ദ്യം അവരുടെ വീട്ടിലേക്ക് ഒരു കത്താണ് എത്തുക. അതില്‍ വിശദമായി പറയും. നിങ്ങളുടെ മകന്‍ അല്ലെങ്കില്‍ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ ഞങ്ങളുടെ രാജ്യത്തിനെതിരെ ഇന്നയിന്ന പാതകങ്ങള്‍ ചെയ്തിരിക്കുന്നുവെന്നും, അതിനാല്‍ അയാളെ ഞങ്ങള്‍ മരണശിക്ഷക്ക് വിധേയനാക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും. 1972-ലെ മ്യൂണിച്ച് ഒളിമ്പിക്സ് ഭീകരാക്രമണത്തില്‍ തങ്ങളുടെ അത്ലറ്റുകളെ കൊന്ന കേസില്‍ പ്രതികളായ പി എല്‍ ഒക്കാരുടെ വീടുകിലേക്ക് ഒക്കെ വന്നു ഇതുപോലെ ഒരു മരണ വാറന്റ്. രഹസ്യമായി കൊല്ലുന്ന സംഘടനല്ല ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ്. ചെയ്യാന്‍ പോവുന്നത് പരസ്യമായി പറയും.

ഇങ്ങനെ മൊസാദിന്റെ മരണവാറന്റ് കിട്ടിയ, മ്യൂണിച്ച് ഭീകാരക്രമണക്കേസിലെ ഫലസ്തീന്‍ ഭീകരര്‍ ഒന്നൊന്നായി കൊല്ലപ്പെട്ടു. നമ്മുടെ മണിയാശാന്റെ ഭാഷയില്‍ പറഞ്ഞാല്‍, വണ്‍ ട്രൂ ത്രീയെന്ന് നമ്പറിട്ട് കൊന്നു. അതിനിടെ ആളെമാറിപ്പോയി ഒരു കൊലപാതകവും നടന്നു. പല കൊലകളും പൂ പറിക്കുന്ന ലാഘവത്തോടെയാണ്. വിഷ സൂചിയായി, വിഷ പുഷ്പമായി, മിസൈലായി, പെന്‍ ബോംബായി അങ്ങനെ പല രീതിയിലുള്ള കൊലകള്‍. മ്യൂണിച്ച് ഭീകാക്രമണക്കേസിലെ പ്രതികളെ മൊസാദ് എങ്ങനെ കൊന്നുവെന്ന് കാണിക്കുന്ന, സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ മ്യുണിച്ച എന്ന സിനിമയൊന്ന് കാണണം. അറിയാതെ ഒരു ഭീതി നമ്മുടെ ഉള്ളിലേക്കും കടക്കും.

72 സെപ്റ്റമ്പര്‍ 5ാം തീയതി, ജര്‍മ്മനിയിലെ മ്യൂണിച്ച് നഗരത്തില്‍ നടക്കുന്ന ഒളിമ്പിക്സില്‍ ബ്ലാക്ക് സെപ്തംബര്‍ എന്ന ഫലസ്തീന്‍ ഗറില്ലാസംഘടന നടത്തിയ ആക്രമണത്തില്‍, 11 ഇസ്രായേലി കായികതാരങ്ങളാണ് കൊല്ലപ്പെട്ടത്. രാഷ്ട്രം ഒന്നടങ്കം വിതുമ്പിയ നിമിഷം. പക്ഷേ, തങ്ങളുടെ ജനതയുടെ കണ്ണീരുണങ്ങുന്നതിന് മുമ്പുതന്നെ ഈ കൊടും ക്രൂരതക്ക് പ്രതികാരം ചെയ്യാനായിരുന്നു, ഇസ്രായേലി പ്രധാനമന്ത്രി ഗോള്‍ഡോ മെയറിന്റെ തീരുമാനം. അങ്ങനെയാണ് മ്യൂണിച്ച് ആക്രമണത്തിലെ മുഴുവന്‍ ഭീകരനെയും, മൊസാദ് വേട്ടയാടിക്കൊന്നത്. ബ്ലാക്ക് സെപ്റ്റമ്പര്‍ എന്ന സംഘടനയെ എന്തുവിലകൊടുത്തും നശിപ്പിക്കുമെന്ന, പ്രധാനമന്ത്രി ഗോള്‍ഡോ മെയറിന്റെ പ്രതിജ്ഞ ശരിയായി.

അതുപോലെ ഒരു പ്രതിജ്ഞയാണ്, ഇസ്രയേലിന്റെ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും എടുത്തത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇസ്രായേലിലേക്ക് ഇരച്ചകയറി, വെടിവെച്ചും, കുത്തിയും, ബലാത്സഗംചെയ്തും, ആയിരത്തോളം പേരെ കൊല്ലുകയും, നിരവധിപേവെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ, മുച്ചൂടും മുടിക്കുമെന്നായിരുന്നു ആ പ്രതിജ്ഞ. ഇസ്രായേല്‍ ഒരു കാര്യം തീരുമാനിച്ചാല്‍, ഏത് പാതാളത്തില്‍പോയി ഇരുന്നാലും മൊസാദ് അവരെ പൊക്കിയിരിക്കും. ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന്, നെതന്യാഹു പറഞ്ഞപ്പോള്‍, പൊട്ടിച്ചിരിച്ചവര്‍ ഇപ്പോള്‍ പൊട്ടിക്കരയുകയാണ്. ഹമാസ് നേതൃത്വത്തിലെ ഒരാള്‍ ഒഴിച്ചുള്ള പ്രമുഖരെയെല്ലാം മൊസാദ് കൊന്ന് തള്ളിക്കഴിഞ്ഞു!

