മുള്ള്, മുരട്, മൂര്‍ഖന്‍പാമ്പ് ഖ്യം എന്ന് നാം കേട്ടിട്ടല്ലേയുള്ളൂ. എന്നാല്‍ 2019-ല്‍ മഹാരാഷ്ട്രയില്‍ നടന്ന തിരഞ്ഞെടുപ്പും ഇപ്പോള്‍ 5 വര്‍ഷത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കക്ഷി ബന്ധങ്ങളും പരിശോധിച്ചാല്‍, ശരിക്കും ഉള്‍ട്ടയടിച്ചിരിക്കയാണെന്ന് കാണാം. അന്നത്തെ ശത്രുക്കള്‍ ഇന്ന് സഖ്യകക്ഷികളാണ്. സുഹൃത്തുക്കള്‍ കടുത്ത ശത്രുക്കളും!

കീരിയും പാമ്പും കൂടി രമത്യയിലായി എന്നു പറയുന്നതുപോലെയാണ് കോണ്‍ഗ്രസും- ശിവസേനയും തമ്മിലുള്ള സഖ്യം. മറാത്താ മണ്ണ് അതുകണ്ടു. അതുപോലെ തന്നെയാണ് അത്രയും കാലം കടുത്ത ശത്രുതയിലായിരുന്ന, ബിജെപിയുമായാണ് എന്‍സിപിയിലെ ഒരു വിഭാഗം പാര്‍ട്ടി പിളര്‍ത്തി സഖ്യമുണ്ടാക്കിയത്. ഇതിന്റെ ഫലമായി മുറിവേറ്റ രണ്ടുപേരുടെ രാഷ്ട്രീയമാണ് മറാത്തയില്‍ ആസന്നമായ അംബ്ലിഇലക്ഷനിയും ചര്‍ച്ച. ശരദ് പവാറും, ഉദ്ധവ് താക്കറെയും. പവാറിന്റെ എന്‍സിപിയും, ഉദ്ധവിന്റെ ശിവസേനയും ഒരുപോലെ പിളര്‍ന്ന് ഇന്ന് എന്‍ഡിഎ സഖ്യത്തിലാണ്. ശിവസേനയെ പിളര്‍ത്തിയ ഏക്നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍, എന്‍സിപിയെ പിളര്‍ത്തിയ അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ ഈ രണ്ടുരാഷ്ട്രീയക്കാര്‍ക്കും ഇത് പ്രതികാരത്തിന്റെ തിരഞ്ഞെടുപ്പ് കൂടിയാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരിഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വിജയിക്കാനായപോലെ, നവംമ്പര്‍ 20ന് നടക്കുന്ന വോട്ടെടുപ്പില്‍ മറാത്ത പിടിക്കാന്‍ കഴിയുമെന്നാണ്, കോണ്‍ഗ്രസും, ഉദ്ധവ് ശിവസേനയും, ശരത്പവാറിന്റെ എന്‍സിപിയും, അടങ്ങുന്ന മഹാവികാസ് അഡാഡി കരുതുന്നത്.

പക്ഷേ ഇത്തവകാര്യങ്ങള്‍ ആര്‍ക്കും എളുപ്പമല്ല. വിമതരും, ജാതിരാഷ്ട്രീയവും, കര്‍ഷക പ്രതിഷേധവുമൊക്കെയായി, അങ്ങേയറ്റം സങ്കീര്‍ണ്ണമാണ് മറാത്ത ഇലക്ഷന്‍. ആരുവാഴും, ആരു വീഴുമെന്ന് കണ്ടറിയണം. ശിവസേനയുടെയും, എന്‍സിപിയുടെയും പിളര്‍ന്ന രണ്ട് കഷ്ണങ്ങള്‍ക്ക് ഇത് അതിജീവിനത്തിലുള്ള പേരാട്ടവും.

2019-ലെ ബന്ധുക്കള്‍ ഇന്ന് ശത്രുക്കള്‍

പിളര്‍പ്പിന്റെയും, കുതികാല്‍വെട്ടിന്റെയും, വഞ്ചനയുടെയും കഥകളാല്‍ ഒരു ക്രൈം തില്ലര്‍പോലെയാണ്, സമകാലീന മറാത്താ രാഷ്ട്രീയം. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചത്. ഇവര്‍ വീണ്ടും അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രി പദത്തിന്റെ പേരില്‍ തമ്മിലടിയായി. ഇതോടെ ദീര്‍ഘകാല സഖ്യകക്ഷികളായ ശിവസേനയും ബിജെപിയും തമ്മിലെ ബന്ധം തകര്‍ന്നു. അതിനിടെയാണ്, എന്‍സിപി നേതാവ് അജിത് പവാര്‍ പാര്‍ട്ടി വിടുന്നത്. ശരത് പവാര്‍ എന്ന രാഷ്ട്രീയ അതികായന്റെ നെഞ്ചത്താണ് സഹോദര പുത്രന്‍ കൂടിയായ അജിത് പണികൊടുത്തത്. ബിജെ

പിയുമായി ചേര്‍ന്ന് അജിത് സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ എതാനു ദിവസംമാത്രമായിരുന്നു ഇതിന് ആയുസ്.




