1,30,000 കോടി രൂപ മുടക്കി ശുചീകരിച്ച സെന്‍ നദി; രാഷ്ട്രീയ അനിശ്ചിതത്വം; ഭീകരാക്രമണ ഭീതി, ഹിജാബ് വിവാദം; 72-ലെ മ്യൂണിച്ച് ഒളിമ്പിക്സ് ഭീതിയില്‍ പാരീസ്!
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നമാണ്, കണ്ണുകളും കാലുകളുമുള്ള ത്രികോണാകൃതിയിലുള്ള രൂപമായ ഫ്രിജ്യന്‍. ഫ്രഞ്ച് വിപ്ലവകാലത്ത് ധരിച്ച ചുവന്ന നിറമുള്ള തൊപ്പികളാണ് ഫ്രിജ്യന്‍ തൊപ്പികള്‍. സ്വാതന്ത്ര്യത്തിന്റെയും സഹോദര്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നവയാണിവ. ലോക കായിക മാമാങ്കം കൊടിയേറാനിരിക്കേ പാരീസില്‍ ധാരാളം ഫ്രിജ്യന്‍ തൊപ്പികള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പുറമേക്ക് സ്വാതന്ത്ര്യം സമാധാനം എന്നൊക്കെപ്പറയുന്നുണ്ടെങ്കിലും, ശരിക്കും ഭീതിയിലുടെയാണ് ഇത്തവണത്തെ ഒളിമ്പിക്സ് കടന്നുപോവുന്നത് എന്ന് ബിബിസിയടക്കമുള്ള ലോക മാധ്യമങ്ങള്‍ പറയുന്നു.
പാരീസിലെങ്ങും ഇപ്പോള്‍ പൊലീസിനേക്കാള്‍ അധികം സുരക്ഷാ സൈനികരയാണ്. ഏതുനിമിഷവും ഒരു ജിഹാദി ആക്രമണം ഫ്രാന്‍സ് ഭയക്കുന്നുണ്ട്. സുരക്ഷ പഴുതടച്ചതാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ തന്നെ അധികൃതര്‍ക്ക് അറിയാം, നുറുശതമാനും സുരക്ഷിതായ ഒരു സംവിധാനവുമില്ലെന്ന്. ഇസ്ലാമിക തീവ്രവാദത്തെതന്നെയാണ് ഫ്രാന്‍സ് എറ്റവും അധികം ഭയക്കുന്നത്.
ഒരു ഘട്ടത്തില്‍ ഇസ്ലാം വേഴ്സ് ഫ്രാന്‍സ് എന്ന രീതിയില്‍ ലോകത്തിന്റെ രാഷ്ട്രീയ ഭൂപടം മാറിയിരുന്നു. 'മതനിന്ദ ഞങ്ങളുടെ മൗലികഅവകാശമാണെന്ന്' പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ പാര്‍ട്ടി ദേശീയ പൊതു തിരഞ്ഞെടുപ്പില്‍ തോറ്റിരിക്കയാണ്. ഇപ്പോള്‍ കാവല്‍ പ്രസിഡന്റ് മാത്രമാണ്, യൂറോപ്പിലെ ഏറ്റവും കരുത്തനായ ഭരണാധികാരി എന്ന് വിലയിരുത്തപ്പെട്ട മാക്രാണ്‍. ഒളിമ്പിക്സിന് തൊട്ടുമുമ്പ് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സില്‍ ഭൂരിപക്ഷം നേടിയത് ഇടതുപക്ഷമാണ്. അതിന് മുമ്പ് യൂറോപ്യന്‍ പാര്‍ലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷത്തിനാണ് മൂന്തുക്കമുണ്ടായിരുന്നത്.
മാക്രോണ്‍ കാവല്‍ പ്രസിഡന്റാതോടെ ഫ്രാന്‍സില്‍ രാഷ്ട്രീയ അനിശ്ചിതത്വവുമുണ്ട്. ഇത് ഒളിമ്പിക്സിനെ ബാധിക്കുമെന്ന് പലരും കരുതിയെങ്കിലും അങ്ങനെ ഉണ്ടായില്ല. ഫ്രഞ്ച് ജനത ഒറ്റക്കെട്ടായാണ്, ഒളിമ്പിക്സിനെ വരവേല്‍ക്കുന്നത്. അതിനിടെ പാരീസിന്റെ ജീവനാഡിയായ സെന്‍ നദിയുടെ മാല്യന്യ പ്രശ്നം വലിയ ചര്‍ച്ചയായിരുന്നൂ. അതും ഒരു വിധത്തില്‍ ശരിയാക്കിയെടുക്കാന്‍ സര്‍ക്കാറിനായി. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ രാജ്യത്തിന്റെ പൊതുവികാരമായി ഒളിമ്പിക്സ് മാറിയപ്പോള്‍, മലീനീകരണും, ശുചിത്വവും, ഗതാഗത പ്രശനവും അടക്കമുള്ള എല്ലാം അവര്‍ക്ക് പരിഹരിക്കാനായി.
