- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'മാന്യനായ' ഗൂണ്ട എന്ന ഇമേജില്‍ വിലസിയ ജിം സന്തോഷിനോട് ഫാം ഉടമയ്ക്ക് പക; ആളെ തീര്‍ക്കാന്‍ ഫാം ഉടമ ക്വട്ടേഷനായി തിരഞ്ഞെടുത്തത് സന്തോഷിനോട് കലിപ്പുള്ള പങ്കജ് മേനോനെ; കാലുകള്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ത്ത് ക്രൂരമായി വകവരുത്തിയത് അലുവ അതുലും; ഒടുവില്‍ അതുലിന്റെ അന്ത്യവും വാളെടുത്തവന്‍ വാളാലെ എന്നപോലെ
അതുലിന്റെ അന്ത്യവും വാളെടുത്തവന്‍ വാളാലെ എന്നപോലെ

കൊല്ലം: ഗൂണ്ടാപ്പക പറഞ്ഞുതീര്‍ത്താല്‍ തീരുന്നതല്ല. ജയിലില്‍ പോയാലും ആ പക വളര്‍ന്ന് പെരുകി കൊണ്ടിരിക്കും. വാളെടുത്തവന്‍ വാളാലെ എന്നു പറയുന്ന പോലെ പല കുപ്രസിദ്ധ ഗുണ്ടകളുടെയും അന്ത്യം ദാരുണമായിരുന്നു. തലസ്ഥാനത്തെ ആല്‍ത്തറ വിനീഷ്, അപ്രാണി കൃഷ്ണകുമാര്‍ വധക്കേസുകള്‍ ഉദാഹരണം. പലപ്പോഴും ഗൂണ്ടകള്‍ തമ്മിലുള്ള പോര് കൊലയിലേക്ക് നീങ്ങുന്നതിന് പിന്നില്‍ നിസ്സാര വാക്കുതര്‍ക്കമോ മറ്റോ ആയിരിക്കും. മേല്‍ക്കോയ്മയ്ക്ക് വേണ്ടിയുള്ള കൊലകളും ഏറെ. കരുനാഗപ്പള്ളിയില്‍ ജാമ്യത്തിലിറങ്ങിയ അലുവ അതുല്‍ എന്ന ഗൂണ്ടയെ പട്ടാപകല്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ സംഭവവും ഗൂണ്ടാക്കുടിപ്പകയുടെ ബാക്കിയാണ്.
'മാന്യനായ' ഗൂണ്ട
വര്‍ഷങ്ങള്‍ക്കുമുമ്പ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഓച്ചിറ സ്വദേശി പങ്കജ് മേനോന്‍ ഗൂണ്ടയായ ജിം സന്തോഷും തമ്മിലുണ്ടായ നിസ്സാരമായ തര്‍ക്കങ്ങളാണ് പിന്നീട് ആസൂത്രിതമായ കൊലപാതക പരമ്പരകളിലേക്ക് വഴിമാറിയത്. നാട്ടുകാര്‍ക്കും പോലീസിനും ഇടയില്‍ 'മാന്യനായ ഗുണ്ട' എന്ന ഇമേജ് നിലനിര്‍ത്തിയിരുന്ന സന്തോഷിനെ വധിക്കാന്‍ പങ്കജ് മേനോന്‍ നല്‍കിയ ക്വട്ടേഷനാണ് ഈ ചോരക്കളിയുടെ ക്ലൈമാക്‌സിലേക്ക് നയിച്ചത്.
പങ്കജ് മേനോന്‍, ജിം സന്തോഷിന്റെ സുഹൃത്തായ അസീമിനെ മര്‍ദ്ദിക്കുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ സന്തോഷ് നാട്ടുകാരുടെ മുന്നില്‍ വെച്ച് പങ്കജിനെ പരസ്യമായി അപമാനിച്ചു. ഈ അപമാനം മനസ്സില്‍ വെച്ച പങ്കജ് പിന്നീട് സന്തോഷിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇതിന് പ്രതികാരമായി ജിം സന്തോഷും സംഘവും പങ്കജിനെ കുത്തി പരിക്കേല്‍പ്പിച്ചു. 2024-ഓടെ ഈ കുടിപ്പക വാട്സാപ്പിലും ഫേസ്ബുക്കിലുമുള്ള കൊലവിളികളായി മാറി. ഇതോടെ പരസ്പരം വകവരുത്താതെ അടങ്ങില്ലെന്ന അവസ്ഥയിലേക്ക് ഇരുസംഘങ്ങളും എത്തിച്ചേര്‍ന്നു.
