'ഇത് ജെറുസലേമില്‍ വിരിഞ്ഞ അപൂര്‍വ്വ സൗഹൃദം'! - ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം, നയതന്ത്ര ബന്ധങ്ങള്‍ക്കപ്പുറം വ്യക്തിപരമായ സൗഹൃദത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും വേദിയായിമാറുകയാണ്്. രണ്ട് ദിവസത്തെ ചരിത്രപരമായ സന്ദര്‍ശനത്തിനായി ടെല്‍ അവീവിലെ ബെന്‍-ഗുരിയോണ്‍ വിമാനത്താവളത്തിലിറങ്ങിയ മോദിയെ സ്വീകരിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം, ഭാര്യ സാറ നെതന്യാഹുവും എത്തിയത് ലോകമാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. സ്വീകരണ ചടങ്ങിനിടെയുണ്ടായ ഒരു രസകരമായ സംഭവവും വൈറലായി. ഹൈന്ദവ ദേശീയതയുടെയും ഇന്ത്യയുടെയും പ്രതീകമായ കാവി നിറത്തിലുള്ള കോട്ടാണ് സാറ നെതന്യാഹു ധരിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ബെഞ്ചമിന്‍ നെതന്യാഹു കൗതുകപൂര്‍വ്വം ഒരു കാര്യം മോദിയോട് സൂചിപ്പിച്ചു. 'നോക്കൂ, എന്റെ ഭാര്യയുടെ വസ്ത്രത്തിന്റെ നിറവും നിങ്ങളുടെ പോക്കറ്റ് സ്‌ക്വയറിന്റെ (പോക്കറ്റ് തൂവാല) നിറവും ഒന്നുതന്നെയാണല്ലോ!' എന്നായിരുന്നു നെതന്യാഹുവിന്റെ നിരീക്ഷണം.

തന്റെ ജാക്കറ്റിലെ പോക്കറ്റ് തൂവാലയുടെ നിറവുമായി സാറയുടെ വസ്ത്രത്തിനുള്ള സാമ്യം തിരിച്ചറിഞ്ഞ മോദി പുഞ്ചിരിയോടെ അതിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. ഈ നിറം കേവലം ഒരു അലങ്കാരമല്ലെന്നും ഇന്ത്യയിലെ ഹിന്ദു ദേശീയതയുടെ പ്രതീകമായ 'കാവി' ആണെന്നും മോദി അവരെ ധരിപ്പിച്ചു. ഇന്ത്യയുടെ വികാരവും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന നിറം സാറ നെതന്യാഹു തിരഞ്ഞെടുത്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവായി സൈബര്‍ ലോകവും ഏറ്റെടുത്തു കഴിയുകയാണ്. ഇതോടെ ഒറ്റ ദിവസം കൊണ്ട് സൈബര്‍ ലോകവും സാറാ നെതന്യാഹുവിനെ കുറിച്ച് തിരയുകയാണ്.




സ്നേഹിക്കുന്നവര്‍ക്ക്, ദൈവമാണ് നെതന്യാഹു. എന്നാല്‍ വിമര്‍ശകര്‍ക്ക് ചെകുത്താനും. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നതാണ് ശൈലി. അഴിമതിക്കാരനാണെന്നും ക്രൈം പ്രൈംമിസ്റ്റര്‍ എന്നൊക്കെ അദ്ദേഹം വിമര്‍ശിക്കപ്പെടുന്നുണ്ട്. വ്യക്തിജീവിതത്തില്‍ സ്ത്രീലമ്പടനാണെന്ന ആരോപണവുമുണ്ട്. മൂന്ന് വിവാഹങ്ങളില്‍ രണ്ടും ഡിവോഴ്സായി. അസംഖ്യം പ്രണയങ്ങളും നെതന്യാഹുവിന്റെ പേരില്‍ ഗോസിപ്പായി. പക്ഷേ മാധ്യമങ്ങള്‍ തന്റെ വ്യക്തി ജീവിതത്തില്‍ തലയിടേണ്ട എന്നാണ് നെതന്യാഹുവിന്റെ നിലപാട്. പലപ്പോഴും സാറയുടെ പേരില്‍ വന്ന അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തെ വെട്ടിലാക്കിയിട്ടുണ്ട്. പക്ഷേ രാജ്യത്തിനായി ചോര ചിന്തിയ കുടുംബം എന്ന പേരില്‍ വികാരപരാമായാണ് ഇസ്രയേലികള്‍ നെതന്യാഹു കുടുംബത്തെ കാണുന്നതും. ആ കുടുംബ കഥ വിചിത്രവും കൗതുകകരവുമാണ്.