ഇടതുപക്ഷ തീവ്രാദികളും ഫ്രാന്‍സില്‍ പ്രശ്നമാണ്. അതുപോലെ കുടിയേറ്റക്കാരുടെ അസ്വസ്ഥതകളും. യുക്രൈന് പിന്തുണ കൊടുത്തതോടെ റഷ്യയും, ഫ്രാന്‍സിന് എതിരാണ്. പക്ഷേ എറ്റവും വലിയ ഭീതി, രാജ്യത്ത് വര്‍ധിച്ചുവരുന്ന ജിഹാദി ആക്രമണങ്ങളില്‍ തന്നെയാണ്. ഷാര്‍ലി ഹെബ്ദോയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വന്നതിനെ തുടര്‍ന്നുണ്ടായ ആക്രമണവും, നമ്മുടെ ജോസഫ് മാഷിന്റെ കൈവെട്ടിയപോലെ, ഇല്ലാത്ത മതനിന്ദ പറഞ്ഞ് സാമുവല്‍ പാറ്റിയെന്ന അധ്യാപകന്റെ തല വെട്ടിയതും അടക്കമുള്ള നിരവധി ജിഹാദി ആക്രമണങ്ങളിലൂടെയാണ് ഫ്രാന്‍സ് കടന്നുപോയത്. ഇപ്പോള്‍, ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം ശക്തമായിരുക്കുന്ന സമയമായതുകൊണ്ട്, 1972-ലെ മ്യൂണിച്ച് ഒളിമ്പിക്സിലെ തീവ്രവാദ ആക്രമണ ഭീതി പാരീസിലുമുണ്ട്! ചുരുക്കിപ്പറഞ്ഞാല്‍ സൗഹാര്ദത്തിന്റെതല്ല, ഭീതിയുടെ മേളയാണ് ഇത്തവണത്തേത്.
ഞെട്ടിച്ച് ഹൈസ്പീഡ് റെയില്‍ ആക്രമണം
പാരീസില്‍ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴായിരുന്നു, അവരുടെ അഭിമാനമായ ഹൈസ്പീഡ് റെയില്‍ നെറ്റ് വര്ക്കിനുനേരെ ആക്രമണമുണ്ടായത്. രാത്രിയുണ്ടായ ആക്രമണത്തില്‍ പലയിടത്തും റെയില്‍വേ സംവിധാനങ്ങള്‍ താറുമാറായി. സംഭവത്തെ തുടര്‍ന്നു നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തു. കഴിയുന്നതും റെയില്‍വേ സ്റ്റേഷനിലേക്ക് പോകാതെ യാത്ര മാറ്റിവയ്ക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അറ്റ്ലാന്റിക്ക് -നോര്‍ത്തേണ്‍-ഈസ്റ്റേണ്‍ അതിവേഗ പാതകളില്‍ തടസം ഉണ്ടായി.
ഫ്രാന്‍സിന്റെ സാങ്കേതിക മികവിന്റെ പര്യായമെന്ന് കരുതുന്ന നെറ്റ്വര്ക്കിന് നേരെയുള്ള ആക്രമണം യാത്രക്കാരില്‍ ആശങ്കയുണ്ടാക്കിയെന്ന് മാത്രമല്ല, സുരക്ഷാ സംവിധാനം എത്രമാത്രം ദുര്‍ബലമാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അക്രമികളെ ഉടനടി പിടികൂടാനാകുമെന്നാണ്, പാരിസ് ഒളിമ്പിക്സിന്റെ സുരക്ഷാ ചുമതല കൂടി വഹിക്കുന്ന ആഭ്യന്തര മന്ത്രി ജെരാള്‍ഡ് ഡര്‍മാനിന്‍ പറഞ്ഞത്. എന്നാല്‍, ആരാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ആരും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട താത്ക്കാലിക പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റാല്‍, ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ എവിടെ ആക്രമിക്കണം എന്ന് നന്നായി അറിയാവുന്നവരാണ് ഇതിന്റെ പിന്നിലെന്നും പറഞ്ഞു. തീവ്ര ഇടതുപക്ഷക്കാരാണ് സംശയത്തിന്റെ നിഴലില്‍. അതുപോലെ ഇസ്ലാമിക തീവ്രവാദികളെയും സംശയമുണ്ട്. എങ്കിലും ആരും ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാല്‍, റെയില്‍ നെറ്റ്വര്‍ക്കിനൊപ്പമുള്ള ഒപ്റ്റിക്കല്‍ ഫൈബറിനും ഡക്ടുകളില്‍ ഉള്ള മറ്റു കേബിളുകള്‍ക്കും തീകൊളുത്തിയ രീതി തീവ്ര ഇടതുപക്ഷക്കാര്‍ നേരത്തെ നടത്തിയ ആക്രമണങ്ങളോട് സമാനമായതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗിനടുത്ത് റെയില്‍വേ ലൈനുകള്‍ക്ക് സമീപമുള്ള കേബിള്‍ ഡക്ടുകള്‍ അഗ്നിക്കിരയാക്കിയപ്പോള്‍, മുതലാളിത്ത അടിസ്ഥാന സൗകര്യങ്ങളെ നിരാകരിച്ചു കോണ്ടുള്ള ഒരു അവകാശവാദം ഒരു ഇടതുപക്ഷ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുകൊണ്ട് മാത്രം ഒരു അനുമാനത്തില്‍ എത്താന്‍ കഴിയില്ല