ചോരക്കളിക്ക് തുടക്കമിട്ട് ജിം സന്തോഷ് വധം
ജിം സന്തോഷും കരുനാഗപ്പള്ളിയിലെ ഒരു ഫാം ഉടമയും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ തര്‍ക്കങ്ങളാണ് ഈ ചോരക്കളിക്ക് തുടക്കമിട്ടത്. ഈ പ്രശ്‌നം നിയമപരമായി പരിഹരിക്കുന്നതിന് പകരം സന്തോഷിനെ വകവരുത്താന്‍ ഫാം ഉടമ തിരഞ്ഞെടുത്തത് ക്വട്ടേഷന്‍ പാതയായിരുന്നു. ഈ കൊലവിളി ഏറ്റെടുത്തതാകട്ടെ, ഓച്ചിറ കേന്ദ്രീകരിച്ച് ലഹരിക്കച്ചവടവും ഗുണ്ടാ പ്രവര്‍ത്തനങ്ങളും നടത്തിവന്നിരുന്ന കുപ്രസിദ്ധ കുറ്റവാളി പങ്കജ് മേനോനും. പങ്കജ് മേനോന്‍, തനിക്ക് ജിം സന്തോഷുമായുള്ള മുന്‍വൈരാഗ്യം കൂടി തീര്‍ക്കാനുള്ള അവസരമായി ഈ ക്വട്ടേഷനെ ഉപയോഗിക്കുകയായിരുന്നു.
2025 മാര്‍ച്ച് 27-ന് പുലര്‍ച്ചെ രണ്ട് മണിയോടെ അലുവ അതുലിന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷിന്റെ വീട്ടിലെത്തി. വീടിന് നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വാതില്‍ തകര്‍ത്ത് അകത്തുകയറി. അമ്മയുടെ മുന്നിലിട്ട് സന്തോഷിന്റെ കാലുകള്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ക്കുകയും ശരീരമാസകലം വെട്ടുകയും ചെയ്തു. രക്തം വാര്‍ന്നാണ് സന്തോഷ് മരിച്ചത്. ഈ കേസില്‍ ഒന്നാം പ്രതിയായിരുന്നു അതുല്‍.
ജിം സന്തോഷ് അതീവ ഗുരുതരാവസ്ഥയില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്, മരണത്തിന് തൊട്ടുമുന്‍പ് തന്നെ വകവരുത്താന്‍ ശ്രമിച്ചവരുടെ പേരുകള്‍ അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തിയത്. അലുവ അതുല്‍, മൈന എന്ന ഹരി, പ്യാരി, രാജപ്പന്‍ എന്ന രാജീവ്, സാമുവല്‍, മനു, ചക്കര എന്നിവരടങ്ങുന്ന ഏഴംഗ സംഘമാണ് തന്നെ വെട്ടിയതെന്ന് സന്തോഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിപ്പട്ടിക തയ്യാറാക്കിയത്. ഈ മൊഴിയായിരുന്നു കേസിലെ ഏറ്റവും നിര്‍ണ്ണായകമായ തെളിവ്.
സന്തോഷിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ പ്രധാന പ്രതികളായ അതുലും സാമുവലും തമിഴ്നാട്ടിലേക്ക് ഒളിവില്‍ പോയി. സംഭവത്തിന് മുന്‍പേ തന്നെ ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ നല്‍കിയ പങ്കജ് മേനോന്‍ പോലീസിന്റെ പിടിയിലായിരുന്നു. ഒളിവിലായിരുന്ന അതുലിനെ കണ്ടെത്താന്‍ കേരള പോലീസ് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവില്‍, കൊലപാതകം നടന്ന് 21-ാം ദിവസം തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്. ജിം സന്തോഷിന്റെ ക്രൂരമായ അന്ത്യത്തിന് പിന്നാലെ ഇത്തരത്തില്‍ പ്രതികള്‍ നിയമത്തിന് മുന്നിലെത്തിയെങ്കിലും, പിന്നീട് അതുല്‍ ജാമ്യത്തിലിറങ്ങിയതാണ് സന്തോഷിന്റെ അനുയായികളെ പ്രകോപിപ്പിച്ചതും സിനിമാ സ്‌റ്റൈലിലുള്ള മറ്റൊരു കൊലപാതകത്തിലേക്ക് വഴിതുറന്നത്.