യഹൂദരുടെ രക്ഷകന്‍

1949 ഒക്ടോബര്‍ 21-ന് ഇസ്രായേലിലെ ടെല്‍ അവീവിലാണ് നെതന്യാഹു ജനിച്ചത്. സ്വതന്ത്ര ഇസ്രായേലില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. പിതാവ് പ്രശസ്ത ചരിത്രകാരനും സയണിസ്റ്റ് പ്രവര്‍ത്തകനുമായിരുന്ന ബെന്‍സിയോണ്‍ നെതന്യാഹുവാണ്. മാതാവ് സില സെഗല്‍. രണ്ട് സഹോദരന്മാരാണുള്ളത്. യോനാഥന്‍ എന്ന മൂത്ത സഹോദരന്‍. 1976-ല്‍ ഉഗാണ്ടയിലെ എന്റബെ വിമാനറാഞ്ചല്‍ മോചന ദൗത്യത്തിനിടെ കൊല്ലപ്പെട്ടു. ഇദ്ദോ നെതന്യാഹു എന്ന ഇളയ സഹോദരന്‍, ഡോക്ടറും എഴുത്തുകാരനുമാണ്.

സ്‌കൂള്‍ കാലത്തിനുശേഷം ബഞ്ചമിന്റെ ഏറ്റവും വലിയ ആഗ്രഹം സൈന്യത്തില്‍ ചേരണം എന്നായിരുന്നു. മിലിട്ടറി കമാന്‍ഡറായ മൂത്ത സഹോദരന്‍ ജൊനാഥന്‍ നെതനാഹ്യവായിരുന്നു ഇതിലേക്കുള്ള വഴികാട്ടി. ചോരച്ചാലുകള്‍ ഏറെ കണ്ട മനുഷ്യനാണ് നെതന്യാഹു. തോക്ക്പിടിച്ച് കൈ തഴമ്പിച്ച മനുഷ്യന്‍. നിരവധി തവണ യുദ്ധരംഗത്ത് അദ്ദേഹത്തിന് മാരകമായി പരിക്കേറ്റിട്ടുണ്ട്. മരണം ഒഴിഞ്ഞുപോയത് തലനാരിഴക്കാണ്. 1967-ല്‍ ഹൈസ്‌ക്കുള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം അദ്ദേഹം സേനയില്‍ ചേരാന്‍ ഇസ്രായേലിലേക്ക് മടങ്ങി. ഒരു കമാന്‍ഡോയായി പരിശീലനം നേടിയ അദ്ദേഹം പ്രത്യേക സേനാ വിഭാഗമായ സയറെത് മത്കലില്‍ അഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ചു. 1967-70 ലെ യുദ്ധത്തില്‍ അദ്ദേഹം നിരവധി അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ പങ്കെടുത്തു. യൂണിറ്റിലെ ടീം ലീഡറായി വൈകാതെ ഉയര്‍ന്നു.





67ലെ 'സിക്സ് ഡേ വാര്‍' ആണ് ഇന്നും ലോകചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ യുദ്ധമായി കണക്കാക്കപ്പെടുന്നത്. പ്രതാപശാലിയായ നാസറിന്റെ നേതൃത്വത്തില്‍ ഈജിപ്ത് അടക്കം പത്ത് അറബ് സഖ്യകക്ഷികള്‍ നാലുപാടുനിന്നു വളഞ്ഞിട്ട് ആക്രമിക്കുന്നതോടെ, ഇസ്രായേല്‍ എന്ന കൊച്ചു രാഷ്ട്രം തീര്‍ന്നുപോകും എന്നാണ് അമേരിക്ക അടക്കമുള്ളവര്‍ കരുതിയത്. പക്ഷേ ഇസ്രായേല്‍ അവരെ കനത്ത വ്യോമാക്രമണത്തിലുടെ വെറും ആറ് ദിവസം കൊണ്ട് ചരുട്ടിക്കെട്ടി. അങ്ങനെ ഒരുപാട് ഭൂമിയും അവര്‍ പിടിച്ചെടുത്തു. ആ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ തന്നെയാണ് പില്‍ക്കാലത്ത് ഇസ്രായേലിന്റെ ഭരണയന്ത്രം നിയന്ത്രിച്ചവരെല്ലാം. നെതന്യാഹു അടക്കം.