തുടര്‍ന്നാണ് പാമ്പ്- കീരി സഖ്യം യാഥാര്‍ത്ഥ്യമായത്. കോണ്‍ഗ്രസുമായും എന്‍സിപിയുമായും കൈകോര്‍ത്ത ശിവസേന, മുന്നണി സമവാക്യങ്ങള്‍ തലകീഴായി മാറ്റിമറിച്ചു. കോണ്‍ഗ്രസ് എന്‍സിപി ശിവസേന സഖ്യം (മഹാ വികാസ് അഘാഡി) സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചു. ബാല്‍ താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയായി. വൈകാതെ അജിത് പവാര്‍ എന്‍സിപി പാളയത്തില്‍ തിരിച്ചെത്തി. 2022-ല്‍ മറ്റൊരു അനിശ്ചിത്വമുണ്ടായി. ഏക്നാഥ് ഷിന്‍ഡേ ശിവസേന പിളര്‍ത്തി. ഇതോടെ ന്യൂനപക്ഷമായ ഉദ്ധവ് സര്‍ക്കാര്‍ രാജിവെച്ചു. ഷിന്‍ഡേയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നു. ദേവേന്ദ്രഫഡ്നാവീസ് ഉപമുഖ്യമന്ത്രി. അതിനിടെ എന്‍സിപിയില്‍ വീണ്ടും പ്രശ്നങ്ങളായി. 2022-ജൂലൈയില്‍ അജിത് പവാര്‍ 8 എംഎല്‍എമാരുമായി എന്‍സിപി പിളര്‍ത്തി എന്‍ഡിഎയില്‍ എത്തി. ഉപമുഖ്യമന്ത്രിയായി. ശിവസേന പിളര്‍ന്ന് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനും, എന്‍സിപി പിളര്‍ന്ന് അജിത് പവാറിന്റെ നേതൃത്വത്തലുള്ള വിഭാഗത്തിനുമാണ് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം കിട്ടിയത്. ഇതും ഇലക്ഷന്‍ കമ്മീഷനിനെ സ്വാധീനം വെച്ചുള്ള വന്‍ ചതിയായിരുന്നു. ഇതിനെല്ലാം പ്രതികാരം ബാലറ്റിലൂടെ കൊടുക്കുമെന്നാണ് ഉദ്ധവും, ശരത് പവാറും പറയുന്നത്.

ബിജെപി എന്ന ദേശീയ പാര്‍ട്ടിയായി വളര്‍ന്നതോടെയാണ് ശിവസേനയെപ്പോലുള്ള പ്രാദേശിക പാര്‍ട്ടികളെ ഒതുക്കാന്‍ ശ്രമം തുടങ്ങിയത്. 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ മഹാരാഷ്ട്ര സര്‍ക്കാരില്‍ ശിവസേനയ്ക്ക് അപ്രധാന വകുപ്പുകള്‍ മാത്രമാണ് ലഭിച്ചത്. പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പുകളുടെ ഫയലുകള്‍ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഓഫീസ് സ്ഥിരമായി സ്തംഭിപ്പിക്കുകയോ ചോദ്യങ്ങളോടെ തിരിച്ചയയ്ക്കുകയോ ചെയ്തു. 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സേന ഒറ്റയ്ക്ക് 68 സീറ്റുകള്‍ നേടിയപ്പോള്‍, 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും 56 സീറ്റുകള്‍ മാത്രമാണ് നേടാനായത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപി കാലുറപ്പിച്ചപ്പോള്‍ ശിവസേനയുടെ നില ഓരോ തിരഞ്ഞെടുപ്പിലും പരുങ്ങലിലായി.

അതിദേശീയതാവാദവും വലതുപക്ഷ തീവ്ര നിലപാടും രണ്ടുകൂട്ടര്‍ക്കും ഒരുപോലെയായതിനാല്‍ മറാത്തവാദം മാത്രമായിരുന്നു ശിവസേനയെ പൊതുമധ്യത്തില്‍ വേറിട്ടുനിര്‍ത്തിയ സംഗതി. ദേവേന്ദ്ര ഫഡ്‌നാവിസെന്ന മറാത്തക്കാരനെ കൊണ്ട് ബിജെപി സമര്‍ത്ഥമായി ആ സാധ്യത ഉയരാനുള്ള അവസരമുണ്ടാക്കിയില്ല. ഗുജറാത്തി ലോബിയ്ക്ക് മുന്നില്‍ വീഴാന്‍ തയ്യാറാവാത്ത ഉദ്ദവ് താക്കറേയുടെ മറാത്താ ബോധം തന്നെയാണ് ബിജെപി- ശിവസേന പോരില്‍ പലപ്പോഴും തെളിഞ്ഞു കണ്ടത്. ഗുജറാത്തില്‍ നിന്നെത്തിയ നരേന്ദ്ര മോദി- അമിത് ഷാ ടീമിന് മുന്നില്‍ അവര്‍ പറയുന്നതെല്ലാം ഏറാന്‍മൂളി നില്‍ക്കാന്‍ മറാത്താവാദക്കാര്‍ക്ക് പറ്റുമായിരുന്നില്ല. അതായിരുന്നു ശിവസേന- ബിജെപി പിരിയലിന്റെ ഒരു കാരണം.