നേരിട്ടുള്ള യുദ്ധത്തില്‍ പതിനായിരത്തിലേറെ ഹമാസ് ഭീകരറാണ് ഇസ്രായേല്‍ സൈന്യത്തിന്റെ കൈയാല്‍ കൊല്ലപ്പെട്ടത്. ലെബനനിലെ ഹിസ്ബുള്ളയുടെ നുറോളം കമാന്‍ഡര്‍മാരും, 1967-ല്‍ 9 അറബ് രാജ്യങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ വന്നിട്ടും വെറും ആറു ദിവസംകൊണ്ട് അവരെ നിലംപരിശാക്കി വിജയിച്ച ഇസ്രായേല്‍ സൈന്യത്തിനാല്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഒരു കാര്യം ഉറപ്പാണ്. ഇസ്രയേലിന് നേരെ െപാക്കാന്‍ ഇനി അടുത്തകാലത്തൊന്നും ഹമാസിന് കൈ പൊങ്ങില്ല. ഇനി ആ റോള്‍ ഏറ്റെടുക്കുക ഇറാനാണ്. 1948-ല്‍ യുദ്ധത്തിലേക്ക് പിറന്ന വീണ ഇസ്രായേലിന് പക്ഷേ യുദ്ധം ചെയ്യാതെ വയ്യ. കാരണം ആയുധം താഴേവെച്ചാല്‍ അവര്‍ തീരും. ശത്രുക്കളുടെ നടുക്കാണ് അവര്‍ ജീവിക്കുന്നത്. ആ ഇസ്രായേലിന്റെ ഏറ്റവും വലിയ സുരക്ഷാ കവചമാണ് മൊസാദ് എന്ന തങ്ങളുടെ ചാര സംഘടന.

ഹനിയയെ കൊന്നത് ഇങ്ങനെ

മറ്റൊരു രാജ്യത്തില്‍ നുഴഞ്ഞുകയറുക. എന്നിട്ട് ആരുമാറിയാതെ കൊന്ന് തള്ളുക. കൊല നടന്നിടത്ത് ഒരു തെളിവുണ്ടാവില്ല. ഒരാള്‍ പോലും പിടിക്കപ്പെടില്ല. മൊസദിന്റെ രീതി അങ്ങനെയാണ്. ഇപ്പോള്‍ ഇറാനിലെത്തി ഹ ഹമാസിന്റെ തലവന്‍ ഇസ്മായില്‍ ഹനിയയെ കൊന്നുതള്ളിയ മോഡസ് ഓപ്പറാന്‍ഡി കണ്ട് ലോകം ഞെട്ടുകയാണ്. ഖത്തറില്‍ സ്ഥിരതമാസക്കാരനായ ഹനിയയെ മൊസാദ് അവിടെവെച്ച് കൊല്ലാത്തത്, അതിന് കഴിയാഞ്ഞിട്ടായിരുന്നില്ല. ഇപ്പോള്‍ താരതമ്യേന മികച്ച രീതിയില്‍ പോയ്ക്കൊണ്ടിരിക്കുന്ന അറബ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കരുത് എന്ന് കരുതിയാണ്. പക്ഷേ ഹനിയ്യ ഖത്തര്‍ വിട്ടതോടെ, അയാളുടെ ചീട്ട് കീറുകയും ചെയ്തു.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ഹനിയ ടെഹ്‌റാനിലെത്തിയത്. ഹനിയ ആ മുറിയില്‍ എത്തുമെന്ന് രണ്ടു മാസം മുമ്പ് തന്നെ മൊസാദ് തിരിച്ചറിഞ്ഞിരുന്നു. അങ്ങനെയാണ് അവരുടെ നെറ്റ് വര്‍ക്ക്. ടെഹ്റാന്‍ ഗസ്റ്റ് ഹൗസിലെ മുറിയില്‍ വച്ച അത്യാധുനികവും റിമോട്ട് നിയന്ത്രിതവുമായ ബോംബ് സ്ഫോടനമാണ് ഹനിയയുടെ ജീവനെടുത്തതെന്ന്, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരുപാട് സ്ഥലത്ത് മൊസാദ് വലവരിച്ചിട്ടുണ്ടാവുമെന്നും ഉറപ്പാണ്.