മിന്നല്‍ വേഗത്തിലുള്ള പ്രവര്‍ത്തനത്തിലുടെ 'സൂപ്പര്‍ കോപ്' എന്ന പേര് നെതന്യാഹു സ്വന്തമാക്കി. 1968-ലെ ലെബനനിലെ ഇസ്രായേല്‍ റെയ്ഡ് ഇതില്‍ പ്രശസ്തമാണ്. 1972 മെയ് മാസത്തില്‍ ഹൈജാക്ക് ചെയ്യപ്പെട്ട ഒരു വിമാനത്തിലെ കമാന്‍ഡോ ഒപ്പാറേഷനിടെ വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. 1972-ല്‍ അദ്ദേഹം സൈനിക സേവനത്തില്‍നിന്ന് വിരമിച്ചു. പക്ഷേ രഹസ്യാന്വേഷണ വിഭാഗത്തില്‍ തുടര്‍ന്നു. പിന്നെ അദ്ദേഹം അമേരിക്കയില്‍ പഠിക്കാന്‍ പോയി. പക്ഷേ അപ്പോഴാണ് വീണ്ടും യുദ്ധമെത്തിയത്. 1973 ഒക്ടോബറിലെ യോം കിപ്പൂര്‍ എന്ന പേരില്‍ പ്രസിദ്ധമായ യുദ്ധം. 1967ല്‍ ഉണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് ഇനി ഉടനെയൊന്നും അറബ് രാഷ്ട്രങ്ങള്‍ തങ്ങളെ ആക്രമിക്കാന്‍ വരില്ല എന്നായിരുന്ന ഇസ്രായേല്‍ കരുതിയത്. പക്ഷേ സിറിയ, ഈജിപ്ത്, ലെബനന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായാണ് ഇസ്രായേലിനെ ആക്രമിച്ചു.

അന്ന് വളരെക്കുറച്ച് ഇസ്രായല്‍ സൈനികള്‍ മാത്രമേ ഫീല്‍ഡില്‍ ഉണ്ടായിരുന്നുള്ളൂ. ആവശ്യത്തിന് വിളിക്കാന്‍ കഴിയുന്ന റിസര്‍വ് സേനയായിരുന്നു ബാക്കിയുള്ളവര്‍. എന്നാല്‍ പൊടുന്നനേ യുദ്ധം ഉണ്ടായതിനാല്‍, സേനയെ ഒരുക്കാന്‍ ഇസ്രായേലിന് ആയില്ല. അതുകൊണ്ടുതന്നെ ആദ്യദിവസങ്ങളില്‍ അറബ് സേന ജയിച്ച് കയറി. അപ്പോഴേക്കും ഇസ്രായേല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ സൈനികരെ തിരിച്ചുവിളിച്ചു. അങ്ങനെ അമേരിക്കയില്‍ പഠിക്കാന്‍ പോയ ബെഞ്ചമിന്‍ നെതന്യാഹുവും തിരിച്ചെത്തി വീണ്ടും തോക്കെടുത്തു.

ഈജിപ്ഷ്യന്‍ സേനയ്‌ക്കെതിരെ സൂയസ് കനാലിലൂടെയുള്ള പ്രത്യേക സേന റെയ്ഡുകളില്‍ അദ്ദേഹം പങ്കെടുത്തു. സിറിയന്‍ പ്രദേശത്തിനുള്ളില്‍ കമാന്‍ഡോ ആക്രമണത്തിന് നേതൃത്വം നല്‍കി. അത് വന്‍ വിജയം ആയിരുന്നു. മൂന്നാഴ്ച കൊണ്ട് അറബ് സേനയെ അവര്‍ തുരത്തി. പക്ഷേ ഇസ്രായേലിനും വന്‍ സൈനിക നഷ്ടം ഉണ്ടായി. ആ യുദ്ധത്തിലെ ഹീറോകള്‍ ഒരാളായി നെതന്യാഹുവും അറിയപ്പെട്ടു. ഇസ്രായിലേനാകട്ടെ ആരാലും തോല്‍പ്പിക്കാന്‍ കഴിയാത്ത ഒരു സാത്താന്റെ ഇമേജും അറബികള്‍ക്കിടയില്‍ കിട്ടി.