പക്ഷേ തങ്ങളെ വിട്ടുപോയവരെ പിരിച്ചു വേര്‍പെടുത്തി രണ്ടാക്കിയാണ് ബിജെപി ഞെട്ടിച്ചത്. ഏക്‌നാഥ് ഷിന്‍ഡേയേയും കൂട്ടരേയും പിളര്‍ത്തിയെടുത്ത് മഹാവികാസ് അഘാഡി സര്‍ക്കാരിനെ വീഴ്ത്തി ബിജെപി മഹാരാഷ്ട്ര ഭരിച്ചു. മോദി- ഷാ ബുദ്ധി കൂര്‍മ്മ ബുദ്ധിയായിരുന്നു ഇതിന് പിന്നില്‍. തമ്മിലടിപ്പിച്ച് തങ്ങള്‍ക്ക് പ്രതിസന്ധിയാകുമായിരുന്ന ഒരു സംഘത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയമാണ് മഹാരാഷ്ട്രയില്‍ ബിജെപി പയറ്റിയത്. ചിഹ്നവും പാര്‍ട്ടി കൊടിയുമെല്ലാം ഷിന്‍ഡേയ്ക്ക് ഒപ്പമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളാണ് കരുത്തരെന്ന് തെളിയിച്ച ഉദ്ദവ് താക്കറെ വിഭാഗത്തിന് യഥാര്‍ത്ഥ സേനയെന്ന് തെളിയിക്കുന്നതിന് നിയമസഭാ തിരഞ്ഞെടുപ്പ് ഒരു ചൂണ്ടുപലകയാണ്. നവംബര്‍ 20ന് ആരാണ് യഥാര്‍ത്ഥ ശിവസേനയെന്ന് അറിയാം എന്നാണ് ഉദ്ധവ് പറയുന്നത്. അന്നുതന്നെ ആരാണ് യഥാര്‍ത്ഥ എന്‍സിപി എന്ന് അറിയാമെന്നാണ് പവാര്‍ പക്ഷവും പറയുന്നത്.

താക്കറേ വികാരം വോട്ടാവുമോ?

ബാല്‍ താക്കറേയുടെ മകനോട് ഷിന്‍ഡേ കാണിച്ച വഞ്ചനയാണ് തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ശിവസേന ഉദ്ധവ് വിഭാഗം ഉയര്‍ത്തിക്കാട്ടുന്നത്. 1966-ല്‍ ആദ്യം രാഷ്ട്രീയ താല്‍പര്യം ഇല്ലാത്ത സംഘടനയായി ബാല്‍ താക്കറെ രൂപീകരിച്ച ശിവസേന മണ്ണിന്റെ മക്കള്‍ വാദവും തീവ്രഹിന്ദുത്വ വലതുപക്ഷ നിലപാടും എടുത്തതോടെയാണ് ശക്തമായത്. മംുബൈയെ ഭയം കൊണ്ട് അടക്കിഭരിച്ച നേതാവായിരുന്നു താക്കറേ. മലയാളികള്‍ അടക്കമുള്ളവരെ മദ്രാസികള്‍ എന്ന് ആക്ഷേപിച്ച് അടിച്ചോടിച്ച ചരിത്രവും താക്കറേക്കുണ്ട്.




'ഞാന്‍ ഹിറ്റ്‌ലറുടെ ഒരു വലിയ ആരാധകനാണ്. അങ്ങനെ പറയാന്‍ എനിക്കൊരു നാണവും തോന്നുന്നില്ല. അയാള്‍ക്കും എനിക്കും പൊതുവായി ഉള്ള പല കാര്യങ്ങളുമുണ്ട്''- ഇങ്ങനെ പച്ചക്ക് പറയാന്‍ ഇന്ത്യയില്‍ ഒരു നേതാവിനും കഴിയില്ല. അതാണ് ബാല്‍ താക്കറേ എന്ന ബാലസാഹബ് കേശവ് താക്കറെ. ചില രേഖകള്‍ അനുസരിച്ച് താക്കറേയുടെ കുടുംബം ബീഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കുടിയേറി പാര്‍ത്തവരാണ്. മണ്ണിന്റെ മക്കള്‍ വാദം ഉന്നയിച്ച് കൊണ്ട് വളര്‍ന്ന താക്കറേയും, മഹാരാഷ്ട്രയുടെ മകന്‍ അല്ല എന്നതാണ് വാസ്തവം.

ഫ്രീ പ്രസ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

കാര്‍ട്ടുണ്‍ വിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങിയതാണ് താക്കറേയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായത്. അവിടെയുമുണ്ട് ഹിറ്റ്ലറുമായി സാമ്യം. ഹിറ്റ്ലറും ഒരു പരാജയപ്പെട്ട ചിത്രകാരന്‍ ആയിരുന്നു. നാട്ടുകാരായ മറാത്തികളുടെ താല്‍പ്പര്യം സംരക്ഷിക്കാനെന്ന് പറഞ്ഞാണ്, 1966 ജൂണ്‍ 19 നു ശിവസേന എന്ന സംഘടനയ്ക്കു താക്കറെ രൂപം നല്‍കിയത്. ദസ്‌റ ആഘോഷത്തിനിടെ മധ്യ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ വമ്പന്‍ റാലിയെ അഭിസംബോധന ചെയ്തായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. മഹരാഷ്ട്ര മറാത്തികള്‍ക്ക് എന്നു പ്രഖ്യാപിച്ച താക്കറെ, കുടിയേറ്റക്കാരായ ദക്ഷിണേന്ത്യക്കാര്‍ക്കെതിരേ ശബ്ദമുയര്‍ത്തി. മണ്ണിന്റെ മക്കള്‍ വാദത്തിന്റെ പേരില്‍ മുംബൈ കലാപ കലുഷിതമായി.

