തിരുവനന്തപുരം: ശബരിമലയില്‍ നിന്നും സ്വര്‍ണ്ണ കൊള്ള നടത്തിയവര്‍ പമ്പയിലേക്കുള്ള വഴിയൊരുക്കലിന്റെ പേരിലും പണം തട്ടി. പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ശബരിമലയിലേക്കുള്ള സുഗമ യാത്രയായിരുന്നു. തിരുവനന്തപുരം ഭാഗത്തു നിന്നും കോട്ടയത്തു നിന്നും വരുന്നവര്‍ക്ക് ഇതുവഴി അതിവേഗം സന്നിധാനത്ത് എത്താം. ഇടറോഡുകളിലെ തിരക്ക് കുറയ്ക്കാനും കഴിയും. പക്ഷേ റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ നടന്നതും പിരിവാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ അന്വേഷണം നടത്താന്‍ പലരും മടിച്ചു. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള നടത്തിയത് ദേവസ്വം ബോര്‍ഡാണെങ്കില്‍ റോഡിലെ കൊള്ള പൊതുമരാമത്ത് വകയാണ്. ഈ കൊള്ളയിലെ അന്വേഷണം അട്ടിമറിച്ചത് ഉന്നതരെ രക്ഷിച്ചെടുക്കാനാണ്. ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ എഫ് ഐ ആര്‍ പ്രകാരം പ്രതിസസ്ഥാനത്തുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രമുഖന്റെ അടുത്ത ബന്ധവും ഈ റോഡ് പണിയില്‍ പങ്കാളിയാണ്. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മ്മാണത്തില്‍ പ്ലാനും അലൈന്‍മെന്റുമടക്കം അട്ടിമറിച്ചു എന്ന് ആരോപണത്തിലെ അന്വേഷണം എങ്ങും എത്തുന്നില്ല.. പലയിടത്തും കല്ലിട്ട സ്ഥലം പൂര്‍ണ്ണമായി ഏറ്റെടുക്കുകയോ, എടുത്ത സ്ഥലം വിനിയോഗിക്കുകയോ ചെയ്തിട്ടില്ല. നിര്‍മ്മാണത്തിലെ വീഴ്ചകളാണ് നിരന്തര അപകടത്തിന് കാരണം എന്ന ആരോപണം സജീവമാകുമ്പോഴും അന്വേഷണം എങ്ങുമെത്താത്തില്‍ ദുരൂഹത കൂടുകയാണ്. ഇതിനിടെ വിഷയത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഗവര്‍ണര്‍ അയച്ച കത്തും ആവിയായി.

പുനലൂര്‍-മൂവാറ്റുപുഴ പാതയുടെ നിര്‍മാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട നടപടിക്കായി ഗവര്‍ണര്‍ നല്‍കിയ കത്ത് ഒരു മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിച്ചിട്ടില്ലെന്നത് ഗൗരവമുള്ള വിഷയമാണ്. പൊതുപ്രവര്‍ത്തകനായ അനില്‍ കാറ്റാടിക്കല്‍ ഗവര്‍ണര്‍ക്കു നല്‍കിയ പരാതിയാണ് അന്വേഷണത്തിനായി മുഖ്യമന്ത്രിയുടെ ഓഫിസിലെ അണ്ടര്‍ സെക്രട്ടറിക്കു നല്‍കിയത്. വിവരാവകാശം വഴിയാണ് കത്തു കിട്ടിയിട്ടില്ലെന്ന് അറിഞ്ഞത്. സെപ്റ്റംബറിലാണ് ഈ മറുപടി കിട്ടിയത്. പാതയിലെ നിര്‍മാണ ക്രമക്കേടു ചൂണ്ടിക്കാട്ടി അനില്‍ വിജിലന്‍സിനു പരാതി നല്‍കിയിട്ടിട്ട് 45 മാസം പിന്നിട്ടിട്ടും പ്രാഥമികാന്വേഷണം മാത്രമാണു നടന്നത്. തുടര്‍ന്നാണ് അദ്ദേഹം ഗവര്‍ണറെ സമീപിച്ചത്. വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിനു പത്തനംതിട്ട വിജിലന്‍സ് ശുപാര്‍ശ ചെയ്തത്. എസ്‌ഐടി വണ്‍ തുടര്‍ അന്വേഷണം ആരംഭിച്ചിരുന്നു. പക്ഷേ നാലു വര്‍ഷമായിട്ടും ഒന്നും സംഭവിച്ചില്ല. ശബരിമലയെ പുറംലോകവുമായി കണക്ട് ചെയ്യുന്ന പ്രധാന പാതയാണ് ഇതെന്നതാണ് വസ്തുത. ഇവിടെ റോഡ് അപകടങ്ങള്‍ പതിവാണ്. കരാര്‍ ലംഘനമാണ് ഇതിന് കാരണമെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.