എന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍, വിശാലമായി ചിന്തിച്ചാല്‍, ഫ്രാന്‍സില്‍ നടന്ന ആക്രമണത്തില്‍ നാല് ജില്ലകളിലായി ഇതിനുള്ള ഏകോപനം നടന്നിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നാഷണല്‍ പോലീസിന്റെ നിരീക്ഷണത്തില്‍ പ്രാദേശിക പോലീസ് തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. തീവ്രവാദ വിരുദ്ധ സ്ക്വാഡും സജീവമായി രംഗത്തുണ്ട്. അക്രമികള്‍ ഉപേക്ഷിച്ചു പോയ ചില ഉപകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2023 ജനുവരിയിലും കിഴക്കന്‍ പാരീസില്‍ റെയില്‍വേക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.
അതുകഴിഞ്ഞ് 2024 മെയ് മാസത്തിലും ഹെസ്പീഡ് ട്രെയിനു നേരെ ആക്രമണം ഉണ്ടായി. ഈ ആക്രമണത്തിന് വെള്ളിയാഴ്ച നടന്ന ആക്രമണവുമായി ചില ബന്ധങ്ങള്‍ കാണുന്നുണ്ട്. ഒളിമ്പിക്സ് ദീപശിഖ കപ്പലില്‍ ഫ്രാന്‍സില്‍ എത്തിയ ദിവസമായിരുന്നു ആ ആക്രമണം ഉണ്ടായത്. അത് പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു. യുക്രെയിന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിനെതിരെ കടുത്ത പ്രചാരണങ്ങള്‍ നടത്തുന്ന റഷ്യയും സംശയത്തിന്റെ നിഴലിലുണ്ട്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതിന് ഓരാഴ്ച മുന്‍പ് ഒരു റഷ്യന്‍ പൗരനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സ്പോര്‍ട്സിലും ഹിജാബ് വിവാദം
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫ്രാന്‍സില്‍ കത്തിനിന്നതാണ് ഹിജാബ് വിവാദം. സ്കുളുകള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഹിജാബ് നിരോധിച്ചതും, അതേതുടര്ന്ന് വലിയ പ്രശ്നങ്ങള്‍ ഉണ്ടായതും ലോകം കണ്ടു. ഇപ്പോഴിതാ ഒളിമ്പിക്സിലും ഹിജാബ് വിവാദം കയറിവന്നിരിക്കയാണ്.
ഹിജാബ് ധരിച്ച് എത്തുമെന്ന് പറഞ്ഞതോടെ, ഫ്രാന്‍സിന്റെ റിലേ താരം സുന്‍കാംബ സിലയെ, പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍നിന്ന് മാറ്റിയിരുന്നു. ഇത് വിവാദമായതോടെ, അവര്‍ക്ക് തൊപ്പി ധരിച്ച് പങ്കെടുക്കാന്‍ അധികൃതര്‍ അനുമതി നല്കി. ഹിജാബ് ധരിക്കുന്നത് കാരണം സ്വന്തം രാജ്യത്ത് നടക്കുന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയതായ സില വെളിപ്പെടുത്തിയിരുന്നു. ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റിയാണ് താരത്തെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.
26 കാരി സുന്‍കാംബ സില പങ്കെടുക്കുന്നത് 400 മീറ്റര്‍, മിക്സഡ് റിലേ മത്സരങ്ങളിലാണ്. 'നിങ്ങളുടെ രാജ്യത്ത് സംഘടിപ്പിക്കുന്ന ഒളിംമ്പിക്സിലേക്ക് നിങ്ങളെ തിരഞ്ഞെടുത്തു, പക്ഷേ നിങ്ങള്‍ ഹിജാബ് ധരിച്ചതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല'.-ഇത്തരമൊരു അറിയിപ്പാണ് താരത്തിന് നേരത്തെ ഫ്രഞ്ച് ഒളിംപിക്സ് കമ്മിറ്റിയില്‍ നിന്ന് ലഭിച്ചത്. സില ഇത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വിഷയത്തില്‍ വ്യാപക ചര്‍ച്ചയുയര്‍ന്നു. ഇതോടെയാണ് സിലയെ ഭാഗികമായി അംഗീകരിക്കാന്‍ അധികൃതര്‍ തയാറായത്. 'ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഒടുവില്‍ ധാരണയിലെത്തിയിരിക്കുന്നു. തുടക്കം മുതല്‍ പിന്തുണച്ചവര്‍ക്ക് നന്ദി' വിവാദങ്ങള്‍ക്കൊടുവില്‍ സുന്‍കാംബ സില സമൂഹ മാധ്യമങ്ങളില്‍ ഇങ്ങനെ കുറിച്ചു.
