- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളിയുടെയും കൂട്ടരുടെയും അയോഗ്യത: ഹൈക്കോടതി ഉത്തരവിട്ടത് രജിസ്ട്രേഷൻ ഐജി തീരുമാനമെടുക്കാൻ; തനിക്ക് അതിനുള്ള അധികാരമില്ലെന്നും സിവിൽ കോടതി തീരുമാനിക്കട്ടെന്നും ഐജി; വെള്ളാപ്പള്ളിയെ നോവിക്കാതെ തലയൂരിയ ഐജിക്കെതിരേ കോടതിയലക്ഷ്യം ഫയൽ ചെയ്ത് എംകെ സാനു
കൊച്ചി: കമ്പനി ആക്ട് പ്രകാരം വാർഷിക റിട്ടേൺ യഥാസമയം സമർപ്പിക്കാത്തതിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കൂട്ടരെയും അയോഗ്യരാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ തനിക്ക് അധികാരമില്ലെന്ന് രജിസ്ട്രേഷൻ ഐജി. തർക്കം സംബന്ധിച്ച് സിവിൽ കോടതി തീരുമാനിക്കട്ടെയെന്ന് ഉത്തരവിട്ട രജിസ്ട്രേഷൻ ഐജിക്കെതിരേ കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്ത് എംകെ സാനു. നിയമപ്രകാരം നീങ്ങിയാൽ വെള്ളാപ്പള്ളിക്കും സംഘത്തിനും അയോഗ്യത ഉറപ്പായ ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ രക്ഷയ്ക്കെത്തുകയും രജിസ്ട്രേഷൻ ഐജിയെക്കൊണ്ട് എങ്ങും തൊടാത്ത ഒരു ഉത്തരവ് ഇറക്കുകയും ചെയ്തിരിക്കുന്നത്.
ജനുവരി 30 നകം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ രജിസ്ട്രേഷൻ ഐജിയെ ചുമതലപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത് ജനുവരി 10 നാണ്. ഈ കേസ് സിവിൽ കോടതിയാണ് പരിഗണിക്കേണ്ടെതെന്ന വെള്ളാപ്പള്ളിയുടെ വാദമുഖത്തിന് എതിരായിട്ടാണ് ഹൈക്കോടതി ഉത്തരവ് വന്നത്. അന്തിമ തീരുമാനം എടുക്കാനുള്ള ചുമതല രജിസ്ട്രേഷൻ ഐജിക്ക് നൽകുകയാണ് ഹൈക്കോടതി ചെയ്തത്. ഈ ചുമതലയിൽ നിന്നാണ് ഇപ്പോൾ ഐജി ഒഴിഞ്ഞു മാറിയിരിക്കുന്നത്.
2006 മുതൽ 21 വരെ കമ്പനി ആക്ട് പ്രകാരമുള്ള വാർഷിക റിപ്പോർട്ട് ഓഡിറ്റ് ചെയ്തത് സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ തന്നെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വി.കെ. നടേശൻ, പ്രസിഡന്റ് എംകെ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവർക്ക് അഞ്ചു വർഷത്തേക്ക് അയോഗ്യത കൽപ്പിക്കണമെന്നുമായിരുന്നു ഹൈക്കോടതിയിൽ നൽകിയ ഹർജി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ ഐജി ഇതു സംബന്ധിച്ച നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നു.
2006 മുതൽ 14 വരെയുള്ള വാർഷിക റിട്ടേൺ സിഎഫ്എസ്എസ് -2020 പദ്ധതി പ്രകാരം ഒന്നിച്ച് സമർപ്പിച്ചുവെന്നും ഇതു കാരണം അയോഗ്യതയുടെ പ്രശ്നം വരുന്നില്ലെന്നുമാണ് വെള്ളാപ്പള്ളിയും സംഘവും പറയുന്നത്. പരാതിക്കാരാകട്ടെ അങ്ങനെ ഒരു നിയമം ഇല്ലെന്ന് വാദിച്ചു. ഒന്നിച്ച് വാർഷിക റിട്ടേൺ ഫയൽ ചെയ്തുവെന്നത് അയോഗ്യത ഒഴിവാക്കാനുള്ള കാരണമാകുന്നില്ലെന്ന് തെളിവു സഹിതം പരാതിക്കാർ അവകാശപ്പെട്ടു.
