ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ 11.45-ന് നിഗം ബോധ്ഘട്ടില്‍ നടക്കും. അതേസമയം യമുനതീരത്ത് പ്രത്യേകസ്ഥലം വേണമെന്ന് കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ തീരുമാനമായില്ല. സമ്പൂര്‍ണ സെനിക ബഹുമതികളോടെയായിരിക്കും സംസ്‌ക്കാരം നടക്കുക.

മന്‍മോഹന്‍ സിങ്ങിന് യമുനാതീരത്ത് പ്രത്യേക സ്മാരകം ഒരുക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങള്‍ക്കൊപ്പം വേണമെന്നായിരുന്നു ആവശ്യം. അതിനുശേഷമാണ് ആഭ്യന്തരമന്ത്രാലയം ഔദ്യോഗികമായ അറിയിപ്പ് വന്നത്. പൂര്‍ണ്ണ സൈനിക ബഹുമതിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം രാജ്ഘട്ടില്‍ സംസ്‌കാരം നടത്താത്തതില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

എന്നാല്‍ നിഗം ബോധ്ഘട്ടില്‍ സംസ്‌കാരം നടത്തുന്നതിനെ എതിര്‍ത്ത് ശിരോമണി അകാലിദള്‍ രംഗത്ത് വന്നു. രാജ്ഘട്ടില്‍ തന്നെ സംസ്‌കാരം വേണമെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആവശ്യപ്പെട്ടു. സിഖ് വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായ വ്യക്തിയെ അവഹേളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബാദല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഇതില്‍ നേരിട്ട് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. മന്‍മോഹന്‍ സിങിന്റെ സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചത്. സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പുറത്തുവിട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വയും രംഗത്ത് വന്നു. പഞ്ചാബിന്റെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്ന് ബാജ്വ ആവശ്യപ്പെട്ടു. രാജ്യത്തെ ആദ്യ സിഖ് പ്രധാനമന്ത്രിയോടുള്ള അനാദരവാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും കുറ്റപ്പെടുത്തി.

മന്‍മോഹന്‍ സിങ്ങിന്റെ ഭൗതികശരീരം ശനിയാഴ്ച രാവിലെ എട്ടിന് ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയില്‍ നിന്നും എ.ഐ.സി.സി ആസ്ഥാനത്ത് എത്തിക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയാണ് പൊതുദര്‍ശനം. 9.30-ന് ശേഷം നിഗം ബോധ്ഘട്ടിലേയ്ക്കുള്ള യാത്ര തുടങ്ങും.

വെള്ളിയാഴ്ച ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ രാഷ്ട്രപ്രതി ദ്രൗപതി മുര്‍മുവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റുമന്ത്രിമാര്‍, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഇന്നലെ വൈകുന്നേരമാണ് ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചത്. രണ്ട് തവണയാണ് മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. 2004 മെയ് 22ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായായിരുന്നു മന്‍മോഹന്‍ സിംഗ് അധികാരമേറ്റത്. പിന്നീട് 2009 മെയ് 22നും പ്രധാനമന്ത്രിയായി. 1935 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിംഗിന്റെ ജനനം. 1948ല്‍ പഞ്ചാബില്‍ നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസായ അദ്ദേഹം 1957ല്‍ കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുധം സ്വന്തമാക്കി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളേജില്‍ ചേര്‍ന്ന് 1962ല്‍ അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തില്‍ ഡി ഫില്‍ പൂര്‍ത്തിയാക്കി.

പഠനത്തിന് ശേഷം പഞ്ചാബ് സര്‍വകലാശാലയിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലും അധ്യാപകനായും മന്‍മോഹന്‍ സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാദമിക രംഗത്തും തന്റേതായ മുദ്ര പതിപ്പിക്കാന്‍ ഇതോടെ അദ്ദേഹത്തിന് സാധിച്ചു. യുഎന്‍സിടിഐഡിയോടൊപ്പമുള്ള പ്രവര്‍ത്തനം പില്‍ക്കാലത്ത് അദ്ദേഹത്തെ ജനീവ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്തിച്ചു. 1971ലാണ് അദ്ദേഹം വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദോഷ്ടാവായി ചേരുന്നത്. 1972ല്‍ ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി. ധനകാര്യ മന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷന്‍ ഡപ്യൂട്ടി ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് തുടങ്ങിയ പദവികള്‍ വഹിച്ചു.

1991-1996 കാലഘട്ടത്തിലായിരുന്നു സിംഗ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി എത്തുന്നത്. സുപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആഡംസ്മിത്ത് പുരസ്‌കാരം (കേംബ്രിജ് സര്‍വകലാശാല), ലോകമാന്യ തിലക് പുരസ്‌കാരം, ജവഹര്‍ലാല്‍ നെഹ്റു ജന്മശതാബ്ദി പുരസ്‌കാരം, മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം എന്നിവയടക്കമുള്ള നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1987ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. 1993ല്‍ സൈപ്രസില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിലേക്കും വിയന്നയില്‍ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലേക്കുമുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചു. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. പൊതുതിരഞ്ഞൈടുപ്പിനെ തുടര്‍ന്നാണ് 2004ല്‍ പ്രധാനമന്ത്രി പഥത്തിലേക്കെത്തുന്നത്.