ചൂരല്‍മല: ഉരുള്‍പൊട്ടലില്‍നിന്നു രക്ഷപ്പെട്ടെത്തിയ കുടുംബം ചെന്നു പെട്ടത് കാട്ടാനക്കൂട്ടത്തിന് മുന്നില്‍. പിന്തിരിഞ്ഞോടിയാല്‍ മലവെള്ളവും മുന്നോട്ടുനീങ്ങിയാല്‍ ആനയുടെ ആക്രമണവും എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നെങ്കിലും പ്രകൃതിയേക്കാളും മനുഷ്യനെ മനസ്സിലാവുന്നത് കാട്ടാനയ്ക്ക് തന്നെ എന്ന് അവര്‍ക്ക് തോന്നി. ആനയെ ഭയക്കാതെ അവര്‍ കാപ്പിക്കാടിന് ഉള്ളിലേക്ക് നീങ്ങി.

ചൂരല്‍മല അഞ്ഞിശച്ചിലയില്‍ സുജാതയ്ക്കും കുടുംബത്തിനുമാണു മരണത്തെ രണ്ടുവട്ടം മുഖാമുഖം നേരിടേണ്ടിവന്നത്. ഉരുള്‍പൊട്ടലിനേയും കാട്ടാനയെയും ഭയന്ന് കൊടുംമഴയത്തു കാപ്പിക്കാടിനു നടുവില്‍ രണ്ടു മണിക്കൂറോളമാണ് ആ കുടുംബം കുത്തിയിരുന്നത്. ആനക്കൂട്ടം ഉപദ്രവിക്കാതെ നടന്നുമറഞ്ഞശേഷമാണു സുജാതയും കുടുംബവും റോഡിലെത്തിയത്. അതിശക്തമായ ഒഴുക്കില്‍ മരച്ചില്ല വന്നടിച്ചു കൈയ്ക്കു പരുക്കേറ്റെങ്കിലും സുജാതയും പേരക്കുട്ടി മൃദുലയും ദുരിതാശ്വാസ ക്യാംപിലുണ്ട്. മറ്റു കുടുംബാംഗങ്ങളെല്ലാം ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.

അര്‍ദ്ധരാത്രിയിലെ ഉറക്കത്തിനിടയിലാണ് പെരുവെള്ളവും ചെളിയും എല്ലാം ഒലിച്ചെത്തിയത്. മലവെള്ളം വീട്ടിനുള്ളിലേക്കു ഇരച്ചെത്തിയപ്പോഴാണ് ഉണര്‍ന്നത്.
സുജാതയും മകന്‍ ഗിഗീഷ്, ഭാര്യ സുജിത, മകന്‍ സൂരജ് എന്നിവരും ഉള്‍പ്പെടെ 5 പേരാണു വീട്ടിലുണ്ടായിരുന്നത്. ഗിഗീഷ് ഓരോരുത്തരെയായി വെള്ളത്തിലൂടെ വലിച്ചു കരകയറ്റി. സുജിതയുടെ നട്ടെല്ലിനും സൂരജിന്റെ നെഞ്ചിനും സാരമായി ക്ഷതമേറ്റു. മരം വന്നിടിച്ചു ഗിഗീഷിനു തലയ്ക്കു മുറിവേല്‍ക്കുകയും ചെയ്തു. ജീവന്‍ രക്ഷിക്കാനുള്ള പാച്ചിലില്‍ അത് ശ്രദ്ധിച്ചില്ല.

എന്നിട്ടും പതറാതെ എല്ലാവരെയും കരയിലെത്തിച്ച ശേഷം കാപ്പിക്കാടിനു നടുവിലൂടെ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ റോഡ് ലക്ഷ്യമാക്കി നീങ്ങുമ്പോഴാണു കാട്ടാനക്കൂട്ടത്തിനു മുന്നില്‍പെട്ടത്. ഓടരുതെന്നും നിശ്ശബ്ദരായി ഇരിക്കാനും ഗിഗീഷ് കൂടെയുള്ളവര്‍ക്കു നിര്‍ദേശം നല്‍കി. എല്ലാവരും പുലര്‍ച്ചെ 5 വരെ അതേ ഇരിപ്പു തുടര്‍ന്നു.