്യ തോടായി മാറുന്നു.