തിരുവനന്തപുരം: ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യം ചെയ്യും. ശബരിമല കൊള്ള കേസില്‍ പ്രതിയായി അറസ്റ്റിലായ ഗോവര്‍ദ്ധന്റെ വീട്ടില്‍ നടന്ന പൂജകളില്‍ മഹേഷ് മോഹനരര്‍ പങ്കെടുത്തുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. മകരവിളക്ക് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകള്‍ സന്നിധാനത്ത് പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍, ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. നേരത്തെ തന്ത്രിമാരില്‍ ഒരാളായ കണ്ഠരര് രാജീവരരിനെ ചോദ്യം ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു.

നിലവില്‍ ശബരിമലയിലെ ഈ ഉത്സവകാല ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് മഹേഷ് മോഹനരരാണ്. ഗോവര്‍ദ്ധന്റെ വീട്ടില്‍ നടന്ന ചില പ്രത്യേക പൂജകള്‍ക്ക് തന്ത്രി നേരിട്ടെത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക-ആത്മീയ ഇടപാടുകളില്‍ തന്ത്രിയുടെ പങ്കും മറ്റ് ദുരൂഹതകളും നീക്കാനാണ് എസ്.ഐ.ടിയുടെ നീക്കം. ശബരിമല തീര്‍ത്ഥാടനം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തന്ത്രിക്കെതിരെയുള്ള ഈ നീക്കം ദേവസ്വം ബോര്‍ഡിനെയും ഭക്തരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മകരവിളക്ക് പൂജകള്‍ കഴിഞ്ഞ് 20-ന് നട അടച്ച് തന്ത്രി മലയിറങ്ങിയാലുടന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മറ്റൊരു തന്ത്രിയായ കണ്ഠരര് രാജീവരരിനെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മഹേഷ് മോഹനരര്‍ക്കും കുരുക്ക് മുറുകുന്നത്. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ തന്ത്രിയെ ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്നാണ് പോലീസ് നിലപാട്. മുന്‍പ് അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് എസ്ഐടിയുടെ ശ്രമം.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായകമെന്ന് കരുതപ്പെടുന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കൊല്ലം വിജിലന്‍സ് കോടതിയാണ് വിഎസ്എസ്സി നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് കൈമാറിയത്. ദ്വാരപാലക ശില്പം, കട്ടിളപ്പാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ഇന്നലെയാണ് വിഎസ്എസ്സിയില്‍ നിന്നും മുദ്രവച്ച കവറില്‍ ശാസ്ത്രീയ പരിശോധനാഫലം കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഈ പരിശോധനാ ഫലം നിര്‍ണായകമാണ്.

ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. 19ന് ഹൈക്കോടതിയില്‍ കൊടുക്കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഈ ശാസ്ത്രീയ അന്വേഷണഫല റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തും. സ്വര്‍ണപാളികള്‍ മാറ്റിയോ, ശബരിമലയില്‍ ഇപ്പോഴുള്ളത് പഴയപാളികളാണോ അതോ പുതിയ പാളികളാണോ, പാളികളിലെ സ്വര്‍ണത്തിന്റെ അളവ് തുടങ്ങിയവ നിര്‍ണയിക്കുന്ന പരിശോധനയാണ് നിലവില്‍ നടത്തിയിട്ടുള്ളത്.

അതേസമയം, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാമെന്ന് ജയില്‍ ഡോക്ടര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.