- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങളില്‍ കാര്യമായ മാറ്റം വരുത്താന്‍ മന്ത്രിസഭയ്‌ക്കേ അധികാരമുള്ളൂ; ചെറിയ മാറ്റങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ വരുത്താറുണ്ട്; ഡിഎ കുടിശിക വെട്ടിയത് ധനമന്ത്രി ബാലഗോപാലും; പരാതിയുമായി സര്‍വ്വീസ് സംഘടനകള്‍; പിണറായി കട്ടക്കലിപ്പില്‍; കെഎന്‍ബിയ്ക്ക് ശാസന വന്നേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിന് ധനവകുപ്പ് നല്‍കുന്നത് പുല്ലുവിലയോ? ധനവകുപ്പിന്റെ തീരുമാനത്തില്‍ പിണറായി തീര്‍ത്തും അതൃപ്തനെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നാലുശതമാനം ക്ഷാമബത്ത അനുവദിച്ച് ധനവകുപ്പ് ഇറക്കിയ ഉത്തരവിലൂടെ മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചതായി വിലയിരുത്തല്‍ ഉയരുന്നത്. 2023 ജനുവരിമുതലുള്ള കുടിശ്ശിക ഉള്‍പ്പെടെ ക്ഷാമബത്ത അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ ഇത് ധനവകുപ്പ് അംഗീകരിച്ചില്ല. മന്ത്രിസഭ തീരുമാനിച്ച കാര്യം കേരളത്തിലെ ഒരു വകുപ്പ് വെട്ടുന്നത് അത്യപൂര്‍വ്വമാണ്. ഡിഎ വര്‍ധനയിലൂടെ 188 കോടി രൂപയാണ് പ്രതിമാസം സര്‍ക്കാരിന് അധികച്ചെലവ് നേരിടുന്നത്. കുടിശ്ശിക അനുവദിക്കുകയാണെങ്കില്‍ 6204 കോടി രൂപയാണ് ബാധ്യത. ഇതുകൊണ്ടാണ് ധനവകുപ്പ് ചില ഇടപെടല്‍ നടത്തിയതെന്നും സൂചനയുണ്ട്.
ധനവകുപ്പിന്റെ ഉത്തരവില്‍ ജീവനക്കാരുടെ, പെന്‍ഷന്‍കാരുടെ ഡിഎനിരക്ക് നിലവിലുള്ള 18 ശതമാനത്തില്‍നിന്ന് 22 ശതമാനമായി ഉയര്‍ത്തി എന്നുമാത്രം സൂചിപ്പിച്ചതിനാല്‍ കുടിശ്ശിക നിഷേധിക്കപ്പെട്ടു. ഇതുവഴി ഡിഎ വര്‍ധനയുടെ 33 മാസത്തെ കുടിശ്ശികയാണ് നിഷേധിക്കപ്പെട്ടത്. ഇതു ബോധപൂര്‍വ്വമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിനോട് (കെഎന്‍ബി) മുഖ്യമന്ത്രി വിശദീകരണം തേടും. തിരുത്തും ഉണ്ടാകും. സിപിഎം അനുകൂല സര്‍വ്വീസ് സംഘടനകള്‍ പാര്‍ട്ടി നേതൃത്വത്തേയും ഇക്കാര്യം അറിയിച്ചിരുന്നു. ഈ സാഹചര്യത്തെ ഗൗരവത്തില്‍ എടുക്കണമെന്നാണ് അവരുടെ ആവശ്യം. മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങളില്‍ കാര്യമായ മാറ്റം വരുത്താന്‍ മന്ത്രിസഭയ്‌ക്കേ അധികാരമുള്ളൂ. ചെറിയമാറ്റങ്ങള്‍ മുഖ്യമന്ത്രിതലത്തില്‍ വരുത്താറുണ്ട്. ഇക്കാര്യത്തില്‍ ധനവകുപ്പ് ഏകപക്ഷീയമായി മാറ്റംവരുത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ ധനമന്ത്രിയെ മുഖ്യമന്ത്രി ശാസിക്കാനാണ് സാധ്യത.
ഒക്ടോബര്‍ 29-ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതടക്കമുള്ള ക്ഷേമപ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തിയത്. ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും 2023 ജനുവരി ഒന്നുമുതല്‍ നല്‍കാനുള്ള ഒരു ഗഡു ഡിഎ/ഡിആര്‍ (4 ശതമാനം) നവംബര്‍ മാസത്തില്‍ വിതരണം ചെയ്യുന്ന ശമ്പളം/പെന്‍ഷനോടൊപ്പം അനുവദിക്കാവുന്നതാണെന്ന് മന്ത്രിസഭായോഗത്തിനുള്ള കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിര്‍ദേശത്തില്‍ മാറ്റമൊന്നും വരുത്താതെയാണ് മന്ത്രിസഭ അംഗീകരിച്ചത്.
ഈ തീരുമാനപ്രകാരം കുടിശ്ശിക ലഭിക്കത്തക്ക വിധത്തിലാണ് താഴെനിന്ന് ഫയല്‍ ധനവകുപ്പില്‍ എത്തിയതെന്നുമറിയുന്നുവെന്നാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ മന്ത്രിതലത്തില്‍ ഇടപെട്ട് കുടിശ്ശിക ഒഴിവാക്കുകയായിരുന്നു. ഇതാണ് പിണറായിയേയും ചൊടിപ്പിക്കുന്നത്. മുഖ്യമന്ത്രിയെ ധനമന്ത്രി തിരുത്തിയെന്നതാണ് ആക്ഷേപം. മുഖ്യമന്ത്രി എന്നതില്‍ ഉപരി മന്ത്രിസഭാ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടത്. ഇത് ധനമന്ത്രിയുടെ കൂട്ടുത്തരവാദിത്തമില്ലായ്മയായി വ്യാഖ്യാനിക്കുന്നുണ്ട്. ഏതായാലും ഈ വിഷയത്തെ ഉദ്യോഗ തല പിഴവാക്കി മാറ്റി ധനമന്ത്രി തലയൂരുമെന്നും സൂചനകളുണ്ട്.
ഒക്ടോബര്‍ 31-ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ ഡിഎ കുടിശ്ശികയായ തീയതി ഒഴിവാക്കി ജിവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ നിരക്ക് നിലവിലുള്ള 18 ശതമാനത്തില്‍നിന്ന് 22 ശതമാനമായി ഉയര്‍ത്തി എന്നുമാത്രമാണ് കാണിച്ചിട്ടുള്ളത്. ഇതാണ് കുടിശ്ശിക നിഷേധിക്കപ്പെടാന്‍ കാരണമായത്. നിലവില്‍ ആറുഗഡുക്കളായി 13 ശതമാനം ഡിഎയാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശികയുള്ളത്.




