തെരഞ്ഞെടുപ്പിൽ തോറ്റിട്ടും പ്രസിഡണ്ടായി തുടരണമെന്ന അതിമോഹം ട്രംപിന് സമ്മാനിച്ചിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും നാണകെട്ട അമേരിക്കൻ പ്രസിഡണ്ട് എന്ന പദവിയാണ്.

ഇതുപോലൊരു നാണം കെട്ട ഒരു ഇറങ്ങിപ്പോക്ക് മറ്റൊരു പ്രസിഡണ്ടിനും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകാനും ഇടയില്ല. സ്ഥാപിതപിതാക്കൾ തലമുറകളിലൂടെ പകർന്നു നൽകിയ അമേരിക്കയുടെ ജനാധിപത്യത്തിനെ അവഹേളിച്ച ട്രംപ് ഇപ്പോൾ തിരിച്ചടികൾ ഓരോന്നായി നേരിടുകയാണ്, കാലം കരുതിവച്ച കാവ്യനീതി പോലെ.

ട്രംപിനെതിരെ കടുത്ത നടപടികളുമായി സമൂഹ മാധ്യമങ്ങൾ

വാഷിങ്ടണിൽ പ്രതിഷേധം ഉയരുന്ന സമയത്ത് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റുകൾ നീക്കം ചെയ്ത ട്വിറ്റർ അദ്ദേഹത്തിന്റെ അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡണ്ടിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന പാർലമെന്റ് സംയുക്ത സമ്മേളനത്തിലേക്ക് ഇരച്ചു കയറിയ ട്രംപ് അനുകൂലികൾ പൊലീസുമായും നാഷണൽ ഗാർഡ്സുമായും ഏറ്റുമുട്ടി. ഇതിനിടെ വെടിയേറ്റ ഒരു വനിത മരണമടയുകയും ചെയ്തു. വെടിവെച്ചതാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പാർലമെന്റ് മന്ദിരത്തിനു സമീപത്തുനിന്ന് സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി വാർത്തകൾ ഉണ്ട്.

ഫേസ്‌ബുക്കും യൂട്യുബും നേരത്തേ നീക്കം ചെയ്ത ഒരു വീഡിയോ ആയിരുന്നു ട്വിറ്റർ ആദ്യമേ നീക്കം ചെയ്തത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ താനാണ് വിജയിയെന്ന് ട്രംപ് തെറ്റായ അവകാശവാദം ഉന്നയിക്കുന്ന വീഡിയോ ആയിരുന്നു അത്. പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാരെ താൻ സ്നേഹിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിഷേധക്കാരോട് വീടുകളിലേക്ക് മടങ്ങിപ്പോകുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റാണ് നീക്കം ചെയ്ത രണ്ടാമത്തേത്. ഇതിൽ പ്രതിഷേധക്കാരെ ദേശഭക്തർ എന്നാണ് ട്രംപ് പരാമർശിക്കുന്നത്. എന്നാൽ, അവരോട് ഭരണകൂടം മോശമായാണ് പെരുമാറിയതെന്നും അദ്ദേഹം എഴുതിയിരുന്നു.

ഈ ദിവസം ഒരിക്കലും മറക്കരുതെന്നു കൂടി തന്റെ അണികളെ ആഹ്വാനം ചെയ്യുന്ന ഈ പോസ്റ്റും വീഡിയോയും ട്വീറ്റർ സെൻസർ ചെയ്തിരിക്കുകയാണ്. നിലവിൽ അവിടെ ''തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നു എന്നത് തർക്കവിഷയമാണ് '' എന്ന ബാനറാണ് ഉള്ളത്. തന്റെ വ്യക്തിപരമായ ട്വീറ്റർ അക്കൗണ്ട് ഉപയോഗിക്കുന്നതിൽ നിന്നും ട്വീറ്റർ തന്നെ വിലക്കിയിരിക്കുകയാണെന്ന് ഒരു പ്രസ്താവനയിലൂടെ ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. വിവാദമായ മൂന്ന് ട്വീറ്റുകൾ നീക്കം ചെയ്യുവാൻ ട്വീറ്റർ ട്രംപിനോട് ആവശ്യപ്പെടുകയായിരുന്നു. സ്വമേധയാ നീക്കംചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തിന്റെ വില കളഞ്ഞ് ട്രംപ്

അമേരിക്കൻ പ്രസിഡണ്ട് എന്നാൽ അമേരിക്കയിൽ മാത്രമല്ല, ലോകം മുഴുവൻ ബഹുമാനിക്കപ്പെടുന്ന ഒരു സ്ഥാനമാണ്. നിയമപരമായി ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്ന ജനുവരി 20 വരെ അമേരിക്കയുടെ പ്രസിഡണ്ട് ഡൊണൾഡ് ട്രംപാണ്. ലോകരാഷ്ട്രങ്ങൾ പോലും മറുത്തൊരക്ഷരം പറയാൻ രണ്ടാമതൊന്നു ചിന്തിക്കുന്ന അമേരിക്കൻ പ്രസിഡണ്ടിന്, അമേരിക്ക ആസ്ഥാനമായുള്ള ഒരു കമ്പനി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകുക എന്നു പറയുമ്പോൾ തന്നെ മനസ്സിലാകുന്നതാണ് ട്രംപിന്റെ പ്രവർത്തികൾ അമേരിക്കൻ പ്രസിഡണ്ട് എന്ന സ്ഥാനത്തെ എത്ര തരംതാഴ്‌ത്തി എന്നത്.