1969-ല്‍ കര്‍ണാടകയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ബാല്‍ താക്കറേ അറസ്റ്റ് ചെയ്യപ്പെടുകയും തുടര്‍ന്ന് ശിവസേന ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ബോംബെ നഗരത്തില്‍ അന്ന് നടമാടിയ അക്രമങ്ങള്‍ മൂന്നു ദിവസങ്ങള്‍ നീണ്ടു. തെക്കേ ഇന്ത്യക്കാരെ തുടര്‍ച്ചയായി തിരഞ്ഞുപിടിച്ചു അക്രമിച്ചു. ലുങ്കിയുടുത്ത് പുറത്തിറങ്ങുന്നവരെ വളഞ്ഞിട്ട് തല്ലി. ദക്ഷിണേന്ത്യന്‍ ഭക്ഷണശാലകള്‍ തല്ലിത്തകര്‍ത്തു. അന്ന് തെക്കേയിന്ത്യക്കാരെ സംബോധന ചെയ്യാന്‍ അവരുപയോഗിച്ച പദമാണ് 'സാലെ മദ്രാസി ലോഗ്'. ഒരു വര്‍ഷത്തിന് ശേഷം, കമ്യൂണിസ്റ്റ് പാര്‍ട്ടി എംഎല്‍എ ആയിരുന്ന കൃഷ്ണ ദേശായിയെ കൊലപ്പെടുത്തിയതും ഞെട്ടലായി. അതിലും നിരവധി സേന പ്രവര്‍ത്തകര്‍ അറസ്റ്റിലായി. അന്ന് സിഐടിയുവിനെയും ഇടതുപക്ഷത്തെയും ഒതുക്കാന്‍ കോണ്‍ഗ്രസ് പോലും ശിവസേനക്ക് പിന്തുണ കൊടുത്തിരുന്നു. 1989 ല്‍ സാമ്ന എന്ന പാര്‍ട്ടി പത്രം ആരംഭിച്ചു.

ബാല്‍താക്കറേ ഗോഡ്‌സേയെ പുകഴ്ത്തിയും സംസാരിച്ചിരുന്നു. 1991 മെയ് 16ന് പൂനൈയില്‍ വച്ചായിരുന്നു അത്. ഗോഡ്‌സേ ഒരു വാടകക്കൊലയാളിയല്ലെന്നും രാഷ്ട്രത്തെ വഞ്ചിച്ച ഗാന്ധിയെയാണ് ഗോഡ്‌സേ കൊന്നതെന്നും താക്കറേ പറഞ്ഞപ്പോള്‍, അന്നത്തെ ബിജെപി അദ്ധ്യക്ഷന്‍ പ്രമോദ് മഹാജനോ അദ്വാനിയോ കുറ്റപ്പെടുത്തിയില്ല. തന്റെ നിലപാടിനോട് വിയോജിക്കുന്നു എങ്കില്‍ തിരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്നു വിട്ടുപോവാന്‍ താക്കറേ അന്നു ബിജെപിയെ വെല്ലുവിളിച്ചു. ആരും ഒരക്ഷരം മിണ്ടിയില്ല.

ഹിന്ദു അധോലോകം പോലും താക്കറേ ഉണ്ടാക്കി.ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള മുസ്ലിം അധോലോകത്തിന് പകരം ഹിന്ദു അധോലോകം പോലും താക്കറേ ഉണ്ടാക്കി. അരുണ്‍ ഗാവ്ലി എന്ന കുപ്രസിദ്ധ ക്രമിനിലിന്റെ നേതൃത്വത്തില്‍. 'പാക്കിസ്ഥാന് ദാവൂദ് ഇബ്രാഹീം ഉണ്ടെങ്കില്‍ നമുക്ക് അരുണ്‍ ഗാവ്ലിയുണ്ടെന്ന്' ഒരു പൊതുയോഗത്തില്‍ അദ്ദേഹം പരസ്യമായി പറഞ്ഞു!

സാമ്ന പത്രത്തിലുടെ താക്കറെ മുസ്ലീങ്ങള്‍ക്കും ദലിതര്‍ക്കും എതിരെ പലപ്പോഴും വിഷം ചീറ്റി. താക്കറെയുടെ മണ്ണിന്റെ മക്കള്‍ വാദം, സംവരണം പോലെയുള്ള അടിയാള വര്‍ഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് എതിരാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തുകൊണ്ട് തന്റെ ഒ.ബി.സി വിരുദ്ധതയും അയാള്‍ പ്രകടമാക്കി ഈ സമയത്ത് ടൈം മാഗസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ താക്കറേ ഇങ്ങനെ പറഞ്ഞു- 'മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിക്കേണ്ടത് ആവശ്യമാണ്. അവര്‍ മുംബൈ വിട്ടു ഓടിയാല്‍ നന്ന്. ഇല്ലെങ്കില്‍ അവരെ ചവിട്ടി പുറത്താക്കണം''.

