- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിശ്വകര്‍മ്മ പൂജ അവധി റദ്ദാക്കി, ഈദ് അവധി നീട്ടാന്‍ ശ്രമിച്ചു'; തൃണമൂല്‍ മുസ്ലീം പാര്‍ട്ടിയും ബിജെപി ഹിന്ദു പാര്‍ട്ടിയുമാവുന്നു; അഴിമതി മറയ്ക്കാന്‍ ജാതി-മത രാഷ്ട്രീയമെടുത്ത് മമത; വര്‍ഗരാഷ്ട്രീയത്തിനു വേണ്ടി നിലകൊണ്ട നാട്ടില്‍ ഇപ്പോള്‍ വര്‍ഗീയ രാഷ്ട്രീയം; ബംഗാളില്‍ നിന്ന് അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍!
ബംഗാളില്‍ നിന്ന് അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍!
ബംഗാളില്‍ സിപിഎമ്മിനെ തുടച്ചുനീക്കിയതിന് പിന്നില്‍ ഒരു ഹിന്ദു-മുസ്ലീം ലൗ ട്രാജഡി കൂടിയുണ്ടെന്നത് അധികമാര്‍ക്കും അറിവുണ്ടാവില്ല. പക്ഷേ , സംഗതി സത്യമാണ്. ബുദ്ധദേവ് ഭട്ടാചാര്യ ഭരണത്തിനെതിരെ കടുത്ത ജനരോഷം ഇരമ്പിയ സംഭവമായിരുന്നു, കൊല്‍ക്കത്തയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ റിസ്വാനുര്‍ റഹ്‌മാന്‍ എന്ന മുപ്പതുകാരനെ കണ്ടെത്തിയ സംഭവം. റിസ്വാന്‍ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. അവളുടെ പേര് പ്രിയങ്ക. പിതാവ് അശോക് ടോഡി ഗുജറാത്ത് മാര്‍വാഡിയായിരുന്നു. കോടികളുടെ ആസ്തിയുള്ള ലക്‌സ് ഇന്റര്‍നാഷനല്‍ കമ്പനിയുടെ ഉടമ. പ്രിയങ്കയും റിസ്വാനും ഒളിച്ചോടി. റിസ്വാന്‍ ഒരു കംപ്യൂട്ടര്‍ ട്രെയ്‌നറാണ്. കൊല്‍ക്കത്തയിലെ ഒരു ചേരിയില്‍ അവര്‍ ജീവിതം തുടങ്ങി. രണ്ടുമതം എന്ന് മാത്രമല്ല, സാമ്പത്തിക അന്തരവും ഭീകരം.
പൊലീസ് അവരെ വെറുതെ വിട്ടില്ല. ടോഡിയുടെ സമ്മര്‍ദ പ്രകാരം ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെ റിസ്വാനെ വിരട്ടി. അവസാനം, റിസ്വാന്റെ ജഡം റെയില്‍വേ ട്രാക്കിനരികില്‍ കിടന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്ക് കാരണം എന്ന വാര്‍ത്ത പരന്നു. തെരുവില്‍ ദരിദ്രന്റെ രോഷം നിറഞ്ഞു. അതിനു മുന്നില്‍ മമതാ ബാനര്‍ജി നിന്നു. റിസ്വാന്റെ മൂത്ത സഹോദരന്‍ രുക്ബാനുര്‍ റഹ്‌മാനെ മമത സ്ഥാനാര്‍ത്ഥിയാക്കി. 2011-ല്‍ സി.പി.എം ഭരണം അവസാനിച്ച തെരഞ്ഞെടുപ്പില്‍ രുക്ബാനൂര്‍ റഹ്‌മാനും വിജയികളുടെ പട്ടികയിലുണ്ടായി. ഈ സംഭവത്തോടെയാണ് ബംഗാളില്‍ സിപിഎമ്മിന്റെ എക്കാലത്തെയും വലിയ വോട്ട് ബാങ്ക് ആയിരുന്നു മുസ്ലീങ്ങള്‍ പാര്‍ട്ടിയെ പുര്‍ണ്ണമായും കൈവിടുന്നത്.
അതിന് തൊട്ടുമുമ്പുതന്നെ മറ്റൊരു സംഭവവും ഉണ്ടായിരുന്നു. അനധികൃത മദ്രസകള്‍ രാജ്യദ്രോഹികളുടെ താവളമാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ബുദ്ധദേവിനെതിരെ നഗരത്തില്‍ പ്രകടനം നടന്നു. ബുദ്ധദേവിന് തെറ്റി എന്ന് ജ്യോതിബസു പരസ്യമായി പറഞ്ഞു. അനധികൃത മദ്രസകളെക്കുറിച്ചാണ് ബുദ്ധദേവ് പറഞ്ഞതെങ്കിലും, അത് വ്യാഖ്യാനിക്കപ്പെട്ടത് ഇസ്ലാമിനെതിരെ എന്ന രീതിയിലായിരുന്നു. അതുവരെ ഹിന്ദു-മുസ്ലീം വോട്ടുകള്‍ ഒരുപോലെ ബാലന്‍സ് ചെയ്ത കൊണ്ടുപോവാന്‍ സിപിഎമ്മിന് കഴിഞ്ഞിരുന്നു. ട്രാന്‍സ്പോര്‍ട്ട് മുഖ്യമന്ത്രികൂടിയായ സുഭാഷ് ചക്രവര്‍ത്തി ഒരിക്കല്‍ പറഞ്ഞത്, താന്‍ പ്രാഥമികമായി ഒരു ഹിന്ദുവും രണ്ടാമതായി ഒരു ബ്രാഹ്‌മണനുമാണെന്നാണ്! എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു സുഭാഷ്. സംഭവം വിവാദമായെങ്കിലും നേതവിനെതിരെ നടപടി ഉണ്ടായില്ല.
പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി. സിപിഎമ്മിന്റെ മുസ്ലീം വോട്ട് ബാങ്ക് ഒന്നടക്കം തൃണമൂലിലേക്ക് മാറി. ഹിന്ദുവോട്ടുകളില്‍ പകുതിയിലേറെ ബിജെപിയിലേക്കും. ഇന്നും ബംഗാളിലെ ബിജെപി പ്രവര്‍ത്തകരില്‍ ഏറെയും സിപിഎമ്മില്‍നിന്ന് കാലുമാറി എത്തിയവരാണ്. 2011-ല്‍ അധികാരം നഷ്ടമായതിനുശേഷമുള്ള തൃണമുലിന്റെ അതിശക്തമായ ആക്രമണം ഭയന്ന്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരിച്ചടിക്കാന്‍ ശേഷിയുള്ള പാര്‍ട്ടിയായ ബിജെപിയിലേക്ക് മാറി. നമ്മുടെ കണ്ണുര്‍ ജില്ലപോലെ സിപിഎമ്മിന്റെ കോട്ടയായ 24 പര്‍ഗാനാസ് എന്ന ജില്ലയിലൊക്കെ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ ചെങ്കൊടി മാറ്റി പകരം കാവിക്കൊടി ഉയര്‍ത്തുകയായിരുന്നു. ലോക്കല്‍ സെക്രട്ടറിയും, ഭാര്യയും മക്കളും എല്ലാവരും ചേര്‍ന്ന് ഒന്നടങ്കം ബിജെപിയിലേക്ക് മാറുകയായിരുന്നു!
അതായത് വര്‍ഗരാഷ്ട്രീയത്തിന് പേരുകേട്ട ബംഗാളില്‍ അന്ന് മുതല്‍ നിറയുന്നത് വര്‍ഗീയ രാഷ്ട്രീയം തന്നെയാണ്. 34 വര്‍ഷം തുടര്‍ച്ചയായി കമ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാള്‍ ഭരിച്ചതിനുശേഷം, തൃണമുല്‍ അധികാരത്തിന്റെ 15 വര്‍ഷം അടുക്കുമ്പോള്‍ ബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍ ഏറെയും സാമുദായിക ധ്രുവീകരണത്തിന്റെതാണ്. നഗരങ്ങളില്‍ തൃണമുല്‍ മുസ്ലീം പാര്‍ട്ടിയും, ബിജെപി ഹിന്ദുപാര്‍ട്ടിയുമായി പച്ചയ്്ക്കാണ് പ്രചാരണം. സിപിഎമ്മാവട്ടെ ചിത്രത്തിലുമില്ല.
'ഹിന്ദു അവധി റദ്ദാക്കി മുസ്ലീം അവധി നീട്ടാന്‍ ശ്രമം'
ഒറ്റനോട്ടത്തില്‍ നോക്കിയാല്‍, നാടിനെ ലജ്ജിപ്പിക്കുന്ന വാര്‍ത്തകളാണ് ബംഗാളില്‍നിന്ന് പുറത്തുവരുന്നത്. തങ്ങളുടെ മുസ്ലീം വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാവുമെന്ന് മമത ഭയന്ന് തുടങ്ങിയിട്ടുണ്ട്. മുസ്ലീങ്ങള്‍ ഒരു വിഭാഗം കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും വീണ്ടും മമത കാണിക്കുമോ എന്ന് അവര്‍ ഭയക്കുന്നു. അതിന്റെ ഫലമോ, തുടര്‍ച്ചയായ മുസ്ലീം പ്രീണന ശ്രമങ്ങളാണ് ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്നത്.
കൊല്‍ക്കത്തില്‍ വിശ്വകര്‍മ്മ പൂജ അവധി റദ്ദാക്കി , ഈദ്-ഉല്‍-ഫിത്തര്‍ അവധി നീട്ടാന്‍ ശ്രമിച്ച നീക്കം ഈയിടെ വന്‍ വിവാദമായി .കൊല്‍ക്കത്തയിലെ സ്‌കൂളുകളിലെ വിശ്വകര്‍മ പൂജ അവധി റദ്ദാക്കി ഈദ്-ഉല്‍-ഫിത്തര്‍ അവധി നീട്ടാനായിരുന്നു മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കം. തെരഞ്ഞെടുപ്പിനു മുന്‍പ് മുസ്ലീം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനുള്ള മമത ബാനര്‍ജിയുടെ ശ്രമമായിരുന്നു ഇതെന്ന് അതിശക്തമായി ആരോപിച്ച് ഹൈന്ദവ സംഘടനകള്‍ രംഗതെത്തി. ഹിന്ദുക്കള്‍ക്ക്, പ്രത്യേകിച്ച് ഒബിസി സമൂഹത്തിന് വളരെയധികം സാംസ്‌കാരികവും മതപരവുമായ പ്രാധാന്യമുള്ള ഒരു അവസരമായ വിശ്വകര്‍മ പൂജ അവധി റദ്ദാക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് കെഎംസി ഒരു ഔദ്യോഗിക മെമ്മോറാണ്ടം കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത് . അതിന്റെ പകരമായി, ഈദ്-ഉല്‍-ഫിത്തറിന് അവധി ഒരു ദിവസത്തില്‍ നിന്ന് രണ്ട് ദിവസത്തേക്ക് നീട്ടി.
ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഈ നീക്കത്തെ ശക്തമായി അപലപിച്ചു. പശ്ചിമ ബംഗാളിനെ ''മമത ബാനര്‍ജിയുടെ കീഴിലുള്ള ഇസ്ലാമിക ഖിലാഫത്ത്'' എന്നും അദ്ദേഹം വിശേഷിപ്പിച്ചു . ''മമത ബാനര്‍ജിയുടെ അടുത്ത സഹായി ഫിര്‍ഹാദ് ഹക്കിം, കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌കൂളുകളിലെ വിശ്വകര്‍മ പൂജയ്ക്ക് അവധി നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടു പ്രത്യേകിച്ച് ഒബിസികള്‍ക്ക് വളരെ പ്രാധാന്യമുള്ള ഒരു സന്ദര്‍ഭം പകരം ഈദ്-ഉല്‍-ഫിത്തറിനായി അത് നീക്കിവച്ചു.''അമിത് മാളവ്യ കുറിച്ചു.
