- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേസര്ബീമുമായി ബന്ധിച്ച് പഴുതടച്ച് അയേണ്‍ ഡോം പുതുക്കി ഇസ്രയേല്‍; വന്‍കരയെ പൊതിയുന്ന ഗോള്‍ഡന്‍ ഡോം നിര്‍മ്മിക്കാന്‍ ട്രംപ്; ചെലവ് 330 ലക്ഷം കോടി രൂപ; മിനി ഗോള്‍ഡന്‍ ഡോമുമായി ഇന്ത്യയും; കരയുദ്ധവും കടല്യുദ്ധവുമല്ല, ലോകം പോവുന്നത് ബഹിരാകാശ യുദ്ധത്തിലേക്ക്!
ലേസര്ബീമുമായി ബന്ധിച്ച് പഴുതടച്ച് അയേണ്‍ ഡോം പുതുക്കി ഇസ്രയേല്‍

നാലുപാടും ശത്രുക്കളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കുഞ്ഞന്‍ രാഷ്ട്രം. എതിരാളികളായ അയല്‍ക്കാര്‍, ഒന്നിച്ച് മൂത്രമൊഴിച്ചാല്‍പോലും ആ രാജ്യം ഭൂപടത്തില്‍നിന്ന് മാഞ്ഞുപോവുമെന്ന് പരിഹാസം വന്നു. പിറന്നുവീണ ഉടനെതന്നെ ആ രാഷ്ട്രത്തിന്റെ നേര്‍ക്ക്, മുട്ടാളന്‍മ്മാരായ അയല്‍ക്കാര്‍ ഒന്നിച്ച് ആക്രമിക്കാനെത്തിയിട്ടും അവര്‍ അതിജീവിച്ചു. അതാണ് ഇസ്രയേല്‍. 48-ലെയും 67-ലെയും 74-ലെയും മഹായുദ്ധങ്ങള്‍ക്ക്ശേഷവും, യഹുദന്റെ പുകകാണണം എന്ന മതപരമായ വൈരാശ്യംവെച്ച് ഇസ്രയേലിലേക്ക് റോക്കറ്റുകളുും നിരന്തരമെത്തി. 2006-ല്‍ ഹിസ്ബുള്ളയുമായുള്ള യുദ്ധത്തില്‍ ഇസ്രായേല്‍ നഗരങ്ങളില്‍ വന്‍തോതില്‍ റോക്കറ്റുകള്‍ പതിച്ചിരുന്നു. ഇത് തടയാന്‍ എന്ത് വഴി എന്ന ചിന്തയാണ്, അയേണ്‍ ഡോം എന്ന ആകാശ പ്രതിരോധത്തിലേക്ക് അവരെ എത്തിച്ചത്.
ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ വിഭാഗം തലവനായിരുന്ന ബ്രിഗേഡിയര്‍ ജനറല്‍ ഡാനിയല്‍ ഗോള്‍ഡിനെയാണ് 'അയണ്‍ ഡോമിന്റെ പിതാവ്' എന്ന് വിളിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇതിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. ഇസ്രയേല്‍ പൊതുമേഖലാ സ്ഥാപനമായ റാഫേല്‍ ഡിഫന്‍സ് സിസ്റ്റംസാണ്, അമേരിക്കന്‍ സഹായത്തോടെ അയണ്‍ ഡോം നിര്‍മ്മിച്ചത്. 2011 മാര്‍ച്ച് 27-നാണ് ഇത് ഔദ്യോഗികമായി വിന്യസിച്ചത്. ആ വര്‍ഷം ഏപ്രിലില്‍ ഗാസയില്‍ നിന്നുള്ള ഒരു റോക്കറ്റിനെ വിജയകരമായി വെടിവെച്ചിട്ടുകൊണ്ടാണ് ഡോം കരുത്ത് തെളിയിച്ചു. അന്നുമുതല്‍ ഒരു റോക്കറ്റിനെയും മിസൈലിനെയും ഡ്രോണിനെയും കടത്തിവിടാതെ, അയേണ്‍ഡോം 'യഹോവയുടെ മക്കളെ' കാത്തു. ഇസ്രായേലിലെ ജനങ്ങള്‍ ഈ സംവിധാനത്തെ ഒരു 'മാന്ത്രിക കവചം' ആയാണ് കണ്ടത്. അവരുടെ സ്വകാര്യസഹങ്കാരമായിരുന്നു ഈ സുരക്ഷ. പുറത്ത് എന്ത് നടന്നാലും ഞങ്ങളുടെ നാട്ടില്‍ ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം ഓരോ യൂഹദനും കൊടുത്തത് ഈ ആകാശ സുരക്ഷയാണ്.