മുംബൈ ആക്രമണത്തിന്റെ പേരില്‍ പാക് ക്രിക്കറ്റ് താരങ്ങളെ ഇന്ത്യയില്‍ പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപടാണ് താക്കറെ സ്വകീരിച്ചത്.. ഇന്ത്യാ- പാക് ക്രിക്കറ്റ് മത്സരമായാലും പാക് ഗായകരുടെ ഗസല്‍ നിശ ആയാലും പിച്ച് കുത്തി കുഴിച്ചും സ്റ്റേജ് തല്ലി തകര്‍ത്തും അതെല്ലാം താക്കറേയുടെ അനുയായികള്‍ അലങ്കോലപ്പെടുത്തി. മുംബൈ കലാപത്തില്‍ താക്കറക്കും ശിവസേനക്കും വലിയ പങ്കുണ്ടെന്ന് ശ്രീകൃഷ്ണ കമ്മീഷന്‍ എടുത്തു പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം ധാരാവിയിലും മറ്റും ശിവസേന നടത്തിയ വിജയാഘോഷ ജാഥകളെ കമ്മീഷന്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 'ഈ ജാഥകളില്‍ പ്രകോപനപരമായ പല മുദ്രാവാക്യങ്ങളും സേന ഉപയോഗിക്കുക ഉണ്ടായി. മുസ്സല്‍മാന്റെ സ്ഥാനം പാക്കിസ്ഥാനിലോ അല്ലെങ്കില്‍ കല്ലറയിലോ ആണെന്നായിരുന്നു ശിവസേനയുടെ ഒരു മുദ്രാവാക്യം.''- കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഹേറ്റ് സ്പീച്ചിന്റെ പേരില്‍ 1999 മുതല്‍ 2005 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വോട്ടുചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കറെയെ വിലക്കിയതാണ് ഇദ്ദേഹത്തിന് എതിരെയുണ്ടായ ഏക നടപടി. വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ഒരിക്കല്‍ മാത്രമാണ് താക്കറെയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതും ഒരു മണിക്കൂര്‍. പിന്നീട് ഇദ്ദേഹത്തിനെതിരെ നിരവധി പേര്‍ കേസ് ഫയല്‍ ചെയ്തെങ്കിലും പുലിമടയില്‍ കയറിചെല്ലാന്‍ നിയമം മടിച്ചു നിന്നു.




പക്ഷേ വ്യക്തി ജീവിതത്തില്‍ ഏറെ ശാന്തനും സരസനും, കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്ന വ്യക്തിയുമായിരുന്നു, ബാല്‍ താക്കറെ എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. മുംബൈയില്‍ താമസമാക്കിയ നിര്‍മ്മാതാവും വ്യവസായിയുമായ ഗുഡ് നൈറ്റ് മോഹനൊക്കെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ശക്തമായി എതിര്‍ക്കുമ്പോഴും, താക്കറെ തന്നെ നിരവധി പാക് പൗരന്മാരെ സ്വീകരിച്ച് വിരുന്ന് നല്‍കിയതിന്റെ ചരിത്രമുണ്ട്. ക്രിക്കറ്റ് താരം മിയാന്‍ദാദ്, നുസ്‌റത്ത് ഫത്തേഹ് അലി ഖാന്‍ തുടങ്ങിയവരൊക്കെ താക്കറെയുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു.മൈക്കല്‍ ജാക്സന്റെ ഷോ ബോംബെയില്‍ വന്നപ്പോള്‍, ദേ ജാക്സന്‍ നേരെ 'മാതോശ്രീ'യിലെത്തി താക്കറെയുടെ അതിഥിയായി. അല്ലാതെ മുബൈയില്‍ പരിപാടി നടത്താന്‍ കഴിയില്ല. 92-ലെ ഭീകരമായ വര്‍ഗീയ കലാപത്തിന് അധ്യക്ഷതയും താക്കറെയുടെപേരില്‍ ആരോപിക്കപ്പെടുന്നു. ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിലടക്കം ഇത് എടുത്തുപറയുന്നുണ്ട്. ഇതിന്റ തിരിച്ചടിയെന്നോണം മുംബൈ ബോംബ് സ്ഫോടന പരമ്പരയുണ്ടായപ്പോള്‍ താക്കറേ മാളത്തിലൊളിച്ചുവെന്നും ആരോപണമുണ്ടായി.