'നേരത്തെ, മുഖ്യമന്ത്രി ഏകപക്ഷീയമായി മുസ്ലീങ്ങളെ ഉള്‍പ്പെടുത്തുന്നതിനായി ഒബിസി സബ്-ക്വോട്ടയ്ക്ക് കീഴിലുള്ള സംവരണം വെട്ടിക്കുറച്ചു, അതുവഴി യഥാര്‍ത്ഥ ഒബിസി സമൂഹങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. കല്‍ക്കട്ട ഹൈക്കോടതി അത് റദ്ദാക്കി, കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ്.- മാളവ്യ പറയുന്നു. അതേസമയം ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ ഉത്തരവില്‍ പിഴവ് സംഭവിച്ചതാണെന്ന് കാട്ടി സര്‍ക്കാര്‍ ഉത്തരവ് പിന്‍ വലിച്ചു. പിഴവിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇത് വെറുമൊരു ക്ലറിക്കല്‍ എറര്‍ മാത്രമല്ല, കൃത്യമായ പൊളിറ്റിക്കല്‍ മൂവ് ആണെന്നാണ് ബിജെപി പറയുന്നത്.
ബംഗാളിലെ ഓരോ പൊതുതിരിഞ്ഞെടുപ്പിലും, നൂറുകണക്കിന് ആളുകളുടെ ശവങ്ങളാണ് വീഴുന്നത്. ആദ്യകാലത്ത് അത് സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷവും, പില്‍ക്കാലത്ത് അത് സിപിഎം- തൃണമുല്‍ സംഘര്‍ഷവും, പിന്നീട് അത് തൃണമൂല്‍ - ബിജെപി സംഘര്‍ഷവുമായി മാറി. ഇപ്പോള്‍ ഫലത്തില്‍ തൃണമൂല്‍- ബിജെപി സംഘര്‍ഷമെന്നത്, ഹിന്ദു-മുസ്ലീം സംഘര്‍ഷമായി മാറുമെന്നണ് ദ ട്രിബ്യൂണ്‍ പോലുള്ള പ്രമുഖ പത്രങ്ങള്‍ ആശങ്കപ്പെടുന്നത്.
എന്തുകൊണ്ടാണ് തൃണമുല്‍ ഇത്തരം മതക്കളികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എന്ന്, ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍, നിര്‍മ്മല്‍ പാര്‍ത്ഥസാരഥി പറയുന്നത് ഇങ്ങനെ-'' പരിബര്‍ത്തന്‍ അഥവാ മാറ്റം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് 2011-ല്‍ മമത അധികാരത്തിലേറിയത്. എന്നാല്‍ ബംഗാളില്‍ കാര്യമായ ഒരു മാറ്റവും കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല അഴിമതി തൃണമൂലിനെപ്പോലും വിഴുങ്ങുന്ന അവസ്ഥയാണ്. ഈ ഘട്ടത്തില്‍ സ്വന്തം വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ അവര്‍ മുസ്ലീം സരക്ഷകയുടെ റോള്‍ എടുത്ത് അണിയുകയാണ്. ഫലത്തില്‍ അതീവ ഭയാനകമായ കമ്യൂണല്‍ പോളറൈസേഷനാണ് ഇത് വളം വെക്കുന്നത്''.
അഴിമതിയാല്‍ വിശ്വാസ്യത നഷ്മായ മമത
'എരിചട്ടിയില്‍ നിന്ന് വറതീയിലേക്ക്' എന്ന് പറയുന്ന രീതിയിലാണ്, ഭാഗ്യം കെട്ടവരില്‍ ഭാഗ്യം കെട്ടവര്‍ ആയ ബംഗാളി ജനതയുടെ അനുഭവം. അടിക്കടിയുണ്ടാവുന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍, ഭരണത്തിന്റെ എല്ലാ തലങ്ങളിലും വ്യാപകമായ അഴിമതിയും ഗുണ്ടായിസവും, വര്‍ധിക്കുന്ന ബാലവേശ്യകള്‍, കാണാതാവുന്ന പെണ്‍കുട്ടികള്‍, വികസനം എത്തി നോക്കിയിട്ടില്ലാത്ത ഗ്രാമങ്ങളില്‍ നിന്ന് ജോലി തേടി കേരളത്തിലേക്ക് അടക്കം പ്രവഹിക്കുന്ന യുവാക്കള്‍... ഭൂമിയിലെ നരകം ഇന്ന് ബംഗ്ലാദേശല്ല, നമ്മുടെ പശ്ചിമ ബംഗാള്‍ ആണ്. ദസറയും രാമനവമിയും ഈദും അടക്കമുള്ള ഓരോ ആഘോഷങ്ങളും ബംഗാളില്‍ അവസാനിക്കുന്നത് കൊലപാതകങ്ങളിലും കലാപങ്ങളിലുമാണ്. നഗരങ്ങളില്‍ നിര്‍മ്മാണത്തിലിരിക്കേ പാലങ്ങള്‍ പോലും തകര്‍ന്ന് വീഴുന്നു. കാരണം അഴിമതി തന്നെ. സിപിഎം തുടര്‍ച്ചയായി ഭരിച്ച 34വര്‍ഷങ്ങളേക്കാള്‍ മോശമാവുകയാണ് വംഗനാടിന്റെ അവസ്ഥ.
