ചെന്നൈ: നടന്‍ വിജയ്യെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് നടന്‍ അജിത് കുമാര്‍. വിജയ്യെക്കുറിച്ചുള്ള തന്റെ പ്രസ്താവനകള്‍ വിവാദമായതിനെത്തുടര്‍ന്നാണ് താരം ഇത്തരത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് മറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അജിത്തിന്റെ പ്രതികരണം.

തമിഴ്‌നാട്ടിലെ കരൂര്‍ സംഭവത്തെ പറ്റി താന്‍ പറഞ്ഞ വാക്കുകള്‍ വിജയ്യെ എതിര്‍ത്തുകൊണ്ടല്ല എന്ന് അജിത് കുമാര്‍ വ്യക്തമാക്കി. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അജിത് പറഞ്ഞ വാക്കുകള്‍ ഏറെ ചര്‍ച്ചാവിഷയമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

'ഞാന്‍ എന്നും വിജയ്ക്ക് നന്മ വരണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ അഭിമുഖം അദ്ദേഹത്തിനെതിരെ തിരിക്കുന്നവര്‍ ദയവായി ഇത് നിര്‍ത്തണം'. -അജിത്, രംഗരാജ് പാണ്ഡെയുമായി നടത്തിയ ഓഡിയോ അഭിമുഖത്തില്‍ വ്യക്തമാക്കി.

കരൂര്‍ സംഭവത്തിന് കാരണം ആ ഒരു പ്രത്യേക വ്യക്തി മാത്രമല്ല, നാമെല്ലാവരുമാണ്. ആളുകളെ അനാവശ്യമായി കൂട്ടുന്ന പ്രവൃത്തിയില്‍ എല്ലാവരും അഭിരമിച്ചിരിക്കുന്നു. തന്റെ ശക്തി കാണിക്കാന്‍ എല്ലാവരും ഇങ്ങനെ ആളുകളെ കൂട്ടുന്നത് നിര്‍ത്തണമെന്നുമായിരുന്നു ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്

തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതായും, താനും വിജയ്യും തമ്മില്‍ നല്ല ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും അജിത് വ്യക്തമാക്കുന്നു. സിനിമാരംഗത്തുള്ള താനും വിജയ്യും തമ്മില്‍ വ്യക്തിപരമായ സൗഹൃദമുണ്ടെന്നും, പരസ്പരം ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ സിനിമാരംഗത്തെ സൗഹൃദങ്ങളെ ബാധിക്കരുത് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ വെച്ച് താന്‍ വിജയ്യെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഇതിനെത്തുടര്‍ന്ന് ഇരു താരങ്ങളുടെയും ആരാധകര്‍ക്കിടയില്‍ ചില അഭിപ്രായ ഭിന്നതകളും ഉടലെടുത്തിരുന്നു. എന്നാല്‍, ഇപ്പോഴത്തെ വിശദീകരണത്തിലൂടെ ഈ വിഷയത്തില്‍ ഒരു വ്യക്തത വരുത്താനും, അനാവശ്യ വിവാദങ്ങള്‍ക്ക് വിരാമമിടാനും അജിത്ത് ശ്രമിച്ചിരിക്കുകയാണ്.