പക്ഷേ 2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തില്‍ അയേണ്‍ഡോമും വിറച്ചു. 1200 പേര്‍ കൊല്ലപ്പെട്ട ആ ആക്രമണത്തില്‍ ഇസ്രയേല്‍ തലകുനിച്ചു. അന്ന് അയേണ്‍ഡോം എന്ന മാന്ത്രിക മേല്‍ക്കുര തകര്‍ത്ത്, റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചു. ഇസ്രയേലികള്‍ അമ്പരുന്നുപോയ ദിവസമായിരുന്നു അത്. പക്ഷേ അതില്‍നിന്ന് പാഠം പഠിച്ച് ഇപ്പോള്‍ അതിലും വലിയ മിസൈല്‍പ്രതിരോധ സംവിധാനം രുപപ്പെടുത്തിയിരിക്കയാണ് ഇസ്രയേല്‍. അമേരിക്കയാവട്ടെ ഒരു വന്‍കരയെ തന്നെ സുരക്ഷിതമാക്കുന്ന ഗോള്‍ഡന്‍ ഡോം എന്ന മിസൈല്‍ പ്രതിരോധമാണ് ഉണ്ടാക്കുന്നത്. ഇന്ത്യയും അതുപോലെ ഒരു സംവിധാനത്തിലേക്ക് കടക്കുകയാണ്!
അതോടെ ആയുധങ്ങളാല്‍ നിറയുകയാണ് നമ്മുടെ ആകാശം. ഇനി കരയുദ്ധും കടല്‍യുദ്ധവുമില്ല. ലോകം പോവുന്നത് ബഹിരാകാശയുദ്ധത്തിലേക്കാണ്. തോക്കും ടാങ്കും മാത്രമല്ല, റോക്കറ്റും മിസൈലും പോലും ഫീല്‍ഡ്ഔട്ടാവുന്ന കാലമാണ് ഇനി വരുന്നത്. ഡ്രോണും, ലേസറും, സാറ്റലൈറ്റ് ടെക്ക്നോളജിയുമൊക്കെയാണ് അധുനിക യുദ്ധോപകരണങ്ങള്‍!
അയേണ്‍ഡോം പൊളിഞ്ഞതെങ്ങനെ?
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒന്നാണെങ്കിലും അയണ്‍ ഡോം തികച്ചും അജയ്യമായ ഒരു സംവിധാനമല്ല. മൂന്ന് ഘട്ടങ്ങളിലായാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇസ്രയേലിലേക്ക് വരുന്ന റോക്കറ്റുകളെ റഡാറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്തുകയും അവയുടെ സഞ്ചാരപഥം നിരീക്ഷിക്കുകയും ചെയ്യുന്നതാണ് ആദ്യഘട്ടം. റഡാര്‍ നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് റോക്കറ്റ് എവിടെയാണ് പതിക്കുക എന്ന് കമ്പ്യൂട്ടറുകള്‍ കണക്കാക്കുന്നു. ജനവാസ മേഖലകളിലോ തന്ത്രപ്രധാനമായ ഇടങ്ങളിലോ ആണ് റോക്കറ്റ് വീഴാന്‍ സാധ്യതയുള്ളതെങ്കില്‍ മാത്രം അതിനെ തകര്‍ക്കാന്‍ ഉത്തരവ് നല്‍കുന്നു.
'താമിര്‍' എന്ന ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ വിക്ഷേപിച്ച് ശത്രു റോക്കറ്റുകളെ ആകാശത്തുവെച്ച് തന്നെ നശിപ്പിക്കയാണ് അയേണ്‍ഡോമിന്റെ രീതി.
ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ അയണ്‍ ഡോമിനെ മറികടക്കാന്‍ ഹമാസ് പ്രധാനമായും ഉപയോഗിച്ചത് 'സാച്ചുറേഷന്‍ സ്ട്രൈക്ക്' എന്ന തന്ത്രമാണ്. അയണ്‍ ഡോമിന് ഒരേസമയം കൈകാര്യം ചെയ്യാവുന്ന മിസൈലുകള്‍ക്ക് ഒരു പരിധിയുണ്ട്. ഹമാസ് വെറും 20 മിനിറ്റിനുള്ളില്‍ ഏകദേശം 5,000 റോക്കറ്റുകളാണ് തൊടുത്തുവിട്ടത്. ഇത്രയധികം ലക്ഷ്യങ്ങള്‍ ഒരേസമയം വന്നതോടെ അയേണ്‍ഡോമിന്റെ സിസ്റ്റം 'ഓവര്‍ലോഡ്' ആയി. ഓരോ അയണ്‍ ഡോം ബാറ്ററിയിലും നിശ്ചിത എണ്ണം മിസൈലുകള്‍ മാത്രമേ ഉണ്ടാകൂ. അവ തീരുന്ന മുറയ്ക്ക് റീലോഡ് ചെയ്യാന്‍ സമയം എടുക്കും. ഈ ഇടവേളമൂലമാണ് ഹമാസ് റോക്കറ്റുകള്‍ക്ക് നഗരങ്ങളില്‍ പതിച്ചത്. ( നമ്മുടെ നാട്ടിലെ ഹമാസ് അനുകൂലികളും മീഡിയാവണ്ണിലെ അടുപ്പൂട്ടി ചര്‍ച്ചക്കാരും പറയുന്നതപോലെ ഗാസ ഒരു തുറന്ന ജയില്‍ ആണെങ്കില്‍ ഇത്രയും റോക്കറ്റുകള്‍ ഉണ്ടാക്കാനും അത് അയക്കാനും കഴിയുന്നത് എങ്ങനെയാണ്?)