2023 ഡിസംബര്‍ 30 മുതല്‍ പുനലൂര്‍ കോന്നി റീച്ചിലെ വാറണ്ടി പിരീഡ് തുടങ്ങിയതാണ്. കരാറില്‍ പറഞ്ഞിരിക്കുന്ന ബസ് ബേകള്‍, പാര്‍ക്കിങ് സ്ഥലം, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ , സൈന്‍ ബോര്‍ഡുകള്‍ എന്നിവ പൂര്‍ത്തിയാക്കാതെയാണ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നാണ് ആരോപണം. പുനലൂര്‍ മൂവാറ്റുപുഴ റോഡിലെ മൂന്ന് റീച്ചുകളില്‍ ഗുരുതരമായ പ്രശ്‌നമുള്ളത് റാന്നി മേഖലയിലാണ് എന്നാണ് ആരോപണം. 23 മീറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്ന ഇടങ്ങളില്‍ വീതി പകുതി ആയി ചുരുങ്ങിയിട്ടുണ്ട്. പണം കൊടുത്ത് ഏറ്റെടുത്ത പല സ്ഥലങ്ങളും തിരിച്ച് ഉടമകള്‍ക്ക് തന്നെ കൈമാറി. ഇത് അനധികൃത പരിവെടുത്താണെന്നാണ് ആരോപണം. വന്‍ സാമ്പത്തിക അഴിമതിയാണ് ആരോപിക്കുന്നത്. അലൈന്‍മെന്റില്‍ അടക്കം വീഴ്ചകള്‍ ഉണ്ട്. പലയിടത്തും കല്ലിട്ട സ്ഥലങ്ങള്‍ വരെ ഏറ്റെടുത്തിട്ടില്ല. റോഡ് നിര്‍മ്മാണത്തിലെ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം എല്ലാ ആര്‍ത്ഥത്തിലും അട്ടിമറിച്ചു. നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ വീഴ്ചകള്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍കുമാര്‍ അറിയിച്ചതാണ്. പക്ഷേ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഇതിനൊപ്പമാണ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഗവര്‍ണര്‍ അയച്ച കത്തും കാണാതായത്. ഇപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട്. കോടികളുടെ അഴിമതിയില്‍ കള്ളപ്പണ ഇടപാടുണ്ടെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ ഇഡിക്ക് വിഷയത്തില്‍ ഇടപെടാം. ലോക ബാങ്ക് സഹായമുള്ള പദ്ധതിയില്‍ ഗാരന്റി നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. അതുകൊണ്ട് ഫണ്ട് ദുരുപയോഗം സിബിഐയ്ക്കും അന്വേഷിക്കാവുന്നതാണ്.

