ലണ്ടന്‍: ബ്രിട്ടനില്‍ താമസമാക്കിയ വിദേശികള്‍ക്കും, ഒപ്പം അവരുടെ തൊഴില്‍ദായകര്‍ക്കും വളരെ പ്രധാനപ്പെട്ട ഒരു വര്‍ഷമായിരിക്കും 2026 എന്നാണ് നിയമജ്ഞര്‍ വിലയിരുത്തുന്നത്. തൊഴില്‍, തൊഴിലാളി നിയമനം എന്നിവയൊക്കെയായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റുകള്‍ക്ക് ഏറെ നിര്‍ണ്ണായകമായ ഒരു വര്‍ഷം കൂടിയായിരിക്കും ഇത്. ഹോം ഓഫീസിന്റെ പരിഗണനയില്‍ ഇരിക്കുന്ന, കുടിയേറ്റ നിയമത്തിലെ ഭേദഗതികളാണ് അതിന് കാരണമാകുന്നത്.

ഇക്കഴിഞ്ഞ ജനുവരി 8 ന് നിലവില്‍ വന്ന, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള ഇംഗ്ലീഷ് പ്രാവിണ്യ നിലവാരം ഉയര്‍ത്തിയതുള്‍പ്പടെയുള്ള നടപടികള്‍ ദൂരവ്യാപകമായ പ്രത്യാഘാതം തന്നെ സൃഷ്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 25 മുതല്‍, ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതിന് വിസ ഒഴിവായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌പോലും ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇ ടി എ) നടപ്പിലാക്കുന്നത് പോലുള്ള നടപടികള്‍ കുടിയേറ്റം ഏറെ ക്ലേശകരമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഏതെല്ലാം തസ്തികകള്‍ ടെംപററി ഷോര്‍ട്ടേജ് ലിസ്റ്റില്‍ ഇടംപിടിക്കുമെന്ന കാര്യം പുന പരിശോധനയ്ക്ക് ശേഷം ജൂലായില്‍ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി തീരുമാനിക്കും.

ഇതില്‍ ബഹുരാഷ്ട്ര കമ്പനികളെ ഏറെ ആശങ്കയിലാഴ്ത്തുന്ന കാര്യം, പി ആറിനുള്ള സമയപരിധി നീട്ടാനുള്ള സര്‍ക്കാരിന്റെ നീക്കമാണ്. ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാന്‍ അഞ്ച് വര്‍ഷം താമസിക്കണം എന്നുള്ളത് പത്ത് വര്‍ഷമായി വര്‍ദ്ധിപ്പിക്കുന്നത് സ്‌പോണ്‍സര്‍മാര്‍ക്ക് കനത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കും എന്നാണ് വിവിധ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2026 ഏപ്രില്‍ മുതല്‍ ഇത് നടപ്പിലാക്കിയാല്‍ തൊഴിലുടമകള്‍ക്ക് വിദേശ റിക്രൂട്ട്‌മെന്റുകള്‍ ഏറെ ചെലവേറിയ ഒരു കാര്യമായി മാറും.

മറ്റൊരു തിരിച്ചടി, ഗ്രാഡ്വേറ്റ് റൂട്ടിലാണ് സംഭവിക്കുക. നിലവില്‍ ഈ വഴി വരുന്നവര്‍ക്ക് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം 2 വര്‍ഷം വരെ ബ്രിട്ടനില്‍ തുടരാന്‍ അവകാശമുണ്ട്. 2027 ജനുവരി മുതല്‍ ഇത് 18 മാസമായി വെട്ടിച്ചുരുക്കുകയാണ്. ഇതും, സമര്‍ത്ഥരായ വിദേശ തൊഴിലാളികളെ ജോലിയില്‍ എടുക്കുന്നതില്‍ നിന്നും തൊഴിലുടമകളെ വലിയൊരു പരിധിവരെ തടയും എന്നതുറപ്പാണ്.

അതിനോടൊപ്പം വര്‍ക്കര്‍ വിസയില്‍ എത്തുന്നതിനുള്ള മിനിമം ശമ്പള പരിധി 41,700 പൗണ്ട് ആയി ഉയര്‍ത്തിയതോടെ പല തസ്തികകളിലേക്കും വിദേശ റിക്രൂട്ട്‌മെന്റ് അസാധ്യമായിരിക്കുകയാണ്. നേരത്തെ വിദേശ റിക്രൂട്ട്‌മെന്റ് സാധ്യമായിരുന്ന, ജനറല്‍ വിഭാഗത്തിലെ 180 ഓളം തസ്തികകളില്‍ ഇനി അത് അസാദ്ധ്യമാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. കര്‍ക്കശമായ തൊഴിലാളി അവകാശ സംരക്ഷണ നിയമങ്ങളും, നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതവും, മിനിമം വേതനവും വര്‍ദ്ധിപ്പില്ലതിലൂടെ വന്ന അധിക സാമ്പത്തിക ബാദ്ധ്യതയുമെല്ലാം മിക്ക സ്ഥാപനങ്ങളെയും പുതിയ റിക്രൂട്ട്‌മെന്റുകള്‍ മരവിപ്പിക്കാന്‍ നിര്‍ബന്ധിതമായ ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനിടയില്‍, കൂടുതല്‍ കര്‍ശനമായ വിസ നിയന്ത്രണങ്ങള്‍ കൂടി വരുന്നതോടെ ബ്രിട്ടനിലെ വിദേശ തൊഴിലാളികള്‍ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്.