- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുങ്ങളെ ബലികൊടുക്കാനാവില്ല; ഡല്‍ഹിയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി കൂട്ടിലടയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി
തെരുവുനായകളെയും പിടികൂടി കൂട്ടിലടയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: തലസ്ഥാനത്തെ പേവിഷബാധ മരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ഡല്‍ഹി രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കാനാണ് കോടതി നിര്‍ദേശം. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും ബന്ധപ്പെട്ട അധികൃതരോട് കോടതി ആവശ്യപ്പെട്ടു.
കുഞ്ഞുങ്ങളെ ബലികൊടുക്കാനാവില്ലെന്നും തെരുവുനായകളെ പാര്‍പ്പിക്കാന്‍ എട്ടാഴ്ചയ്ക്കകം പരിപാലനകേന്ദ്രങ്ങള്‍ തുടങ്ങണമെന്നും കോടതി വ്യക്തമാക്കി. മൃഗസ്‌നേഹികളെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസ്സംനിന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്നും മുന്നറിയിപ്പുനല്‍കി.
കുറച്ചുപേര്‍ തങ്ങള്‍ മൃഗസ്‌നേഹികളാണെന്നോ മറ്റോ കരുതുന്നതിന്റെ പേരില്‍മാത്രം കുഞ്ഞുങ്ങളെ ബലികൊടുക്കാനാവില്ല. ഇനിയെങ്കിലും നടപടികളെടുക്കണമെന്നും ബെഞ്ച് പറഞ്ഞു. ഡല്‍ഹിയില്‍ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാര്‍ത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
ഡല്‍ഹിയില്‍ ജനനനിയന്ത്രണ കേന്ദ്രങ്ങള്‍ ഉള്ളതാണെന്നും അവ പ്രവര്‍ത്തനസജ്ജമാക്കിയാല്‍ മതിയെന്നും മൃഗസ്‌നേഹികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല. പേവിഷബാധയേറ്റ കുട്ടികള്‍ക്ക് ജീവിതം തിരിച്ചുനല്‍കാന്‍ ഈ മൃഗസ്‌നേഹികള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും സാധിക്കുമോ എന്നും കോടതി ചോദിച്ചു.
ഡല്‍ഹിയിലെ വിഷയമാണെങ്കിലും തെരുവുനായശല്യത്തിലെ സുപ്രീംകോടതി ഇടപെടല്‍ മറ്റിടങ്ങളിലും പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കുന്നതാണ്. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് ഉത്തരവെന്നും തങ്ങള്‍ക്കിതില്‍ താത്പര്യങ്ങളില്ലെന്നും ബെഞ്ച് വ്യക്തമാക്കി.