ഇസ്ലാമബാദ്: പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ മേഖലയായ ഖൈബർ പഖ്തുൻഖ്വയിൽ ചെക്ക് പോസ്റ്റിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തിൽ 16 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പാക് സൈനികരുടെ ആക്രമണത്തിൽ 8 തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് വിവരങ്ങൾ.

തീവ്രവാദ ആക്രമണങ്ങൾ മേഖലയിൽ പതിവാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള തെക്കൻ വസിരിസ്ഥാൻ ജില്ലയിലെ മകീനിലെ ലിതാ സർ ചെക്ക് പോസ്റ്റിന് നേരെയാണ് തീവ്രവാദി ആക്രമണം നടന്നത്.

അഫ്ഗാൻ അതിർത്തിയിലുള്ള പാക് മേഖലകളിൽ തീവ്രവാദി ആക്രമണങ്ങൾ പതിവാണ്. പാക് സൈന്യത്തിനെ ലക്ഷ്യമിട്ടുള്ള ആക്രമണവും ഈ മേഖലയിൽ പതിവാണ്. സുരക്ഷാ ഉദ്യോഗസ്ഥരേയും സൈനികരേയും ചെക്ക് പോസ്റ്റുകളേയും ടിടിപി അടക്കമുള്ള തീവ്രവാദ സംഘടനകളാണ് ലക്ഷ്യമിടുന്നത്.

സർക്കാർ ഓഫീസുകൾക്കെതിരായ ആക്രമണങ്ങൾക്ക് പുറമേയാണ് പാക് താലിബാന്റെ ഈ ആക്രമണങ്ങൾ. മേഖലയിൽ ഇപ്പോൾ സൈന്യം തിരച്ചിൽ ശക്തമാക്കിയതായാണ് പാക് സൈന്യം വിശദമാക്കിയിട്ടുള്ളത്.