ഒരു താമിര്‍ മിസൈലിന് ഏകദേശം 40,000 മുതല്‍ 50,000 വരെ ഡോളര്‍ ചെലവ് വരുമ്പോള്‍ ഹമാസിന്റെ റോക്കറ്റുകള്‍ക്ക് വെറും 600 ഡോളര്‍ മാത്രമേ ചെലവുള്ളൂ എന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്! ഇസ്രയേലിനെ സാമ്പത്തികമായി ഞെരുക്കാന്‍ കുടിയാണ് ഹമാസ് ഇടക്കിടെ റോക്കറ്റ് അയക്കുന്നത്. അതുപോലെ വളരെ താഴ്ന്ന ഉയരത്തില്‍ പറക്കുന്ന ഡ്രോണുകളെയും റോക്കറ്റുകളെയും കണ്ടെത്താന്‍ ചിലപ്പോള്‍ റഡാറുകള്‍ക്ക് പ്രയാസം നേരിടാറുണ്ട്. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷകവചമായ അയേണ്‍ ഡോം തകരുമെന്നത് ഇസ്രയേല്‍ ജനതയെ ഞെട്ടിച്ചു. അതില്‍നിന്നാണ് പുതിയ ടെക്ക്നോളജിയിലൂടെ ഇസ്രയോല്‍ കരുത്തുറ്റ മിസൈല്‍ പ്രതിരോധം ഉണ്ടാക്കിയെടുത്തത്.
ഡോമിനൊപ്പം ലേസര്‍ ബീമും
ഇസ്രായേലിന്റെ പ്രതിരോധ രംഗത്തെ വിപ്ലവകരമായ മാറ്റമാണ് 'അയണ്‍ ബീം'. മിസൈലുകള്‍ക്ക് പകരം ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് ശത്രുക്കളുടെ ആക്രമണത്തെ തടയുന്ന സംവിധാനമാണിത്. അയണ്‍ ഡോമിന് പകരക്കാരനല്ല, മറിച്ച് അതിന്റെ കുറവുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു കൂട്ടാളി സംവിധാനമാണിത്. ലോകത്തിലെ തന്നെ ആദ്യത്തെ ഊര്‍ജ്ജ അധിഷ്ഠിത മിസൈല്‍ പ്രതിരോധ സംവിധാനമാണിത്.
മിസൈലുകള്‍ക്ക് പകരം 100 കിലോവാട്ട് കരുത്തുള്ള ലേസര്‍ ബീം ആണ് ഇവിടെ ഉപയോഗിക്കുന്നത്. ശത്രുക്കളുടെ റോക്കറ്റ്, ഡ്രോണ്‍, മോര്‍ട്ടാര്‍ എന്നിവയില്‍ ഈ ലേസര്‍ പതിക്കുമ്പോള്‍ അവ അമിതമായി ചൂടാകുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ആകാശത്തുവെച്ച് തന്നെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. മിസൈലുകള്‍ തീര്‍ന്നുപോകുമെന്ന പേടി വേണ്ട. ലോഡ് ചെയ്യാന്‍ സമയം വേണ്ട. വൈദ്യുതി ലഭ്യമാകുന്നിടത്തോളം കാലം എത്ര തവണ വേണമെങ്കിലും ലേസര്‍ പ്രയോഗിക്കാം. അതിനാല്‍ തന്നെ ഒക്ടോബര്‍ 7ന് സമാനമായ ഒരു ആക്രമണത്തെ ഇനി ഇസ്രയേലിന് പേടിക്കേണ്ട കാര്യമില്ല.
അയണ്‍ ഡോമിലെ ഒരു ഇന്റര്‍സെപ്റ്റര്‍ മിസൈലിന് ഏകദേശം 50,000 ഡോളര്‍ ചെലവ് വരുമ്പോള്‍, ഒരു അയണ്‍ ബീം ലേസര്‍ പ്രയോഗിക്കാന്‍ വെറും 2 മുതല്‍ 5 വരെ ഡോളര്‍ മാത്രമേ ചെലവാകൂ. പ്രകാശത്തിന്റെ വേഗതയിലാണ് ലേസര്‍ സഞ്ചരിക്കുന്നത്. അതിനാല്‍ ശത്രുവിന് പ്രതികരിക്കാന്‍ സമയം ലഭിക്കില്ല. വളരെ ചെറിയ ഡ്രോണുകളെയും മോര്‍ട്ടാര്‍ ഷെല്ലുകളെയും പോലും ഇത് കൃത്യമായി തകര്‍ക്കും. പക്ഷേ അയണ്‍ ബീമിന് ചില പരിമിതികളുമുണ്ട്. കനത്ത മഴ, മൂടല്‍മഞ്ഞ്, പൊടിപടലങ്ങള്‍ എന്നിവയുള്ള സമയത്ത് ലേസറിന്റെ കരുത്ത് കുറയാന്‍ സാധ്യതയുണ്ട്. അതിനാല്‍ മോശം കാലാവസ്ഥയില്‍ അയണ്‍ ഡോം തന്നെ വേണ്ടിവരും.