തൊഴിലുറപ്പ് പദ്ധതി തൊട്ട്, അങ്കണവാടികളിലെ പോഷകാഹാര വിതരണത്തില്‍ വരെ കമ്മീഷന്‍ അടിക്കുന്ന 'കട്ട് മണി' സമ്പ്രദായം ആയിരുന്നു, കമ്യൂണിസ്റ്റ് ഭരണത്തില്‍ പാവപ്പെട്ടവര്‍ക്ക് ഏറ്റവും വലിയ ഭീഷണി. എന്തിലും ഏതിലും പത്തുശതമാനം പാര്‍ട്ടിക്ക്. പക്ഷേ തൃണമൂല്‍ ഭരണം വന്നതോടെ കട്ട്മണി 20 ശതമാനമായി! ഏറെ പ്രതീക്ഷയോടെ മമതയെ അധികാരത്തില്‍ ഏറ്റിയ ജനങ്ങള്‍ക്ക് കൊടുത്ത പണി നോക്കുക. ഒടുവില്‍ മമത തന്നെ കട്ട് മണി നിര്‍ത്തലാക്കുമെന്നൊക്കെ പറഞ്ഞെങ്കിലും പ്രായോഗികമായി ഒന്നും നടന്നിട്ടില്ല.
സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി, അതും മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞാല്‍ മന്ത്രി സഭയിലെ രണ്ടാമന്‍ ജയിലാവുക എന്ന് പറഞ്ഞാല്‍ എത്ര വലിയ നാണക്കേടാണ്. പക്ഷേ ആസനത്തില്‍ ആല്‍ മുളച്ചവര്‍ക്ക് അതും ഒരു തണലാണ്. കഴിഞ്ഞ മമതാ മന്ത്രിസഭയുടെ കാലത്ത് നടന്ന സ്‌കുള്‍ അഴിമതിയില്‍, ഇപ്പോഴത്തെ വാണിജ്യ-വ്യവസായ മന്ത്രിയായ പാര്‍ത്ഥ ചാറ്റര്‍ജിയെ ഇഡി അറസ്റ്റ് ചെയ്തത്, രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്നാണ് മമത പറയുന്നത്. ഇദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരിക്കേ മെറിറ്റ് ലിസ്റ്റില്‍ ഇടം നേടിയവര്‍ക്കു പകരം, കുറഞ്ഞ മാര്‍ക്ക് ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍നിന്നും പണം വാങ്ങി ജോലി കൊടുത്തുവെന്നതാണ് ആരോപണം. ഇങ്ങനെ സംമ്പാദിച്ച കോടികള്‍ ചാറ്റര്‍ജിയുടെ കൂട്ടാളിയില്‍ നിന്ന് ഇഡി കണ്ടെടുക്കുയും ചെയ്തു.
പാര്‍ത്ഥ ചാറ്റര്‍ജിയുടെ അറസ്റ്റിന് കാരണക്കാരിയായ അര്‍പ്പിത മുഖര്‍ജി എന്ന നടിയെക്കുറിച്ച് നമ്മുടെ സരിത- സ്വപ്ന മോഡലിലുള്ള വിവാദങ്ങളാണ് ഉയര്‍ന്നു വരുന്നുത്. അര്‍പ്പിതയുമായി മന്ത്രിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇവരുടെ വസതിയില്‍ നിന്ന് 20 കോടിയുടെ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തതോടെയാണ് ചാറ്റര്‍ജി കുരുക്കിലായത്. നിയമന കോഴയുടെ ഭാഗമാണ് 20 കോടി എന്നാണ് ഇഡിയുടെ നിഗമനം. ഇതോടെ നോട്ടുകെട്ടുകളില്‍ കിടന്നുറങ്ങിയ സുന്ദരി എന്ന രീതിയില്‍ നിറം പിടിപ്പിച്ച കഥകളാണ് അര്‍പ്പിതയെക്കുറിച്ച് പ്രചരിക്കുന്നത്.
ബംഗാളി, ഒഡിയ, തമിഴ് സിനിമകളില്‍ ചെറുകിട വേഷങ്ങള്‍ ചെയ്ത നടിയാണ് ഇവര്‍. അര്‍പ്പിത മുഖര്‍ജി വര്‍ഷങ്ങളായി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വലംകൈയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പാര്‍ത്ഥയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍ത്ഥ ചാറ്റര്‍ജി അടിക്കടി അര്‍പ്പിതയുടെ വസതി സന്ദര്‍ശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ദക്ഷിണ കൊല്‍ക്കത്തയിലെ ആഡംബര ഫ്ളാറ്റിലാണ് താമസം. ഈ വസതിയിലെത്തി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കറന്‍സി ശേഖരം കണ്ടെടുത്തത്. കോടികള്‍ എണ്ണി തിട്ടപ്പെടുത്താന്‍, നോട്ട് എണ്ണുന്ന യന്ത്രം മാത്രമല്ല ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായവും തേടേണ്ടി വന്നു. 2000 ത്തിന്റെയും 500 ന്റെയും നോട്ടുകളാണ് അര്‍പ്പിതയുടെ വസതിയില്‍ നിന്ന് കണ്ടെടുത്തത്. ഇരുപതിലേറെ മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. ഇതിനൊപ്പം ശാരാദാചിട്ടിഫണ്ട് തട്ടിപ്പ് തൊട്ട് തുടങ്ങുന്ന നൂറുകണക്കിന് കുംഭകോണങ്ങള്‍ വേറയും. ഇതോടെ അഴിമതിവിരുദ്ധ പ്രതിഛായ മമതക്ക് പുര്‍ണ്ണമായും നഷ്ടമായിട്ടുണ്ട്. അതിനാല്‍ തന്നെ കര്‍ഷകര്‍, മതന്യൂനപക്ഷങ്ങള്‍, നഗരങ്ങളിലെ ഇടത്തരക്കാര്‍ എന്നിങ്ങനെയുള്ളവരുടെ വോട്ട്് ഉറപ്പിക്കാനാണ് ത്രിണമുല്‍ നീക്കം നടത്തുന്നത്. ബിജെപിയെ ചെറുക്കാന്‍ അവര്‍ ജാതി ധ്രുവീകരണത്തിനും ശ്രമിക്കുന്നു.