എന്നാല്‍ അതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന മറ്റൊരു ഫലസ്തീന്‍ നേതാവ് ജനറല്‍ സിയാദ് അല്‍ നഖ്‌ലെ സുരക്ഷിതനായിരുന്നു. സ്‌ഫോടനത്തില്‍ ഹനിയ്യയുടെ മുറി മാത്രമേ തകര്‍ന്നുള്ളൂ. അതാണ് മൊസാദിന്റെ മറ്റൊരു രീതി. ഒരുലക്ഷം പേരുള്ള ആള്‍ക്കൂട്ടമായാലും ടാര്‍ജറ്റിന് മാത്രമാണ് കൃത്യമായി മരിച്ചുവീഴുക. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ കില്ലര്‍ ലിസ്റ്റിലില്ലാത്ത ഒരാള്‍പോലും സാധാരണയായി കൊല്ലപ്പെടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് തല്‍ക്ഷണം ഹനിയ്യ മരിച്ചു. ഹാനിയയുടെ മുറിയിലേക്ക് ബോംബ് എങ്ങനെ കടത്തിയെന്നോ എപ്പോഴാണെന്നോ ആര്‍ക്കും അറിയില്ല. ഇസ്രയേലി ചാര സംഘടനയായ മൊസാദിനുള്ളില്‍ അതി വിപുല ബന്ധങ്ങളുള്ള മാധ്യമപ്രവര്‍ത്തകന്‍ റോനെന്‍ ബര്‍ഗ്മാന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ന്യൂയോര്‍ക് ടൈംസ് വ്യാഴാഴ്ച രാത്രിയാണ് പുറത്തുവിട്ടത്.

ബര്‍ഗ്മാന്റെ റിപ്പോര്‍ട്ട് പ്രകാരം. കുറഞ്ഞത് രണ്ടുമാസമെങ്കിലും മുമ്പ് മുറിയില്‍ ബോംബ് സ്ഥാപിച്ചിരുന്നു. വടക്കന്‍ ടെഹ്‌റാനിലെ സമ്പന്ന വാസമേഖലയിലുള്ള നിശാത്ത് എന്ന കോമ്പൗണ്ടിലുള്ള ഈ ഗസ്റ്റ് ഹൗസ് റെവല്യുഷണി ഗാര്‍ഡിന്റെ കാവലിലാണ്. ഹനിയ ടെഹ്‌റാനിലെത്തുമ്പോള്‍ സ്ഥിരമായി ഈ ഗസ്റ്റ് ഹൗസിലെ മുറിയിലാണ് പാര്‍ക്കുന്നത്. ഇതു മനസ്സിലാക്കിയാണ് മൊസാദ് തന്ത്രമൊരുക്കിയത്. സ്‌ഫോടനത്തില്‍ കെട്ടിടം കുലുങ്ങി. പുലര്‍ച്ചെ രണ്ടിന് ശബ്ദം കേട്ട് നടുങ്ങിയ ഗസ്റ്റ്ഹൗസ് ജീവനക്കാരും സുരക്ഷാഉദ്യോഗസ്ഥരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഹനിയയും അംഗരക്ഷകനും ഉറങ്ങിയിരുന്ന മുറിയിലാണ് സ്‌ഫോടനമുണ്ടായതെന്നത് എല്ലാവര്‍ക്കും ഞെട്ടലായി. ഗസ്റ്റ് ഹൗസിലെ മെഡിക്കല്‍ ടീം ഉടനടി മുറിയിലെത്തി. പക്ഷേ, അപ്പോഴേക്കും ഹനിയ്യ മരിച്ചിരുന്നു. തങ്ങളുടെ രാജ്യത്ത് കടന്നുകയറി നടത്തിയ കൊല ഇറാനും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

അവശേഷിക്കുന്നത് സിന്‍വര്‍ മാത്രം

ഒക്ടോബര്‍ ആക്രമണത്തിനുശേഷം ഹമാസിന്റെ നാലുനേതാക്കളെ വധിക്കുമെന്നായിരുന്നു നെതന്യാഹു ആണയിട്ടത്. ഇസ്മായില്‍ ഹനിയ, ഗസ്സയിലെ നേതാവ് യഹ്യ സിന്‍വര്‍, സേനാവിഭാഗം തലവന്‍ മുഹമ്മദ് ദെയ്ഫ്, ഹമാസ് സേനയിലെ രണ്ടാമന്‍ മര്‍വാന്‍ ഈസ എന്നിവരാണ് ആ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ സിന്‍വര്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. മര്‍വാന്‍ ഈസ മാര്‍ച്ചില്‍ കൊല്ലപ്പെട്ടു. ഒക്ടോബറിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് അറിയപ്പെടുന്നു, അല്‍ഖസാം ബ്രിഗേഡിന്റെ സ്ഥാപകന്‍, മഹുമ്മദ് ദെയ്ഫും (59) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതായി സ്ഥിരീകരണം വന്നു. ജൂലായ് 13-ന് തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ നടത്തിയ ആക്രമണത്തില്‍ ദെയ്ഫ് കൊല്ലപ്പെട്ടെന്ന് വ്യാഴാഴ്ചയാണ് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചത്. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെതിന് പിന്നാലെയാണ് ഈ വാര്‍ത്തയും എത്തിയത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ കൂട്ടക്കൊലയും തട്ടിക്കൊണ്ടുപോകലും ആസൂത്രണംചെയ്ത് നടപ്പാക്കിയത് ദെയ്ഫാണെന്നാ ഇസ്രായേല്‍ പറയുന്നത്.

