- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനില്‍ 'മറുനാടനെ' അസഭ്യം പറഞ്ഞു; സിനിമാ സംവിധായികയുടെ ഭര്‍ത്താവിന്റെ ആ പരാതിയും കൈക്കലാക്കി; സിപിഎമ്മിന്റെ രഹസ്യ രേഖ കോടതിയിലൂടെ തന്ത്രപരമായി പുറത്തു വിട്ടത് പ്രതികാരമോ? അന്‍വറിന്റെ മറ്റൊരു അനുയായി കൂടി തലവേദനയാകുന്നു; 'മറുനാടന്‍' വേട്ട പിണറായിയ്ക്ക് വിനയായി മാറുമ്പോള്‍
തിരുവനന്തപുരം: സിപിഎം നേതാക്കളുമായുള്ള സാമ്പത്തിക ഇടപാടടക്കം പരാമര്‍ശിക്കുന്ന, പാര്‍ട്ടിക്ക് ലഭിച്ച പരാതി സ്വകാര്യ അന്യായത്തിനൊപ്പം കോടതിയില്‍ എത്തിയത് വിവാദമായെന്ന് റിപ്പോര്‍ട്ട്. പൊളിറ്റ് ബ്യൂറോയുടെ കൈവശമുള്ള രേഖ ചോര്‍ന്നുവെന്നും സൂചനകളുണ്ട്. ലണ്ടന്‍ പ്രതിനിധിയെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിസ്ഥാനത്തുനിന്ന് മാറ്റിയെന്ന വാര്‍ത്തസംബന്ധിച്ച് അദ്ദേഹം മാധ്യമങ്ങള്‍ക്കെതിരേ നല്‍കിയ മാനനഷ്ടക്കേസിലാണ് ഈ രേഖയുള്ളത്. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മറുനാടന്‍ മലയാളിയ്‌ക്കെതിരായ ഗൂഡാലോചനകളില്‍ എല്ലാം പങ്കെടുത്ത പ്രധാനിയാണ് രേഖ ചോര്‍ത്തിയത്. ഇത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്.
മധുരയില്‍ നിന്നും പുറത്താക്കിയ ആള്‍ക്കെതിരെ പാര്‍ട്ടിയോട് അടുപ്പമുള്ള ചെന്നൈയിലെ ഒരു വ്യവസായി പാര്‍ട്ടി കോണ്‍ഗ്രസിനുമുന്‍പ് പിബിക്കുനല്‍കിയ പരാതിയാണ് മാധ്യമങ്ങള്‍ക്ക് ലഭ്യമാകുംവിധം കോടതിയില്‍ സമര്‍പ്പിച്ചത്. മാനനഷ്ടക്കേസുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത പരാതി എന്തിന് കേസ് രേഖയായി നല്‍കി എന്ന് വ്യക്തമല്ല. അബദ്ധത്തില്‍ ഉള്‍പ്പെട്ടതാണോ എന്നുമറിയില്ല. എന്നാല്‍ മനപ്പൂര്‍വ്വം നല്‍കിയതാണെന്നും സൂചനയുണ്ട്. ഇതോടെ ആരോപണങ്ങള്‍ പുതിയ തലത്തില്‍ എത്തുകയാണ്. എംഎ ബേബിയുടെ ഇടപെടലിലാണ് ലണ്ടന്‍ പ്രതിനിധിയെ തിരിച്ചയയ്‌ക്കേണ്ടി വന്നത്-ഇതാണ് മാതൃഭൂമി വാര്‍ത്ത. പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതിന്റെ പ്രതികാരം തീര്‍ക്കാനാണ് ലണ്ടന്‍ പ്രതിനിധി രേഖ ചോര്‍ത്തിയതെന്നും വിലയിരുത്തലുണ്ട്. മറുനാടന്‍ വേട്ടയുടെ ചുക്കാന്‍ പിടിച്ചവരില്‍ ഒരാളാണ് ഈ വിദേശ പ്രതിനിധി. അതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനായി മാറുകയും ചെയ്തു. സിപിഎമ്മിലെ പല ഉന്നത നേതാക്കളുമായും അടുപ്പമുണ്ട്. ഇത് കൂടുതല്‍ ശക്തമാക്കാനായിരുന്നു രാജേഷ് കൃഷ്ണ ശ്രമിച്ചത്.
മധുരയിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്ന് മലയാളിയായ വിദേശപ്രതിനിധിയെ മടക്കി അയച്ചത് വലിയ ചര്‍ച്ചയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി യുകെയില്‍നിന്ന് എത്തിയ രാജേഷ് കൃഷ്ണയെയാണു മടക്കിയയച്ചത്. കേന്ദ്ര കമ്മറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ മടക്കി അയയ്ക്കാന്‍ സംഘടനാ ചുമതലയുള്ള എം.എ.ബേബി നിര്‍ദേശിച്ചത്. രാജേഷിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കല്ലെന്ന് ഇ.പി.ജയരാജന്‍ നിലപാടെടുത്തെന്നും അത് എം.എ.ബേബി നടപ്പിലാക്കിയെന്നുമാണു വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി അടുത്ത ബന്ധമുള്ള ആളാണ് രാജേഷ് കൃഷ്ണ. പി.വി.അന്‍വറുമായുള്ള രാജേഷിന്റെ അടുപ്പവും സാമ്പത്തിക പരാതികളും ഏറെ വിവാദമായിരുന്നു.