യൊനാഥന്റെ മരണമെന്ന ഭീകരത




പക്ഷേ മൂത്ത സഹോദരന്‍ യൊനാഥന്റെ രക്തസാക്ഷിത്വമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമെന്നും നെതന്യാഹു പറയുന്നുണ്ട്. ലോക ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കമാന്‍ഡോ ഓപ്പറേഷനായ 'ഓപ്പറേഷന്‍ എന്റബെയിലാണ്' യൊനാഥന്‍ കൊല്ലപ്പെടുന്നത്. ഫലസ്തീനിയന്‍ തീവ്രവാദ സംഘടനയായ പി.എഫ്.എല്‍.പി, 1976 ജൂണ്‍ 27ന് എയര്‍ ഫ്രാന്‍സ് വിമാനം റാഞ്ചി, ഉഗാണ്ടയിലെ എന്റബെ എയര്‍പ്പോര്‍ട്ടില്‍ ഇറക്കിയത് ലോകത്തെ നടുക്കിയിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാന്‍ ഇസ്രയേല്‍ നടത്തിയ ഒരു മിന്നലാക്രമണം നടത്തി. അതിന്റെ പേരാണ് ഓപ്പറേഷന്‍ എന്റബെ. 1976 ജൂലൈ 4നാണ് ഈ കമാന്‍ഡോ ഓപ്പറേഷന്‍ അരങ്ങേറിയത്.

ദൗത്യം വന്‍ വിജയമായി. യാത്രികര്‍ സുരക്ഷിതമായി തിരിച്ചെത്തി. പക്ഷേ വിമാന റാഞ്ചികള്‍ക്കൊപ്പം കാവല്‍ക്കാരായ ഉഗാണ്ടന്‍ സൈനികരും, ചില ഇസ്രായേല്‍ കമാന്‍ഡോകളും കൊല്ലപ്പെട്ടു. അതില്‍ ഇസ്രായേലിന്റെ സൂപ്പര്‍ കമാന്‍ഡോ യൊനാഥനും ഉള്‍പ്പെട്ടിരുന്നു. സഹോദരന്റെ മരണം വല്ലാതെ ഉലച്ചെങ്കിലും ഓരോ ദേശസ്നേഹിയെയും പോലും അത് തന്നില്‍ അഭിമാനവും ഉയര്‍ത്തിയെന്ന് നെതന്യാഹു പറയുന്നു. ഇന്നും ഇസ്രായേലിന്റെ നാഷണല്‍ ഹീറോകളാണ് എന്റബെ ദൗത്യത്തില്‍ പങ്കെടുത്തവര്‍.

ചേട്ടന്റെ മരണസമയത്ത് നെതന്യാഹു അമേരിക്കയില്‍ തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. പക്ഷേ ആ ദുരന്തം നെതന്യാഹുവിനെ മാറ്റിചിന്തിച്ചു. ബിസിനസ്സില്‍ നിന്ന് പൊതു സേവനത്തിലേക്കുള്ള വഴിയിലേക്ക് തിരിയാന്‍ നെതന്യാഹു നിര്‍ബന്ധിതനായി. ബെഞ്ചമിന്റെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പിറവി അവിടെയായിരുന്നു. തുടര്‍ന്ന് ദ്ദേഹം യൊനാഥന്‍ ആന്റി ടെറര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 1988-ല്‍ ഇസ്രയേല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നെതന്യാഹുവിന്റെ ഔദ്യോഗിക രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീടുള്ളതെല്ലാം ചരിത്രം.

യൊനാഥന്റെ ധീരതയും വ്യക്തിത്വവും തന്നെ ഏറെ സ്വാധീനിച്ചുവെന്നും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് തന്നെ തളര്‍ത്തിക്കളഞ്ഞുവെന്നും നെതന്യാഹു പറയുന്നുണ്ട്. ബെഞ്ചമിന്‍ നെതന്യാഹു എന്നെങ്കിലും ഇസ്രായേല്‍ പ്രധാനമന്ത്രിയാകുമെന്ന് യോനാഥന്‍ പണ്ട് സുഹൃത്തുക്കളോട് പ്രവചിച്ചിരുന്നുവെന്ന കാര്യം അദ്ദേഹം അത്ഭുതത്തോടെ പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്. ആ സമയത്ത് രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.