ഉദ്ധവിന് നിഴല്‍ക്കുത്ത്

പക്ഷേ മകന്‍ ഉദ്ധവ് താക്കറെയുടേത്, പിതാവിനെപ്പോലെ അക്രമാസ്തമായ പാതയായിരുന്നില്ല. പക്ഷേ താക്കറെയുടെ മകന്‍ എന്ന നിലയില്‍ എല്ലാവരും അദ്ദേഹത്തെ അംഗീകരിച്ചു. സത്യത്തില്‍, അന്തര്‍മുഖനായ ഉദ്ധവ് ആയിരുന്നില്ല, ബാല്‍താക്കറേയുടെ ഡിറ്റോ കോപ്പിയെന്ന് പറയുന്നത് രാജ് താക്കറെ എന്ന സഹോദര പുത്രനാണ്. ബാല്‍ താക്കറെയുടെ ഇളയ സഹോദന്‍ ശ്രീകാന്ത് താക്കറെയുടെ മകനാണ് രാജ് താക്കറെ. എന്നാല്‍ തന്റെ പിന്‍ഗാമി ആരായിരിക്കണമെന്ന വീതംവയ്പില്‍ മരുമകനേക്കാള്‍ കൂടുതലായി മകനെയാണ് ബാല്‍ താക്കറെ കണ്ടത പാര്‍ട്ടിയില്‍ താന്‍ ഉദ്ധവിനും താഴെ രണ്ടാമനായെന്ന് മനസ്സിലായതോടെ പൊട്ടിത്തെറിച്ച രാജ് താക്കറെ 2005 നവംബറില്‍ ശിവസേനയില്‍ നിന്നു രാജി വച്ചു, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി. പക്ഷേ അത് ക്ലച്ച് പിടിച്ചില്ല. ഇപ്പോള്‍ എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ് അവര്‍.

2012-ല്‍ ബാല്‍ താക്കറെയുടെ മരണ ശേഷം ഉദ്ധവ് പാര്‍ട്ടിയുടെ അമരക്കാരനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതുവരെയുള്ള രാഷ്ട്രയ അജണ്ടയില്‍ നിന്ന് ഒരു യു ടേണ്‍ ആണ് ഉദ്ധവ് എടുത്തത്. ബിജെപിയുമായി ശിവസേനയുടെ ബന്ധം അപ്പോഴേക്കും അങ്ങേയറ്റം വഷളായിരുന്നു. അവരുടെ വല്ല്യേട്ടന്‍ മനോഭാവത്തിന് ഒരു തിരിച്ചടി വേണമെന്ന് ശിവസേനക്ക് അകത്തുനിന്നുതന്നെ വിമര്‍ശനം ഉയര്‍ന്ന കാലം. അപ്പോഴാണ് എന്‍സിപിയും കോണ്‍ഗ്രസും ഉദ്ധവിനെ മുഖ്യമന്ത്രിയാക്കുനുള്ള ഓപ്ഷനുമായി വരുന്നത്. 1966-ല്‍ ശിവസേനയുടെ രൂപവത്കരണത്തിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നത് എന്നതും ചരിത്രം.

അതുവരെ തരഞ്ഞെടുപ്പിലും ഉദ്ധവ് താക്കറെ മത്സരിച്ചിട്ടില്ല എന്നോര്‍ക്കണം. പക്ഷേ ഭരണപരിചയം തീരെ ഇല്ലാഞ്ഞിട്ടും, ഒരു മികച്ച മുഖ്യമന്ത്രിയായി അദ്ദേഹം വളര്‍ന്നു. കോവിഡ് കാലത്തെ മറാത്താ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും പ്രംശസിച്ചു. രാജ്യത്തെ അഞ്ചാമത്തെ മികച്ച മുഖ്യമന്ത്രിയായി പല സര്‍വേകളിലും ഉദ്ധവ് സ്ഥാനം പിടിച്ചു. വര്‍ഗീയ കലാപങ്ങളും, അസ്വസ്ഥതകളും ഇല്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നടത്തുന്ന പ്രക്ഷോഭത്തേയും ഉദ്ധവ് വിമര്‍ശിച്ചിരുന്നു.പക്ഷേ പുറത്ത് കീര്‍ത്തി വര്‍ധിക്കുമ്പോഴും അകത്ത് തനിക്കെതിരെ വിമത നീക്കം നടക്കുകയാണെന്ന് ഉദ്ധവ് അറിഞ്ഞില്ല.

എന്നാല്‍ ശിവസേനയെ കോണ്‍ഗ്രസിനും സോണിയാഗാന്ധിക്കും മുന്നില്‍ അടിയറവെച്ചുവെന്ന് പറഞ്ഞാണ് ഷിന്‍ഡേ പാര്‍ട്ടി പിളര്‍ത്തി മുഖ്യമന്ത്രിയായത്. വെറുമൊരു 37 ശിവസസേനാ വിമതര്‍ അടക്കം 44 പേരുടെ പിന്തുണയുള്ള ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി. നിഴല്‍ക്കുത്തിലുടെ ഉദ്ധവിനെ ഷിന്‍ഡേ വീഴ്ത്തിയെന്നാണ് അന്ന് ഒരു മുബൈ പത്രം എഴുതിയത്.

ശരിക്കും രാഷ്ട്രീയ അത്ഭുതം തന്നെയാണ് ഏക്നാഥ് ഷിന്‍ഡേയുടെ ജീവിതം.