പാലാരിവട്ടം പാലം നിര്‍മ്മിച്ച വിവാദ കമ്പനിക്ക് റോഡ് നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതും വിവാദമായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും ബലക്ഷയമുണ്ടായ പാലം പണിത ആര്‍ഡിഎസ് പ്രൊജക്ട്സ് എന്ന കമ്പനിയെ, സര്‍ക്കാര്‍ മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന പാത നിര്‍മ്മിക്കാന്‍ ഏല്‍പിച്ചുവെന്നതായിരുന്നു ഇതിന് കാരണം. പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെ മൂന്ന് റീച്ചില്‍ ഒന്നിന്റെ കരാര്‍ ഡല്‍ഹി ആസ്ഥാനമായ ആര്‍ഡിഎസ് കമ്പനിക്കായിരുന്നു. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കവെയാണിത്. വിവാദകമ്പനി ടെന്‍ഡറില്‍ പങ്കെടുത്തിട്ടും കെഎസ്ടിപി അധികൃതര്‍ നടപടിയെടുത്തില്ല. പുനലൂര്‍ മുതല്‍ കോന്നി വരെയുള്ള റോഡ് നിര്‍മ്മിക്കാനാണ് ആര്‍ഡിഎസിന് കരാര്‍ നല്‍കിയത്. പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള റോഡ് നിര്‍മ്മാണത്തിന് മൂന്ന് കമ്പനികള്‍ക്ക് കൂടി ചേര്‍ത്ത് ആകെ 734 കോടിയുടെ കരാറാണ് സര്‍ക്കാര്‍ നല്‍കിയത്. തിരുവനന്തപുരത്തുള്ള ശ്രീധന്യ ഗ്രൂപ്പ്, ഇകെകെ ഗ്രൂപ്പ് പെരുമ്പാവൂര്‍ എന്നിവയാണ് മറ്റ് കമ്പനികള്‍.

പൊന്‍കുന്നം-പുനലൂര്‍ 82 കിലോമീറ്റര്‍ വികസിപ്പിച്ചത് 748.67 കോടി രൂപയ്ക്കാണ്. 850 കോടിയോളം രൂപ ഇതിനകം ചെലവഴിച്ചു. സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ 2,000 കോടിയോളം രൂപ പാതയുടെ നവീകരണത്തിനായിട്ടുണ്ട്. ക്രമക്കേടുകള്‍ മൂലം 500 കോടിയോളം രൂപ നഷ്ടമുണ്ടായെന്നാണു പരാതി. സ്ഥലമെടുപ്പ്, ഓട, കലുങ്ക് എന്നിവയുടെ നിര്‍മാണത്തിലും പരിപാലനത്തിലും ക്രമക്കേടുകളുണ്ടെന്ന് പരാതിയില്‍ പറയുന്നു. നിര്‍മാണ ഘട്ടത്തില്‍ 10 യാഡുകള്‍ ഏറ്റെടുത്തിരുന്നു. യാഡുകളുടെ വിശദാംശങ്ങള്‍ വിവരാവകാശ പ്രകാരം കെഎസ്ടിപി അനിലിനു നല്‍കിയിരുന്നു. യാഡിലെ മണ്ണ് ലേലം ചെയ്യാന്‍ ഉടമയുമായി കരാര്‍ വ്യവസ്ഥയില്ലെന്നാണു വിശദീകരണം. താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ടു നികത്തി നല്‍കിയതിലൂടെ കോടികളുടെ ക്രമക്കേടാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പ്ലാച്ചേരി-കോന്നി നിര്‍മാണം നടന്ന സമയത്ത് കോടിക്കണക്കിനു രൂപയുടെ കല്ലും മണ്ണും കരാറുകാരന് സൗജന്യമായി ലഭിച്ചു. ഇതാണ് പണിക്ക് ഉപയോഗിച്ചത്. പാര്‍ശ്വ ഭിത്തി നിര്‍മിക്കുന്നതിന് 45.6 കോടി രൂപയാണ് കരാറില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ കല്ലും മണ്ണും നീക്കുന്നതിന് 7.5 കോടി രൂപ അധികമായും നല്‍കി.


പണികള്‍ നടക്കുമ്പോള്‍ തന്നെ കെഎസ്ടിപി പണി പൂര്‍ത്തിയായെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. പ്ലാച്ചേരിപൊന്‍കുന്നം ഭാഗം 2021 നവംബര്‍ 21നും കോന്നിപ്ലാച്ചേരി ഭാഗം 2022 ഏപ്രില്‍ 18നും കോന്നിപുനലൂര്‍ ഭാഗം 2023 ഡിസംബര്‍ 30നും പൂര്‍ത്തിയായെന്നാണ് കെഎസ്ടിപി രേഖാമൂലം അറിയിച്ചിരിക്കുന്നത്.


