- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരിയുടെ വെടിക്കെട്ടും ചങ്കൂറ്റത്തിന്റെ രാഷ്ട്രീയവും; മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദര്‍ശി; മെലിഞ്ഞ രൂപത്തെ പരിഹസിച്ചവരെ എഴുത്തിന്റെ കരുത്തു കൊണ്ടും അഭിനയ മികവു കൊണ്ടും വെള്ളിത്തിരയിലെ പുലിയാണെന്ന് തെളിയിച്ച വിഗ്രഹഭഞ്ജകന്‍; രാഷ്ട്രീയക്കാരെയും പാര്‍ട്ടി അന്ധവിശ്വാസങ്ങളെയും നഖശിഖാന്തം എതിര്‍ത്ത സോഷ്യലിസ്റ്റ്; ശ്രീനിവസാന്‍ മരണത്തിലും ചിന്തിപ്പിക്കുന്ന 'വടക്കുനോക്കിയന്ത്രം'
കൊച്ചി: മലയാള സിനിമയിലെ ചിരിയുടെയും ചിന്തയുടെയും സുല്‍ത്താനായിരുന്നു ശ്രീനിവാസന്‍. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 69-ാം വയസ്സിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നെങ്കിലും തന്റെ നിലപാടുകളില്‍ അവസാന നിമിഷം വരെയും വിട്ടുവീഴ്ച ചെയ്യാത്ത ആ വിപ്ലവകാരിയായിരുന്നു ശ്രീനിവാസന്‍.
വെറുമൊരു നടനായല്ല മറിച്ച് മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദര്‍ശിയായാണ് ശ്രീനിവാസന്‍ അറിയപ്പെടുന്നത്, കണ്ണൂരിലെ പാട്യത്ത് സ്‌കൂള്‍ അധ്യാപകനും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായിരുന്ന ഉണ്ണിയുടെ മകനായി ജനിച്ച ശ്രീനിയുടെ ഉള്ളില്‍ വിപ്ലവം ചോരയില്‍ അലിഞ്ഞുചേര്‍ന്നതായിരുന്നു, അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ സാക്ഷാല്‍ ഇന്ദിരാഗാന്ധിക്കെതിരെ 'ഘരീബി ഹഠാവോ' എന്ന നാടകം എഴുതി അവതരിപ്പിക്കാന്‍ ചങ്കൂറ്റം കാണിച്ച ആ പഴയ നാടകക്കാരനാണ് പില്‍ക്കാലത്ത് തന്റെ പേന അധികാരവര്‍ഗത്തിന് നേരെ വാളായി ഉപയോഗിച്ചത്.
മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയത്തില്‍ ഡിപ്ലോമ നേടിയപ്പോള്‍ അവിടെ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അദ്ദേഹത്തിന്റെ സീനിയറായിരുന്നു, തുടക്കകാലത്ത് തന്റെ മെലിഞ്ഞ രൂപത്തെ പരിഹസിച്ചവര്‍ക്ക് മുന്നില്‍ എഴുത്തിന്റെ കരുത്തുകൊണ്ടും അഭിനയ മികവുകൊണ്ടും താന്‍ വെള്ളിത്തിരയിലെ പുലിയാണെന്ന് അദ്ദേഹം തെളിയിച്ചു, 1977-ല്‍ പി.എ. ബക്കറിന്റെ 'മണിമുഴക്ക'ത്തിലൂടെ സിനിമയിലെത്തിയെങ്കിലും 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ ഗതി മാറ്റിയ ആ തൂലിക ചലിച്ചു തുടങ്ങിയത്.
മോഹന്‍ലാലും ശ്രീനിവാസനും ചേര്‍ന്ന ദാസനും വിജയനും എന്ന കൂട്ടുകെട്ട് മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളായി മാറി, തൊഴിലില്ലാത്ത യുവാക്കളുടെയും സാധാരണക്കാരന്റെയും ദൈന്യതയെ ഇത്രത്തോളം ഹാസ്യാത്മകമായി അവതരിപ്പിച്ച മറ്റൊരു എഴുത്തുകാരനില്ല, 'സന്ദേശം' എന്ന ഒരൊറ്റ ചിത്രം മതി രാഷ്ട്രീയക്കാരെയും പാര്‍ട്ടി അന്ധവിശ്വാസങ്ങളെയും നഖശിഖാന്തം എതിര്‍ത്ത ശ്രീനിവാസന്‍ എന്ന രാഷ്ട്രീയ നിരീക്ഷകനെ തിരിച്ചറിയാന്‍, 'എനിക്ക് ആരെയും പേടിയില്ല' എന്ന് തുറന്നു പറയാന്‍ കാണിച്ച ആത്മവിശ്വാസമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. സോഷ്യലിസമായിരുന്നു ശ്രീനിവാസന്റെ ആശയ കരുത്ത്.
അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും അദ്ദേഹം തന്റെ കൈയൊപ്പ് പതിപ്പിച്ചു, 'വടക്കുനോക്കിയന്ത്രം' എന്ന ചിത്രത്തിലെ 'തളത്തില്‍ ദിനേശന്‍' ഇന്നും മലയാളിക്ക് ഒരു സ്വഭാവരൂപമാണ്, 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ ഭക്തിയെയും കപടതയെയും ചോദ്യം ചെയ്തപ്പോള്‍ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ആ പ്രതിഭയ്ക്ക് മുന്നില്‍ തലകുനിച്ചു, വിമലയാണ് ഭാര്യ, മക്കളായ വിനീതും ധ്യാനും അച്ഛന്റെ തണലായി സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴും ലളിതമായ ജീവിതം നയിക്കാനാണ് അദ്ദേഹം എന്നും ആഗ്രഹിച്ചത്.
സാധാരണക്കാരന്റെ ജീവിതം പച്ചയായി വരച്ചുകാട്ടിയ ആ വലിയ പ്രതിഭയായിരുന്നു ശ്രീനിവാസന്‍. വരവേല്‍പ്പ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, ടി.പി. ബാലഗോപാലന്‍ എം.എ തുടങ്ങിയ ചിത്രങ്ങളിലൂടെ പറഞ്ഞ രാഷ്ട്രീയവും പരിഹാസവും ഇന്നും കേരളത്തിലെ ചായക്കടകളിലും പൊതു ഇടങ്ങളിലും എന്നും ചര്‍ച്ചയാണ്.
മലയാളിയുടെ വെള്ളിത്തിരയിലെ കാപട്യങ്ങളെ നര്‍മ്മം കൊണ്ട് കീറിമുറിച്ച വിപ്ലവകാരിയായിരുന്നു ശ്രീനിവാസന്‍ വിടവാങ്ങി. കേവലം ഒരു നടനായല്ല, മറിച്ച് തന്റെ ജീവിതാനുഭവങ്ങളുടെ കയ്പ്പും മധുരവും മലയാളിയുടെ ബോധമണ്ഡലത്തിലേക്ക് ഇന്‍ജക്ട് ചെയ്ത തിരക്കഥാകൃത്തായും സംവിധായകനായുമാണ് ശ്രീനിവാസന്‍ വിരാജിച്ചത്. കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്ന് വന്നിട്ടും വിഗ്രഹഭഞ്ജകനായി മാറിയ ശ്രീനിയുടെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു.