ട്വീറ്ററിന്റെ നിയമമനുസരിച്ച്, ട്വീറ്റ് നീക്കംചെയ്യാത്തതിനാൽ, അത് ഇപ്പോൾ ട്വീറ്റർ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. വിവാദമായ ട്വീറ്റുകൾ ഈ സമയത്തിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ, അത് നീക്കം ചെയ്യുന്നതുവരെ അക്കൗണ്ട് പ്രവർത്തനക്ഷമമാകില്ല. ട്വീറ്ററിനോറ്റും ഫേസ്‌ബുക്കിനോടും ട്രംപിന്റെ അക്കൗണ്ട് മരവിപ്പിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ശക്തമായതോടെയാണ് ട്വിറ്റർ ഇത്തരത്തിൽ ഒരു നടപടിക്ക് മുതിർന്നത്.

സമൂഹമാധ്യമത്തിൽ ട്രംപിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പാർലമെന്റിൽ കലാപമുണ്ടാക്കുകയും ഒരു വനിതയുടെ മരണത്തിന് കാരണമാവുകയും ചെയ്ത ട്രംപിനെ ജീവിതകാലം മുഴുവൻ സമൂഹ മാധ്യമങ്ങളിൽ നിന്നും വിലക്ക് കൽപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ട്രംപ് പറയുന്ന നുണകൾ പ്രചരിപ്പിക്കുകയാണ് ട്രംപ് എന്നും ജനങ്ങൾ കുറ്റപ്പെടുത്തുന്നുണ്ട്.ഇതിനെ തുടർന്ന്, ട്രംപ് ഇനിയും ട്വിറ്ററിന്റെ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്ന് ട്വീറ്റർ അറിയിച്ചു.

ഇടിവെട്ടിനിടെ പാമ്പ് കടിച്ചത് പ്രഥമവനിതയേയും

വാഷിങ്ടണിൽ കനത്ത പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ അമേരിക്കൻ പ്രസിഡണ്ടിന്റെ ഭാര്യയ്ക്കും തിരിച്ചടി കിട്ടി. മെലാനിയ ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജനാധിപത്യ വിധ്വംസക പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് തന്റെ സ്ഥാനം രാജിവച്ചു. മുൻ വൈറ്റ്ഹൗസ് കമ്മ്യുണിക്കേഷൻസ് ഡയറക്ടർ കൂടിയായ സ്റ്റെഫാനീ ഗ്രിഷാം ആണ് രാജിവച്ചത്. ട്രംപിന്റെ ടീമിൽ ഏറ്റവും അധികം കാലം സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥ എന്ന ബഹുമതിയുള്ള ഇവർ പ്രസ്സ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2015-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പു മുതൽ ഇവർ ട്രംപിന്റെ പ്രസ്സ് ടീമിലെ അംഗമാണ്.

പാർലമെന്റിലേക്ക് ജനങ്ങൾ ഇരച്ചു കയറിയതും ഒരു വനിത വെടിയേറ്റ് മരിച്ചതും രാജ്യത്തിന്റെ അന്തസ്സിനു തന്നെ കളങ്കമായി മാറിയെന്ന് അവർ കുറ്റപ്പെടുത്തി. ഇത്രകാലവുംതാൻ ചെയ്ത ജോലിയിൽ തികച്ചും സംതൃപ്തയാണെന്നും എന്നാൽ ജനാധിപത്യ ധ്വംസനത്തിന് കൂട്ടുനിൽക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. ഇന്നലെ നടന്നത് ഒരു അട്ടിമറി ശ്രമായി മാത്രമേ കാണാനാകൂ എന്നും അവർ വെളിപ്പെടുത്തി.

ട്രംപിനെതിരെ ജനരോഷം ഉയരുന്നു

അതിനിടെ അമേരിക്കയിലെ വിവിധ ജനനേതാക്കളും ട്രംപിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് തികച്ചും സുതാര്യമായിരുന്നെന്നും അതിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ സെനറ്റ് നേതാവായ മിറ്റ്ച്ചൽ പ്രസ്താവിച്ചു. ജനവിധി അംഗീകരിക്കുന്ന സംസ്‌കാരമാണ് ഒരു ജനാധിപത്യ സംവിധാനത്തിൽ അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിനെ കുറിച്ച് ഇതേ അഭിപ്രായം പറഞ്ഞ പെൻസിൽവേനിയ ഗവർണർ ടോം വോൾഫ് ഇന്നലെ നടന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമായിരുന്നു എന്നും ആരോപിച്ചു.

വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിനും ഹൗസ് സ്പീക്കർ നാൻസി പെലോസിക്കും വരെ ജീവൻ രക്ഷിക്കാൻ പാർലമെന്റിൽ നിന്നും ഒഴിഞ്ഞുമാറേണ്ടി വന്നത് അമേരിക്കയുടെ വില ലോകരാജ്യങ്ങൾക്ക് മുന്നിൽ താഴ്‌ത്തിക്കെട്ടിയ സംഭവമാണെന്നായിരുന്നു മിക്ക നേതാക്കളുടെയും അഭിപ്രായം. അതേസമയം, ട്രംപിന്റെ സമ്മർദ്ദത്തിനു വഴങ്ങാതെ, ഭരണഘടന മാത്രം അനുസരിച്ച് പ്രവർത്തിച്ച മൈക്ക് പെൻസിന് അഭിനന്ദനങ്ങളും വരുന്നുണ്ട്.

ജനാധിപത്യ ധ്വംസനത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങളും

ഇതിനിടെ, ട്രംപിന്റെ അനുയായികളുടെ അഴിഞ്ഞാട്ടത്തെ അപലപിച്ച് വിവിധ ലോക നേതാക്കളും രംഗത്തെത്തി. ലോകത്തിൽ എന്നും ജനാധിപത്യത്തിനു വേണ്ടി നിലകൊണ്ടിരുന്ന ഒരു രാജ്യമാണ് അമേരിക്കയെന്നും അവിടെ ഇത്തരത്തിലുള്ള ഒരു സംഭവം നടന്നത് തീർത്തും നിർഭാഗ്യകരമായി എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. അധികാരകൈമാറ്റം സമാധാനപരമായി നടക്കുന്നതാണ് ജനാധിപത്യ സമ്പ്രദായത്തിലെ കീഴ്‌വഴക്കമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനാധിപത്യത്തിനു നേരെയുള്ള ആക്രമണം എന്നാണ് പ്രതിപക്ഷ നേതാവ് സർ കീർ സ്റ്റാർമർ ഇതിനെ വിമർശിച്ചത്.

തികച്ചും ഭയപ്പെടുത്തുന്ന സംഭവവികാസങ്ങൾ എന്നായിരുന്നു സ്‌കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ പ്രതികരിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന ബ്രെക്സിറ്റ് പാർട്ടി നേതാവ് നീഗൽ ഫരാഗെയും ഇതിനെ അപലപിച്ച് രംഗത്തെത്തി. ട്രംപും അനുയായികളും അമേരിക്കൻ ജനതയുടെ ആദേശം അനുസരിക്കണമെന്നും ജനാധിപത്യം കാത്തുസൂക്ഷിക്കണമെന്നും ജർമ്മൻ വിദേശകാര്യ മന്ത്രി ഹീക്കൊ മാസ് പറഞ്ഞു. ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നെഴുതി ആപേക്ഷപഹാസ്യ പ്രാധാന്യമുള്ള ഇമോജി ഇട്ടായിരുന്നു നൈജീരിയൻ പ്രസിഡണ്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് പ്രതികരിച്ചത്.

ജനാധിപത്യ വിരുദ്ധ പ്രതിഷേധത്തെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ചിലി പ്രസിഡണ്ടും കൊളംബിയൻ പ്രസിഡണ്ടും രംഗത്തെത്തി. ഈ സംഭവത്തോടെ അമേരിക്കൻ ഫാസിസ്റ്റുകൾ തങ്ങളുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തി എന്നായിരുന്നു ബ്രസീൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പരാമർശിച്ചത്. വെനിസുല, പോട്ടോറിക്ക തുടങ്ങിയ ചെറിയ രാജ്യങ്ങൾ മുതൽ യൂറോപ്പിലെ പ്രാധാന രാജ്യങ്ങൾ വരെ ഈ സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്ത് വന്നു.

ഇതോടെ, തന്റെ അനുയായികൾ എന്ന് വിളിക്കുന്ന ഒരു ആൾക്കൂട്ടമല്ലാതെ അമേരിക്കകത്തും പുറത്തും ട്രംപിനെ പിന്തുണയ്ക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. അമേരിക്കൻ പ്രസിഡണ്ട് എന്ന സ്ഥാനത്തിന് തീരാ കളങ്കമേൽപിച്ച ഒരു വ്യക്തിയായിട്ടായിരിക്കും ചരിത്രത്തിൽ ഇനി ട്രംപിന്റെ സ്ഥാനം. മാത്രമല്ല, അമേരിക്കയുടെ മുൻപ്രസിഡണ്ടുമാർക്ക് ലോക രാജ്യങ്ങൾ നൽകുന്ന ആദരവ് ഇനി ട്രംപിന് ലഭിക്കാനും ഇടയില്ല. ഇതോടെ, ചരിത്രം കണ്ട ഏറ്റവും മോശം അമേരിക്കൻ പ്രസിഡണ്ട് എന്ന പദവിയിലെത്തുകയാണ് തന്റെ അമിതാവേശവും അതിമോഹവും മൂലം ഡൊണാൾഡ് ട്രംപ്