മലവെള്ളം വിരിച്ച മരണക്കെണിയില്‍ നിന്നും മകളേയും എട്ടു മാസം പ്രായമുള്ള പേരക്കുട്ടിയേയും കൊണ്ട് ജീവിതത്തിലേക്ക് നീന്തി കയറി മുണ്ടക്കൈ സ്വദേശി മൊയ്തു ഓണപ്പറമ്പന്‍. പേരക്കുട്ടിയെ ജലത്തിന് മീതെ ഉയര്‍ത്തിപ്പിടിച്ച് മകളേയും കൊണ്ട് ചെളിയും കല്ലും നിറഞ്ഞ വെള്ളത്തിലൂടെ ഒഴുക്കിനെ വകവെയ്ക്കാതെ മൊയ്തു നീന്തി രക്ഷപ്പെടുക ആയിരുന്നു.

മകള്‍ റംഷീനയും റംഷീനയുടെ മകന്‍ എട്ടുമാസക്കാരന്‍ ഹന്‍സലിനും ഉപ്പുപ്പയുടെ തണല്‍ രക്ഷയായി. ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചുനിന്ന മകളെയും എട്ടുമാസമുള്ള പേരക്കുട്ടിയെയും താങ്ങിയെടുത്ത് രക്ഷപ്പെട്ട കഥ ഓര്‍ത്തെടുക്കുകയാണ് ആ അറുപതുകാരന്‍. അപകടം ഉണ്ടാകുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പു വൈദ്യുതി നിലച്ചിരുന്നു. മഴയുടെ തണുപ്പ് പിടിച്ച് ഉറങ്ങുമ്പോഴാണ് മഴയോടൊപ്പം കാതടപ്പിക്കുന്ന ശബ്ദവും ഉണ്ടായത്. എന്നാല്‍ അത് ഉരുള്‍പൊട്ടലിന്റെ ശബ്ദമാണെന്ന് മനസ്സിലാക്കാതെ നല്ല ഉറക്കത്തിലായിരുന്നു മൊയ്തു. പെട്ടെന്നാണ് മൊയ്തു ശരീരത്തിലൊരു നനവുതട്ടി ഉണരുന്നത്.

അപ്പോഴേയ്ക്കും കിടന്ന കട്ടിലിന് മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നു. സ്വബോധം വീണ്ടെടുത്ത് വരുമ്പോഴേയ്ക്കുമാണ് തൊട്ടടുത്ത മുറിയില്‍നിന്നു നിലവിളി ശബ്ദം കേട്ടത്. മൊയ്തു ഞെട്ടലോടെ കട്ടിലില്‍ നിന്നിറങ്ങി വെള്ളത്തിലൂടെ നീന്തി ഡൈനിങ് റൂമിലെത്തുന്നു. മുന്‍വശത്തെ വാതിലും ജനലുമൊക്കെ തകര്‍ത്തു വെള്ളം കുതിച്ചുകയറുന്നതു കണ്ടു പരിഭ്രാന്തനായി റംഷീനയുടെ മുറിയിലേക്ക് നീന്തി.

ഈ സമയം ഒക്കത്തു കുഞ്ഞുമായി കട്ടിലിന്റെ മുകളില്‍ കയറിനിന്നു നിലവിളിക്കുകയാണു റംഷീന. കുഞ്ഞും ഭയന്നു കരയുകയാണ്. കട്ടിലിലേക്കു കയറിനിന്ന ശേഷം മൊയ്തു കുഞ്ഞിനെയും മകളെയും ചേര്‍ത്തുപിടിച്ചു. എന്നാല്‍ വെള്ളം നെഞ്ചൊപ്പമെത്തി. മുറിയില്‍ ചുഴി തീര്‍ത്ത് വെള്ളം കുത്തിയൊലിച്ചതോടെ നില തെറ്റി വീണേക്കുമെന്ന് ഭയന്നു. വെള്ളപ്പാച്ചിലില്‍പെട്ട് ഒഴുകിപ്പോകാതിരിക്കാന്‍ മൊയ്തു കൈ മുകളിലേക്കു നീട്ടി സീലിങ് ഫാനില്‍ അള്ളിപ്പിടിച്ച് നിന്നു. റംഷീന ഉപ്പയുടെ തോളില്‍ തൂങ്ങി. ഏതാനും സമയം അവര്‍ അങ്ങനെനിന്നു. മൂക്കിലും വായിലുമടക്കം ചെളിവെള്ളവും മണ്ണും അടിച്ചുകയി എങ്കിലും ഫാനിലെ പിടിവിട്ടില്ല.

കുറേ നേരെ അങ്ങിനെ നിന്നു. ഒഴുക്കിന്റെ വേഗമൊന്നു കുറയഞ്ഞതോടെ കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മകളുമായി പുറത്തേക്കു മുങ്ങിയും പൊങ്ങിയും നീന്തി. പിന്‍വാതിലൂടെ ഒരുവിധം വീടിന്റെ പുറത്തേക്ക് ഇറങ്ങി. ഉയരംകൂടിയ ഭാഗമായതിനാല്‍ മുറ്റത്തു വെള്ളം നെഞ്ചൊപ്പം മാത്രം. കുത്തൊഴുക്കില്‍ മൊയ്തുവിന്റെ വസ്ത്രം ഉരിഞ്ഞുപോയെങ്കിലും കുഞ്ഞിന്റെ മേലുള്ള പിടിവിടാതെ റംഷീനയെയും വലിച്ചു മുകളിലേക്കു കയറി.

റോഡിലെത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു ജീപ്പ് പാഞ്ഞെത്തുന്നത്. ജീപ്പിലെത്തിയവര്‍ നീട്ടിയ തോര്‍ത്തുടുത്ത ശേഷം മൊയ്തു മകളെയും കുഞ്ഞിനെയും ജീപ്പിലേക്കു കയറ്റി രക്ഷപ്പെടുക ആയിരുന്നു. തങ്ങളുടെ വീടിനെന്തു സംഭവിച്ചെന്നു മൊയ്തുവിനോ റംഷീനയ്‌ക്കോ അറിയില്ല. ജീവന്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് ഇവര്‍.

മൊയ്തുവിന്റെ ഭാര്യ ഖദീജയും മൂത്ത മകളും ഈസമയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഉരുള്‍പൊട്ടലിന്റെ തലേന്നു രാവിലെ ഇവര്‍ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ആകേണ്ടിയിരുന്നതാണ്. എന്നാല്‍, വീട്ടിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുന്‍പു മകള്‍ക്കൊരു വയറുവേദന അനുഭവപ്പെട്ടു. ഇതോടെ ഒരു ദിവസം കൂടി ആശുപത്രിയില്‍ തങ്ങിയിട്ടു പോകാമെന്നു തീരുമാനിച്ചത് അവര്‍ക്കും രക്ഷയായി.