ഇതോടൊപ്പം ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് വികസിപ്പിച്ച ഏറ്റവും കരുത്തുറ്റ മിസൈല്‍ പ്രതിരോധ സംവിധാനമാണ് 'ആരോ'യുമുണ്ട്. സത്യത്തില്‍ ത്രിതലത്തിലുള്ള സുരക്ഷയാണ് ഇസ്രയേല്‍ ഒരുക്കിയിക്കുന്നത്. അതിന്റെ ഏറ്റവും മുകളിലാണ് ആരോ. അയണ്‍ ഡോം ചെറിയ റോക്കറ്റുകളെ തകര്‍ക്കുമ്പോള്‍, രാജ്യത്തിന് പുറത്തുനിന്ന് വരുന്ന വലിയ മിസൈലുകളെ നേരിടാനാണ് ആരോ ഉപയോഗിക്കുന്നത്. ഇറാന്‍ വിക്ഷേപിക്കാന്‍ സാധ്യതയുള്ള വലിയ ബാലിസ്റ്റിക് മിസൈലുകളെയും ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലുകളെയും തടയാനാണ് ഇത് പ്രധാനമായും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ ബോയിങ്ങും ഇസ്രായേല്‍ എയ്റോ്സപേസ് ഇന്‍ഡസ്ട്രീസും, സംയുക്തമായാണ് ഇത് നിര്‍മ്മിക്കുന്നത്. ഇതിന്റെ പകുതിയിലേറെ ചെലവ് വഹിക്കുന്നത് അമേരിക്കയാണ്.
2023 നവംബറില്‍ ഹൂതി വിമതര്‍ വിക്ഷേപിച്ച മിസൈലിനെ അന്തരീക്ഷത്തിന് പുറത്തുവെച്ച് തകര്‍ത്ത് ആരോ-3 ചരിത്രം കുറിച്ചു. ബഹിരാകാശത്ത് വെച്ച് നടന്ന ആദ്യത്തെ മിസൈല്‍ വേധ യുദ്ധമായിരുന്നു ഇത്. ഇസ്രായേലിന്റെ പ്രതിരോധത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള കവചമാണ് ആരോ. ഇതിന് താഴെയാണ് ഡേവിഡ്‌സ് സ്ലിംഗ് എന്ന പ്രതിരോധ കവചം വരുന്നത്. 40 കി.മീ - 300 കി.മീ ഇടത്തരം ദൂര മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍, വിമാനങ്ങള്‍ എന്നിവയെ തകര്‍ക്കാന്‍ ഡേവിഡ്‌സ് സ്ലിംഗിന് കഴിയും. അതു കഴിഞ്ഞ് ഏറ്റവും താഴെയാണ് അയണ്‍ ഡോം വരുന്നത്. ഈ ത്രിതല സുരക്ഷയാണ് സത്യത്തില്‍ യഹൂദരാഷ്ട്രത്തെ നിലനിര്‍ത്തുന്നത്. ഇതുകൂടാതെ, കടലില്‍ നിന്നുള്ള ആക്രമണങ്ങളെ തടയാന്‍ ഇസ്രായേല്‍ ഉപയോഗിക്കുന്ന സി-ഡോം എന്ന സംവിധാനവുണ്ട്. അയണ്‍ ഡോം സംവിധാനത്തിന്റെ നാവിക പതിപ്പാണ് സി-ഡോം. ഒക്ടോബര്‍ 7 -ല്‍നിന്ന് പാഠങ്ങള്‍ പഠിച്ച്, ഒരു ഈച്ചപോലും കടക്കാത്ത രീതിയില്‍ ഇസ്രയേല്‍ തങ്ങളുടെ അതിര്‍ത്തിയിലെ പഴുതടച്ചിരിക്കയാണ്.
ട്രംപിന്റെ ഗോള്‍ഡന്‍ ഡോം
ഇസ്രായേലിന്റെ ഈ അനുഭവങ്ങളില്‍ നിന്നാണ് അമേരിക്കയുടെ ഗോള്‍ഡന്‍ ഡോം ഉണ്ടാവുന്നത്. അയണ്‍ ഡോം, ഇസ്രയേല്‍ എന്ന ഒറ്റ രാജ്യത്തിന്റെ സുരക്ഷക്കായി ഉപയോഗിക്കുമ്പോള്‍, ഗോള്‍ഡന്‍ ഡോം ഒരു വന്‍കരയെ മുഴുവന്‍ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. 9.8 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഗോള്‍ഡന്‍ ഡോമിന്റെ പരിധി. കാനഡയും അതില്‍ ഉള്‍പ്പെടുന്നു. കാനഡും അമേരിക്കന്‍ ഐക്യനാടുകളില്‍ ലയിക്കണമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അയണ്‍ ഡോമിനേക്കാള്‍ 25 മടങ്ങ് വേഗതയുള്ള മിസൈലുകളെ നേരിടാന്‍ ശേഷിയുള്ളതായിരിക്കും ഗോള്‍ഡന്‍ ഡോം. അയണ്‍ ഡോമിന് ചില റോക്കറ്റുകള്‍ നഷ്ടപ്പെട്ടാലും വലിയ കുഴപ്പമില്ല. എന്നാല്‍ ഗോള്‍ഡന്‍ ഡോം തടയേണ്ടത് ആണവായുധങ്ങള്‍ വഹിക്കുന്ന മിസൈലുകളെ ആയതിനാല്‍ സീറോ-ഫെയിലിയര്‍ ആവശ്യമാണ്.