മുംബൈ രാഷ്ട്രീയത്തിലെ ഹൃദയഭുമികയാണ് താനെയിലെ ഓട്ടോ ഡ്രൈവറായാണ്് ഷിന്‍ഡേ പ്രവര്‍ത്തനം തുടങ്ങിയത്. യാതൊരു രാഷട്രീയ പാരമ്പര്യവും ഇല്ലാത്ത കുടുംബം. അന്നത്തെ അഷ്ടിക്ക് വകതേടുന്ന ഒരു സാധാരണ മനുഷ്യന്‍. പക്ഷേ വളരെ പെട്ടെന്ന് അദ്ദേഹം ബാല്‍ താക്കറേയുടെ ആശയങ്ങളില്‍ ആകൃഷ്ടനായി. അങ്ങനെ ശിവസേനയില്‍ ചേര്‍ന്നു. സേനക്ക് ഓട്ടോ ഡ്രൈവര്‍മാരുടെ യൂണിറ്റ് ഉണ്ടാക്കിയാണ് ആദ്യ പ്രവര്‍ത്തനം. ഷിന്‍ഡെയുടെ രാഷ്ട്രീയം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1980കളില്‍ താനെയിലെ ഒരു ശാഖയുടെ തലവനായ ഒരു ശിവസൈനികനായിരുന്നു ഷിന്‍ഡെ. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അംഗമായ ഷിന്‍ഡെ പതിയെ രാഷ്ട്രീയ വളര്‍ച്ച ആരംഭിക്കുകയായിരുന്നു. ഇവിടെനിന്ന് രണ്ട് തവണ വിജയിച്ച ഷിന്‍ഡെ മൂന്ന് തവണ സിവില്‍ ഏജന്‍സി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായി. ഈ സാഹചര്യത്തിലാണ് അദ്ദേഹം ബാല്‍ താക്കറെയുമായി അടുക്കുന്നത്. പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു. 2004ല്‍ ആദ്യമായി എം എല്‍ എ ആയി. തുടര്‍ന്ന് തുടര്‍ച്ചയായി നാല് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. ഇത്തവണ ഷിന്‍ഡേക്കും ഇത് ജീവന്‍മരണ പോരാട്ടമാണ്.




പവാര്‍ ഫാക്ടര്‍ നിര്‍ണ്ണായകം

ശിവസേനയില്‍ സംഭവിച്ചത് എന്താണോ അതിന്റെ തനിയാവര്‍ത്തനമാണ് എന്‍സിപിയിലും നടന്നത്. ഒരുവേള പ്രധാനമന്ത്രിയാവുമെന്നുപോലെ കരുതിയിരുന്ന, ശരത് പവാര്‍ എന്ന മറാത്തയുടെ ഈ കരുത്തനായ നേതാവിനെ പിന്നില്‍ നിന്ന് കുത്തിയത്, അദ്ദേഹം മകനെപ്പോലെ കരുതിയിരുന്ന സഹോദര പുത്രന്‍ അജിത്ത് പവാറാണ്. പവാറിന് ശേഷം മകള്‍ സുപ്രിയ സുലൈ പാര്‍ട്ടിപിടിക്കും എന്ന ഭീതിയും അധികാരമോഹവും തന്നെയായിരുന്നു, അജിത്തിനെ ബിജെപി പക്ഷേത്തേക്ക് ചാടിച്ചത്. ഇതില്‍ വൃണിതനായ പവാര്‍ ഈ 84-ാം വയസ്സിലും, രംഗത്തിറങ്ങുന്നത് അജിത്തിനെ തോല്‍പ്പിക്കാന്‍ തന്നെയാണ്. മറാത്തയിലെ പലഭാഗത്തും പവാര്‍ ഒരു വികാരം തന്നെയാണ്. അദ്ദേഹത്തെ വഞ്ചിച്ചുവെന്ന വിലയിരുത്തലായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാര്‍ പക്ഷത്തിന് ഇത്ര വലിയ തിരിച്ചടി ഏല്‍ക്കാനുള്ള കാരണവും. ഇത്തവണയും ആ പവാര്‍ പ്രൈഡ് വര്‍ക്കൗട്ട് ആവുമോ എന്നാണ് ചോദ്യം.

മഹാവികാസ് അഘാഡിയില്‍, കോണ്‍ഗ്രസ് 102 സീറ്റിലും ഉദ്ധവ് വിഭാഗം ശിവസേന 90 സീറ്റിലും ശരദ് പവാര്‍ വിഭാഗം എന്‍.സി.പി. 86 സീറ്റിലും മത്സരിക്കുന്നു. ബാക്കിയുള്ള സീറ്റുകള്‍ ഇന്ത്യസഖ്യത്തിലെ കക്ഷികള്‍ക്ക് വിട്ടുകൊടുത്തു. മഹായുതി എന്ന എന്‍ഡിഎ സംഖ്യത്തില്‍ ബിജെ.പി. 148, ഷന്‍ഡേവിഭാഗം ശിവസേന 80, അജിത് പവാര്‍ വിഭാഗം എന്‍.സി.പി. 53 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ബി.ജെ.പി. ഏഴുസീറ്റുകള്‍ ചെറിയ കക്ഷികള്‍ക്ക് നല്‍കി.