മിസ്റ്റര്‍ മരുമകനുമായി തെറ്റുന്നു
ബംഗാളിലെ സകല കുംഭകോണങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് മമതയുടെ മരുമകന്‍ കൂടിയായ അഭിഷേക് ബാനര്‍ജിയാണെന്നാണ് മാധ്യമങ്ങളുടെ വിമര്‍ശനം. ബംഗാളിലെ സഞ്ജയ് ഗാന്ധി, രണ്ടാം ചന്ദന്‍ ബസു എന്ന കുപ്രസിദ്ധിയുള്ള ആളാണ് അഭിഷേക്. ജ്യോതി ബസു ഭരണത്തില്‍ മകന്‍ ചന്ദന്‍ബസു കോടികള്‍ ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണ്, രണ്ടാം ചന്ദന്‍ബസുവെന്ന് വിമര്‍ശകര്‍ കളിയാക്കുന്നുന്നത്. ത്രിണമൂലിന്റെ ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെയും നേതൃത്വവും ഈ 38കാരനായ തീപ്പൊരി പ്രാസംഗികന് മാധ്യമങ്ങള്‍ കല്‍പ്പിച്ചുകൊടുക്കുന്നുണ്ട്.
പരുത്തി വസ്ത്രങ്ങള്‍ മാത്രം ധരിച്ച്, ചെരുപ്പിടാതെ നടക്കുന്ന, ലാളിത്യത്തിന്റെ പ്രതീകമായ, അവിവാഹിതയായ, സ്വജനപക്ഷപാതിത്വമില്ലാത്ത അഴിമതി വിരുദ്ധ നേതാവ് എന്നായിരുന്നു, അധികാരത്തിലേറും വരെ പശ്്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇമേജ്. സിപിഎമ്മിന്റെ മൂന്നരപതിറ്റാണ്ട് നീണ്ടുനിന്ന ഭരണത്തെ കടപുഴക്കാന്‍ അവര്‍ക്ക് കഴിഞ്ഞതിലും ഈ അഴിമതിവിരുദ്ധ പ്രതിഛായ വലിയ പങ്കുവഹിച്ചു. പക്ഷേ മക്കളിലെങ്കിലും മമതയുടെ ഭരണത്തിലും മക്കള്‍ രാഷ്ട്രീയം കടന്നുവന്നു. മരുമകന്‍ അഭിഷേക് ബാനര്‍ജി, മമതക്ക് മകന് സമാനമായിരുന്നു. ആ ബന്ധംവെച്ച് പുള്ളി നന്നായി കട്ടുമുടിക്കാന്‍ തുടങ്ങി. അഭിഷേകിനും ഭാര്യക്കും കമ്മീഷന്‍ കൊടുക്കാതെ ഒരു പെട്ടിക്കടപോലും തുടങ്ങാന്‍ കഴിയില്ല എന്ന അവസ്ഥയായി ബംഗാളില്‍.
തൃണമൂലിന്റെ ഫണ്ട് റെയ്‌സര്‍ കൂടിയായിരുന്നു അഭിഷേക്. ഭാവിയില്‍ മമത സഥാനം ഒഴിയുമ്പോള്‍ അടുത്ത മുഖ്യമന്ത്രിയും ഈ മിസ്റ്റര്‍ മരുമകന്‍ തന്നെയാണെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ മമതയും മരുമകനും അടിച്ചു പിരിയുന്ന എന്ന വാര്‍ത്തകളാണ് ബംഗാളി മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അഭിഷേക് പാര്‍ട്ടി പിളര്‍ത്തുമെന്നുവരെ സുചനകള്‍ വരുന്നുണ്ട്. ഇതോടെ, പഠിച്ച പണി പതിനെട്ടും ശ്രമിച്ചിട്ടും, ബംഗാളില്‍ ഭരണം പിടിക്കാന്‍ കഴിയാത്ത ബിജെപിയുടെ മനസ്സിലും ലഡ്ഡുപൊട്ടുകയാണ്. അഭിഷേകിനെ ബിജെപി റാഞ്ചുമെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.