അടിക്കടി പ്രണയം, മൂന്ന് ഭാര്യമാര്‍




പക്ഷേ വ്യക്തി ജീവിതം എടുത്തുനോക്കുമ്പോള്‍ നിരവധി തവണ വിവാദക്കുരുക്കില്‍പ്പെട്ടയാളാണ് നെതന്യാഹു. കോളജ് കാലത്ത് പ്രണയമുണ്ടായിരുന്നു. പക്ഷേ അത് ബ്രേക്കപ്പായി. തന്റെ ആദ്യ ഭാര്യയായ മിറിയം വെയ്‌സ്മാനെ പരിചയപ്പെട്ടത് ഇസ്രായേലില്‍ വെച്ചാണെങ്കിലും, ഇരുവരും അമേരിക്കയില്‍ ഉപരിപഠനത്തിന് എത്തിയപ്പോഴാണ് വിവാഹിതരായത്. എന്നാല്‍ ഈ ബന്ധം പിന്നീട് വേര്‍പിരിഞ്ഞു. അതിനുശേഷം ഫ്ലോര്‍ ഫ്ലവേഴ്സ് എന്ന വിദേശ വനിതയെ വിവാഹം കഴിച്ചെങ്കിലും അതും അധികകാലം നിലനിന്നില്ല. അതിനുശേഷമാണ് ഇപ്പോഴത്തെ ഭാര്യ സാറയിലേക്ക് എത്തുന്നത്. ഇവര്‍ ഒരു വിമാനയാത്രയ്ക്കിടയിലാണ് പരിചയപ്പെട്ടത്. സാറ അന്ന് എല്‍ അല്‍ എയര്‍ലൈന്‍സില്‍ ഫ്ളൈറ്റ് അറ്റന്‍ഡന്റായിരുന്നു. ഈ പരിചയം പ്രണയമായി മാറുകയും 1991-ല്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു. സാറയുമായി നല്ല കെമിസ്ട്രിയാണ് നെതന്യാഹുവിനുള്ളത്.

ഇതിനെല്ലാം പുറമെ നിരവധി പ്രണയങ്ങളും ബന്ധങ്ങളും അദ്ദേഹത്തിന് വേറെയുണ്ടായിരുന്നു. 1993-ല്‍ നെതന്യാഹു തന്നെ നേരിട്ട്, ഒരു ടിവി അഭിമുഖത്തിലൂടെ തനിക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ രാഷ്ട്രീയ ശത്രുക്കള്‍ ഒരു 'സെക്സ് ടേപ്പ്' കാണിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് അദ്ദേഹം ഇത് പരസ്യമായി സമ്മതിച്ചത്. ഇത് അന്ന് വലിയ വാര്‍ത്തയായിരുന്നു. പക്ഷേ ഇസ്രയേല്‍ ജനതക്ക്, നമ്മൂടെ നാട്ടിലെപ്പോലെ അവിഹിതത്തില്‍ മാത്രമല്ല താല്‍പ്പര്യം. അവര്‍ നെതന്യാഹുവിന്റെ കഴിവാണ് നോക്കിയത്.

ആകെ മൂന്ന് മക്കളാണുള്ളത്. ആദ്യ വിവാഹത്തിലുള്ള മകള്‍ നോവ. പൊതുരംഗത്ത് സജീവമല്ല. അവര്‍ തീവ്ര യാഥാസ്ഥിതിക ജൂത വിശ്വാസിയാണ്. പിതാവിന്റെ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ഒരു സാധാരണ ജീവിതമാണ് ഇവര്‍ നയിക്കുന്നത്. നെതന്യാഹുവും നോവയും തമ്മിലുള്ള അകല്‍ച്ചയെക്കുറിച്ചും അപൂര്‍വ്വമായി മാത്രം ഇവര്‍ തമ്മില്‍ കാണുന്നതിനെക്കുറിച്ചും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. സാറയിലുള്ള മൂത്ത മകന്‍ യെയര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവവും പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയുമാണ്. പലപ്പോഴും നെതന്യാഹുവിന് കടുത്ത തലവേദനാണ് ഈ മകന്‍.

ഇളയ മകന്‍ അവ്നര്‍ രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് പൊതുവെ വിട്ടുനില്‍ക്കുന്ന സ്വഭാവക്കാരനാണ്. എങ്കിലും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ വരാറുണ്ട്. ഇറാനുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് 2025-ല്‍ അദ്ദേഹത്തിന്റെ വിവാഹം മാറ്റിവെച്ചത് വലിയ വാര്‍ത്തയായിരുന്നു. 2010-ല്‍ അന്താരാഷ്ട്ര ബൈബിള്‍ ക്വിസ് മത്സരത്തില്‍ അദ്ദേഹം മൂന്നാം സ്ഥാനം നേടിയതും ശ്രദ്ധിക്കപ്പെട്ടിരുണ്ട്. ബഞ്ചമിന്‍ നെതന്യാഹുവിന്റെ രക്തബന്ധുവായി പിന്നെ ബാക്കിയുള്ളത്, ഇദ്ദോ നെതന്യാഹു എന്ന ഇളയ സഹോദരനാണ്. അദ്ദേഹം ഇതിലൊന്നും ഇടപെടാറില്ല. ഒരു റേഡിയോളജിസ്റ്റും എഴുത്തുകാരനുമാണ്. ഇടക്കിടെ രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറയുന്ന ഇദ്ദോ, ഇസ്രായേലിലെ ഇടതുപക്ഷ സ്വാധീനമുള്ള സ്ഥാപനങ്ങളെയും മറ്റും വിമര്‍ശിച്ചുകൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.

