ശബരിമല: സ്വര്‍ണപ്പാളി മോഷണക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യഹര്‍ജിയിലെ വിചിത്രവാദങ്ങള്‍ ഇവരെ കൂടുതല്‍ കുഴപ്പത്തിലാക്കും. 1998 ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകളില്ലെന്ന വാദത്തില്‍ ഊന്നിയാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെ ജാമ്യഹര്‍ജികള്‍ വന്നിരിക്കുന്നത്. 98 ലെ രേഖകള്‍ എസ്ഐടിക്ക് നല്‍കാതെ ദേവസ്വം ബോര്‍ഡ് ഒളിച്ചു കളിച്ചതും ഇതേ വാദത്തിന് സാധൂകരണം നല്‍കുന്നതിന് വേണ്ടിയായിരുന്നുവെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഒക്ടോബര്‍ 31 ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു നിന്ന് കണ്ടെത്തിയ 420 പേജുള്ള ഫയല്‍ എസ്ഐടിയുടെ കൈവശം ഉണ്ട്. പ്രതികളുടെ ഭാഗത്തെ വീഴ്ചകള്‍ അന്വേഷണ സംഘം കണ്ടെത്തിയതോടെ പ്രതിരോധത്തിന് കൂടുതല്‍ വഴികള്‍ തേടുകയാണ് പ്രതിഭാഗം അഭിഭാഷകര്‍.

വിവാദം തുടങ്ങിയപ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ എ.പത്മകുമാര്‍ പ്രതികരിച്ചത് പാളികള്‍ ചെമ്പാണെന്നാണ്. പിന്നീട് സ്വര്‍ണം പൂശിയത് എന്ന വാദം അംഗീകരിച്ചു. കേസില്‍ പത്മകുമാര്‍ അറസ്റ്റിലുമായി. എന്‍. വാസുവിന്റെ വാദങ്ങള്‍ പാളികള്‍ പുറത്തു കൊണ്ടുപോയ തീരുമാനങ്ങളില്‍ തനിക്കു പങ്കില്ല എന്നതായിരുന്നു. താന്‍ ചുമതലയേറ്റ സമയവും മാറിയ തീയതിയുമടക്കം സാങ്കേതിക കാര്യങ്ങളില്‍ കടിച്ചു തൂങ്ങിയായിരുന്നു വാസുവിന്റെ വിശദീകരണം. അന്നൊന്നും പാളികളില്‍ സ്വര്‍ണമില്ല എന്ന് ഇദ്ദേഹം വാദിച്ചിരുന്നില്ല. അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാന്‍ 1998ല്‍ സ്വര്‍ണം പൂശിയ രേഖകള്‍ എസ്ഐടിക്കു നല്‍കാതെ ദേവസ്വം ഒളിച്ചുകളി നടത്തിയെന്ന് വിമര്‍ശനമുണ്ടായിരുന്നു. യുബി ഗ്രൂപ്പിലെ ചുമതലപ്പെട്ടയാള്‍ സ്വര്‍ണം പൊതിഞ്ഞതായി എഴുതി നല്‍കിയ കണക്കുകള്‍ മാത്രമാണു നേരത്തേ ദേവസ്വം ബോര്‍ഡ് കൈമാറിയിരുന്നത്. പൊതിഞ്ഞ സ്വര്‍ണം പരിശോധിച്ചു ബോധ്യപ്പെട്ട് ശബരിമല ഡവലപ്മെന്റ് പ്രോജക്ട് ചീഫ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട മഹസര്‍ രേഖ കിട്ടിയിരുന്നില്ല.