ഫ്രാന്‍സിലെ പൊതുമേഖലാ തൊഴിലാളികള്‍ക്ക് ബാധകമാകുന്ന മതേതര തത്വങ്ങള്‍ ഫ്രഞ്ച് ഒളിമ്പ്യന്മാര്ക്കും ബാധകമാണെന്നും ഇതില്‍ ഹിജാബ് വിലക്കും ഉള്‍പ്പെടുമെന്നും ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലാപ്പാര്‍ട്ടിന്റ് നിലപാടെടുത്തതാണ് സിലയ്ക്ക് തിരിച്ചടിയായത്. ഹിജാബ് സ്ത്രീയുടെ അടിമത്തതിന്റെ വസ്ത്രമാണെന്ന്, ഫ്രഞ്ച് ഭരണകൂടം ആവര്‍ത്തിച്ച് പറയുമ്പോഴും, ഫ്രാന്‍സിലെ മുസ്ലീം സ്ത്രീകള്‍ തന്നെ ഹിജാബ് ആവശ്യപ്പെടുകയാണ്! അതിനെല്ലാം ഒരുപടികൂടി കടന്ന് ഫ്രാന്‍സില്‍ ശരിയ്യ നിയമം വേണമെന്ന് ആവശ്യപ്പെടുന്ന വി ഫോര്‍ ഫ്രാന്‍സ് എന്ന ഇസ്ലാമിക സംഘടനയും ഇവിടെ സജീവമാണ്. തുടക്കത്തില്‍തന്നെ ഹിജാബ് വിവാദമുണ്ടായതോടെ തീവ്രവാദ ആക്രമണ ഭീതിയും വര്‍ധിച്ചിരിക്കയാണ്.
സെന്‍ നദിക്കായി 1,30,000 കോടി രൂപ
ഒരുഭാഗത്ത് ഇത്തരം പ്രശ്നങ്ങള്‍ എല്ലാമുള്ളപ്പോള്‍ മറുഭാഗത്ത്, പാരീസ് നഗരത്തിന്റെ ജീവനാഡിയായ സെന്‍ നദി അതിശയകരമായി ശുദ്ധീകരിച്ച അനുഭവവും ഈ ഒളിമ്പിക്സിനോട് ചേര്‍ത്ത് പറയാനുണ്ട്. പാരീസ് എന്ന നഗരത്തെ ഇന്ന് ലോകസഞ്ചാരികളുടെ പറുദീസകളിലൊന്നാക്കിയതില് സെന്‍ നദിക്കും വലിയ പങ്കുണ്ട്. ഫ്രഞ്ച് വാസ്തുവിദ്യയുടെ മുഖമുദ്രയായ ഈഫല്‍ ഗോപുരവും, ലുവര്‍ മ്യൂസിയവും, നോത്രദാം കത്തീഡ്രലും എല്ലാം സ്ഥിതിചെയ്യുന്നത് ഈ കരയിലാണ്. ഈ ഫ്രഞ്ച് അഭിമാനസ്തംഭങ്ങളെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ അടുത്ത് കാണാന്‍ മികച്ച മാര്‍ഗം പാരിസിനെ രണ്ടായി പകുക്കുന്ന സെനിലൂടെയുള്ള യാത്രയാണ്.
മാലിന്യം നിറഞ്ഞ് നൂറ് വര്‍ഷത്തോളം നീന്തല്‍ വിലക്കുണ്ടായിരുന്ന സെന്‍ നദി ജീവന് വീണ്ടെടുത്ത് ഇത്തവണത്തെ ഒളിമ്പിക് മത്സരങ്ങള്‍ക്ക് വേദിയാവുകയാണ്. യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഒരു നഗരത്തിന്റെ സംസ്കാരവും മുഖവുമായ സെന്‍ നദിയുടെ ശുചീകരണ പ്രവൃത്തികള്‍ക്ക് മാത്രമായി 1,30,000 കോടി രൂപയോളാണ് ഫ്രാന്‍സ് ചെലവിട്ടത്.
