- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോര്‍മുസ് കടന്ന് 90,000 ടണ്‍ പാചകവാതകവുമായി രണ്ട് കൂറ്റന്‍ ടാങ്കറുകള്‍ കൂടി; ലോകം വിറയ്ക്കുമ്പോഴും ഇന്ത്യയ്ക്ക് പച്ചക്കൊടി കാട്ടി ഇറാന്‍; മോദി-ട്രംപ് ചര്‍ച്ചകള്‍ക്ക് പിന്നാലെ കടലിടുക്കില്‍ മഞ്ഞുരുകുന്നു; രാജ്യത്തിന് മൂന്ന് ദിവസത്തെ കരുതല്‍
ഹോര്‍മുസ് കടന്ന് 90,000 ടണ്‍ പാചകവാതകവുമായി രണ്ട് കൂറ്റന്‍ ടാങ്കറുകള്‍

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് കടന്ന് 90,000 ടണ്ണിലധികം പാചകവാതകവുമായി (എല്‍പിജി) രണ്ട് ഇന്ത്യന്‍ ടാങ്കറുകള്‍കൂടി ഒമാന്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്നതായി ഷിപ്പിങ് ഏജന്‍സികളുടെ ട്രാക്കിങ് ഡാറ്റ വ്യക്തമാക്കുന്നു. ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എല്‍മ് എന്നീ കപ്പലുകളാണ് ശനിയാഴ്ച ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിച്ചത്. ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് വഴി സുരക്ഷിത യാത്ര അനുവദിക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നീക്കം.
ഈ രണ്ട് ടാങ്കറുകളിലുള്ള എല്‍പിജി രാജ്യത്തിന്റെ മൂന്ന് ദിവസത്തെ ഇറക്കുമതി ആവശ്യകതയ്ക്ക് തുല്യമാണ്. റാസല്‍ഖൈമയ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന അഞ്ച് ഇന്ത്യന്‍ കപ്പലുകളില്‍ ഉള്‍പ്പെട്ടവയാണ് ഇപ്പോള്‍ ഹോര്‍മുസ് കടന്ന ഈ ടാങ്കറുകള്‍. ബിഡബ്ല്യു ടൈര്‍ ബിപിസിഎല്ലിനായും, ബിഡബ്ല്യു എല്‍മ് എച്ച്പിസിഎല്ലിനായും ചാര്‍ട്ടര്‍ ചെയ്ത കപ്പലുകളാണ്. ഇവ ന്യൂ മംഗലാപുരം, മുംബൈ തുറമുഖങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ, നാല് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ ഹോര്‍മുസ് കടന്നിരുന്നു. ഇതോടെ സമീപകാലത്ത് ഹോര്‍മുസ് കടന്ന ഇന്ത്യന്‍ എല്‍പിജി കപ്പലുകളുടെ എണ്ണം ആറായി. ഈ മേഖലയില്‍ 20 ഇന്ത്യന്‍ കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ ഒഴിഞ്ഞ കപ്പലുകളിലേക്ക് ഇന്ത്യ എല്‍പിജി കയറ്റുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്താന്‍ എന്നീ അഞ്ച് 'സൗഹൃദ രാജ്യങ്ങളുടെ' ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായ യാത്ര അനുവദിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചിരുന്നു. അതേസമയം, ഇറാന്റെ ശത്രുക്കളുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് ഉപരോധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യന്‍ കപ്പലുകളുടെ ഈ തുടര്‍ച്ചയായ യാത്ര, മേഖലയിലെ തന്ത്രപ്രധാനമായ ഊര്‍ജ്ജപാതയുടെ പ്രാധാന്യം അടിവരയിടുന്നു.