ഈ ആധികാരിക രേഖ ഒക്ടോബര്‍ 31 നാണ് കണ്ടെടുത്തത്. 1998 മുതലുള്ള രേഖകള്‍ പിടിച്ചെടുക്കാന്‍ ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ സമയത്തു തന്നെ കോടതി നിര്‍ദേശിച്ചിരുന്നു. വിജയ്മല്യ സ്വര്‍ണം പൊതിഞ്ഞ സമയത്ത് ദേവസ്വം മരാമത്ത് വിഭാഗത്തിനായിരുന്നു നിര്‍മാണ ചുമതല. ചെന്നൈ മൈലാപ്പൂര്‍ ജെഎന്‍ആര്‍ ജ്വല്ലറി ഉടമ നാഗരാജിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍നിന്നുള്ള 53 ശില്‍പികള്‍ സന്നിധാനത്തെ ദേവസ്വം മരാമത്ത് കോംപ്ലക്സ് കെട്ടിടത്തിലാണ് ഇതിന്റെ പണികള്‍ നടത്തിയത്. 30.3 കിലോഗ്രാം സ്വര്‍ണവും 1900 കിലോ ചെമ്പും ഉപയോഗിച്ചാണു ശ്രീകോവിലും മേല്‍ക്കുരയും ദാരുശില്‍പവും പൊതിഞ്ഞത്.

ബോര്‍ഡ് ആസ്ഥാനത്തെ മരാമത്തു വിഭാഗം ചീഫ് എന്‍ജിനീയറുടെ ഓഫിസില്‍ പഴയ രേഖകള്‍ സൂക്ഷിച്ചിട്ടുള്ള മുറിയിലാണ് 420 പേജുള്ള ഫയല്‍ കണ്ടെടുത്തത്. മല്യയ്ക്കു സ്വര്‍ണം പൊതിയാന്‍ ഹൈക്കോടതി നല്‍കിയ അനുമതി, ബോര്‍ഡിന്റെ ഉത്തരവുകള്‍, സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് 22 കാരറ്റ് സ്വര്‍ണം ഇറക്കുമതി ചെയ്തതിന്റെ രേഖകള്‍ തുടങ്ങിയവ ഫയലിലുണ്ട്. അന്നത്തെ ശബരിമല ഡവലപ്മെന്റ് പ്രോജക്ട് ചീഫ് എന്‍ജിനീയര്‍ കെ. രവികുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.ആര്‍.രാജശേഖരന്‍ നായര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന സ്വര്‍ണം പൊതിയല്‍ ജോലികളുടെ വിശദ റിപ്പോര്‍ട്ടുകളുമുണ്ട്.

പകര്‍പ്പെടുത്ത ശേഷം ഫയല്‍ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) കൈമാറി. ബോര്‍ഡ് എടുത്ത പകര്‍പ്പ് ദേവസ്വം വിജിലന്‍സ് അധികൃതര്‍ പിന്നീടു പിടിച്ചെടുത്തു. ഈ പുതിയ രേഖകള്‍ പുറത്തുവന്നതോടെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളപ്പെടുമെന്ന് മാത്രമല്ല, കൊള്ളയില്‍ പങ്കാളികളായ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുകയും ചെയ്യും. ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തി നടത്തിയ ഈ ഹിമാലയന്‍ കൊള്ളയില്‍ ഇ.ഡി കൂടി ഇടപെട്ടതോടെ ദേവസ്വം വൃത്തങ്ങളില്‍ കടുത്ത പരിഭ്രാന്തിയാണ് നിലനില്‍ക്കുന്നത്.

രേഖകള്‍ പ്രകാരം ശ്രീകോവിലിലെ ഓരോ പാളിയിലും എത്ര ഗ്രാമം സ്വര്‍ണ്ണം ഉണ്ടായിരുന്നുവെന്ന് കൃത്യമായി തിട്ടപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ്ണം മാറ്റിയ ശേഷം പകരം വെച്ച ചെമ്പ് പാളികള്‍ പരിശോധിച്ചാല്‍ ഈ തട്ടിപ്പിന്റെ വ്യാപ്തി ബോധ്യപ്പെടുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. ഭക്തര്‍ നല്‍കിയ കനകത്തെ വെറും ചെമ്പാക്കി മാറ്റിയ ഈ കൊള്ളയില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്ക് കൂടി പുറത്തുകൊണ്ടുവരാനാണ് ഇ.ഡി ലക്ഷ്യമിടുന്നത്.