1900-ത്തില്‍ നടന്ന പാരീസ് ഒളിമ്പിക്സില്‍ സെന്‍ നദി മത്സരവേദിയായിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ മരണമണി മുഴങ്ങി. പാരീസ് നഗരത്തിന്റെ മാലിന്യമെല്ലാം വഹിക്കേണ്ട ഗതികേടിലായി സെന്‍. 1923- ഓടെ നദിയില്‍ നീന്തലിന് വിലക്കും വന്നു.നമ്മുടെ അമയിഴഞ്ചാനെയും കല്ലായിപ്പുഴയേയുമെല്ലാം പോലെ നഗരത്തിന്റെ മാലിന്യക്കുപ്പയായിരുന്നു സെന്‍ നദി. എന്നാല്‍ ഇതിനെ തിരിച്ചുകൊണ്ടുവരണമെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ടത്. കൂറ്റന്‍ മലിനജല സംഭരണികളും ശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിച്ചു. മാലിന്യം പുറംതള്ളുന്നതിനും സൂക്ഷ്മജീവികളുടെ ആവാസ വ്യവസ്ഥയുടെ തിരിച്ചുകൊണ്ടുവരലിനുമായി ഫ്രഞ്ച് പരിസ്ഥിതി കോഡ് കൊണ്ടുവന്നു. നിയമങ്ങള്‍ കര്‍ശനമാക്കി.
നിരവധി വ്യവസായ ശാലകള്‍ നിറഞ്ഞതും ഒന്നരക്കോടി ജനങ്ങളുടെ വാസസ്ഥലവുമായ പാരീസിന് മാലിന്യം ഒഴുക്കിവിടാനുള്ള ഏകമാര്‍ഗമായിരുന്നു സെന്‍ നദി. അഴുക്കുചാലുകളിലെ ചോര്‍ച്ചയും നിറഞ്ഞൊഴുകലും മാലിന്യത്തിന്റെ പ്രധാന കാരണമായി. ഇത് സെന്‍ നദിയിലേക്കെത്തിയതോടെ ഇ കോളി ബാക്ടീരിയയുടെ അളവിലും വര്‍ധനവുണ്ടായി. ഇതോടെ സെന്‍ നദിയിലൂടെയുള്ള നീന്തല്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സെന്നിനെ ആദ്യ നീന്തല്ക്കാരന് തൊടുന്നതിന് മുന്‍പേ 75 ശതമാനമെങ്കിലും ബാക്ടീരിയകളുടെ അളവ് കുറയ്ക്കുകയെന്നതായിരുന്നു ലക്ഷ്യം.
മാലിന്യത്തിന്റേയും ബാക്ടീരിയകളുടേയും അളവ് കുറയ്ക്കാന്‍ മലിനജല പരിപാലന പ്ലാന്റുകളുടെ നവീകരണം, നദിയുടെ അടിത്തട്ട് ശുചീകരണം, ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ എന്നിവ നടത്തി. നദീ തീരത്തോട് ചേര്‍ന്നുള്ള സ്വാഭാവിക ആവാസ വ്യവസ്ഥയുടെ പുനര്‍നിര്‍മാണം, സസ്യജാലങ്ങളുടെ വളര്‍ച്ചയെ സഹായിക്കല്‍, തണ്ണീര്‍ത്തടങ്ങളുടെ നിര്‍മാണം. ബോധവത്കരണ പരിപാടികള്‍ തുടങ്ങി നിരവധിയായ പദ്ധതികളാണ് സെന്നിന്റെ തിരിച്ചുവരവിനായി ഫ്രഞ്ച് സര്‍ക്കാര്‍ കൊണ്ടുവന്നത്.
1990- ലാണ് സെന്‍ നദിയെ ശുചീകരിക്കുമെന്ന പ്രഖ്യാപനം വന്നത്. അന്നത്തെ പാരീസ് മേയറും പന്നീട് ഫ്രാന്‍സിന്റെ പ്രസിഡന്റുമായ ജാക് ഷിരാക്കായിരുന്നു പ്രഖ്യാപനം നടത്തിയത്. മാത്രമല്ല, ശുചീകരണം പൂര്‍ത്തിയാക്കിയ സെന്നില്‍ നീന്തിയ ശേഷമേ താന്‍ മരിക്കൂവെന്നും ജാക് ഷിരാഗ് വ്യക്തമാക്കിയിരുന്നു. പക്ഷേ, തന്റെ ആഗ്രഹം പൂര്‍ത്തിയാക്കന്‍ ഷിരാഗിന് സാധിച്ചില്ല.
പാരീസിലെ താമസക്കാരുടെ പ്ലംബിങ് സംവിധാനം തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ അഴുക്കുചാല്‍ സംവിധാനങ്ങളിലേക്ക് പൈപ്പ് പോവുന്നതിന് പകരം നേരെ സെന്‍ നദിയിലേക്കായിരുന്നു ഒഴുകിപ്പോയിരുന്നത്. ഇത് മാറ്റാനായി വീട്ടുടമസ്ഥര്‍ സ്വന്തം കയ്യില്‍ നിന്ന് പണം ചെലവാക്കാനും തയ്യാറായില്ല. കലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടായ അതിശക്തമായ മഴപ്പെയ്ത്ത് മലിനജലം സെന്നിലേക്കെത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.
