- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡിഷയിലെ രഹസ്യ ദ്വീപില്‍ ഹാഷിഷ് ലാബ്; 300 കോടിയുടെ ലഹരിവേട്ട; മുപ്പത് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ 'കഞ്ചാവ് രാജാവിനെ' പിടികൂടി പോലീസ്; ഓപ്പറേഷന് ഫെബ്രുവരിയില്‍ കുടുങ്ങിയത് വമ്പന്‍ സ്രാവെന്ന് ഒഡീഷക്കാര്‍ അറിഞ്ഞത് കേരളത്തില്‍ എത്തിയപ്പോള്‍; അലന് പൊന്നുവിനെ പൊക്കിയത് അതിസാഹസിക ഓപ്പറേഷനില്‍; നന്തന്‍കോട്ടെ പയ്യന് അകത്താകുമ്പോള്‍ ആശ്വാസം കേരളത്തിനും

ഭുവനേശ്വര്‍/തിരുവനന്തപുരം: കഞ്ചാവ് കടത്തുന്നതിനേക്കാള്‍ ലാഭവും എളുപ്പവും ഹാഷിഷ് ഓയില്‍ നിര്‍മാണമാണെന്ന് തിരിച്ചറിഞ്ഞ് ഒഡിഷയിലെ ഘോരവനത്തില്‍ രഹസ്യ ലാബ് നടത്തിവന്ന തിരുവനന്തപുരം സ്വദേശി അലന്‍ രാജും സംഘവും ഒഡിഷ പോലീസിന്റെ പിടിയിലായത് നിര്‍ണ്ണായക ഓപ്പറേഷനില്‍. ഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. ഫെബ്രുവരിയില്‍ നടന്ന അതീവ രഹസ്യമായ ഈ പോലീസ് നീക്കത്തില്‍ അലനൊപ്പം മൂന്ന് മലയാളികളും രണ്ട് ഒഡിഷ സ്വദേശികളുമാണ് വലയിലായത്.
കൊറാപുട്ടിലെ ജലാപുട്ട് റിസര്‍വോയറിനുള്ളിലെ ഒരു രഹസ്യ ദ്വീപിലായിരുന്നു അലന്‍ തന്റെ 'ലഹരി സാമ്രാജ്യം' പടുത്തുയര്‍ത്തിയത്. വനത്തിനുള്ളില്‍ അത്യാധുനിക ലാബ് സൗകര്യങ്ങളോടെയായിരുന്നു ഹാഷിഷ് ഓയില്‍ നിര്‍മ്മാണം. പുറംലോകം അറിയാതിരിക്കാന്‍ ബോട്ടുകളില്‍ മാത്രം എത്തിപ്പെടാവുന്ന ഈ ദ്വീപ് തിരഞ്ഞെടുത്ത അലന്‍, അവിടെ കഞ്ചാവ് വാറ്റി ഹാഷിഷ് ഓയിലാക്കി മാറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചു വരികയായിരുന്നു.
വനത്തിനുള്ളില്‍ മുപ്പത് മണിക്കൂറോളം നീണ്ട തിരച്ചിലിനും പോലീസുമായുള്ള ഏറ്റുമുട്ടലിനുമൊടുവിലാണ് പ്രതികളെ കീഴടക്കിയത്. പോലീസെത്തുന്നത് അറിഞ്ഞതോടെ അലനും സംഘവും വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തന്ത്രപരമായ നീക്കത്തിലൂടെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. വനത്തിനുള്ളിലെ കാഴ്ചകള്‍ അന്വേഷണ സംഘത്തെപ്പോലും ഞെട്ടിക്കുന്നതായിരുന്നു.
ദ്വീപിലെ ലാബില്‍ നിന്നും 1800 ലിറ്ററോളം ഹാഷിഷ് ഓയിലും ആയിരം കിലോയിലധികം ഉണങ്ങിയ കഞ്ചാവും പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ 300 കോടിയിലധികം രൂപ വിലമതിക്കും. വന്‍തോതില്‍ ഹാഷിഷ് ഓയില്‍ സൂക്ഷിക്കാന്‍ 2000 ലിറ്ററിന്റെ കന്നാസുകള്‍ വരെ ലാബില്‍ സജ്ജീകരിച്ചിരുന്നു.
തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അലന്‍ ജയരാജ് (അലന്‍ പുന്നൂസ്) കേരള പോലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണ വലയിലുണ്ടായിരുന്ന വന്‍ സ്രാവാണ്. ചെറിയ രീതിയില്‍ ലഹരി വില്‍പന തുടങ്ങിയ അലന്‍ പിന്നീട് അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ സ്ഥാപിക്കുകയും ലഹരിക്കടത്തിലെ പ്രധാനിയായി മാറുകയും ചെയ്യുകയായിരുന്നു. ഇയാള്‍ പിടിയിലായതോടെ കേരളത്തിലേക്കുള്ള ലഹരി ഒഴുക്കിന് വലിയ തോതില്‍ തടയിടാനാകുമെന്നാണ് കരുതുന്നത്.
കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അലനെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 16-ന് തിരുവനന്തപുരം പാപ്പനംകോട് നിന്ന് ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 300 കിലോ കഞ്ചാവ് പിടികൂടിയ കേസിലും അലന് പങ്കുണ്ടെന്ന് സൂചനയുണ്ട്. അന്ന് പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരി ശൃംഖലയുടെ ആഴം വ്യക്തമായത്.
അലനെ കൂടാതെ തിരുവനന്തപുരം സ്വദേശികളായ ആനന്ദ് രാജ്, കിരണ്‍, ബിത്തു എന്നിവരും ഒഡിഷ സ്വദേശികളായ സാധുഭംഗി, ലക്ഷ്മണ്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത വിവരം ആഴ്ചകള്‍ക്ക് ശേഷമാണ് ഒഡിഷ പോലീസ് കേരള പോലീസിനെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒഡിഷ പോലീസ് തിരുവനന്തപുരത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.
നേമം സി.ഐ അജിത് കുമാര്‍, മുന്‍ സി.ഐ രഗീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നേരത്തെ കേരളത്തില്‍ നടത്തിയ അന്വേഷണത്തില്‍ അലന്റെ സംഘത്തിലെ ഹരികൃഷ്ണന്‍, ജയ്‌സണ്‍ എന്നിവര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കൂടി കൂട്ടിയിണക്കിയാണ് ലഹരി ശൃംഖലയുടെ തലവനായ അലനിലേക്ക് അന്വേഷണം എത്തിയത്.
കഞ്ചാവ് കെട്ടുകളായി കടത്തുന്നത് പിടിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് കണ്ടാണ് അലന്‍ ഹാഷിഷ് ഓയില്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്. ദ്രവരൂപത്തിലാകുമ്പോള്‍ എളുപ്പത്തില്‍ കടത്താമെന്നതും ലാഭം പത്തിരട്ടി വര്‍ദ്ധിക്കുമെന്നതും ഇയാളെ ഈ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു. കേരളത്തിലേക്കും ഇത്തരത്തില്‍ വന്‍തോതില്‍ ലഹരി എത്തിച്ചിരുന്നു.
അലന്‍ പുന്നൂസ് എന്നറിയപ്പെടുന്ന ഇയാള്‍ തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഒഡിഷ പോലീസിന്റെ സാഹസികമായ ഈ നീക്കം രാജ്യത്തെ തന്നെ മയക്കുമരുന്ന് വ്യാപാരത്തിന് ഏറ്റ വലിയ പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്.