റോഡില്‍ അപകട കെണിയും

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ അപകടം പതിവാണ്. സംസ്ഥാനപാതയുടെ ഭാഗമായ പൊന്‍കുന്നം പാലാ റോഡിലെ എലിക്കുളം മുതല്‍ പൊന്‍കുന്നം മണിമല റോഡിലെ പഴയിടം വരെയുള്ള ഭാഗത്താണു കൂടുതലും അപകടങ്ങളും ഉണ്ടാകുന്നത്. 10 മാസത്തിനുളളില്‍ ഇരുപത്തിയഞ്ചോളം അപകടങ്ങളാണു നടന്നത്. ഒരാള്‍ മരിക്കുകയും പതിനഞ്ചോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശബരിമല സീസണില്‍ ഈ റോഡില്‍ കരുതലുകള്‍ അനിവാര്യതയാണ്. രാത്രിയും പുലര്‍ച്ചെയുമാണു അപകടങ്ങള്‍ ഏറെയും നടക്കുന്നത്. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകന്നതും മഴവെള്ളം വീണു തെന്നിക്കിടക്കുന്ന റോഡും അപകടങ്ങള്‍ക്ക് കാരണമാകുന്നു. റോഡ് പരിചയമില്ലാതെ എത്തുന്ന വാഹനങ്ങള്‍ അമിതവേഗത്തിലാണ് പോകുന്നതെന്നു നാട്ടുകാര്‍ പറയുന്നു. വാഹനങ്ങള്‍ റോഡില്‍ നിയന്ത്രണം വിട്ടു മറിയുന്ന അപകടങ്ങളാണ് ഏറെയും.

റോഡിലെ അപകടങ്ങളെ കുറിച്ച് നാറ്റ്പാക് പഠനം നടത്തി വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.വളവുകള്‍ കുറയ്ക്കുമെന്ന് നിര്‍മാണ സമയത്ത് അറിയിച്ചിരുന്നെങ്കിലും പാലാ 12-ാം മൈല്‍, പൂവരണി, വഞ്ചിമല, പനമറ്റംകവല, ഇളങ്ങുളം എന്നിവിടങ്ങളിലെ വളവുകള്‍ നിവര്‍ത്തിയിട്ടില്ല. പൊലീസിനെ നിയോഗിച്ച് വാഹനങ്ങളുടെ വേഗ നിയന്ത്രണം കര്‍ശനമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2 വര്‍ഷം മുന്‍പ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി സൂപ്രണ്ട് പൊലീസിനു കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല. മണ്ഡലകാലത്തിനു മുന്‍പ് റോഡിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.

പൊന്‍കുന്നം പാലാ റോഡിലുണ്ടായിരുന്ന നാനൂറിലേറെ സൗരോര്‍ജ വഴിവിളക്കുകളില്‍ ഭൂരിഭാഗവും തകരാറിലായി. ഇപ്പോള്‍ ചിറക്കടവ്, എലിക്കുളം പഞ്ചായത്തുകളുടെ പരിധിയില്‍ പഞ്ചായത്ത് സ്ഥാപിച്ച വഴിവിളക്കുകളുടെ പ്രകാശം വിശാലമായ റോഡില്‍ പരിമിതമാണ്. ഡിം ചെയ്യാതെ വാഹനങ്ങളോടുമ്പോള്‍ വെളിച്ചക്കുറവുമൂലം വഴിയാത്രക്കാരെ ഡ്രൈവര്‍മാര്‍ കാണാത്ത സ്ഥിതിയുണ്ട്. പൈക മുതല്‍ എലിക്കുളം മടുക്കക്കുന്ന് വരെ അടുത്തയിടെ റീടാറിങ് നടത്തി. ഇതോടെ റോഡിനു നടുവിലെയും അരികിലെയും വരകളും റിഫ്‌ലക്ടറുകളും മറഞ്ഞു. പലയിടങ്ങളിലും സീബ്രാ വരകളും മാഞ്ഞു.