- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എതിരാളി എണീറ്റ് ഓടാതിരിക്കാല്‍ അലുവ അതുല്‍ കാല്‍മുട്ടിനാണ് വെട്ടുന്നതെങ്കില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും വെട്ടിയത് അതുലിന്റെ ഇടുപ്പില്‍; കൊലപാതകത്തില്‍ കലാശിച്ചത് വയനകം-കടത്തൂര്‍ ഗൂണ്ടാ സംഘങ്ങള്‍ തമ്മിലെ കുടിപ്പക; നേരിട്ട് പങ്കെടുത്ത രണ്ടുപേരടക്കം നാലുപേര്‍ കസ്റ്റഡിയില്‍; പ്രതികള്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു
അലുവ അതുല്‍ കൊലപാതകം: നാലുപേര്‍ കസ്റ്റഡിയില്‍

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ രണ്ട് പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ന് പട്ടാപ്പകലാണ് നഗരമധ്യത്തില്‍ ജിം-സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ അലുവ അതുല്‍ കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുന്നതിനിടെ പുതിയകാവ് ജംഗ്ഷന് സമീപം അതുലിന്റെ കാറിനെ പിന്തുടര്‍ന്ന സംഘം ആക്രമിക്കുകയായിരുന്നു. നിയന്ത്രണം വിട്ട അതുലിന്റെ കാര്‍ നിര്‍മ്മാണത്തിലിരുന്ന റോഡില്‍ താഴ്ചയിലേക്ക് ഇടിച്ചിറങ്ങിയപ്പോള്‍ നാലംഗ സംഘം ആയുധങ്ങളുമായി ചാടിയിറങ്ങി അതുലിനെയും കൂട്ടുപ്രതിയായ കുക്കു എന്ന മനുവിനെയും വെട്ടി. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവുകളാണ് അതുലിന്റെ മരണത്തിന് കാരണമായത്. കൈയ്ക്ക് വെട്ടേറ്റ മനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കരുനാഗപ്പള്ളിയിലെ കടത്തൂര്‍ ഗുണ്ടാ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ഓച്ചിറയിലെ വയനകം ഗുണ്ടാ സംഘത്തിലെ അംഗമായിരുന്നു അലുവ അതുല്‍. ജിം സന്തോഷിനെ അമ്മയുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ ശേഷം മടങ്ങും വഴി അതുലും സംഘവും കടത്തൂര്‍ സംഘത്തിലെ രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അലുവ അതുലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഈ കൊലപാതകം നടന്നത്.
അലുവ അതുലിന് വധഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയാണ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ഗുണ്ടാ നേതാവ് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടേയുള്ളൂവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
അതിക്രൂരമായ കൊലപാതകം
അക്രമികള്‍ അതുലിന്റെ തല വെട്ടി പിളര്‍ന്നു. കാലിന് നാലു വെട്ടാണേറ്റത്. അതുല്‍ എഴുന്നേറ്റ് ഓടാതിരിക്കാനായി ഇടുപ്പിനാണ് വെട്ടിയിട്ടത്. കാറിനുള്ളില്‍ നിന്ന് വലിച്ചു പുറത്തിടാനുള്ള ശ്രമത്തിനിടെ കാല്‍ സ്റ്റിയറിങ്ങിനിടെ കുരുങ്ങി. ആ കാല്‍ വെട്ടിമാറ്റിയാണ് അതുലിനെ പുറത്തേക്കിറക്കിയത്. എന്നെ കൊല്ലരുത്, എല്ലാം പറഞ്ഞു തീര്‍ക്കാം എന്ന് അപേക്ഷിച്ചിട്ടും വെട്ടിക്കൊല്ലുകയായിരുന്നു. പ്രതികളെക്കുറിച്ച് പൊലീസിനു അറിവുണ്ടായിരുന്നുവെന്നും കര്‍ശന നടപടി ഉടന്‍ ഉണ്ടാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു.
മാരകമായി വെട്ടേറ്റ അതുല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ ക്ഷേത്രത്തില്‍ നിന്ന് കരുനാഗപ്പള്ളി പൊലീസും ഡാന്‍സാഫ് (DANSAF) സംഘവും സാഹസികമായി പിടികൂടിയ പ്രതിയാണ് അതുല്‍. ജയിലിലായിരുന്നപ്പോള്‍ ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍, സ്റ്റേഷനില്‍ നിന്ന് ഒപ്പിട്ട് മടങ്ങുന്നതിനിടെ അതുല്‍ സഞ്ചരിച്ചിരുന്ന വാഹനം വളഞ്ഞ് ഇയാളെ വെട്ടുകയുമായിരുന്നു.
നാട്ടുകാര്‍ നോക്കിനില്‍ക്കെ നടന്ന കൊലപാതകത്തിന്റെ സിസിടിവി (CCTV) ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കടത്തൂര്‍ ഗുണ്ടാ സംഘത്തില്‍പ്പെട്ട ഗുണ്ടാ തലവന്‍ വിഷ്ണു (ബ്ളാക്ക് വിഷ്ണു ), ഹുസൈന്‍, ആഷിക് (ആഷിക് തോമ) എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവര്‍ക്കെതിരെ കരുനാഗപ്പള്ളി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ ഹുസൈനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അലുവ അതുല്‍ കുടത്തിന് അടിച്ച് ആക്രമിച്ചിരുന്നു. അതിലെ മുന്‍വൈരാഗ്യമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. ജിം സന്തോഷ് വധക്കേസിലെ കൂട്ടുപ്രതി കുക്കു എന്ന് വിളിക്കുന്ന മനുവും അലുവ അതുലിനൊപ്പം കാറിലുണ്ടായിരുന്നു. മനുവിന് സാരമായ പരുക്കുകള്‍ ഏറ്റില്ല. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് എഫ്ഐആറില്‍ പറയുന്നു. ഹരിയാന രജിസ്‌ട്രേഷന്‍ വാഹനത്തെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അതുലിനെ വെട്ടിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടയാളുടെ ഇന്‍സ്റ്റഗ്രാം റീലിന്റെ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'പകരം വീട്ടാന്‍ നടക്കുന്നവരോട് പറയാനുള്ളത്' എന്ന ടൈറ്റിലില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അലുവ അതുലിന്റെ മാസ് റീലിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പ്രചരിക്കുന്നത്. അതുല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലഭ്യമല്ല. ഈ റീലിന് താഴെ വന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നുണ്ട്.