വിവാദ കുതുകികളായ ഭാര്യയും മക്കളും

നെതന്യാഹു ഒരു 'ഫാമിലി മാന്‍' എന്ന നിലയില്‍ അറിയപ്പെടുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ കുടുംബം, പ്രത്യേകിച്ച് ഭാര്യ സാറയും മകന്‍ യെയറും പലപ്പോഴും രാഷ്ട്രീയ വിവാദങ്ങളിലും അഴിമതി ആരോപണങ്ങളിലും ഉള്‍പ്പെടാറുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പാചകക്കാരന്‍ ഉണ്ടായിരുന്നിട്ടും, സര്‍ക്കാര്‍ പണം ഉപയോഗിച്ച് പുറത്തെ ആഡംബര ഹോട്ടലുകളില്‍ നിന്ന് ഒരു ലക്ഷം ഡോളറോളം (ഏകദേശം 80 ലക്ഷം രൂപ) ചിലവാക്കി ഭക്ഷണം വരുത്തിയെന്നതാണ് നെതന്യാഹുവിന്റെ ഭാര്യ സാറക്കുനേരെ ഉയര്‍ന്ന പ്രധാന ആരോപണം. ഈ കേസില്‍ സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തതായി സാറ കോടതിയില്‍ സമ്മതിക്കുകയും പിഴയടക്കുകയും ചെയ്തു. (ഇസ്രയേലിനെ നിയമവാഴ്ചയെയും സമ്മതിക്കണം. നമ്മുടെ നാട്ടിലാണെങ്കില്‍, പ്രധാനമന്ത്രിയുടെ ഭാര്യയെ തൊടാന്‍ കഴിയുമോ? )




ശതകോടീശ്വരന്മാരില്‍ നിന്ന് വിലകൂടിയ ഷാംപെയ്ന്‍, ആഭരണങ്ങള്‍, ചുരുട്ടുകള്‍ എന്നിവ സമ്മാനമായി സ്വീകരിച്ചുവെന്നതാണ് സാറക്കെതിരായ മറ്റൊരു കേസ്. രാഷ്ട്രീയ സഹായങ്ങള്‍ക്ക് പകരമായാണ് ഈ സമ്മാനങ്ങള്‍ സ്വീകരിച്ചതെന്ന് ആരോപിക്കപ്പെടുന്നു. വസതിയിലെ ജീവനക്കാരോട് മോശമായി പെരുമാറിയതിനും അധിക്ഷേപിച്ചതിനും സാറ പലതവണ നിയമനടപടികള്‍ നേരിട്ടിട്ടുണ്ട്. ഒരു മുന്‍ വീട്ടുജോലിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. സ്വന്തം വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു എന്ന ആരോപണവും ഇവര്‍ക്കെതിരെയുണ്ട്.

മൂത്ത മകന്‍ യെയര്‍ നമ്മുടെ നാട്ടിലെ ഒരു സൈബര്‍ പോരാളിക്ക് സമാനമാണ്. പിതാവിന്റെ രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപകരമായ പോസ്റ്റുകള്‍ ഇടുന്നത് യെയറിന്റെ പതിവാണ്. ഇത് പലപ്പോഴും വലിയ നിയമയുദ്ധങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യെയറിന് കോടതി പലതവണ ലക്ഷക്കണക്കിന് രൂപ പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകയ്ക്ക് മറ്റൊരു നേതാവുമായി ബന്ധമുണ്ടെന്ന് തെറ്റായി ആരോപിച്ചതിന് വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടി വന്നു.

ശതകോടീശ്വരനായ ജെയിംസ് പാക്കറില്‍ നിന്ന് സൗജന്യ വിമാനയാത്രകളും ആഡംബര ഹോട്ടല്‍ താമസവും യെയര്‍ കൈപ്പറ്റിയതായി അന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരിക്കല്‍ ഹിന്ദു ദേവതയായ ദുര്‍ഗ്ഗാദേവിയെ അവഹേളിക്കുന്ന രീതിയിലുള്ള പോസ്റ്റ് പങ്കുവെച്ചത് വലിയ പ്രതിഷേധത്തിന് കാരണമാവുകയും പിന്നീട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു.

