ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ ഇന്ത്യന്‍ വംശജയായ നഴ്സിന് നേരെ രോഗിയുടെ ആക്രമണം. ലീല ലാല്‍ (67) എന്ന നഴ്സാണ് രോഗിയുടെ ആക്രമണത്തിന് ഇരയായത്. മനോവിഭ്രാന്തിയുള്ള രോഗിയുടെ ആക്രമണത്തിന് ഇരയായ ലീലയുടെ മുഖത്തിന് നേരെ ആയിരുന്നു രോഗിയുടെ ആക്രമണം. സ്റ്റീഫന്‍ സ്‌കാന്റില്‍ബറിയെന്ന 33കാരനാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ലീലയുടെ മുഖത്തെ അസ്ഥികള്‍ തകരുകയും കണ്ണിന്റെ കാഴ്ച നഷ്ടമാവുകയും ചെയ്തു.

ഫ്‌ളോറിഡയിലെ പാംസ് വെസ്റ്റ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. ഇയാള്‍ക്കെതിരെ പോലീസ് മനപൂര്‍വമുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തു. പ്രതി കടുത്ത മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നതായാണ് റിപ്പോര്‍ട്ട. ചൊവ്വാഴ്ച യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ ലീലയെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ലീലയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലീലയുടെ മുഖത്തെ അസ്ഥികള്‍ തകര്‍ന്നതായി വ്യക്തമായി. രണ്ട് കണ്ണിന്റെയും കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു.

രോഗിയുടെ ആക്രമണത്തില്‍ അമ്മയുടെ മുഖം മുഴുവനായും തകര്‍ന്നുവെന്ന് മകള്‍ സിന്‍ഡി പറഞ്ഞു. അമ്മയെ കണ്ടിട്ട് തനിക്ക് പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. രണ്ട് കണ്ണുകളും വീര്‍ത്താണിരിക്കുന്നതെന്നും തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും മകള്‍ പറയുന്നു.