ചിറ്റാരിക്കാല്‍: രാജസ്ഥാനിലുണ്ടായ ബൈക്കപകടത്തില്‍ പൊലഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഡ്രൈവര്‍. ഒന്‍പതുവര്‍ഷം പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ച മലയാളിയായ എസ്പിജി മുന്‍ അംഗം ഷിന്‍സ് തലച്ചിറയുടെ മരണ വാര്‍ത്തയാണ് മലയാളികളെയും ദുഖത്തിലാഴ്ത്തിയത്. തന്റെ ജോലിയില്‍ കര്‍മനിരതനായിരുന്ന ഷിന്‍സിനെ പ്രധാനമന്ത്രി ഒന്‍പത് വര്‍ഷവും ഒപ്പം കൂട്ടുക ആയിരുന്നു.

സാധാരണഗതിയില്‍ മൂന്നുവര്‍ഷമാണ് എസ്പിജിയില്‍ പ്രവര്‍ത്തിക്കാനാകുക. എന്നാല്‍ ഷിന്‍സിന്റെ മികവ് കണക്കിലെടുത്ത് അദ്ദേഹത്തിന് രണ്ട് ടേം കൂടി നല്‍കുകയായിരുന്നു. പ്രധാനമന്ത്രി കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോള്‍ സഞ്ചരിച്ച വാഹനം ഓടിച്ചതും ഷിന്‍സായിരുന്നു. ജോലിയില്‍ അത്രമേല്‍ കര്‍ക്കശക്കാരനും സൗമ്യനുമായിരുന്നു ഷിന്‍സ്. ഒരു മാസം മുമ്പ് നാട്ടിലെത്തിയ അദ്ദേഹം അടുത്ത ജനുവരിയോടെ വിരമിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ആലോചനയിലായിരുന്നു.

ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കപകടത്തിന്റെ രൂപത്തില്‍ മരണം ഷിന്‍സിനെ തേടി എത്തിയത്. അതിര്‍ത്തി രക്ഷാസേനാ (ബിഎസ്എഫ്) അംഗമായ ഷിന്‍സ് ഡെപ്യൂട്ടേഷനിലാണ് എസ്പിജിയിലെത്തിയത്. ഒന്‍പതുവര്‍ഷം നരേന്ദ്ര മോദിയുടെ സുരക്ഷാഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ചു. കഠിനമായ ശാരീരികക്ഷമതാപരീക്ഷയ്ക്കും മറ്റ് വിവിധ പരീക്ഷകള്‍ക്കും അഭിമുഖത്തിനും ശേഷമാണ് പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലേക്ക് ഷിന്‍സിനെ എടുത്തത്. ''ആ സെലക്ഷന്‍ വാര്‍ത്ത കേട്ടപ്പോള്‍ ഞങ്ങള്‍ക്കൊക്കെ അഭിമാനമായിരുന്നു. മലയോരത്തെ സാധാരണ കര്‍ഷകകുടുംബത്തില്‍ ജനിച്ച്, സാധാരണ സ്‌കൂളില്‍ പഠിച്ച ആള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സംരക്ഷിക്കാനുള്ള സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ചെറിയ കാര്യമല്ലല്ലോ''- അടുത്ത ബന്ധുവായ സജി ഓര്‍ക്കുന്നു.

ഒരുമാസം മുമ്പാണ് ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് ജോലിസ്ഥലമായ രാജസ്ഥാനിലേക്ക് മടങ്ങിയത്. 23 കൊല്ലം മുന്‍പ് ബിഎസ്എഫില്‍ ചേര്‍ന്ന ഷിന്‍സ്, മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് എസ്പിജിയില്‍ എത്തിയത്. ഡല്‍ഹിയിലെത്തുന്ന മലയാളികള്‍ക്ക് പ്രത്യേകിച്ച് മലയോര നിവാസികള്‍ക്ക് സഹായിയും വഴികാട്ടിയുമായിരുന്നു ഷിന്‍സ്.

മണ്ഡപം സെയ്ന്റ് ജോസഫ് എയ്ഡഡ് യുപി സ്‌കൂളില്‍നിന്ന് പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷിന്‍സ് കടുമേനി സെയ്ന്റ് മേരീസ് ഹൈസ്‌കൂളിലായിരുന്നു തുടര്‍പഠനം. 23 വര്‍ഷം മുമ്പാണ് അതിര്‍ത്തിരക്ഷാസേനയില്‍ ചേര്‍ന്നത്. 192-ാം ബറ്റാലിയനിലായിരുന്നു നിയമനം. ഡല്‍ഹിയും കശ്മീരും അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്തു.

ബുധനാഴ്ച രാവിലെയാണ് അപകടവിവരം വീട്ടിലറിയിച്ചത്. ഭാര്യ ജസ്മിയുടെ ഫോണിലേക്കാണ് ബിഎസ്എഫില്‍നിന്ന് വിളിച്ചത്. ചെറിയ പരിക്ക് പറ്റിയെന്നേ ആദ്യം പറഞ്ഞുള്ളൂ. വീട്ടുകാര്‍ പുറപ്പെടാന്‍ ആലോചിക്കുമ്പോഴേക്ക് അടുത്ത കോള്‍ വന്നു, വരേണ്ടെന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞ്. 13 വര്‍ഷം മുമ്പാണ് മണക്കടവ് ചീക്കാട് റോഡിലെ കിഴക്കേപ്പടിയില്‍ ഷിന്‍സ് വീടും സ്ഥലവും വാങ്ങിയത്. ഷിന്‍സിനൊപ്പം ഡല്‍ഹിയിലായിരുന്ന ജസ്മിക്ക് ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സായി നിയമനം കിട്ടി. ഇതോടെയാണ് അവര്‍ നാട്ടിലേക്ക് പോന്നത്.

കണ്ണൂര്‍ ജില്ലയിലെ മണക്കടവിലാണ് സ്ഥിരതാമസം. ഭാര്യ: ജെസ്മി (നഴ്‌സ് ഉദയഗിരി, കണ്ണൂര്‍). മക്കള്‍: ഫിയോണ, ഫെബിന്‍ (ഇരുവരും മണക്കടവ് ശ്രീപുരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍ : ഷൈന്‍ (അധ്യാപകന്‍, കര്‍ണാടക), ഷെറിന്‍ (കാനഡ), ഷിബിന്‍ (അബുദാബി).