ദെയ്ഫിനെ ലക്ഷ്യമിട്ട് ജൂലായില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ ഖാന്‍ യൂനിസ് ബ്രിഗേഡ് കമാന്‍ഡര്‍ റാഫ സലാമ കൊല്ലപ്പെട്ടിരുന്നു. നൂറോളം അഭയാര്‍ഥികളും മരിച്ചു. 900 കിലോഗ്രാം ഭാരമുള്ള മാരകപ്രഹരശേഷിയുള്ള ബോംബാണ് ദെയ്ഫ് കഴിഞ്ഞിരുന്ന വീടിനുമേലിട്ടതെന്നാണ് വിവരം. സത്യത്തില്‍ ഇങ്ങനെയാണ് ഗസ്സയില്‍ മരണ സംഖ്യ ഉയരുന്നത്. കാരണം ഭീകരര്‍ ഒളിച്ചരിക്കുന്നത് ജനവാസകേന്ദ്രങ്ങളിലാണ്. ജനങ്ങളെ ബന്ദിയാക്കിയാണ് ഹമാസ് രക്ഷപ്പെടുന്നത്. ഒരു വിഭാഗം സിവിലിയന്‍സിന്റെ ശക്തമായ പിന്തുണയും, ഗസ്സയിലെ ഭരണകക്ഷിയായ ഹമാസിനുണ്ട്. ഇസ്രയേല്‍ വേട്ടയാടുന്നത് ഭീകരരെയാണ്. പക്ഷേ സ്‌കൂളിനും ആശുപത്രിക്കും ഇടയില്‍ റോക്കറ്റുകള്‍ ഒളിപ്പിച്ചുവെച്ച് ഹമാസ് ആക്രമിക്കുമ്പോള്‍, ഇസ്രയേല്‍ സൈന്യവും അതുപോലെ തിരിച്ചടിക്കും. അങ്ങനെയാണ് നിരപരാധികള്‍ കൊല്ലപ്പെടുന്നത്. ഹമാസിന് വേണ്ടതും അതാണ്. സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നുവെന്ന് പറഞ്ഞ്, ഇസ്രയേലിനെതിരെ ലോക വ്യാപകമായി ജനരോഷം ഉയര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നു.

ഇസ്രയേലിന്റെ കൊടുംകുറ്റവാളികളുടെ പട്ടികയിലെ പ്രധാനിയാണ് ദെയ്ഫ്. ഇസ്രയേലിനെതിരേ നിരവധി ചാവേര്‍ ആക്രമണങ്ങളടക്കം ആസൂത്രണംചെയ്ത് നടപ്പാക്കിയതും ദെയ്ഫായിരുന്നു. 2015-ല്‍ അമേരിക്ക പുറത്തിറക്കിയ അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയിലും മുഹമ്മദ് ദെയ്ഫിന്റെ പേരുണ്ടായിരുന്നു. ദെയ്ഫിനെയും, ഹനിയയെയും, ഈസയെയും തീര്‍ത്തതോടെ ഇസ്രായേലിന്റെ പ്രതികാരം, പകുതി പൂര്‍ത്തിയായതായാണ് പറയുന്നത്.

ജീവിച്ചിരിക്കുന്ന ഹമാസിന്റെ തലപ്പത്തുള്ള ഏക പ്രമുഖ നേതാവായ യഹ്യാ സിന്‍വര്‍ ആവട്ടെ, ഡല്‍ഹി മെട്രോയേക്കാള്‍ ആഴത്തില്‍ ഹമാസ് ഗസ്സയില്‍ ഉണ്ടാക്കിയ തുരങ്കങ്ങളിലാണ് ജീവിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ചൂറിലേറെ തുരങ്കങ്ങളില്‍ പകുതിയോളം ഇസ്രയേല്‍ സേന നിര്‍വീര്യമാക്കിക്കഴിഞ്ഞിരിക്കുന്നു. ബാക്കിയുള്ളതിനെ കൂടി കണ്ടെത്താനാണ് ഗസ്സയില്‍ കീറമുറിച്ച് ഐഡിഎഫ് പരിശോധന നടത്തുന്നത്. തുരങ്കത്തിലിരുന്നാല്‍ ഇസ്രയേല്‍ സൈന്യം തീര്‍ക്കും, പുറത്തിറങ്ങി വിദേശത്തേക്ക് കടന്നാല്‍ മൊസാദ് തീര്‍ക്കും! ആ രീതിയിലുള്ള ഒരു ജീവിതമാണ് സിന്‍വറിന്റെത്.

അതിനിടെയഹ്യാ സിന്‍വര്‍ ഗസ്സയിലെ റഫായില്‍ നിന്ന് രക്ഷപ്പെട്ടതായി വാര്‍ത്ത ന്നിരുന്നു. പ്രമുഖ ഇസ്രയേല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേല്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സിന്‍വര്‍ റഫായില്‍ നിന്ന് മുങ്ങി ഇപ്പോള്‍ ഖാന്‍യുനീസിലെ ഹമാസ് തീര്‍ത്ത ഭൂഗര്‍ഭ അറകളില്‍ എവിടെയോ ഒളിച്ചിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ആ ഭീകരനും വൈകാതെ കൊല്ലപ്പെടും എന്ന് ഉറപ്പാണ്. ഹനിയുടെ കൊലപാതകത്തെ തുടര്‍ന്ന് മൊസാദ് വീണ്ടും ചര്‍ച്ചയാവുകയാണ്.