ഈ വിഷയം പിടിവള്ളിയാക്കിയാണ് രജിസ്ട്രേഷൻ ഐജി തലയൂരാൻ ശ്രമിച്ചിരിക്കുന്നത്. 2013 ലെ കമ്പനീസ് ആക്ട് അനുസരിച്ച് തുടർച്ചയായ മൂന്നു വർഷം വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ച വന്നാൽ ഒരു കമ്പനി ഡയറക്ടറെ അയോഗ്യനാക്കാമെന്ന് രജിസ്ട്രേഷൻ ഐജി സമ്മതിക്കുന്നു. എന്നാൽ 2020 ലെ സിഎഫ്എസ്എസിലൂടെ വാർഷിക റിട്ടേണുകൾ ആ ഡയറക്ടർ ക്രമവൽക്കരിച്ച സാഹചര്യത്തിൽ അയോഗ്യത നിലനിൽക്കുമോ എന്ന കാര്യം തനിക്ക് തീരുമാനിക്കാൻ കഴിയില്ലെന്നും ഐജി പറയുന്നു.
കമ്പനിക്ക് മാത്രമേ സിഎഫ്എസ്എസ് പദ്ധതിയുടെ പ്രയോജനമുള്ളോ അതോ ഡയറക്ടർമാർക്കുമുണ്ടോ എന്ന കാര്യത്തിൽ തനിക്ക് വ്യക്തതയില്ല. ഈ സാഹചര്യത്തിൽ ഇതിൽ എന്തെങ്കിലും നിയമ പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ട സിവിൽ കോടതി തീരുമാനിക്കട്ടെ എന്നും വിധിന്യായത്തിൽ രജിസ്ട്രേഷൻ ഐജി പറഞ്ഞിരിക്കുകയാണ്. അതിനാൽ കോടതിയെ സമീപിച്ച് ഈ വിഷയത്തിൽ തക്കതായ പരിഹാരം കാണുക എന്നും ഉത്തരവിലുണ്ട്.
കമ്പനീസ് ആക്ട് 2013 പ്രകാരം വെള്ളാപ്പള്ളിയും മറ്റ് മൂന്നു ഡയറക്ടേഴ്സും അഞ്ച് വർഷത്തെ അയോഗ്യത നേരിടേണ്ടി വരുമെന്ന് ഉറപ്പിച്ചു പറയുന്ന രജിസ്ട്രേഷൻ ഐജി അവസാന വരിയിലാണ് കടകം മറിഞ്ഞ് കളിക്കുന്നത്. സിവിൽ കോടതിയിലേക്ക് ഈ പരാതി വിടാനുള്ള അധികാരം ഐജിക്കില്ല. സംസ്ഥാനത്തെ സമുന്നത കോടതിയായ ഹൈക്കോടതി ഒരു തീരുമാനമെടുത്ത ശേഷം അക്കാര്യം പരിശോധിച്ച് നടപ്പാക്കാനാണ് ഐജി രജിസ്ട്രേഷനെ ചുമതലപ്പെടുത്തിയത്. അദ്ദേഹം തന്റെ അധികാരം വിനിയോഗിക്കാതെ പകരം അതിൽ നിന്നൊഴിഞ്ഞു മാറുന്നത് കോടതിയലക്ഷ്യമാണെന്ന് ആരോപിച്ചാണ് എംകെ സാനു ഹർജി നൽകിയിരിക്കുന്നത്.
സർക്കാരിന്റെ ഭാഗത്തു നിന്ന് ഈ വിഷയത്തിലുള്ള കള്ളക്കളി വ്യക്തമായിരിക്കുകയാണ്. സഹകരണ മന്ത്രിയുടെ ഇടപെടൽ മൂലമാണ് ഐജി രജിസ്ട്രേഷൻ കെ. ഇൻപശേഖർ ഉരുണ്ടു കളിക്കുന്നതെന്നും പരാതിക്കാർ പറയുന്നു. ഹൈക്കോടതി ഉത്തരവിട്ട വിഷയമായിട്ടു കൂടി കക്ഷികളെ ഐജി രജിസ്ട്രേഷൻ നേരിട്ടു കേൾക്കുന്നതിന് പകരം തന്റെ ഡെപ്യൂട്ടിയെ നിയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. സർക്കാരിന്റെ സ്വാധീനം ഈ വിഷയത്തിലുണ്ടായതിന് ഇതു തന്നെ വലിയ തെളിവാണെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്