തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തിലെ വൈദികരുമായി വിഴിഞ്ഞം സന്ദര്‍ശനവും തുടര്‍ന്ന് അത്താഴ വിരുന്നും നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സഭയ്ക്കുള്ളില്‍ പ്രതിഷേധം. ഭദ്രാസന കൗണ്‍സിലും സെക്രട്ടറിയും ഈ വിഷയത്തില്‍ അതൃപ്തി അറിയിച്ചുവെന്നും സൂചന. അതീവ രഹസ്യമായി വയ്ക്കണമെന്ന് പറഞ്ഞ പരിപാടി ചില വൈദികര്‍ വാട്സാപ്പ് സ്റ്റാറ്റസും ഫേസ്ബുക്ക് പോസ്റ്റും ഇട്ടതോടെയാണ് സഭയില്‍ എതിര്‍പ്പ് രൂക്ഷമായിരിക്കുന്നത്. ആറന്മുളയില്‍ വീണ്ടും സീറ്റ് ലക്ഷ്യമിട്ട് വീണയും മുന്‍ സഭാ സെക്രട്ടറിയായ ഭര്‍ത്താവ് ജോര്‍ജി ജോസഫും നടത്തിയതാണ് ഈ പരിപാടിയെന്നാണ് വിമര്‍ശനം.

108 വൈദികരാണ് ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തില്‍ ഉള്ളത്. ഇതില്‍ ഒരു റമ്പാനും മൂന്ന് കോര്‍ എപ്പിസ്‌കോപ്പമാരും അടക്കം 35 പേരെയാണ് ടൂറിസ്റ്റ് ബസില്‍ വിഴിഞ്ഞത്ത് എത്തിച്ചത്. കോളജ് പഠനകാലത്ത് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായിരുന്ന വൈദികരാണ് നേതൃത്വം നല്‍കിയത്. ഓമല്ലൂര്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. പളളിവികാരി ലെസല്‍ പി. ചെറിയാനാണ് ഇതിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയത്.




വിഴിഞ്ഞം അദാനി പോര്‍ട്ടില്‍ മന്ത്രി നേരിട്ടെത്തിയാണ് വൈദികര്‍ക്ക് സന്ദര്‍ശനത്തിന് അവസരം ഒരുക്കിയത്. തുടര്‍ന്ന് പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭക്ഷണവും നല്‍കി. മന്ത്രിമാരായ വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ഭര്‍ത്താവ് ജോര്‍ജി ജോസഫ് എന്നിവര്‍ അത്താഴ വിരുന്നില്‍ പങ്കെടുത്തു. വിഴിഞ്ഞം തുറമുഖം സന്ദര്‍ശിക്കുന്ന പടങ്ങള്‍ പുറത്തു വിട്ടാലും അത്താഴ വിരുന്നിന്റെ ചിത്രങ്ങള്‍ ആരെയും കാണിക്കരുതെന്ന് കര്‍ശന നിര്‍ദേശം വൈദികര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, ചില വൈദികര്‍ ഇത് ഫേസ്ബുക്കില്‍ പങ്കു വയ്ക്കുകയും വാട്സാപ്പ് സറ്റാറ്റസ് ആക്കുകയും ചെയ്തു.

ഇതോടെ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പുയര്‍ന്നു. കൗണ്‍സിലില്‍ നിന്നുള്ള ഒരു വൈദികന്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. മറ്റ് അംഗങ്ങള്‍, ഭദ്രാസന സെക്രട്ടറി എന്നിവര്‍ കടുത്ത പ്രതിഷേധത്തിലാണ്. കൗണ്‍സില്‍ അംഗമായ ഒരു വൈദികന്‍ ഇട്ട പോസ്റ്റ് ഇങ്ങനെ:




വീണ ജോര്‍ജിന് തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഓര്‍ത്തഡോക്സ് സ്നേഹം.

അച്ഛന്മാരെ വിഴിഞ്ഞം പോര്‍ട്ട് കാണിച്ചു വോട്ട് പിടിക്കാനുള്ള മന്ത്രിയുടെ പൊറാട്ട് നാടകം. ഓര്‍ത്തഡോക്സ് സഭയ്ക്കെതിരായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നീങ്ങിയ കാലത്ത് മുഴുവന്‍ മൗനവൃതം അവലംബിച്ച മാന്യ മന്ത്രി, വീണ്ടും മത്സരിക്കാന്‍ കുപ്പായം ഇട്ടപ്പോള്‍ ടൂറിസ്റ്റ് ബസില്‍ പോര്‍ട്ട് കാണിക്കാന്‍ കൊണ്ട് പോയത് ആരുടെ കണ്ണില്‍ പൊടിയിടാന്‍ ആണ്. മറ്റൊരു സഭക്കാര്‍ക്കും, മറ്റൊരു ജനങ്ങള്‍ക്കും മന്ത്രിയുടെ ഈ സൗകര്യം ലഭിക്കാത്തത് എന്താണ്? മണ്ഡലത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാവാത്ത ഒരു ഫ്ലൈ ഓവര്‍ കൊണ്ട് നടക്കുന്ന മന്ത്രിയുടെ ഈ പൊടിക്കൈകള്‍ നാട് തള്ളിക്കളയും.

ആറന്മുളയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മറ്റൊരു ഓര്‍ത്തഡോക്സുകാരനായ അബിന്‍ വര്‍ക്കി വരുമെന്ന് ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിലാണ് മന്ത്രി വീണയുടെ ഭര്‍ത്താവ് ജോര്‍ജി ജോസഫിന്റെ സാഹസം എന്നാണ് വിവരം. വീണ വീണ്ടും മല്‍സരിച്ചാല്‍ പിന്തുണ നല്‍കേണ്ടെന്നും അബിന്‍ വര്‍ക്കിയെ പിന്തുണയ്ക്കണമെന്നുമാണ് സഭയില്‍ വലിയൊരു വിഭാഗത്തിന്റെ ആവശ്യം. ഇത് മുന്‍കൂട്ടിക്കണ്ടാണ് മന്ത്രിയുടെ നീക്കമെന്ന് പറയുന്നു. എന്നാല്‍, ഓര്‍ത്തഡോക്സ് സഭയില്‍ ഭിന്നതയുണ്ടാക്കി, അത് മുതലെടുത്ത് മുന്നോട്ട് പോകാനുള്ള തന്ത്രമാണ് ജോര്‍ജി ജോസഫ് മെനയുന്നത് എന്ന ആക്ഷേപവും സത്യമാണ്.




സഭയ്ക്കുള്ളില്‍ നിന്നു കൊണ്ട് ആറന്മുള സീറ്റിനായി അണ്ടര്‍ഗ്രൗണ്ട് നീക്കം നടത്തുന്ന യുവനേതാക്കള്‍ക്ക് ഈ വിഷയത്തില്‍ മിണ്ടാട്ടം മുട്ടിയിരിക്കുകയാണ്. തങ്ങള്‍ക്ക് സീറ്റ് കിട്ടില്ലെന്ന് വന്നതോടെയാണ് ഇവര്‍ മൗനം പാലിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. എന്തായാലും വീണയുടെ കരുനീക്കം തിരിച്ചടിക്കാനുള്ള സാധ്യത ഏറെയാണ്. സഭയെ ഹൈജാക്ക് ചെയ്യാനുള്ള മുന്‍ സെക്രട്ടറിയുടെ നീക്കമായിട്ടു കൂടിയാണ് ഇതിനെ കാണുന്നത്.