രണ്ടു കോടിയുടെ ശക്തിയുള്ള 2000 പേര്‍

ഈച്ചപോലും അറിയാതെ ഏതുരാജ്യത്ത് കടന്നുകയറിയും തങ്ങളുടെ ശത്രുക്കളെ വകവരുത്താന്‍ ഇസ്രയേല്‍ ചാര സംഘടനകള്‍ക്ക് അസാമാന്യമായ കഴിവാണുള്ളത്. ആകെ 2000 പേരാണ് മൊസാദില്‍ ജീവനക്കാരായി ഉള്ളത്. പക്ഷേ ഇവര്‍ രണ്ടുകോടി പേര്‍ക്ക് സമാനമാണെന്നാണ് പറയുക. അമേരിക്കയുടെ സിഐഎക്ക് ഇരുപതിനായിരം അംഗങ്ങള്‍ ഉണ്ട്. നമ്മുടെ റോക്കുമുണ്ട് അതിലേറെ അംഗങ്ങള്‍. പക്ഷേ ഒരു മൊസാദ് കമാന്‍ഡോ എന്നത് ബാഹുബലിയെപ്പോലെ ആയിരം സാധാ പട്ടാളക്കാര്‍ക്ക് തുല്യമാണ്. അയാളെ പഠിപ്പിക്കാത്ത ഒരു കാര്യവും ഉണ്ടാവില്ല. ലോകത്തിലെ ഏത് ആയുധവും ഉപയോഗിക്കാന്‍ അറിയാം. മരുഭൂമിയിലും കടലിലും ദിവസങ്ങള്‍ ഒറ്റെപ്പെട്ടുപോയാല്‍ അതിജീവിക്കാന്‍ പോലും അവരെ പഠിപ്പിക്കുന്നുണ്ട്. ഈ രീതിയിലുള്ള ഒരു പരിശീലനം ലോകത്ത് എവിടെയുമില്ല.

ഓസ്‌ക്കാര്‍ നോമിനേഷനുകളൊക്കെ നാം കേട്ടിട്ടുണ്ട്. പക്ഷേ മൊസാദിന് കൊലപാതകത്തിന് നോമിനേഷനുണ്ട്. കൊല്ലേണ്ട വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയാണ് ആദ്യ പടി. രാജ്യത്തിലെ ഏതെങ്കിലും ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നോ, മന്ത്രിസഭയില്‍ നിന്നോ ഒക്കെ ആവും ആ നോമിനേഷന്‍ വരിക. രണ്ടാമത്തെ ഘട്ടം, കൊലപാതകത്തിന്റെ സാധ്യതാ പഠനമാണ്. അയാളെക്കുറിച്ച് രാജ്യത്തെ എല്ലാ ഇന്റലിജന്‍സ് ഏജന്‍സികളും സമര്‍പ്പിച്ചിട്ടുള്ള എല്ലാ ഇന്‍പുട്ടുകളും പരിശോധിക്കും. തുടര്‍ന്ന് എവിടെ വെച്ച്, എപ്പോള്‍, എങ്ങനെ, എന്ത് ആയുധം ഉപയോഗിച്ച് കൊല്ലുന്നതാണ് ഉത്തമം എന്നൊക്കെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും.

ഈ ഫീസിബിലിറ്റി സ്റ്റഡി കഴിഞ്ഞാല്‍ അതിന്റെ കണ്ടെത്തലുകള്‍ അവര്‍ വരാഷ് എന്നു പേരായ രാജ്യത്തെ എല്ലാ ഇന്റലിജന്‍സ് ഏജന്‍സികളുടെയും തലവന്മാര്‍ അംഗങ്ങളായ കമ്മിറ്റിയില്‍ അവതരിപ്പിക്കും. ഈ ഉന്നതാധികാര കമ്മിറ്റി പ്രസ്തുത ഓപ്പറേഷന് വേണ്ട എല്ലാവിധ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കും. പക്ഷേ ഈ കമ്മിറ്റിക്കും പ്രസ്തുത കൊലപാതകത്തിന് അന്തിമാനുമതി നല്‍കാനുള്ള അധികാരമില്ല. മൊസാദിന്റെ എല്ലാ കൊലപാതകങ്ങളും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവിന്റെ പുറത്താണ് നടപ്പിലാക്കപ്പെടുന്നത്. ഇസ്രായേല്‍ പ്രതിരോധ മന്ത്രിക്കും ഇതില്‍ വലിയ റോള്‍ ഉണ്ട്. ഇവരുടെ കൈയിലുള്ള ഒരു യെല്ലോ ബുക്കിലുടെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ആ ബുക്കില്‍ പേര് വന്നാല്‍ പിന്നെ ഏത് വമ്പന്റെയും കഥ കഴിഞ്ഞു.

പ്രധാനമന്ത്രിയില്‍ നിന്നുള്ള അന്തിമാനുമതി കിട്ടിക്കഴിഞ്ഞാല്‍ സംഗതി വീണ്ടും മൊസാദിന്റെ കോര്‍ട്ടിലേക്ക് വരും. ഈ ഘട്ടത്തിലാണ് മൊസാദിന്റെ അണ്ടര്‍ കവര്‍ ഓപ്പറേഷനല്‍ ബ്രാഞ്ച് ആയ സിസേറിയ കാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. സിസേറിയയുടെ പണി ടാര്‍ഗെറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കലാണ്. അതിനുശേഷം ഒരു സ്പെഷ്യലൈസ്ഡ് പ്രൊഫഷണല്‍ കില്ലിംഗ് ഡിപ്പാര്‍ട്ട്മെന്റ് ആയ 'കിഡോണ്‍' ലേക്ക് എത്തും. ഇവരുടെ പരിശീലനം സിദ്ധിച്ച കൊലയാളികളാണ് 'വധം' നടപ്പാക്കുന്നത്. അതിനായി മൊസാദിന് വേറെ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഉണ്ട്.