വെള്ളത്തില്‍ അനുവദനീയമായതിലും അധികം ഇ കോളി ബാക്ടീരിയയുടെ അളവായിരുന്നു സെന്നിലെ പ്രധാന ഭീഷണി. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അത്് നോര്മലാക്കിയത്. കുറച്ചുകാലം മുമ്പ് നദിയില്‍ മൂന്ന് മത്സ്യവര്‍ഗങ്ങള്‍ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 35 വര്‍ഗങ്ങളുണ്ട്. ജൂലായ് 26-ന് ഒളിമ്പിക്സ് തുടങ്ങും മുമ്പ് നദി പൂര്‍ണമായും ശുദ്ധമാകുമെന്നും മത്സരം തുടങ്ങും മുമ്പ് ഇതിലൂടെ നീന്തുമെന്നും പാരീസ് മേയര്‍ ആന്‍ ഹാല്‍ഡാഗോ പ്രഖ്യാപിച്ചരുന്നു. കഴിഞ്ഞാഴ്ച മേയര്‍ വാക്കുപാലിച്ചു. ഇതോടെ ജലത്തെ സംബന്ധിച്ചുള്ള വലിയ ആശങ്ക കൂടിയാണ് ഇല്ലതായത്. ചിത്രം വൈറലായതോടെ മേയര്‍ ഹുറോയായി. ഇനി അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണക്കിത്ത രീതിയില്‍ ആന്‍ ഹാല്ഡാഗോയുടെ വിലയും ഉയര്‍ന്നു!
നഗരപ്രാന്തത്തില്‍ സൈനിക താവളവും!
കനത്ത സുരക്ഷാവലയത്തിലാണ് പാരീസ് നഗരം. നിയന്ത്രിതമേഖലകള്‍, പ്രത്യേക സുരക്ഷാ മേഖലകള്‍, അതിസുരക്ഷാ മേഖലകള്‍ എന്നിങ്ങനെ നഗരത്തെ തരംതിരിച്ചു കഴിഞ്ഞു. ഒരുപക്ഷേ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാകും നഗരം ഇത്തരം വലിയ സുരക്ഷാക്രമീകരണങ്ങളിലൂടെ കടന്നുപോകുന്നത്.
44,000 മെറ്റല്‍ ബാരിക്കേഡുകളാണ് നഗരത്തില്‍ സ്ഥാപിച്ചത്. ഉദ്ഘാടന പരേഡ് നടക്കുന്ന ആറു കിലോമീറ്ററില്‍ നദിക്കു കുറുകെ കടക്കാന്‍ തദ്ദേശവാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും അനുവാദമില്ല. തദ്ദേശവാസികള്‍ക്കായി പ്രത്യേക പാസും ക്യുആര്‍ കോഡും ചെക് പോയിന്റുകളും ഒരുക്കിയിരിക്കുന്നു. സുരക്ഷയൊരുക്കാന്‍ നിയോഗിച്ചിരിക്കുന്ന 45,000 പോലീസുകാരോടൊപ്പം 10,000 സൈനികരും 20,000 സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തര സാഹചര്യങ്ങളെയും തീവ്രവാദി ആക്രമണങ്ങളെയും ചെറുക്കതക്കവണ്ണം സദാ സജ്ജരായി പാരീസില്‍ നിലയുറപ്പിച്ചിട്ടുണ്ട്. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു താല്‍ക്കാലിക സൈനികത്താവളം തന്നെ ഒരുക്കിയിട്ടുണ്ട്.
പൊതുവേ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പരിചിതമല്ലാത്ത ഇവിടുത്തെ നഗരവാസികള്‍ക്ക് ഒളിമ്പിക്സിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അവരുടെ ദൈനംദിന യാത്രകള്‍ക്കാശ്രയിക്കുന്ന മെട്രോയും ബസും ഒക്കെ നിരക്കുകള്‍ കൂട്ടിയതും ഒളിംപിക്സിനുംശേഷം വിലക്കയറ്റം ഉണ്ടാകുമെന്ന ആശങ്കയും ഒക്കെ നഗരവാസികളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഈ ആശങ്കകള്‍ക്കിടയിലും ഒളിമ്പിക്സ് കാണികള്‍ക്കായി തങ്ങളുടെ വീടുകള്‍ മാസവാടകയ്ക്ക് നല്കി അവധി ആഘോഷിക്കാന്‍ ഒരു വലിയ വിഭാഗം ആളുകളും തയ്യാറെടുത്തുകഴിഞ്ഞു. 12 മില്യണ്‍ കാണികളെ പ്രതീക്ഷിക്കുന്ന പാരീസില്‍ അശൃയിയ എന്ന വെബ്സൈറ്റില്‍ മാത്രം വാടകയ്ക്ക് നല്കുവാന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഏകദേശം 1,45,000 വീടുകളാണ്!