2020 ജൂലൈ മാസത്തിലാണ് യെയര്‍ നെതന്യാഹു ദുര്‍ഗ്ഗാദേവിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ദുര്‍ഗയുടെ മുഖത്തിന് പകരം തനിക്കെതിരെ അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന ഇസ്രായേലി ഉദ്യോഗസ്ഥ ലിയാത്ത് ബെന്‍ അരിയുടേയും മറ്റ് ഉദ്യോഗസ്ഥരുടെയും മുഖങ്ങള്‍ വെച്ച് എഡിറ്റ് ചെയ്ത ഒരു ചിത്രമാണ് യെയര്‍ പങ്കുവെച്ചത്. ചിത്രത്തില്‍ ദേവതയുടെ കൈകളില്‍ ആയുധങ്ങള്‍ക്ക് പകരം 'നടുവിരല്‍' കാണിക്കുന്ന രീതിയിലുള്ള എഡിറ്റിംഗും ഉണ്ടായിരുന്നു. നതന്യാഹുവിനെതിരെ പ്രതിഷേധിക്കുന്നവരെ ചിത്രത്തില്‍ ദേവതയുടെ കാലിനടിയില്‍ കിടക്കുന്നതായും ചിത്രീകരിച്ചിരുന്നു. ഈ ചിത്രം പുറത്തുവന്ന ഉടനെ ഇന്ത്യയില്‍ നിന്നും ആഗോളതലത്തിലുള്ള ഹിന്ദു സമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നു. ലക്ഷക്കണക്കിന് ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ രോഷം അറിയിച്ചു.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമായതോടെ യെയര്‍ നെതന്യാഹു ആ പോസ്റ്റ് നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്തു. തനിക്ക് ഹിന്ദു വിശ്വാസങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ചിത്രം വെറുതെ ഷെയര്‍ ചെയ്തതാണെന്നും അദ്ദേഹം വിശദീകരിച്ചു. 'ഹിന്ദുക്കളെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല അത്. ഈ ചിത്രം ഒരു ആക്ഷേപഹാസ്യ പേജില്‍ നിന്ന് കണ്ടപ്പോള്‍ പങ്കുവെച്ചതാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ ക്ഷമാപണം.

ഇനിയും തീരാത്ത കേസുകള്‍

നെതന്യാഹുവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിയമനങ്ങളിലും നയപരമായ തീരുമാനങ്ങളിലും സാറ അനാവശ്യമായി ഇടപെടുന്നുവെന്ന് മുന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചിട്ടുണ്ട്. നെതന്യാഹുവിന്റെ വിശ്വസ്തരായിരുന്ന പലരും ഇതേ കാരണത്താല്‍ അദ്ദേഹവുമായി പിരിഞ്ഞു. ഇത് പലപ്പോഴും ഇസ്രായേല്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്.




വിലകൂടി സമ്മാനങ്ങള്‍ സ്വീകരിച്ച കേസില്‍, നെതന്യാഹുവും ഭാര്യ സാറയും നേരിട്ട് പ്രതിക്കൂട്ടിലാണ്. ഹോളിവുഡ് നിര്‍മ്മാതാവ് അര്‍നോണ്‍ മില്‍ച്ചനെപ്പോലുള്ള ശതകോടീശ്വരന്മാരില്‍ നിന്ന് ഏകദേശം 2,00,000 ഡോളര്‍ വിലമതിക്കുന്ന ആഡംബര ചുരുട്ടുകളും, പിങ്ക് ഷാംപെയ്നും ആഭരണങ്ങളും കൈപ്പറ്റിയെന്നാണ് ആരോപണം. ഇതിന് പകരമായി മില്‍ച്ചന് യു.എസ് വിസ ലഭിക്കാനും മറ്റും നെതന്യാഹു വഴിവിട്ട് സഹായിച്ചുവെന്നാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുപോലെ സാറയുണ്ടാക്കിയ ഭക്ഷണകേസും നെതന്യാഹുവിന്റെ ഇമേജിനെ സാരമായി ബാധിച്ചിരുന്നു.