വിഷ സൂഷി മുതല്‍ ചാരസുന്ദരികള്‍വരെ മൊസാദിന് ആയുധമാണ്. ഇരുചെവിയറിയാതെ ശത്രുവിനെ ഉന്മൂലനം ചെയ്യാനുള്ള മൊസാദിന്റെ മാസ്റ്റര്‍പീസ് രീതികളിലൊന്നാണത്രെ വിഷസൂചിപ്രയോഗം. 2010 ജനുവരി 20ന് ദുബൈയില്‍വെച്ച് ഹമാസ് നേതാവ്, മഹ്മൂദ് അബ്ദുല്‍ റഹൂഫ് മുഹമ്മദ് ഹസ്സനെ കൊലപ്പെടുത്തിയത് അങ്ങനെയാണ്. ഹോട്ടല്‍ മുറിയില്‍ ഉറങ്ങാന്‍ പോയ മഹമൂദ് പിറ്റേദിവസം ഹൃദയാഘാതം വന്ന് മരിച്ചെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ വൈകതെ ഇത് മൊസാദ് നടത്തിയ കൊലയാണെന്ന് തെളിഞ്ഞു. ഹോട്ടലിലെ അത്യാധുനിക ലോക്കിന്റെ സോഫ്റ്റ് വെയറില്‍ ം മാറ്റം വരുത്തിയാണ് മഹ്മൂദിന്റെ റൂമില്‍ കയറിയത്. ഇത്തരം ലോക്കുകള്‍ തുറക്കാന്‍ പ്രത്യേകം കഴിവുള്ളവര്‍ മൊസാദിലുണ്ട്. അതുപോലെ കോടിക്കണക്കിന് ഡോളര്‍ കൊടുത്ത് മൊസാദ് വളര്‍ത്തുന്ന പെയ്ഡ് ചാരന്‍മ്മാരും ലോകത്തിന്റെ വിവിധ കോണുകളിലുണ്ട്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് നാസറിന്റെ മരുമകനെപ്പോലും പണം നല്‍കി അവര്‍ കൂറുമാറ്റിയിരുന്നു. വെറും പണം മാത്രമല്ല ആജീവനാന്ത പ്രൊട്ടക്ഷനും മൊസാദ് നല്‍കും. മൊസാദ് വാക്കുപറഞ്ഞാല്‍ വാക്കാണ്. നിങ്ങുടെ രൂപം തന്നെ മാറ്റി മറ്റൊരു ഐഡന്റിറ്റിയില്‍ ജീവിക്കാനുള്ള അവസരം നല്‍കും.

അതുപോലെ മേക്ക്ഓവര്‍ ആണ് മൊസാദിന്റെ മറ്റൊരു പ്രത്യേക. സിഖുകാരനെ ആഫ്രിക്കക്കാരനാക്കാന്‍ മൊസാദ് ടീമിന് അധികസമയം വേണ്ട. ഇന്ന് ഡ്രോണുകളും, ഉപഗ്രഹ സാങ്കേതികവിദ്യയുമാണ് മൊസാദിന്റെ ബലം. ഒരുസ്ഥലത്ത് ഒരു കമാന്‍ഡോ പോകേണ്ട കാര്യം പോലുമില്ല. ഡ്രോണ്‍ അക്കാര്യം നിര്‍വഹിക്കും. ഈ മൊസാദിനെ പേടിച്ചാണ് ഇന്ന് അറബ് രാഷ്ട്രങ്ങള്‍ പോലും ഇസ്രയേലിനെതിരെ തിരിയാത്തത്. എന്തിന് അമേരിക്കക്കുപോലും മൊസാദിനെ ഭയമുണ്ട്.

ഇറാനുമായി വര്‍ഷങ്ങളുടെ കുടിപ്പക

ഇന്ന് അറബ് രാഷ്ട്രങ്ങള്‍ക്കുപോലും ഇസ്രായേലിനോട് പഴയ ശത്രുതയില്ല. മൂന്നുതവണ അടിച്ചിട്ടും തോല്‍വിയേറ്റത്തിന്റെ പേടി കൊണ്ട് കൂടിയാവാം, അവര്‍ തങ്ങളുടെ പണി നോക്കി ഒതുങ്ങിക്കൂടുന്നു. പക്ഷേ ഈ ഭൂലോകത്തുനിന്ന് ജൂതരാഷ്ട്രത്തെ തുടച്ചു നീക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച രാജ്യമാണ ഇറാന്‍. അതോടെ ഇറാനെ തീര്‍ക്കുമെന്ന് മൊസാദും പ്രഖ്യാപിച്ചു. വലിയ വിലയാണ് ഇറാന്‍ അതിന് കൊടുക്കേണ്ടി വന്നത്. തങ്ങളുടെ കൊച്ചു രാജ്യത്തെ ഒരു മിസൈല്‍ പോലും വീഴാത്ത രീതില്‍ സംരക്ഷിക്കാന്‍ ഇസ്രായിലിന് കഴിഞ്ഞു. പക്ഷേ അവര്‍ നിരന്തരം ഇറാന് പണി കാടുത്തു.

