ഭുവനേശ്വര്‍: ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞും 11 വയസുള്ള സഹോദരിയും പാമ്പ് കടിയേറ്റ് മരിച്ചു. ഒഡീഷയിലെ നബരംഗ്പൂരിലാണ് സംഭവം. രാത്രിയില്‍ ഉറങ്ങിക്കിടന്ന കുട്ടികളെ രണ്ട് പേരെയും പാമ്പ് കടിക്കുക ആയിരുന്നു. എന്നാല്‍ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ കൊണ്ടു പോകാതെ പാമ്പ് കടിയേറ്റയുടനെ കുഞ്ഞുങ്ങളുമായി മാതാപിതാക്കള്‍ ഓടിയത് സാത്താന്‍ സേവ ചെയ്യുന്ന ഒരു മന്ത്രവാദിയുടെ അടുത്തേക്കെന്ന് പൊലീസ്. എന്നാല്‍ അവിടെയെത്തിച്ച് മണിക്കൂറുകള്‍ക്കപ്പുറം ചികിത്സ കിട്ടാതെ കുട്ടികള്‍ മരിച്ചുവെന്നും പൊലീസ് പറഞ്ഞതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച രാത്രിയോടെയാണ് സഹോദരങ്ങള്‍ അതിദാരുണമായി മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പേഴാണ് പറത്ത് നിന്നും വീടിനുള്ളിലെത്തിയ പാമ്പ് കുട്ടികളെ കടിക്കുന്നത്. കുട്ടികളുടെ കരച്ചില്‍ കേട്ട് എഴുന്നേറ്റ വീട്ടുകാര്‍ പാമ്പിനെ കാണുകയും കുട്ടികളെ ഉടന്‍ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടു പോകുകയും ആയിരുന്നു. രാത്രി 11 മണിയോടെ 9 മാസം പ്രായമുള്ള ഋതുരാജ് ഹരിജനെയും, സഹോദരി അമിത ഹരിജനെയും പാമ്പ് കടിച്ചു. ഉടനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം അര്‍ദ്ധരാത്രി ചികിത്സയ്ക്കായി 'ഗുനിയ' എന്ന് പ്രദേശ വാസികള്‍ വിളിക്കുന്ന ഒരു മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന പൂജ നടത്തിയിട്ടും കുഞ്ഞുങ്ങള്‍ ഉണരാതായപ്പോള്‍ മാതാപിതാക്കള്‍ പുലര്‍ച്ചെ നാലുമണിയോടെ കുട്ടികളുമായി ആശുപത്രിയിലേക്ക് ഓടി. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുമ്പ് കുഞ്ഞുങ്ങള്‍ മരിച്ചിരുന്നതായും പൊലീസ് പറയുന്നു. കടിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ആന്റിവെനം നല്‍കേണ്ടതായിരുന്നുവെന്നും ചികിത്സ വൈകിയതിനാലാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്നും നബരംഗ്പൂര്‍ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (സിഡിഎംഒ) സന്തോഷ് കുമാര്‍ പാണ്ട പറഞ്ഞു.

സംസ്ഥാനത്ത് പ്രതിവര്‍ഷം ഏകദേശം 3000 കേസുകള്‍ പാമ്പുകടിയേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇതില്‍ 40 ശതമാനം മരണവും കൃത്യ സമയത്ത് ചികിത്സ കിട്ടാത്തതിനാല്‍ സംഭവിക്കുന്നതാണെന്നും സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.