അതിസമ്പന്നര്‍ മാത്രമല്ല, ഭവനരഹിതരും അഭയാര്‍ഥികളും കൂടി അങ്ങിങ്ങായി തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് പാരീസ്. കുറ്റകൃത്യങ്ങള്‍ ഏറെയുള്ള നഗരം. ഒളിംമ്പിക്സ് ഒരുക്കങ്ങള്‍ക്ക് ഏറെ മുന്നേ തന്നെ സര്‍ക്കാരും എന്‍ജിഒകളും ഇടപെട്ട് ഇവരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പുനരധിവസിപ്പിച്ചിട്ടുണ്ട്. പക്ഷേ കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെ പ്രതിഷേധം ഇപ്പോഴും സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. പാരീസിലെ റെയില്വേസ്റ്റേഷനുകളില് അടിക്കടിയുണ്ടാകുന്ന കത്തി ആക്രമണങ്ങള്‍, ഇസ്ലാമിസ്റ്റുകളുടെ ഭീഷണികള്‍, ഫലസ്തീന് അനുകൂല പ്രകടനങ്ങള്‍, ഇവയൊക്കെ സര്‍ക്കാരിന് സൃഷ്ടിക്കുന്നത് ചില്ലറ തലവേദനയല്ല. 1972ല്‍, അയല്‍രാജ്യമായ ജര്‍മനിയിലെ മ്യൂണിച്ചില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകള്‍ എല്ലാവരുടെയും മനസ്സിലുണ്ട്.
അന്ന് മ്യൂണിച്ചില്‍ സംഭവിച്ചത്
72 സെപ്റ്റമ്പര്‍ 5ാം തീയതി, ജര്‍മ്മനിയിലെ മ്യൂണിച്ച് നഗരത്തില്‍ നടക്കുന്ന ഒളിമ്പിക്സ് വിജയകരമായ രണ്ടാം ആഴ്ചയിലേക്ക് കടന്നിരുന്നു. പകല്‍ നാലരമണിക്ക് ട്രാക്ക് സ്യൂടുകളണിഞ്ഞ പി എല്‍ ഒ തീവ്രവാദികള്‍, ഇസ്രായേലി ടീം താമസിക്കുന്ന ഗെയിംസ് വില്ലെജിലെക്ക് ഇരച്ചു കയറി. ഒളിമ്പിക്സ് ഗ്രാമത്തില്‍ ഫലസ്തീന് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പതിനൊന്ന് ഇസ്രയേല്‍ താരങ്ങളും അഞ്ച് ഫലസ്തീനികളുമാണ് കൊല്ലപ്പെട്ടത്. ബ്ലാക്ക് സെപ്തംബര്‍ എന്ന ഫലസ്തീന് ഗറില്ലാസംഘടനയാണ്, ലോകത്തെ നടുക്കിയ ആക്രമണം നടത്തിയത്.
അറബ് രാജ്യത്തിന്റെ ഒളിമ്പിക്സ് ജഴ്സി അണിഞ്ഞെത്തിയ ഭീകരര്‍ ഒമ്പത് ഇസ്രയേലി താരങ്ങളെ ബന്ദികളാക്കി. ഇസ്രയേലിന്റെ തടവിലുള്ള ഫലസ്തീനികള്‍ ഉള്‍പെടെയുള്ള 234 പേരെ വിട്ടയക്കണമെന്നായിരുന്നു തീവ്രവാദികളുടെ ആവശ്യം. ഇസ്രയേല്‍ പ്രധാനമന്ത്രി ഗോള്‍ഡോ മെയ്ര് അത് നിരസിച്ചു. ജര്‍മ്മനി മോചനപ്പണം വാഗ്ദാനം ചെയ്തുവെങ്കിലും തീവ്രവാദികള്‍ നിരസിച്ചു. ആകാശമാര്‍ഗ്ഗം ഷാര്‍പ് ഷൂട്ടേഴ്സിനെ ഉപയോഗിച്ച് ഭീകരരെ ആക്രമിച്ചു കീഴ്പ്പെടുത്താനായിരുന്നു ഇസ്രയേലിന്റെ തീരുമാനം. ആദ്യത്തെ ആക്രമണത്തില്‍ മൂന്ന് ഭീകരരെ വധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നാല്‍ ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. കായികതാരങ്ങളെ രണ്ട് ഹെലികോപ്ടറുകളിലായി പുറത്തെത്തിക്കാനായിരുന്നു ശ്രമം.