'ഓപ്പറേഷന്‍ അതുല്‍': ആസൂത്രണം ചെയ്ത പ്രതികാരം
ജിം സന്തോഷിന്റെ വധത്തിന് പകരമായി അതുലിനെ തീര്‍ക്കാന്‍ സന്തോഷ് പക്ഷം മാസങ്ങളോളം തയ്യാറെടുപ്പുകള്‍ നടത്തി. മയക്കുമരുന്ന് മാഫിയയുടെയും സന്തോഷിന്റെ അനുയായികളുടെയും ഇടയില്‍ അതുലിനെ വധിക്കാനായി പ്രത്യേക പിരിവ് നടന്നതായി പോലീസ് സംശയിക്കുന്നു. ജാമ്യത്തിലിറങ്ങിയ അതുല്‍ കൃത്യസമയത്ത് പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തുമെന്ന് ഉറപ്പുള്ള സംഘം ദിവസങ്ങളോളം സ്റ്റേഷന്‍ പരിസരം നിരീക്ഷിച്ചു.
കൊലപാതകം നടന്ന രീതി
കരുനാഗപ്പള്ളി പുതിയകാവിലെ പെട്രോള്‍ പമ്പിന് മുന്നില്‍ സിസിടിവി ക്യാമറകള്‍ക്ക് മുന്‍പിലായിരുന്നു കൊലപാതകം. അതുല്‍ സഞ്ചരിച്ച കാറിന് മുന്നില്‍ ഒരു കറുത്ത കാര്‍ തടസ്സമുണ്ടാക്കി പമ്പിനുള്ളിലേക്ക് കയറി. ഈ സമയത്ത് പുറകില്‍ ചീറിപ്പാഞ്ഞെത്തിയ ഇന്നോവ അതുലിന്റെ കാറിനെ ഇടിച്ചുതെറിപ്പിച്ച് ദേശീയപാതയുടെ പണി നടക്കുന്ന വലിയ കുഴിയിലേക്ക് മറിച്ചിട്ടു.
വടിവാളുകളുമായി ചാടിയിറങ്ങിയ സംഘം അതുലിനെ ഇടതവില്ലാതെ വെട്ടുകയായിരുന്നു. അതുലിന്റെ കൂടെയുണ്ടായിരുന്ന സന്തോഷ് വധക്കേസിലെ കൂട്ടുപ്രതി മനുവിനും ഗുരുതരമായി പരിക്കേറ്റു. മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമി സംഘം സ്ഥലം വിട്ടത്.
പോലീസിന്റെ വീഴ്ചയും നിലവിലെ സാഹചര്യവും
കുപ്രസിദ്ധ ഗുണ്ടയായ സന്തോഷിന്റെ ആരാധകവൃന്ദത്തെക്കുറിച്ച് പോലീസിന് കൃത്യമായ വിവരമുണ്ടായിരുന്നു. എന്നിട്ടും ജാമ്യത്തിലിറങ്ങിയ പ്രതിക്ക് ആവശ്യമായ സുരക്ഷ നല്‍കാനോ സ്റ്റേഷന്‍ പരിസരത്തെ നീക്കങ്ങള്‍ നിരീക്ഷിക്കാനോ പോലീസിന് സാധിച്ചില്ല എന്നത് വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു
കരുനാഗപ്പള്ളിയില്‍ ഇപ്പോഴും ഗുണ്ടാക്കുടിപ്പക അവസാനിച്ചിട്ടില്ല എന്നാണ് നാട്ടുകാര്‍ ഭയപ്പെടുന്നത്. മയക്കുമരുന്ന് മാഫിയയുടെ പിന്തുണയുള്ള ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്.