2010ല്‍, ഇറാന്റെ ആണവ ഗവേഷണത്തിലെ പ്രമുഖനാല ഡാരിയൂഷ് റെസേയി നജാദിനെ ബൈക്കിലെത്തി രണ്ടുപേര്‍ വെടിവെച്ചു കൊന്നു. ടെഹ്‌റാനില്‍ പട്ടാപ്പകല്‍ നാലരയോടെയാണ് സംഭവം. ഇന്നും ബൈക്കും പ്രതികളെയും കണ്ട് കിട്ടിയിട്ടില്ല. മറ്റൊരു ആണവശാസ്ത്രഞ്ജഞാന ഡോ. മജീദ് ഷഹ്രിയാരിയും കൊല്ലപ്പെട്ടു. ബൈക്കില്‍ വന്ന ചാരന്‍ അദ്ദേഹത്തിന്റെ ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നില്‍ ബോംബ് ഘടിപ്പിക്കുകയായിരുന്നു. ഡോ.ഫെറെദൂന്‍ അബ്ബാസി ദവാനിക്കും അതേ ഗതിയുണ്ടായി. സര്‍ക്കാരിന്റെ സമാന്തര പട്ടാള സംവിധാനമായ റവല്യൂഷണറി ഗാര്‍ഡ്‌സ് അംഗവും ക്വാണ്ടം ഫിസിക്‌സ് പ്രഫസറുമായ മസൂദ് അലിയടെ ഊഴമായിരുന്നു അടുത്തത്. മുഹമ്മദി സ്വന്തംകാറിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ വന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അടുത്തൊരു ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നു. അതിലായിരുന്നു ബോംബ് വച്ചിരുന്നത്. ഇറാന്റ റവല്യൂഷനറി ഗാര്‍ഡിലെ തന്നെ യൂണിറ്റ് 840 മേധാവി കേണല്‍ ഹസന്‍ സയ്യാദ് ഖൊഡേയിയെ വീടിനു മുന്നില്‍ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. ബൈക്കില്‍ വന്ന കൊലയാളികള്‍ കാറിലിരുന്ന ഖൊഡേയിയെ അഞ്ചു തവണ വെടിവയ്ക്കുകയായിരുന്നു.

ഇറാനിയന്‍ നേതാക്കള്‍ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു പോകുമ്പോള്‍ അവരെ തട്ടിയെടുത്ത് മയക്ക്മരുന്ന് കുത്തിവച്ച് വിമാനത്തില്‍ ഇസ്രയേലിലേക്കു കടത്തുന്നത് മൊസാദിന്റെ മറ്റൊരു തന്ത്രമാണ്. ജനറല്‍ അലി റീസ അസ്ഗാരി എന്ന മുന്‍ ഇറാനിയന്‍ ഡപ്യൂട്ടി പ്രതിരോധ മന്ത്രിയെ 2007ല്‍ ഇസ്താംബുളില്‍ വച്ചു കാണാതായി. ആണവ പരിപാടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. നാലുവര്‍ഷത്തോളം യാതൊരു വിവരവും കിട്ടിയില്ല. 2011ല്‍ ഇറാന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു, അസ്ഗാരിയെ മൊസാദ് തട്ടിക്കൊണ്ടു പോയതാണ്. ജയിലില്‍ അടച്ചിരിക്കുകയാണ് എന്ന്. അസ്ഗാരി അമേരിക്കയിലേക്ക് കൂറുമാറിയതാണെന്നും പറയുന്നുണ്ട്. 50 ലക്ഷം ഡോളര്‍ നല്‍കി പുതിയ പേരും ഐഡിയും നല്‍കി താമസിപ്പിച്ചിരിക്കുകയാണത്രെ.

2020 ജനുവരിയിയിലാണ് മൊസാദ് ലോകത്തെ വീണ്ടു നടുക്കിയത്. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ്‌സിലെ കുദ്‌സ് വിഭാഗം മേധാവിയായിരുന്നു കാസിം സുലൈമാനിയുടെ വധത്തില്‍ അമേരിക്കപോലും ഞെട്ടി. ബഗ്ദാദ് വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ബോംബിട്ട് സുലൈമാനിയെ വകവരുത്തിയത്. ഉപഗ്രഹ നിയന്ത്രിയ ബോബായിരുന്നു അത്. അതുപോലെ ഇറാന്റെ അണുബോംബ് നിര്‍മ്മാണത്തെ സൈബര്‍ ആക്രമണത്തിലുടെ മൊസാദ് തകര്‍ത്തതും വാര്‍ത്തയായി. കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ വൈറസിനെ കടത്തിവിട്ട് തെറ്റായ നിദേശം നല്‍കിയാണ് അവര്‍ നിലയം തകര്‍ത്തത്. ഇതുമൂലം വര്‍ഷങ്ങളാണ് ഇറാന്റെ ആണവപദ്ധതി വൈകിയത്. ഇതിന്റെയെല്ലാം ഒടുവിലാണ് ഇറാനില്‍ കയറി, മൊസാദ് ഹനിയയെ തീര്‍ത്തത്. അതോടെ ഇനി ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള യുദ്ധമാണ് ഉണ്ടാവുകയെന്നും വിലയിരുത്തലുണ്ട്.