വടക്കന്‍ മഹാരാഷ്ട്രയിലെ അഞ്ച് ജില്ലകളായിരുന്നു സഖ്യം പിരിയുന്നതിന് മുമ്പ് ബിജെപി- സേന ടീമിന്റെ ശക്തി ദുര്‍ഗം. ഈ ഞ്ച് ജില്ലകളും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഗാഡി ആധിപത്യം പിടിച്ചെടുത്തു. അതുപോലെ കരിമ്പ് പ്രദേശമെന്നും പൂനെ ഡിവിഷന്‍ എന്നും വിളിക്കപ്പെടുന്ന പശ്ചിമ മഹാരാഷ്ട്രയിലും ഇത്തവണ മഹാവികാസ് അഗാഡി ജയിക്കുമെന്നാണ് കരുതുന്നത്. ഈ പ്രദേശം അവിഭക്ത എന്‍സിപിയുടെ ശക്തികേന്ദ്രമായിരുന്നു. 2023 ജൂണില്‍ എന്‍സിപി പിളര്‍ന്നതോടെ ഇരു എന്‍സിപി കക്ഷികളും തമ്മിലാണ് ഇവിടെ മത്സരം. ശരദ് പവാറിന് ഈ മേഖലയില്‍ കൂടുതല്‍ സ്വാധീനമുള്ളതായാണു വിലയിരുത്തപ്പെടുന്നത്. ഇവിടുത്തെ ഒരു വികാരമാണ് പവാര്‍ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നത്.

പൂനെ, സതാറ, സാങ്‌ലി, കോലാപ്പൂര്‍, സോലാപൂര്‍ എന്നിങ്ങനെ അഞ്ച് ജില്ലകളാണ് പശ്ചിമ മഹാരാഷ്ട്രയിലുള്ളത്. പുനെയാണ് മഹാരാഷ്ട്രയുടെ സാംസ്‌കാരിക തലസ്ഥാനം. കോലാപ്പൂരും സതാറയും മഹാരാഷ്ട്രക്കാരുടെ ആരാധ്യപുരുഷനായ ശിവജിയുടെ സ്ഥലമായി കണക്കാക്കുന്നതാണ്. അജിത് പവാര്‍ മത്സരിക്കുന്നത് ഈ മേഖലയിലെ, ശരദ് പവാറിന്റെ സ്വന്തം തട്ടകമായ ബാരാമതിയില്‍ നിന്നാണ്. അജിത്തിനെതിരെ അദ്ദേഹത്തിന്റെ മരുമകന്‍ യുഗേന്ദ്ര പവാര്‍, ശരദ് പവാര്‍ പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാരാമതിയില്‍ ശരദ് പവാറിന്റെ മകളും എന്‍സിപി വര്‍ക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെയാണ് വിജയിച്ചത്. എതിരെ മത്സരിച്ചത് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും. അങ്ങനെ ഒരു തവണ പകവീട്ടിയ പവാര്‍ അജിത്തിനെ നിഷ്‌ക്കാസനം ചെയ്യാന്‍ തന്നെയാണ് ഈ വയസ്സാംകാലത്തും കച്ചമുറുക്കുന്നത്.

2019-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുകയാണെങ്കില്‍ ഈ മേഖലയിലെ 58 മണ്ഡലങ്ങളില്‍ 20 എണ്ണത്തിലും വിജയിച്ചത് അവിഭക്ത എന്‍സിപിയാണ്. 17 സീറ്റില്‍ ബിജെപിയും 11 എണ്ണത്തില്‍ കോണ്‍ഗ്രസും അഞ്ചിടങ്ങളില്‍ ശിവസേനയും വിജയിച്ചു. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാലം ഇവിടെ മേല്‍ക്കെ ശരത് പവാറിനാണ്. എന്‍സിപി അജിത് പവാര്‍ വിഭാഗത്തിനാവട്ടെ ഒരു സീറ്റുപോലും നേടാനായില്ല.

ഈ രീതിയില്‍ നോക്കുമ്പോള്‍ ശരിക്കും ഒരു പ്രതികാര രാഷ്ട്രീയമാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. വികസനവും, സംവരണവും, ജാതി രാഷ്ട്രീയവും മടക്കമുള്ള ഒരുപാട് പ്രശ്നങ്ങള്‍ക്കിടയിലും, അതിനെയെല്ലാം മുക്കിക്കൊണ്ട് രാഷ്ട്രീയ അസ്തിത്വ പ്രശനം കടന്നുവരികയാണ്. എന്‍ഡിഎയുടെ പ്രതീക്ഷ വോട്ട് ഭിന്നിക്കുന്നതിലാണ്. ഹരിയാന ഇലക്ഷന്‍പോലെയുള്ള ഒരു സാധ്യത അവര്‍ മുന്നില്‍ കാണുന്നുണ്ട്.

വാല്‍ക്കഷ്ണം: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. അവിടെ നടക്കുന്ന ചെറിയ ചലനങ്ങള്‍ പോലും രാജ്യത്ത് നിര്‍ണ്ണായകമാണ്. പക്ഷേ മറാത്ത തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് ദേവന്ദ്രേഫഡ്നാവീസ് ഒഴികെയുള്ള ഒരാളും വികസനത്തെക്കുറിച്ച് കാര്യമായി പറയുന്നില്ല എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് എഴുതുന്നത്.