മകന്‍ യെയര്‍ നെതന്യാഹുവിന്റെ വെളിപ്പെടുത്തലുകളും പ്രധാനമന്ത്രിക്ക് വിനയാവാറുണ്ട്. 2018-ല്‍ ഒരു സ്ട്രിപ്പ് ക്ലബ്ബിന് പുറത്ത് വെച്ച് യെയര്‍ തന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നു. തന്റെ പിതാവ് സുഹൃത്തിന്റെ പിതാവിനായി 20 ബില്യണ്‍ ഡോളറിന്റെ ഗ്യാസ് കരാര്‍ ശരിയാക്കിക്കൊടുത്തതിനെക്കുറിച്ച് യെയര്‍ അതില്‍ സംസാരിക്കുന്നുണ്ട്. ഇത് വലിയ അഴിമതി ആരോപണമായി മാറി. ഇപ്പോഴും നിരവധികേസുകള്‍ നെതന്യാഹുവിന്റെ പേരിലുണ്ട്. ഇസ്രായേലിലെ പ്രമുഖ പത്രമായ യെദിയോത്ത് അഹ്രോണോത്ത് ഉടമയുമായി രഹസ്യധാരണയുണ്ടാക്കാന്‍ ശ്രമിച്ചു എന്നതാണ് ഈ കേസ്. പത്രം സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തകള്‍ നല്‍കുന്നതിന് പകരമായി, ആ പത്രത്തിന്റെ എതിരാളികളായ മറ്റൊരു പത്രത്തിന്റെ പ്രചാരം കുറയ്ക്കാന്‍ സഹായിക്കാമെന്ന് നെതന്യാഹു വാഗ്ദാനം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു കേസാണിത്. പക്ഷേ ഇതൊന്നുമല്ല ഇനി വരുന്നതാണ് നെതന്യാഹുവിനെ സംബന്ധിച്ച് ഏറ്റവും ഗുരുതരമായ കേസ്. ഇസ്രായേലിലെ ടെലികോം ഭീമനായ 'ബെസെക്കിന്' അനുകൂലമായ നിയമനിര്‍മ്മാണം നടത്തുന്നതിന് പകരമായി, അവരുടെ ഉടമസ്ഥതയിലുള്ള 'വാല' എന്ന വെബ്സൈറ്റില്‍ നെതന്യാഹുവിനെ പ്രകീര്‍ത്തിക്കുന്ന വാര്‍ത്തകള്‍ നല്‍കിയെന്നതാണ് ആരോപണം. ഇതില്‍ കൈക്കൂലി കുറ്റമാണ് നേരിടുന്നത്.

ഒരു വശത്ത് കോടതി വിചാരണകള്‍ നടക്കുമ്പോള്‍ മറുവശത്ത് രാജ്യം ഭരിക്കേണ്ടി വരുന്നത് വലിയ പ്രതിസന്ധിയാണ്. അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ മാസങ്ങളോളം നീണ്ടുനിന്ന വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. സുപ്രീം കോടതിയുടെ അധികാരം കുറയ്ക്കാന്‍ നെതന്യാഹു കൊണ്ടുവന്ന നിയമപരിഷ്‌കാരങ്ങള്‍ വലിയ വിവാദമായിരുന്നു. തന്റെ കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം കോടതികളെ ദുര്‍ബലപ്പെടുത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.എന്നിട്ടും അയാള്‍ പിടിച്ചു നില്‍ക്കുന്നു. അത് ഇസ്രയേലിന്റെ സുരക്ഷ എന്ന വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തതുകൊണ്ടാണ്. ഇസ്രയേലുകാര്‍ നെഹ്യാഹുവിന്റെ വിവാഹേതര ബന്ധങ്ങളിലല്ല, രാജ്യം ഭരിക്കാനുള്ള കഴിവിലാണ് വിശ്വസിക്കുന്നത്.

വാല്‍ക്കഷ്ണം: ഇപ്പോള്‍ തന്റെ കുടുംബത്തിനുനേരെ വരുന്ന ആരോപണങ്ങള്‍ എല്ലാം അവസാനിപ്പിച്ച് ഒരു ഫീല്‍ഗുഡ് മൂഡ് ഉണ്ടാക്കിയെടുക്കാന്‍ നെതന്യാഹു ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിലൊക്കെ ഭാര്യയെ അത്രയും ശ്രദ്ധയോടെ പ്രസന്റ് ചെയ്യാന്‍ അദ്ദേഹം ശ്രദ്ധിക്കയാണ്. മൂത്തമകനോട് സൈബര്‍ ലിഞ്ചിങ്ങ് പണി നിര്‍ത്തിവെപ്പിക്കാനും നെതന്യാഹു നിര്‍ദേശം നല്‍കിയിരുന്നു.