ഇറാനുമായി യുദ്ധം ആസന്നം

പക്ഷേ ഇനി ഹമാസിന് പകരം ഇറാന്‍ എന്ന ഷിയാ രാഷ്ട്രവുമായുള്ള നേരിട്ടുള്ള യുദ്ധമാണ് കാണാന്‍ പോവുന്നത് എന്നാണ് പൊതു വിലയിരുത്തല്‍. ഹനിയ വധത്തിന് പിന്നാലെ, ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനേയി ഉത്തരവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖാമനേയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെല്‍ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോണ്‍മിസൈല്‍ സംയോജിത ആക്രമണമാണ് ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ പരിഗണനയിലുള്ളത്' എന്ന് ഇറാന്‍ കമാന്‍ഡര്‍മാര്‍ പറഞ്ഞു.

.'ഞങ്ങളുടെ പ്രിയങ്കരനായ അതിഥിയെ ഞങ്ങളുടെ വീട്ടില്‍ വെച്ച് നിങ്ങള്‍ കൊന്നിരിക്കുന്നു. അതുവഴി കഠിനമായ ശിക്ഷക്കുള്ള വഴി പാകുകയും ചെയ്തു" ആയത്തുല്ല ഖാമനേയി നേരത്തെ പ്രതികരിച്ചത്. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞക്കെത്തിയ ഔദ്യോഗിക അതിഥിയെ സ്വന്തം തലസ്ഥാനത്ത് പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ കുറ്റബോധവും രോഷവും ഇറാന്‍ ഭരണകൂടത്തിന്റെ പ്രതികരണങ്ങളില്‍ ഉണ്ട്.

ഇതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷവും സങ്കീര്‍ണവുമാകും.കഴിഞ്ഞ ഏപ്രിലില്‍ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസിയിലുണ്ടായിരുന്ന ഇറാന്റെ സൈനിക കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ആദ്യമായി ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. ഇതാകാം ഇറാന്‍ തലസ്ഥാനത്തു വച്ചു ഹമാസ് തലവനെ വധിക്കാന്‍ കാരണമായതെന്നു കരുതുന്നവരുണ്ട്. ഇസ്രയേലിന് തിരിച്ചടി നല്‍കേണ്ടത് ഇറാന്റെ അഭിമാന പ്രശ്്‌നമായി മാറിയിരിക്കുന്നു. ഇസ്മായിലിന്റെ കൊലപാതകത്തിന് ശേഷം ജംകരന്‍ പള്ളിയില്‍ ഇറാന്‍ 'പ്രതികാരത്തിന്റെ ചെങ്കൊടി' ഉയര്‍ത്തിയത് തിരിച്ചടിയുടെ സൂചനയാണ്.

പക്ഷേ ഈ പ്രതികാരം പ്രതീക്ഷിച്ച് തന്നെയാണ് ഇസ്രയേല്‍ കഴിയുന്നതും. ഈച്ചപോലും അറിയാതെ ഏതുരാജ്യത്ത് കടന്നുകയറിയും തങ്ങളുടെ ശത്രുക്കളെ വകവരുത്താന്‍ ഇസ്രയേല്‍ ചാര സംഘടനകള്‍ക്ക് അസാമാന്യമായ കഴിവാണുള്ളത്. ഖാമനേയി, വല്ലാതെ കളിച്ചാല്‍ വൈകാതെ അയാളും പടമാവും. പക്ഷേ ഇതൊന്നും ഗത്യന്തരമില്ലാതെ ചെയ്യുന്നതാണെന്നാണ് ഇസ്രയേല്‍ അനുഭാവികള്‍ പറയുന്നത്. ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആയുധം താഴെവെച്ചാല്‍ ഈ മേഖലയില്‍ സമാധാനം വരും. പക്ഷേ ഇസ്രയേല്‍ ആയുധം താഴെവെച്ചാല്‍ അത്് തീരും.

വാല്‍ക്കഷ്ണം: എത്ര ശക്തമായ സംവിധാനം ഉണ്ടെങ്കിലും അതൊന്നും പൂര്‍ണ്ണമല്ല എന്ന് ഉറപ്പ് ഇസ്രായേലിനുണ്ട്. അതിനാലാണ് അവര്‍ അയല്‍ക്കാരുമായി നല്ല നിലയില്‍ പോവണമെന്ന് ആഗ്രഹിക്കുന്നത്. പക്ഷേ ഹനിയയുടെ തന്നെ സിദ്ധാന്തം അനുസരിച്ച അയാള്‍ മരണം കൊതിക്കയാണ്. നെതന്യാഹു ഇഹലോകത്തിലുള്ള ജീവിതത്തില്‍ വിശ്വസിക്കുമ്പോള്‍, ഹനിയ അടക്കമുള്ളവര്‍ക്ക് മുഖ്യം പരലോക ജീവിതമാണ്! അതാണ് അവസാനിക്കാത്ത യുദ്ധത്തിന്റെ മനശാസ്ത്രവും.