അയണ്‍ ഡോമിനേക്കാള്‍ നൂറുകണക്കിന് മടങ്ങ് ചെലവ് ഇതിന് പ്രതീക്ഷിക്കുന്നു. ഏകദേശം 175 ബില്യണ്‍ ഡോളര്‍ മുതല്‍ 3.6 ട്രില്യണ്‍ ഡോളര്‍വരെയാണ് ഇതിന്റെ ചെലവ്. അതായത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍, 16.08 ലക്ഷം കോടി മുതല്‍, 330.94 ലക്ഷം കോടിവരെ! 2025 ജനുവരി 27-ന് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെയാണ് ഗോള്‍ഡന്‍ ഡോം പദ്ധതിക്ക് തുടക്കമിട്ടത്.
അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പല അടരുകളായുള്ള ഒരു പ്രതിരോധ കവചമായാണ് ഗോള്‍ഡന്‍ ഡോം പ്രവര്‍ത്തിക്കുന്നത്. ആധുനിക സെന്‍സറുകളും സാറ്റലൈറ്റ് ശൃംഖലകളും ഉപയോഗിച്ച് ശത്രു മിസൈലുകളുടെ വിക്ഷേപണം തത്സമയം കണ്ടെത്തുന്നു. ബഹിരാകാശത്ത് സ്ഥാപിക്കുന്ന ഇന്റര്‍സെപ്റ്ററുകളും ലേസര്‍ ആയുധങ്ങളും ഉപയോഗിച്ച് മിസൈലുകളെ അന്തരീക്ഷത്തിന് പുറത്തുവെച്ച് തന്നെ നശിപ്പിക്കാന്‍ സാധിക്കും. ഹൈപ്പര്‍സോണിക് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ആകാശത്തുവെച്ച് തന്നെ വെടിവെച്ചിടുകയാണ് ഗോള്‍ഡന്‍ ഡോമിന്റെ രീതി. കരയിലും കടലിലും ആകാശത്തും ഒരുപോലെ ഈ സംവിധാനത്തിന്റെ ഭാഗങ്ങള്‍ വിന്യസിക്കും. സ്പേസ് ഫോഴ്സ് ജനറല്‍ മൈക്കല്‍ ഗ്വെറ്റ്‌ലിന്‍ ആണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
അമേരിക്ക വികസിപ്പിക്കുന്ന ലേസര്‍ വെപ്പണ്‍ സിസ്റ്റങ്ങള്‍ യുദ്ധരംഗത്തെ തന്നെ മാറ്റിമറിക്കാന്‍ പോകുന്നവയാണ്. ശത്രു ഡ്രോണുകളെ വെടിവെച്ചിടുന്നതിന് പകരം അവയുടെ സെന്‍സറുകളെ ലേസര്‍ ഉപയോഗിച്ച് അന്ധമാക്കുന്ന സംവിധാനംവരെ അമേിക്ക വികസിപ്പിച്ച് കഴിഞ്ഞു. മിസൈലുകള്‍ സഞ്ചരിക്കുന്നതിനേക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ് വേഗത്തില്‍ സഞ്ചരിച്ച് ലേസര്‍ ശത്രുവിനെ തകര്‍ക്കും.
ലേസര്‍ രശ്മികള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനോ അവ വരുന്നത് കേള്‍ക്കാനോ കഴിയില്ല. മിസൈലിന്റെ സെന്‍സറുകള്‍ മാത്രമോ അല്ലെങ്കില്‍ എഞ്ചിന്‍ മാത്രമോ ലക്ഷ്യം വെച്ച് തകര്‍ക്കാന്‍ സാധിക്കുന്ന അത്രയും കൃത്യത ഇതിനുണ്ട്. ഗോള്‍ഡന്‍ ഡോമില്‍ ഈ ലേസറുകള്‍ സാറ്റലൈറ്റുകളില്‍ ഘടിപ്പിക്കാനാണ് അമേരിക്കയുടെ പദ്ധതി. ഇതിലൂടെ മിസൈലുകള്‍ വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവയെ ബഹിരാകാശത്ത് വെച്ച് തന്നെ തകര്‍ക്കാന്‍ കഴിയും.
ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കും ഗോള്‍ഡന്‍ ഡോമില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. സ്റ്റാര്‍ലിങ്കിന്റെ സൈനിക പതിപ്പായ സ്റ്റാര്‍ഷീല്‍ഡ് ഗോള്‍ഡന്‍ ഡോം പദ്ധതിയുടെ നട്ടെല്ലായി മാറും. ശത്രു മിസൈല്‍ വിക്ഷേപിച്ചാലുടന്‍ ആ വിവരം സെക്കന്‍ഡുകള്‍ക്കുള്ളില്‍ അമേരിക്കന്‍ പ്രതിരോധ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സ്റ്റാര്‍ലിങ്കിന്റെ ആയിരക്കണക്കിന് സാറ്റലൈറ്റുകള്‍ക്ക് സാധിക്കും.സാധാരണ പ്രതിരോധ സാറ്റലൈറ്റുകള്‍ കുറച്ചുമാത്രമേ ഉണ്ടാകൂ. അവയെ ശത്രുക്കള്‍ക്ക് എളുപ്പത്തില്‍ തകര്‍ക്കാം. എന്നാല്‍ സ്റ്റാര്‍ലിങ്കിന് അയ്യായിരത്തിലധികം സാറ്റലൈറ്റുകള്‍ ഉള്ളതിനാല്‍, ഏതെങ്കിലും ചിലത് തകര്‍ത്താലും സിസ്റ്റം പരാജയപ്പെടില്ല. സ്പേസ് എക്സ് സ്റ്റാര്‍ഫീല്‍ഡ് വഴി
അമേരിക്കന്‍ പ്രതിരോധ വകുപ്പിന് മാത്രമായി ഒരു പ്രത്യേക 'ബഹിരാകാശ ശൃംഖല' തന്നെ മസ്‌ക് ഒരുക്കുന്നുണ്ട്. ഇലോണ്‍ മസ്‌കിനെ ട്രംപ് ഭരണകൂടത്തില്‍ ഒരു പ്രധാന ഉപദേശകനായി നിയമിച്ചത് ഗോള്‍ഡന്‍ ഡോം പോലുള്ള പദ്ധതികള്‍ വേഗത്തിലാക്കാനാണെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. പിന്നീട് ഇവര്‍ ഉടക്കിപ്പിരിഞ്ഞെങ്കിലും പദ്ധതി ഉപേക്ഷിച്ചിട്ടില്ല.
ഗ്രീന്‍ലാന്‍ഡിനായി സമ്മര്‍ദം
അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍ പ്രകാരം, റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും വരാനിരിക്കുന്ന അത്യാധുനിക മിസൈല്‍ ഭീഷണികളെ നേരിടാനാണ് ഗോള്‍ഡന്‍ ഡോം കൊണ്ടുവരുന്നത്. റഷ്യയും ചൈനയും വികസിപ്പിച്ചെടുത്ത ഹൈപ്പര്‍സോണിക് മിസൈലുകള്‍ ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്നവയാണ്. നിലവിലുള്ള അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇവയെ കണ്ടെത്താനോ തകര്‍ക്കാനോ പ്രയാസമാണ്. ഈ വിടവ് നികത്താനാണ് ഗോള്‍ഡന്‍ ഡോം.
യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തിലും മറ്റും റഷ്യ പലതവണ ആണവായുധ ഭീഷണി മുഴക്കിയിട്ടുണ്ട്. റഷ്യയുടെ പക്കലുള്ള ഭൂഖണ്ഡാന്തര മിസൈലുകളില്‍ നിന്ന് അമേരിക്കന്‍ നഗരങ്ങളെ പൂര്‍ണ്ണമായും സുരക്ഷിതമാക്കുക എന്നത് ട്രംപിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. പസഫിക് മേഖലയില്‍ ചൈന നടത്തുന്ന സൈനിക മുന്നേറ്റങ്ങളും അവരുടെ വര്‍ദ്ധിച്ചുവരുന്ന മിസൈല്‍ ശേഖരവും അമേരിക്കയെ ആശങ്കപ്പെടുത്തുന്നു. അമേരിക്കന്‍ മണ്ണിലേക്ക് എത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ ചൈനയുടെ പക്കലുണ്ട് റഷ്യയെയും ചൈനയെയും കൂടാതെ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളും ഇറാന്റെ ഡ്രോണ്‍-മിസൈല്‍ സാങ്കേതികവിദ്യയും അമേരിക്കയ്ക്ക് ഭീഷണിയായി ഭരണകൂടം കാണുന്നു.
ഗോള്‍ഡന്‍ ഡോം പദ്ധതിയുടെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഡാനിഷ് പ്രദേശമായ ഗ്രീന്‍ലന്‍ഡ് തന്ത്രപ്രധാനമാണെന്ന് ട്രംപ് അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ അമേരിക്ക ലക്ഷ്യമാക്കി വരുന്ന മിസൈലുകളുടെ ഏറ്റവും അടുത്ത സഞ്ചാരപഥം ആര്‍ട്ടിക് മേഖലയ്ക്കും ഗ്രീന്‍ലാന്‍ഡിനും മുകളിലൂടെയാണ്. അതിനാല്‍, ഈ മിസൈലുകളെ വളരെ നേരത്തെ കണ്ടെത്താനും തകര്‍ക്കാനും ഗ്രീന്‍ലാന്‍ഡ് ഏറ്റവും അനുയോജ്യമായ ഇടമാണ്. ഗ്രീന്‍ലാന്‍ഡിലുള്ള യുഎസ് ബേസ് ഇതിനകം തന്നെ മിസൈല്‍ മുന്നറിയിപ്പ് റഡാറുകള്‍ക്കും സാറ്റലൈറ്റ് ട്രാക്കിംഗിനും ഉപയോഗിക്കുന്നുണ്ട്. ഗോള്‍ഡന്‍ ഡോമിന് ആവശ്യമായ ബഹിരാകാശ അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഈ ബേസ് നിര്‍ണ്ണായകമാണ്.
ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കുന്നത് ഗോള്‍ഡന്‍ ഡോം പദ്ധതിയുടെ പൂര്‍ണ്ണമായ വിജയത്തിന് അത്യാവശ്യമാണെന്ന് ട്രംപ് വാദിക്കുന്നു. ഇത് അമേരിക്കയുടെയും കാനഡയുടെയും സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇതിനെല്ലാം പുറമേ ഗോള്‍ഡന്‍ ഡോം നിര്‍മ്മാണത്തിന് ആവശ്യമായ റഡാറുകള്‍, ലേസറുകള്‍, സെന്‍സറുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഗ്രീന്‍ലാന്‍ഡിലെ വന്‍തോതിലുള്ള അപൂര്‍വ്വ ധാതു ശേഖരം സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
അമേരിക്കയുടെ ഈ ബഹിരാകാശ- ലേസര്‍ പദ്ധതികള്‍ക്കെതിരെ റഷ്യയും ചൈനയും കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. ബഹിരാകാശത്തെ ഒരു യുദ്ധക്കളമാക്കി മാറ്റാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് ഇവരുടെ പ്രധാന ആരോപണം. 1967-ലെ ഔട്ടര്‍ സ്പേസ് ട്രീറ്റി പ്രകാരം ബഹിരാകാശത്ത് വന്‍നാശമുണ്ടാക്കുന്ന ആയുധങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ലേസര്‍ ആയുധങ്ങള്‍ ഈ ഉടമ്പടിയുടെ ലംഘനമാണെന്ന് റഷ്യയും ചൈനയും വാദിക്കുന്നു. ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ശത്രുരാജ്യങ്ങളുടെ വാര്‍ത്താവിനിമയ-ഗവേഷണ സാറ്റലൈറ്റുകളെ നിഷ്പ്രഭമാക്കാന്‍ അമേരിക്കയ്ക്ക് സാധിക്കും. ഇത് തങ്ങളുടെ സാമ്പത്തിക-പ്രതിരോധ മേഖലകളെ തകര്‍ക്കുമെന്ന് അവര്‍ ഭയക്കുന്നു. അമേരിക്കയുടെ നീക്കത്തിന് മറുപടിയായി റഷ്യ തങ്ങളുടെ 'പെരെസ്വെറ്റ്' എന്ന ലേസര്‍ സംവിധാനവും, ചൈന സ്വന്തം മിസൈല്‍ വേധ സാങ്കേതികവിദ്യകളും കൂടുതല്‍ ശക്തമാക്കുകയാണ്. ഇത് പുതിയൊരു 'ബഹിരാകാശ ആയുധപ്പന്തയത്തിന്' കാരണമാവുകയാണ്.
വരുന്നു, ഇന്ത്യയുടെ മിനി ഗോള്‍ഡന്‍ ഡോം
കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള അനുഭവം ഓര്‍മ്മയില്ലേ. പാക്കിസ്ഥാന്‍ ധാരാളം ഡ്രോണുകള്‍ ഇന്ത്യയിലേക്ക് അയച്ചു. പക്ഷേ ആകാശത്ത് അവയെല്ലാം തവിട്പൊടിയായത്, നാം ടെലിവിഷനില്‍ കണ്ട് ആസ്വദിച്ചു. പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ച ഡ്രോണുകളെ പ്രതിരോധിക്കാന്‍ ഇന്ത്യ പ്രധാനമായും മള്‍ട്ടി ലെയേര്‍ഡ് എയര്‍ ഡിഫന്‍സ് സംവിധാനമാണ് ഉപയോഗിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശതീര്‍ എന്ന ഡിജിറ്റല്‍ സംവിധാനം വഴി ഡ്രോണുകളെയും മിസൈലുകളെയും കൃത്യമായി ട്രാക്ക് ചെയ്യാനും അവയെ തകര്‍ക്കാനും കഴിഞ്ഞു. ഒന്നും രണ്ടുമല്ല, പാകിസ്ഥാന്‍ അയച്ച 600-ഓളം ഡ്രോണുകളെയാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ഇന്ന് മിെൈസല്‍ പ്രതിരോധ സംവിധാനത്തിലും ഇന്ത്യന്‍ ആര്‍മി മുന്നിലാണ്.
