ന്യൂഡല്‍ഹി: ഭീകരവാദത്തിന് ധനസഹായം നല്‍കിയെന്ന കേസില്‍ തടവിലായിരുന്ന കശ്മീര്‍ വിഘടന വാദി നേതാവ് ഷബീര്‍ അഹ്‌മദ് ഷായ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2019ലാണ് ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.

ഷായ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോന്‍സാല്‍വ്‌സും എന്‍ഐഎക്ക് വേണ്ടി അഭിഭാഷകനായ സിദ്ധാര്‍ഥ് ലൂത്രയും കോടതിയില്‍ ഹാജരായി. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി വിചാരണയിലെ വീഴ്ചകളും ദീര്‍ഘ കാലം ഷായെ തടവിലാക്കിയതും എടുത്ത് പറഞ്ഞ് കോടതി വിമര്‍ശിച്ചു.

ജമ്മു കശ്മീരില്‍ വിഘടനവാദ പ്രസ്ഥാനം രൂപീകരിക്കാന്‍ നേതൃത്വം കൊടുത്തു, കൊല്ലപ്പെട്ട ഭീകരവാദികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു, ഹവാല ഇടപാട് വഴി പണം സ്വീകരിച്ചു തുടങ്ങിയ കുറ്റ കൃത്യങ്ങളാണ് ഷായ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2017ല്‍ പൊതുമുതല്‍ നശിപ്പിച്ചതിനും ഭരണകൂടത്തിനെതിരെ കലാപാഹ്വാനം നടത്തിയതിനും എന്‍ഐഎ ഷാ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. 2025ല്‍ ഷായുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.