മമത ബാനര്‍ജിയ്ക്കും അഭിഷേക് ബാനര്‍ജിയും തമ്മില്‍ തെറ്റാനുണ്ടായ പ്രത്യക്ഷകാരണം, കൊല്‍ക്കത്തയിലെ വിവാദമായ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സഗക്കൊലയാണ്. ഈ സംഭവത്തില്‍ പാര്‍ട്ടിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഗായകരെ ബഹിഷ്‌കരിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ ആഹ്വാനം അഭിഷേക് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഒരു നിര്‍ണായക വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ ആര്‍ട്ടിസ്റ്റുകളെ ബഹിഷ്‌കരിക്കുന്ന തരത്തിലുള്ള പാര്‍ട്ടിയുടെ ഈ നീക്കത്തെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ അഭിഷേക് പ്രകടിപ്പിച്ചു. കലാകാരന്മാര്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ പക്ഷം ചേരാന്‍ ആവശ്യപ്പെടുകയോ ,ഭീഷണിപ്പെടുത്തുകയോ പാടില്ലെന്നും സര്‍ക്കാരിന്റെ പക്ഷം പിടിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അഭിഷേക് പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് മമത ബാനര്‍ജിയോ താനോ ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭിഷേകിന്റെ പരാമര്‍ശത്തിന് പിന്നാലെ ടിഎംസിയുടെ മുതിര്‍ന്ന വക്താവ് കുനാല്‍ ഘോഷ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രതികരണം മമതയുടെ നിലപാടിന്റെ വിളിച്ചോതല്‍ കൂടിയായിരുന്നു. ടിഎംസി പ്രവര്‍ത്തകരുടെ മനസാക്ഷിയാണ് ഇക്കാര്യത്തില്‍ തീരുമാനിക്കുകയെന്നും മമതാ ബാനര്‍ജി എന്ത് പറഞ്ഞാലും അത് വിഷയത്തില്‍ അന്തിമ വാക്ക് ആയിരിക്കുമെന്ന് ഘോഷ് വ്യക്തമാക്കി. ഘോഷിന്റെ പ്രസ്താവന മമത ബാനര്‍ജിയുടെ പ്രതികരണവുമായി ചേര്‍ന്ന് പോകുന്നതായിരുന്നു. പാര്‍ട്ടി കാര്യങ്ങളില്‍ ''അവസാന വാക്ക്'' തനിക്കാണെന്ന് അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതോടെ ശീതസമരം രൂക്ഷമായി. ഇപ്പോള്‍ അഭിഷേകിനെ അനുകൂലിക്കുന്ന മന്ത്രിമാരെപ്പോലും മുഖ്യമന്ത്രി നിരീക്ഷിക്കയാണ്. അവര്‍ക്ക് കാര്യമായ ഒരു പണിയും കൊടുക്കുന്നുമില്ലെന്നാണ് ബംഗാള്‍ മീഡിയ പറയുന്നത്. പക്ഷേ യഥാര്‍ത്ഥകാരണം ഇതല്ല പണം ആണെന്നാണ് പ്രചാരണം. മമതയെ മുന്നില്‍നിര്‍ത്തി ശതകോടികളാണ് മരുമകന്‍ സമ്പാദിച്ച് കൂട്ടിയത്. ഇതേചൊല്ലിയുള്ള തകര്‍ക്കാമണ് യഥാര്‍ത്ഥ വിഷയമെന്നും ആരോപണമുണ്ട്.
ചുക്കില്ലാത്ത കഷായമില്ല, എന്ന പറഞ്ഞതുപോലെ അഭിഷേക് ബാനര്‍ജിയില്ലാത്ത തട്ടിപ്പുകേസുകള്‍ ബംഗാളിലില്ല എന്ന അവസ്ഥ വന്നിരിക്കയാണ്. കാലിക്കടത്തുമുതല്‍ കല്‍ക്കരി കുംഭകോണത്തില്‍വരെ ആരോപിതനായി. ബംഗാളിലെ ആയിരത്തോളം ഗ്രാമങ്ങളെ പാപ്പരാക്കിയ ശാരദ ചിട്ടി തട്ടിപ്പിലെ പ്രതികളെ രക്ഷിച്ചുവെന്നും അഭിഷേകിനെതിരെ ആരോപണം ഉയര്‍ന്നു. ഇതെല്ലാം കൊണ്ടായിരിക്കാം, മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ തന്റെ മരുകനെ ഒരു കൈയലത്ത് വെച്ചിരിക്കയാണ്. നേരത്തെ മമത കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ രണ്ടാമന്‍ എന്ന നിലയിലായിരുന്ന അഭിഷേകിന്റെ വളര്‍ച്ച്. ഒന്നും രണ്ടുമല്ല 9 ഇ ഡികേസുകളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്.
2014-ല്‍, വെറും 27ാം വയസ്സില്‍ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി അഭിഷേക് വന്‍ ഭൂരിപക്ഷത്തിന് ജയിച്ച് കയറിയത്. അക്കാലത്ത്, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റേറിയനായിരുന്നു, വളരെ പെട്ടന്നു തന്നെ ത്രിണമൂലിലെ യുവരാജാവ് എന്ന പേരിലൊക്കെ അഭിഷേക് അറിയപ്പെടാന്‍ തുടങ്ങി. റാലികളില്‍ ആദരവ് പ്രകടിപ്പിച്ച് അഭിഷേകിന് മുന്നില്‍ പാര്‍ട്ടിക്കാര്‍ എഴുന്നേറ്റു നില്‍ക്കണമെന്ന പതിവുണ്ടായിരുന്നു.
മമത കഴിഞ്ഞാല്‍, തൃണമൂലില്‍ യാത്രകള്‍ക്കായി ഹെലികോപ്ടര്‍ ഉപയോഗിക്കുന്ന നേതാവുകൂടിയാണ് അഭിഷേക്. എന്നാല്‍ അഭിഷേക് ബാനര്‍ജിയെ ബിജെപി തുടര്‍ച്ചയായി ആക്ഷേപിക്കുന്നു. 'തോലാബാജ് ഭൈപ്പോ' (കൊള്ളയടിക്കുന്ന മരുമകന്‍) എന്ന് വിളിച്ച് പരിഹസിക്കുന്നു.. സംസ്ഥാനത്തെ പശു, കല്‍ക്കരി കള്ളക്കടത്ത് റാക്കറ്റുകളുമായി തന്നെ ബന്ധിപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും തനിക്കെതിരെ ഒരു കേസുമില്ലെന്നുമാണ് അഭിഷേകിന്റെ വാദം.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നേരത്തെ അഭിഷേക് ബാനര്‍ജിയെയും ഭാര്യയെയും ഇഡി ചോദ്യം ചെയ്യിരുന്നു. ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ കല്‍ക്കരി പാടങ്ങളില്‍ നിന്ന് അനധികൃത ഖനനവും കല്‍ക്കരി മോഷണവും ആരോപിച്ചാണ് കേസ്. പ്രാദേശിക കല്‍ക്കരി വ്യവസായി അനൂപ് മാജി എന്ന ലാലയാണ് കേസിലെ പ്രധാന പ്രതി. ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കല്‍ക്കരി മാഫിയ സ്ഥിരമായി പണം നല്‍കിയിരുന്നതായി ആരോപണമുണ്ടായിരുന്നു. അതുപോലെ ബംഗാളിലെ മറ്റൊരു പ്രശ്‌നമാണ് അതിര്‍ത്തിയിലുടെ ബംഗ്ലാദേശിലേക്കുള്ള കാലിക്കടത്ത്. ത്രിണമൂലിന്റെ പ്രാദേശിക നേതാക്കള്‍ ഇതിലുടെ വന്‍ തുകയാണ് ഉണ്ടാക്കുന്നത്. ഈ സിന്‍ഡിക്കേറ്റിന്റെയും നിയന്ത്രണം അഭിഷേകിനാണെന്നാണ് ബിജെപി ആരോപണം.