ഇപ്പോള്‍ ലോകത്ത് നടക്കുന്ന, വലിയതോതിലുള്ള ബഹിരാകാശആയുധ വിന്യാസത്തെ ഇന്ത്യയും ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ സ്വന്തം മിസൈല്‍ പ്രതിരോധ പദ്ധതികളായ, എസ് 400, പൃഥി എയര്‍ ഡിഫന്‍സ് എന്നിവക്ക് വേഗത കൂട്ടാന്‍ പോവുകയാണ്. ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമായതിനാല്‍, ഗോള്‍ഡന്‍ ഡോമിലെ ചില സാങ്കേതികവിദ്യകള്‍, പ്രത്യേകിച്ച് ലേസര്‍ സംവിധാനങ്ങള്‍ ഇന്ത്യയുമായി പങ്കിടാന്‍ അമേരിക്ക തയ്യാറായേക്കാം. ഇത് ചൈനയില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സാങ്കേതികവിദ്യകളോട് കിടപിടിക്കുന്ന ലേസര്‍ ആയുധങ്ങള്‍ ഇന്ന് ഇന്ത്യക്കുമുണ്ട്. ഡിആര്‍ഡിഒ ( ഡിഫസന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച അത്യാധുനിക ലേസര്‍ ആയുധമാണ് ദുര്‍ഗ 2 വാണ് ഇതില്‍ പ്രധാനി. ഡയറക്ഷണലി അണ്‍ റെസ്ട്രിക്റ്റഡ് റേ -ഗണ്‍ അറേ എന്നതാണ് ദുര്‍ഗയുടെ പൂര്‍ണ്ണരൂപം. 'ദിശാനിയന്ത്രണമില്ലാത്ത കിരണാസ്ത്ര വ്യൂഹം' എന്ന നമുക്ക് വേണമെങ്കില്‍ തര്‍ജ്ജമ ചെയ്യാം. മിസൈലുകള്‍ക്ക് പകരം അതിശക്തമായ ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് ശത്രുക്കളുടെ ഡ്രോണുകളെയും മിസൈലുകളെയും നിമിഷങ്ങള്‍ക്കുള്ളില്‍ ആകാശത്തുവെച്ച് ഉരുക്കിക്കളയാന്‍ ഇതിന് സാധിക്കും. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളെപ്പോലും തകര്‍ക്കാന്‍ ഇതിന് ശേഷിയുണ്ട്.
അതുപോലെ എസ്-400. റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ ഒന്നാണിത്. കരുത്ത്: ഒരേസമയം 36 ലക്ഷ്യങ്ങളെ (മിസൈലുകള്‍ അല്ലെങ്കില്‍ വിമാനങ്ങള്‍) നേരിടാന്‍ ഇതിന് കഴിയും. 400 കിലോമീറ്റര്‍ ദൂരെയുള്ള ശത്രുവിനെപ്പോലും ഇത് തകര്‍ക്കും. ചൈനയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തികളില്‍ സുരക്ഷയ്ക്കായി ഇന്ത്യ ഇത് വിന്യസിച്ചിട്ടുണ്ട്.
മറ്റൊന്നാണ് ബിഎംഡി എന്ന ബാലിസ്റ്റിക്ക് മിസൈല്‍ ഡിഫന്‍സ്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത മിസൈല്‍ പ്രതിരോധ കവചമാണിത്. രണ്ട് തട്ടുകളുണ്ട് ഇതിന്. അന്തരീക്ഷത്തിന് പുറത്തുവെച്ച് മിസൈലുകളെ തകര്‍ക്കാന്‍ 'പ്രൃഥ്വി എയര്‍ ഡിഫന്‍സും' (പിഎഡി) അന്തരീക്ഷത്തിനുള്ളില്‍ വെച്ച് തകര്‍ക്കാന്‍ 'അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സും' (എഎഡി) ഉപയോഗിക്കുന്നു. ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍നഗരങ്ങളെ മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അമേരിക്കയുടെ ഗോള്‍ഡന്‍ ഡോം പോലെ ഇന്ത്യയും സ്വന്തമായി ഒരു 'കുശ കവചം' (പ്രോജക്റ്റ് കുശ) എന്ന പേരില്‍ ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നുണ്ട്. 350 കിലോമീറ്റര്‍ വരെ ദൂരെയുള്ള ഭീഷണികളെ ഇത് നേരിടും. ഒരു മിനി ഗോള്‍ഡന്‍ ഡോം തന്നെയാണിത്. പക്ഷേ അതിന് വലിയ ചെലവ് വേണ്ടിവരും. എന്നാലും അത് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഭാരതവും.
വാല്‍ക്കഷ്ണം: ബഹിരാകാശത്ത് ലേസര്‍ ആയുധങ്ങള്‍ വിന്യസിക്കുന്നത് ഇന്ത്യയുടെ ഉപഗ്രഹങ്ങളുടെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്ക ഐഎസ്ആര്‍ഒപോലുള്ള ഏജന്‍സികള്‍ക്ക് ഉണ്ട്. എന്നും സമാധാനത്തിനുവേണ്ടി നിലകൊണ്ട രാജ്യമാണ് ഭാരതം. ബഹിരാകാശം യുദ്ധക്കളമാകാതിരിക്കാന്‍ ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അവസാനത്തെ പോംവഴിയാണ് യുദ്ധമെന്ന് ആവര്‍ത്തിക്കുമ്പോഴും സുരക്ഷയില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല.


