- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടക്കയം കോസ്വേ ജംഗ്ഷനിലെ പോലീസ് പരിശോധനയ്ക്കിടെ പ്രതികള്‍ സഞ്ചരിച്ച വാഹനം ശ്രദ്ധയില്‍പ്പെട്ടു; പിന്നെ മരണത്തെ മുഖാമുഖം കണ്ട് ആ ചേസിംഗ്; പിക്ക് അപ്പ് ലോറിയില്‍ കൊലയാളി സംഘത്തെ പിന്തുടര്ന്ന് ഇടിച്ചു വീഴ്ത്തി; അലുവ അതുലിനെ കൊന്നവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചു; സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ജോണ്‍സണ്‍ എജെയ്ക്ക് ബിഗ് സല്യൂട്ട്; ഇതാകണം പോലീസ്

മുണ്ടക്കയം: സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി, പ്രതികളെ പിന്തുടരാന്‍ അദ്ദേഹം സമീപത്തുണ്ടായിരുന്ന ഒരു പിക്ക് അപ്പ് ലോറി തിരഞ്ഞെടുക്കുകയായിരുന്നു. ലോറിയില്‍ പ്രതികളുടെ വാഹനത്തെ പിന്തുടര്‍ന്ന ജോണ്‍സണ്‍, അവരെ തടയാനായി താന്‍ സഞ്ചരിച്ചിരുന്ന ലോറി കൊണ്ട് പ്രതികളുടെ വാഹനത്തില്‍ ഇടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. ഇതോടെ പരിഭ്രാന്തരായ പ്രതികള്‍ അമിതവേഗതയില്‍ വാഹനം ഓടിച്ചു പോകുകയും മുണ്ടക്കയം പുത്തന്‍ചന്ത ഭാഗത്ത് വെച്ച് മറ്റൊരു സ്വിഫ്റ്റ് കാറിലിടിച്ച് അപകടമുണ്ടാവുകയും ചെയ്തു.
അപകടത്തിന് പിന്നാലെ മുണ്ടക്കയം മുരിക്കുംവയല്‍ ഭാഗത്ത് വെച്ച് കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ സമീപത്തെ റബ്ബര്‍ തോട്ടങ്ങളിലേക്കും കാടുകളിലേക്കും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം ജോണ്‍സണ്‍ എജെ ഉടന്‍ തന്നെ കോട്ടയം ജില്ലാ പോലീസ് മേധാവിയെ വിവരമറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ എരുമേലി, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രദേശം മുഴുവന്‍ വളഞ്ഞതോടെ രക്ഷപ്പെടാന്‍ വഴിയില്ലാതെ പ്രതികള്‍ പോലീസിന് കീഴടങ്ങുകയായിരുന്നു. സിനിമയെ വെല്ലുന്ന ഈ സാഹസിക നീക്കത്തിലൂടെ അലുവ അതുല്‍ വധക്കേസിലെ മുഖ്യപ്രതികളാണ് മുണ്ടക്കയത്ത് വെച്ച് പോലീസിന്റെ പിടിയിലായത്.
കൊല്ലം കരുനാഗപ്പള്ളിയെ നടുക്കിയ കൊലപാതകത്തിന് ശേഷം മുണ്ടക്കയം വഴി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ നീക്കം. മുണ്ടക്കയം കോസ്വേ ജംഗ്ഷനിലെ പോലീസ് പരിശോധനയ്ക്കിടെയാണ് പ്രതികള്‍ സഞ്ചരിച്ച വാഹനം ശ്രദ്ധയില്‍പ്പെട്ടത്. പോലീസിനെ കണ്ടതോടെ വാഹനം വെട്ടിച്ചു കടന്ന സംഘത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ ജോണ്‍സണ്‍ എജെ തിരിച്ചറിയുകയായിരുന്നു. തന്റെ കണ്‍മുന്നിലൂടെ കൊലയാളി സംഘം പാഞ്ഞുപോകുമ്പോള്‍ ഒട്ടും വൈകാതെ ഒരു പിക്ക് അപ്പ് ലോറിയില്‍ അദ്ദേഹം അവരെ പിന്തുടരുകയായിരുന്നു. ഈ മനക്കരുത്തിന് മുന്നിലാണ് കൊലയാളി സംഘത്തിന്റെ തമിഴ്നാട് പ്ലാന്‍ പാളിയത്.
പോലീസിനെ വെട്ടിച്ചു മുരിക്കുംവയല്‍ ഭാഗത്തെത്തിയ പ്രതികള്‍ അവിടെയുള്ള ഒരു വീടിന് പിന്നിലിരുന്ന് മദ്യപിക്കാന്‍ തുടങ്ങിയതാണ് ഒടുവില്‍ തിരിച്ചടിയായത്. ജോണ്‍സണ്‍ എജെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് റോഡുകളില്‍ ബസ്സുകള്‍ കുറുകെയിട്ട് പത്മവ്യൂഹം തീര്‍ത്തിരുന്നു. ഇതോടെ രക്ഷപ്പെടാന്‍ വഴിയില്ലാതായ പ്രതികള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും മിനിറ്റുകള്‍ക്കുള്ളില്‍ വന്‍ പോലീസ് സംഘം പ്രദേശം വളയുകയുമായിരുന്നു. മാസങ്ങളോളം നീണ്ടുനില്‍ക്കാവുന്ന ഒളിച്ചോട്ടത്തിനാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ധീരതയിലൂടെ അന്ത്യമായത്.
കഴിഞ്ഞ വര്‍ഷം നടന്ന 'ജിം സന്തോഷ്' വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട അലുവ അതുല്‍. സന്തോഷിനെ അമ്മയുടെ മുന്നിലിട്ട് സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് ശനിയാഴ്ച നടന്ന കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പിട്ടു മടങ്ങവെയാണ് പ്രതികള്‍ അതുലിനെ ആസൂത്രിതമായി വെട്ടിക്കൊന്നത്. പിടിയിലായ പ്രതികളെ കൊല്ലം സിറ്റി പോലീസിന് കൈമാറി.