നേരത്തെ ഭൂമി കയ്യേറ്റ കേസില്‍ അന്വേഷണം നേരിടുന്ന വ്യവസായി രാജ് കിഷോറില്‍നിന്ന് അഭിഷേക് ബാനര്‍ജി 1.15 കോടി രൂപ സ്വീകരിച്ചതും വിവാദമായിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ മമതാ ബാനര്‍ജിയാണു രാജ് കിഷോറിനെതിരെ ഭൂമി കയ്യേറ്റ കേസില്‍ നടപടി ആവശ്യപ്പെട്ടിരുന്നത്. അധികാരത്തിലെത്തിയ ശേഷം രാജ് കിഷോറിനെ സഹായിക്കുന്ന നിലപാടാണു മമത കൈക്കൊണ്ടത്.അധ്യാപക നിയമന അഴിമതി കേസിലും അഭിഷേക് ബാനര്‍ജിയുടെ പ്രതിയായി. പ്രൈമറി അധ്യാപകരെ മെറിറ്റ് നോക്കാതെ കാശുവാങ്ങി നിയമിച്ചുവെന്നാണ് ആരോപണം. ഇതിലും ഇഡി അഭിഷേകിനെ ചോദ്യം ചെയ്തിരുന്നു. സ്വന്തമായി കമ്പനിയുള്ള അഭിഷേക് ഒരു വ്യവസായി കൂടിയാണ്. അഭിഷേകിനും ഭാര്യക്കും കമ്മീഷന്‍ നല്‍കാതെ ബംഗാളില്‍ ഒരു വ്യവസായവും തുടങ്ങാന്‍ കഴിയില്ലെന്നാണ് ആരോപണം. ജയലളിതയുടെ ഭരണകാലത്തെ ശശികലയുടെ നേതൃത്വത്തിലുള്ള മന്നാര്‍ഗുഡി മാഫിയയെ ആണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. ഭാര്യ റുജിറ ബാനര്‍ജിയുടെ കൈയിലെ കളിപ്പാട്ടമാണ് അഭിഷേക് എന്നും ആരോപണം ഉണ്ട്. 'ബാനര്‍ജി മാഫിയ' എന്നാണ് ഇവര്‍ വിളിക്കപ്പെടുന്നത്.
2023-ല്‍ കല്‍ക്കരി കേസുമായി ബന്ധപ്പെട്ട് അഭിഷേകിന്റെ ഭാര്യയെയും മക്കളെയും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവവവും വിവാദമായിരുന്നു. ഈ രീതിയില്‍ അഴിമതിക്കാരന്‍ ആണെങ്കിലും പണം കൊണ്ടും പ്രവര്‍ത്തകരുമായുള്ള ബന്ധം കൊണ്ടും കരുത്തനാണ് അഭിഷേക്. അതുകൊണ്ടുതന്നെ ത്രിണമൂല്‍ പിളരമോ, അതോ അഭിഷേകിനെ ബിജെപി റാഞ്ചുമോ എന്നല്ലെമാണ് ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകള്‍. പക്ഷേ തല്‍ക്കാലികമായി മമത അഭിഷേകിനെ ഒതുക്കിയെന്നത് യാഥാര്‍ത്ഥ്യമാണ്.
ഒബിസി വോട്ടുകള്‍ ലക്ഷ്യമിട്ട് ഇരുവരും
ബംഗാളിലെ കമ്യൂണല്‍ പൊളിറ്റിക്സില്‍ ഏറ്റവും പ്രധാനമാണ് ജാതി. ജാതിവോട്ടുകള്‍ പരാമാധി സമാഹരിക്കാനുള്ള ശ്രമത്തിലാണ് തൃണമുലും ബിജെപിയും. ഒപ്പം ബംഗാളിന്റെ സ്വത്വം എന്ന മറ്റൊരു അടവുകൂടി ബിജെപി പയറ്റുന്നുണ്ട്. സ്വാമി വിവേകാനന്ദനെയും ബങ്കിംചന്ദ്ര ചാറ്റര്‍ജിയെയുമൊക്കെ ബിജെപി പോസ്റ്ററുകളില്‍ സ്വന്തമാക്കുന്നു. അതുപോലെ ബംഗാളിന്റെ അഭിമാനമായ ടാഗോറിനെ സ്വന്തമാക്കാനും അവര്‍ ശ്രമിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരതും ടാഗോറിന്റെ ആശയധാരയും ഒന്നാണെന്നാണ് മോദി നേരത്തെ അഭിപ്രായപ്പെട്ടത്. എന്നാല്‍ ടാഗോറിന്റെ നാട് മതേതരത്വം അടിയറവെക്കാനോ വിദ്വേഷ രാഷ്ട്രീയത്തെ വിജയിപ്പിക്കാനോ തയ്യാറാവില്ല എന്നാണ് മമത തിരിച്ചടിച്ചത്.