എന്നാല്‍ രക്ഷപ്പെട്ട തീവ്രവാദികള്‍, പറന്നുയരുകയായിരുന്ന ഹെലികോപ്ടറുകളിലേക്ക് ഗ്രനേഡുകളെറിഞ്ഞു. തകര്‍ന്നു വീണ ഹെലികോപ്ടറുകളിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല. പതിനൊന്ന് കായിക താരങ്ങളും അഞ്ച് ഗറില്ലകളും സൈനിക ഓപ്പറേഷനൊടുവില്‍ മരിച്ചു വീണു. ബ്ലാക്ക് സെപ്റ്റംബര്‍ ഈ ഓപ്പറേഷന് പേര് നല്‍കിയത് ജൂത തീവ്രവാദ സംഘടനയായ ഹഗന 1948-ല്‍ കൂട്ടക്കുരുതി നടത്തിയ രണ്ടു ഫലസ്തീനിയന്‍ ക്രിസ്ത്യന്‍ ഗ്രാമങ്ങളായ ഇഖ്റിത്ത്, കഫ്ര്‍ ബിര്‍ഇം എന്നിവയുടെ പേരുകളായിരുന്നു. ആദ്യമായി തത്സമയം സംപ്രേഷണം ചെയ്യപ്പെട്ട, ബന്ദിയാക്കലും എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഏതാണ്ട് 900 ദശലക്ഷം ആളുകള്‍ ടെലിവിഷനിലൂടെ ഈ സംഭവം കണ്ടതായാണ് പറയപ്പെടുന്നത്.
പി എല്‍ ഒയുടെ ക്രൂരതക്കെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി അപലപിച്ചു. പക്ഷെ കരഞ്ഞിരിക്കാനായിരുന്നില്ല, ഇസ്രായേലിന്റെ പദ്ധതി. ലോകചരിത്രത്തില്‍ മറ്റൊരു ജനവിഭാഗവും അനുഭവിച്ചിട്ടില്ലാത്തതരത്തിലുള്ള ക്രൂരതകള്‍ അനുഭവിച്ച ഒരു ജനതക്ക് ഇതുപോലൊരു ദുരന്തം കൂടി താങ്ങുവാന്‍ കഴിയുമായിരുന്നില്ല. തങ്ങളുടെ ജനതയുടെ കണ്ണീരുണങ്ങുന്നതിന് മുമ്പുതന്നെ ഈ കൊടുംക്രൂരത്ക്ക് പ്രതികാരം ചെയ്യാനായിരുന്നു, ഇസ്രായേലി പ്രധാനമന്ത്രിയുടെ തീരുമാനം. ഇസ്രേയേല്‍ എന്ന രാജ്യത്തിനെതിരെ സംസാരിക്കാന്‍ തന്നെ എതിരാളികള്‍ ഭയക്കുന്ന രീതിയിലുള്ള ഒരു പ്രതികാരം. അതിന്റെ ഉത്തരവാദിത്തം വന്നുപെട്ടതാവട്ടെ ചാരസംഘടനയായ മൊസാദിനും. മ്യൂണിച്ച് കൂട്ടക്കൊലയ്ക്ക് കാരണമായവരെ മുഴുവനും പിന്നാലെ നടന്നു വേട്ടയാടി മൊസാദ് കൊന്നുതള്ളിയെന്നത് പിന്നീട് നടന്ന ചരിത്രം. ഇതേക്കുറിച്ച് സിപില്‍ ബര്‍ഗ് എടുത്ത മ്യൂണിച്ച് എന്ന ചിത്രവും ചരിത്രമായി.
ഇത്തവണ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പാരീസില്‍ ഒരുക്കിയത്. മ്യൂണിച്ച് ആവര്‍ത്തിക്കാതിരിക്കാന്‍ ഇസ്രയേലി താരങ്ങള്‍ക്ക് പ്രത്യേക നിരീക്ഷണവും ഉണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സെക്യൂരിറ്റി സംവിധാനങ്ങളെ വിശ്വസിച്ച്, ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കവും മുന്നോട്ട് പോവുകയാണ്.
വാല്‍ക്കഷ്ണം: എവിടെയും മത തീവ്രവാദം കലര്‍ന്നാല്‍ അത് വിഷമയമാവും എന്നതിന്റെ ഒടുവിലത്തെ തെളിവ് കൂടിയാണ് ഫ്രാന്‍സ്. സമാധാനമായി ബിയര്‍ നുണഞ്ഞ് കായിക മത്സരങ്ങള്‍ ആസ്വദിക്കുമ്പോഴും, ഒരു ചെറിയ പടക്കം പൊട്ടിയാല്‍ പേടിക്കുന്ന ഫിയര്‍ സൈക്കോസിസ് അവിടെ രൂപപ്പെട്ടു കഴിഞ്ഞു.