സിനിമാ നിര്‍മാതാവ് കൂടിയായ രാജേഷ് കൃഷ്ണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയിരുന്നു. പത്തനംതിട്ട സ്വദേശിയായ രാജേഷ് കൃഷ്ണ ബ്രിട്ടനിലെ സിപിഎം സംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണു പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയത്. പത്തനംതിട്ടയിലെ മുന്‍ എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായ രാജേഷ് ബ്രിട്ടനില്‍ സ്ഥിര താമസക്കാരനാണ്. സിനിമ സംവിധായികയെ സാമ്പത്തികമായി കബളിപ്പിച്ചു എന്നുകാട്ടി സംവിധായികയുടെ ഭര്‍ത്താവ് രാജേഷിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. ഇത് ഉള്‍പ്പെടെ രാജേഷിനെതിരായ പരാതികള്‍ കേന്ദ്ര കമ്മിറ്റിക്ക് മുന്‍പിലെത്തിയിരുന്നു.
പി.വി. അന്‍വറിനു വേണ്ടി ഷാജന്‍ സക്‌റിയയെ ലണ്ടനിലെ എയര്‍ പോര്‍ട്ടില്‍ അസഭ്യം പറഞ്ഞതും ഇയാളാണ്. മധുര സമ്മേളനത്തിന് മുന്നോടിയായുള്ള കേന്ദ്രകമ്മിറ്റി യോഗത്തിലാണ് രാജേഷിനെ തിരിച്ചയയ്ക്കാന്‍ തീരുമാനമുണ്ടായത്. തുടര്‍ന്നാണ് പ്രതിനിധി സമ്മേളനത്തില്‍നിന്ന് ഇയാളെ ഒഴിവാക്കിയത്. ഇത് വിവാദമായി. ഇതുമായി ബന്ധപ്പെട്ട കേസിലാണ് വിവാദ രേഖ സമര്‍പ്പിച്ചതെന്നാണ് സൂചന. പുറത്തു വന്ന രേഖയില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ഇതെല്ലാം പുറത്തുവന്നാല്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഈ പരാതിയിലൂടെ പാര്‍ട്ടിയെ അറിയിച്ചത്. സര്‍ക്കാര്‍ തീരമേഖലയില്‍ നടപ്പാക്കിയ ചില പദ്ധതികള്‍ വിദേശത്തെ കടലാസ് കമ്പനിയുമായി ചേര്‍ന്നുള്ള സാമ്പത്തികത്തട്ടിപ്പിന്റെ ഭാഗമാണെന്നരീതിയിലും പറയുന്നുണ്ട്. തെളിവുസഹിതമാണ് പിബിക്ക് നല്‍കിയത്.
അതിഗൗരവമുള്ളതും രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടതുമായ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം പാര്‍ട്ടി അന്വേഷിക്കുകയും നടപടിയെടുക്കുകയും വേണമെന്നാണ് ആവശ്യം. പിബിക്കുനല്‍കിയ പരാതി പാര്‍ട്ടിയിലെ രഹസ്യരേഖയായി മാറേണ്ടതാണ്. പരാതിക്കാരനും പിബിക്കും മാത്രം അറിയുന്ന പരാതി എങ്ങനെ ആരോപിതന്‍ കേസ് രേഖകള്‍ക്കൊപ്പം കോടതിയില്‍ നല്‍കി എന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ചോദ്യം.
പരാതിയിലെ ഗുരുതര ആരോപണങ്ങള്‍
തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ചെയ്ത ഒരു കമ്പനിയിലേക്ക് വിദേശത്തുനിന്ന് വന്‍തോതില്‍ പണം അയക്കുകയും അത് പ്രത്യേക അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇങ്ങനെ വ്യക്തിഗത അക്കൗണ്ടുകളിലേക്കുവന്ന പണം ഇടതുപക്ഷത്തെ നേതാക്കള്‍ക്ക് നല്‍കി. തിരഞ്ഞെടുപ്പു സമയത്ത് നല്‍കിയ പണത്തിനുപുറമേ, കണ്‍സള്‍ട്ടന്‍സി, മറ്റുസേവനങ്ങള്‍ തുടങ്ങിയ പേരിലാണ് ഈ പണം നല്‍കിയിട്ടുള്ളത്. മുന്‍മന്ത്രിമാരായവര്‍ക്കും ഇപ്പോഴത്തെ മന്ത്രിമാര്‍ക്കും ഫണ്ട് നല്‍കിയിട്ടുണ്ട്. ഇതെല്ലാം പുറത്തുവന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടിത്തറതന്നെ ഇളകും.
വിദേശനിക്ഷേപനിയമം ലംഘിച്ചതിന്, ഈ ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ കമ്പനിക്കുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് അവിടത്തെ ഡിജിപി റദ്ദാക്കി. ഈ അന്വേഷണം പാര്‍ട്ടിയിലേക്കും അതിന്റെ നേതാക്കളിലേക്കും എത്തുമെന്ന് ഭയപ്പെടുന്നു. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും സ്വാധീനം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കണം.