അതുപോലെ രണ്ടുകൂട്ടരു ഒരുപോലെ ടാര്‍ഗറ്റ് ചെയ്യുന്നതാണ് ദലിത്- പിന്നാക്ക വോട്ടുകള്‍. 2011-ലെ തിരഞ്ഞെടുപ്പിനുമുമ്പ് മമതാ ബാനര്‍ജി ബീണാപാണിദേവി എന്ന ആത്മീയനേതാവിനെ സന്ദര്‍ശിച്ചത്, കൃത്യമായ ഒരു രാഷ്ട്രീയനീക്കമായിട്ടാണ് വിലയിരുത്തിയിരുന്നത്. അവര്‍ മാത്വാ നാമശൂദ്രദളിത് വിഭാഗത്തിന്റെ ആത്മീയഗുരുവായിരുന്നു. പല കാലങ്ങളിലായി കിഴക്കന്‍ ബംഗാളില്‍നിന്ന് ഇവിടെയത്തിയ നാമശൂദ്രര്‍ പൊതുവേ ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്നവരാണ്. പക്ഷേ, ഈ സന്ദര്‍ശനം കാര്യങ്ങളെ മാറ്റിമറിച്ചു. ബംഗാളിലെ മണ്ഡലങ്ങളില്‍ നാലിലൊന്നിലെങ്കിലും ഈ വിഭാഗത്തിന് ശക്തമായ സാന്നിധ്യമുണ്ട്. മാത്രമല്ല, ദളിത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പലരെയും മമത സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു.
27 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷം എപ്പോഴും ഇടതുപക്ഷത്തോടൊപ്പം ആയിരുന്നെങ്കിലും അവര്‍ക്കും അധികാരസ്ഥാപനങ്ങളിലോ പാര്‍ട്ടിയിലോ വലിയ പ്രാതിനിധ്യമുണ്ടായിരുന്നില്ല. ആരാധനാലയമായ ഫര്‍ഫുറാ ഷെരീഫില്‍ മമത പോയി. പൊതുവേ ദരിദ്രരായ മുസ്ലിങ്ങള്‍ പ്രാര്‍ഥനയ്‌ക്കെത്തുന്ന സൂഫിമന്ദിരമായിരുന്നു അത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും പിന്നീട് അമര്‍ത്യാസെന്നിന്റെ കണക്കുകളുമൊക്കെപ്രകാരം ബംഗാളിലെ ഏറ്റവും ദരിദ്രജനവിഭാഗമാണ് മുസ്ലിങ്ങള്‍. മമത അവര്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കി. ഇന്നിപ്പോള്‍ നിയമസഭാംഗങ്ങളില്‍, തൃണമൂലിലെ മുസ്ലിം പ്രാതിനിധ്യം ഇരുപതുശതമാനമാണ്.
തൃണമൂലിന്റെ പ്രതിപക്ഷം ഇപ്പോള്‍ സി.പി.എം. അല്ല, ബി.ജെ.പിയാണ്. വളരെ വൈകാതെ ബംഗാളില്‍ തങ്ങള്‍ക്ക് ഒരവസരം കിട്ടുമെന്നുതന്നെ സംഘപരിവാര്‍ വിശ്വസിക്കുന്നു. അതിനുവേണ്ടി അവരും പയറ്റുന്നത് ഇതേ തന്ത്രങ്ങള്‍തന്നെയാണ്. പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ തങ്ങളുടെ ശക്തിയുറപ്പിക്കുക എന്നത് ആദ്യത്തെ കടമ്പയാണെന്ന് അവര്‍ക്കറിയാം. നേരത്തെ സംസ്ഥാന സെക്രട്ടറിയായി ദിലീപ് ഘോഷ് എന്ന സദാഗോപസമുദായത്തില്‍പ്പെട്ട ഒരു പിന്നാക്കവിഭാഗക്കാരനെ നിയമിച്ചത് ഈ അജണ്ട വെച്ചായിരുന്നു.
ഇന്നും ആദിവാസികള്‍ക്കും ദളിതര്‍ക്കുമിടയില്‍ ആര്‍എസ്എസ് സ്വയംസേവകര്‍ അധ്വാനിച്ചു പണിയെടുക്കുന്നു. സംവരണമില്ലാത്ത സീറ്റുകളില്‍പോലും ദളിതരെ സ്ഥാനാര്‍ഥികളാക്കുന്നു. ഉത്തരേന്ത്യയില്‍നിന്ന് ഉത്സവങ്ങള്‍പോലും ഇറക്കുമതിചെയ്യുന്നു. ഒപ്പം മുസ്ലിംസമുദായത്തെ മറ്റെല്ലാപാര്‍ട്ടികളും പ്രീണിപ്പിക്കുന്നു എന്ന പതിവുവാദമുയര്‍ത്തുന്നു. എന്നാല്‍ അന്നും ഇന്നും ദയനീയം തന്നെയാണ് മുസ്ലീങ്ങളുടെ ബംഗാളിലെ യഥാര്‍ത്ഥ അവസ്ഥ. ചുരുക്കിപ്പറഞ്ഞാല്‍ സിപിഎം മുന്നോട്ടുവെച്ച വര്‍ഗരാഷ്ട്രീയമൊക്കെ ബംഗാളില്‍നിന്ന് എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഇനിയുള്ളത് കൃത്യമായ വര്‍ഗീയ -സാമുദായിക രാഷ്ട്രീയമാണ്. ഒരു നാടിന്റെ അധ:പ്പധനം എന്നല്ലാതെ എന്ത് പറയാന്‍.
വാല്‍ക്കഷ്ണം: ഇത്രയേറെ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന തൃണമുല്‍ കോണ്‍ഗ്രസിനും മമതാബാനര്‍ജിക്കും ഒരു ആശ്വാസ വാര്‍ത്ത, കേരളത്തില്‍നിന്നുണ്ട്. 'തീര്‍ത്തും അഴിമതിവിരുദ്ധനായ' നമ്മുടെ പി വി അന്‍വര്‍, എംഎല്‍എ സ്ഥാനം രാജിവെച്ചുകൊണ്ട് തൃണമൂലിലേക്ക് എത്തുകയാണ്! ചേരേണ്ടിടത്തു തന്നെ അന്‍വറെത്തിയെന്ന് പറയാം..!